ചില ടൂവീലറുകളുടെ പരസ്യംകണ്ടാല്‍ തോന്നും ഈ വാഹനങ്ങളെല്ലാം അഭ്യാസത്തിനുള്ളതാണെന്ന്. അതുകൊണ്ടുതന്നെയാകണം അഭ്യാസത്തിന്റെ യുവമനസ്സുകള്‍ ഇതില്‍ ആകൃഷ്ടരായി നിരത്തിലൂടെ പായുന്നത്. യാത്ര ചെയ്യാനുള്ളതു മാത്രമാണ് വാഹനങ്ങളെന്ന മിനിമം വിചാരം നമുക്കുണ്ടാകണം. വാഹനനിര്‍മാതാക്കള്‍ക്കും ഉണ്ടാകണം. ചില വാഹനങ്ങള്‍ മരണദൂതിന്റെ''മുഖച്ഛായ''യുമായി വിപണിയിലെത്തുന്നുണ്ട്; വേഗവും വിലയുമാണ് ആകര്‍ഷണീയത. പക്ഷേ, അപകടം നിത്യസംഭവമാകുന്നു. എങ്ങോട്ടാണീ ഓട്ടം?!
റോഡപകടങ്ങള്‍ നമ്മെ ഞെട്ടിക്കാറുണ്ട്; പക്ഷേ, ഞെട്ടല്‍വിട്ടു നാം വളരെ വേഗം ''വന്ന വഴി''യിലേക്കുതന്നെ തിരിച്ചുപോകുന്നു. അപകടങ്ങള്‍ക്കുപിറകേ നിയമങ്ങളും സടകുടഞ്ഞെഴുന്നേല്‍ക്കുന്നു; സാവധാനം നിശ്ശബ്ദമാകുന്നു. നിയമത്തെയും ഭരണക്കാരെയും പൊതുപ്രവര്‍ത്തകരെയും ഇതൊന്നും ബാധിക്കാത്തതുപോലെ! എന്തുകൊണ്ടാണ് അപകടകാരണങ്ങളിലേക്ക് അന്വേഷണവും പഠനവും ഉണ്ടാകാത്തത്?
അപകടങ്ങളില്‍ മരണപ്പെടുന്നത് ഏറെയും യുവാക്കളാണ്. ഓരോ കുടുംബത്തിന്റെയും അത്താണിയായിരുന്നവര്‍! നമ്മുടെ വാഹനങ്ങളും റോഡുകളും നിയമങ്ങളുമൊന്നും ബലമുള്ളതും സുരക്ഷിതത്വമുള്ളതുമല്ല. ജീവിതം അടിച്ചുപൊളിക്കുന്ന ആധുനികതയുടെ 'ട്രെന്‍ഡില്‍' നമ്മുടെ മക്കള്‍ പെട്ടുപോകുന്നത് ആശങ്കയുളവാക്കുന്നതാണ്.
നിരത്തില്‍ പൊലിയുന്ന ജീവിതങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കല്പിക്കുന്ന വിലയ്ക്കപ്പുറം 'വില'യുണ്ടെന്നറിയണം. റോഡപകടങ്ങളെ നിസ്സാരമായി കാണരുത്. വിദേശരാജ്യങ്ങളുടെ 'വികസിത'ഭാവത്തെ വാനോളം പുകഴ്ത്താന്‍ നമ്മുടെ 'വികസന'ത്തിന് ഒട്ടും മടിയില്ല! എന്നാല്‍, അവിടെയൊക്കെ ഇത്രമാത്രം ജീവന്‍ നിരത്തില്‍ പൊലിയുന്നുണ്ടോ? അവിടത്തെ റോഡുകള്‍ ഇവിടത്തെ റോഡുപോലെയാണോ?
നിരത്തിലെ കുഴിയടയ്ക്കണമെങ്കില്‍ ഒരു അപകടം 'അനിവാര്യം' എന്നതിലേക്കു നാം തരംതാഴുന്നു. ഖജനാവ് ശൂന്യമാണെങ്കിലും ആര്‍ഭാടത്തിനും സുഖജീവിതത്തിനും അഴിമതിക്കും കുറവില്ല. അനുവദിക്കുന്ന പണം റോഡുനിര്‍മാണത്തിനു മുമ്പേ 'കമ്മി'യാക്കുന്ന 'കൈമടക്കുവിതരണം' നാടിന്റെ ശാപമാണ്. റോഡ് നന്നായി പണിതീര്‍ത്താലുടന്‍തന്നെ 'കേബിളുകാരും വെള്ളക്കാരും' നിരത്തുകള്‍ പലവിധം കുഴിക്കാനായിട്ടിറങ്ങും; നമ്മുടെ വകുപ്പുകള്‍ക്കൊന്നും ഏകോപനസ്വഭാവമില്ല. റോഡുനിര്‍മാണത്തിലെ സര്‍ക്കാര്‍വകുപ്പുകളുടെ ദീര്‍ഘവീക്ഷണമില്ലായ്മയും ഏകോപനമില്ലായ്മയും ചര്‍ച്ചയാകുമ്പോഴും ഒരാള്‍ മറ്റൊരാളെ പഴിചാരി രംഗം ഭംഗിയാക്കും. നാം ടെക്‌നോളജിയില്‍ അഹങ്കരിക്കുന്നവരാണ്.
വാഹനങ്ങളുടെ ടെക്‌നോളജിയും നിരത്തുകളുടെ 'ടെക്‌നോളജി'യും തമ്മില്‍ ഇവിടെ ബന്ധമുണ്ടോ? വിമാനംപോലെ പായുന്ന വാഹനത്തിനു യോജിക്കുന്ന നിരത്തുകള്‍ നമുക്കുണ്ടോ? ചില ടൂവീലറുകളുടെ പരസ്യംകണ്ടാല്‍ തോന്നും ഈ വാഹനങ്ങളെല്ലാം അഭ്യാസത്തിനുള്ളതാണെന്ന്. അതുകൊണ്ടുതന്നെയാകണം അഭ്യാസത്തിന്റെ യുവമനസ്സുകള്‍ ഇതില്‍ ആകൃഷ്ടരായി നിരത്തിലൂടെ പായുന്നത്. യാത്ര ചെയ്യാനുള്ളതു മാത്രമാണ് വാഹനങ്ങളെന്ന മിനിമം വിചാരം നമുക്കുണ്ടാകണം. വാഹനനിര്‍മാതാക്കള്‍ക്കും ഉണ്ടാകണം. ചില വാഹനങ്ങള്‍ മരണദൂതിന്റെ 'മുഖച്ഛായ'യുമായി വിപണിയിലെത്തുന്നുണ്ട്; വേഗവും വിലയുമാണ് ആകര്‍ഷണീയത. പക്ഷേ അപകടം നിത്യസംഭവമാകുന്നു. എങ്ങോട്ടാണീ ഓട്ടം?!
ജീവനു വില കല്പിക്കുന്ന യാത്രകള്‍ സാധ്യമാക്കുന്ന വാഹനങ്ങളും നിരത്തുകളും അഴിമതിയില്ലാത്ത പൊതുമരാമത്തുവികസനവും നമുക്കുണ്ടാകണം. നിരത്തുകള്‍ ശാസ്ത്രീയമാകണം. സില്‍വര്‍ലൈനുകളും എക്‌സ്പ്രസ് ഹൈവേകളുമല്ല; മറിച്ച്, സുരക്ഷിതയാത്രയ്ക്കു യുക്തമായ 'സേഫ് ലൈനുകള്‍' ആണ് ഉണ്ടാകേണ്ടത്. യാത്രക്കാരെ സുരക്ഷിതയാത്രയ്ക്കു സജ്ജമാക്കുന്ന തരത്തില്‍ നിയമങ്ങള്‍ ശക്തമാക്കുകയും വേണം. ചെറുപ്രാണികളെ കുടുക്കുന്ന ചിലന്തിവലപോലെ നിയമങ്ങള്‍ ദുര്‍ബലമാകരുത്; വല പൊട്ടിച്ചു കടന്നുകളയാന്‍ നിയമലംഘകരെ അനുവദിക്കുകയുമരുത്. മുഖം നോക്കാതെയും രാഷ്ട്രീയ ഇടപെടലുണ്ടാകാതെയും നിയമങ്ങള്‍ നടത്താന്‍ നിയമപാലകരെ അനുവദിക്കണം. ജീവന്റെ വിലയ്ക്ക് വലുപ്പച്ചെറുപ്പങ്ങളില്ലെന്നറിയണം.
നിയമപാലനത്തിനു രാപകലുകളും അവധിദിനങ്ങളുമില്ലെന്നുറപ്പിക്കണം. സദാ നേരവുമുണ്ടാകേണ്ട ജാഗ്രതയുടെ പേരാണു നിയമം. അനുസരിക്കാന്‍ സന്നദ്ധരായ സമൂഹമുള്ളപ്പോഴാണ് നിയമങ്ങള്‍ക്ക് അര്‍ഥമുണ്ടാകുന്നത്. നിയമത്തെ നിയമംകൊണ്ടുതന്നെ മറികടക്കാനുള്ള വ്യഗ്രതയും സാക്ഷരതയും നാം തിരുത്തണം. യാത്രയില്‍ അപരനെ മാനിക്കാന്‍ നാം പഠിക്കണം; വിലയേറിയ വാഹനവും വില കുറഞ്ഞ വാഹനവും നിരത്തിലുണ്ടെന്നും എല്ലാറ്റിലും മനുഷ്യരാണ് യാത്രക്കാരെന്നും അറിയാനുള്ള മനസ്സിന്റെ വിശാലതയും നമുക്കുണ്ടാകണം. വാഹനമോടിക്കാനുള്ളതു മാത്രമാണ് ലൈസന്‍സ്; അതും അപകടരഹിതമായിത്തന്നെ; അതല്ലാതെ 'മനഃപൂര്‍വമല്ലാത്ത നരഹത്യ'യിലേക്ക് അശ്രദ്ധമായി നിരത്തിലൂടെ 'പറക്കാ'നല്ല!!
ഈ കൊച്ചുസംസ്ഥാനത്തിന് ആവശ്യമായ നിരത്തുകള്‍ ഇന്നുണ്ട്. പക്ഷേ, അപകടരഹിതവും ജീവനു സുരക്ഷയൊരുക്കുന്നതുമാകണം നിരത്തുകളുടെ ആസൂത്രണം. നിരത്തുകളുടെ പൊതു ഉത്തരവാദിത്വം സര്‍ക്കാരുകള്‍ക്കാകണം; പ്രാദേശികഭരണസമിതികളുടേതെന്നു പറഞ്ഞ് ഗ്രാമീണറോഡുകളുടെ കാര്യക്ഷമതയില്‍ വീഴ്ചയുണ്ടാകരുത്. സര്‍ക്കാരും ഖജനാവിലെ പണവും ഈ നാടിന്റെ വികസനവും 'നമ്മുടെ' കാര്യമെന്നു ചിന്തിക്കാനുള്ള വിശാലമനസ്സ് എല്ലാവര്‍ക്കുമുണ്ടാകണം. കോണ്‍ട്രാക്ടറും എന്‍ജിനീയറും മന്ത്രിമാരും ഒപ്പം കൂലിപ്പണിക്കാരും സഞ്ചരിക്കുന്നത് നമ്മുടെ നിരത്തുകളിലൂടെ ത്തന്നെയാണ്. അപകടം ആര്‍ക്കും 'സ്വന്ത'മല്ല; മറിച്ച്, സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്കു സഞ്ചരിക്കാനാണ് മനസ്സും പദ്ധതികളും ക്രമീകരിക്കപ്പെടേണ്ടത്.