ദീപനാളം ഡിസംബര്‍ ഒന്ന് ലക്കം ആകര്‍ഷകമായി. ലോകകപ്പിന്റെ പശ്ചാത്തലത്തിലൊരുക്കിയ മുഖപേജ് ഒരു നവ്യാനുഭവമായിരുന്നു. കലാസാംസ്‌കാരികവാരികയെന്ന നിലയില്‍ ഏറെക്കാലമായി ദീപനാളം പുലര്‍ത്തുന്ന ഉന്നതനിലവാരം ശ്ലാഘനീയംതന്നെ. സമകാലികവിഷയങ്ങളെ സന്ദര്‍ഭോചിതമായി ഓരോ ലക്കവും വായനക്കാരനുമുമ്പില്‍ അവതരിപ്പിക്കുന്നതില്‍ ദീപനാളം ശ്രദ്ധ വയ്ക്കുന്നുണ്ട്. അതുപോലെ, മാസാദ്യ ആഴ്ചയിലെ 'പ്രതിഭ' കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ആസ്വാദ്യമാണ്.
ബാബു ജോസഫ്
കടുത്തുരുത്തി
ശ്രദ്ധാര്‍ഹമായ വിചാരണ
സമൂഹത്തെ സ്വാധീനിക്കുന്ന കലാവിഷ്‌കാരങ്ങളില്‍ സിനിമ മുന്‍പന്തിയില്‍ നില്ക്കുന്നു. ആ സ്വാധീനത്തിന്റെ ചില അനന്തരഫലങ്ങളാണ് 'കാഴ്ചയ്ക്കപ്പുറം' എന്ന പംക്തിയില്‍ വീയെന്‍ ചര്‍ച്ച ചെയ്യുന്നത്. അദ്ദേഹത്തിന്റെ മൂല്യാധിഷ്ഠിതവിചാരങ്ങള്‍ വായനക്കാരെ ഒരു പുനര്‍വിചിന്തനത്തിനു പ്രേരിപ്പിക്കാന്‍ പോന്നവയാണ്. നമുക്കറിയാം, എവിടെയും നന്മയെക്കാള്‍ തിന്മയാണു മനുഷ്യനെ കൂടുതല്‍ സ്വാധീനിക്കുന്നത്. സിനിമയുടെ കാര്യത്തിലും സ്ഥിതി അതുതന്നെ. കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്ന കുറ്റവാളികളില്‍ പലരും ഈ നാളുകളില്‍ ഏറ്റുപറയുന്നതു നാം കേട്ടതാണ്, സിനിമയത്രേ കുറ്റകൃത്യത്തിനു പ്രേരണയേകിയതെന്ന്. എല്ലാവരും ചിന്തിക്കേണ്ട വിഷയമാണിത്. ഏതായാലും വീയെന്റെ സിനിമവിചാരണ ശ്രദ്ധാര്‍ഹമാണ്.
ജോസ് കുര്യന്‍മരങ്ങാട്ടുപിള്ളി
നാട്ടിന്‍പുറത്തിന്റെ കഥ
ഇഗ്നേഷ്യസ് കലയന്താനിയുടെ നോവല്‍ 'മഴനിലാവ്' തുടക്കംമുതല്‍ വായിക്കുന്നു. ആദ്യലക്കത്തില്‍ത്തന്നെ വായനക്കാരനെ പിടിച്ചിരുത്തുന്ന അദ്ദേഹത്തിന്റെ ആകര്‍ഷകമായ രചനാശൈലി ശ്രദ്ധേയമായി അനുഭവപ്പെട്ടു. തുടര്‍ലക്കങ്ങളും ജിജ്ഞാസയുണര്‍ത്തുന്നവയായി. പരിചിതരായ കഥാപാത്രങ്ങള്‍. പതിവുപോലെ നാട്ടിന്‍പുറത്തിന്റെ കഥയാണ് ഇക്കുറിയും ഇഗ്നേഷ്യസ് പറയുന്നത്. ഗ്രാമീണകഥകള്‍ക്കു ചാരുതയേറും.
ചരിത്രനോവലുകള്‍ മഹത്തരം തന്നെ. എന്നിരുന്നാലും സാമൂഹികനോവലുകള്‍ പകരുന്ന ഹൃദ്യത ഒന്നു വേറെ തന്നെ. മറ്റുള്ളവരുടെ ദുഃഖം സ്വന്തം ദുഃഖമാക്കി വായനക്കാരനു പകര്‍ന്നേകുന്ന എഴുത്തുകാര്‍ അനുഗൃഹീതരാണ്. നോവലിസ്റ്റിനും ദീപനാളത്തിനും അഭിനന്ദനങ്ങള്‍!
ഫിലോമിന തോമസ് തൃശൂര്‍
പഠനാര്‍ഹമായ ലേഖനം
മലയാളത്തിന്റെ അക്ഷരമാല പാഠപുസ്തകങ്ങളില്‍നിന്നു നീക്കം ചെയ്യപ്പെട്ടിട്ടു വര്‍ഷങ്ങളായെങ്കിലും അതിന്റെ ഗുരുതരാവസ്ഥ സമൂഹത്തെ ബോധ്യപ്പെടുത്താനും അതു തിരികെക്കൊണ്ടുവന്നു പാഠപുസ്തകങ്ങളില്‍ പ്രതിഷ്ഠിക്കാനും പാലായില്‍നിന്ന് ഒരു പാതിരി വേണ്ടിവന്നു; ഇവിടെ വലിയ കൊലകൊമ്പന്മാരായ വ്യാകരണപണ്ഡിതന്മാരുണ്ടായിട്ടും. അവരൊക്കെ ആ അക്ഷരസ്‌നേഹിയായ വൈദികന്റെ പിന്നാലെ പിന്നീടു കൂടിയെന്നതു മറ്റൊരു കാര്യം. അതെന്തായാലും, മലയാള ഭാഷയ്ക്കുവേണ്ടി അത്യദ്ധ്വാനം ചെയ്യുന്ന പരിണതപ്രജ്ഞനായ ഫാ. തോമസ് മൂലയില്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അദ്ദേഹം ഇടയ്ക്കിടെ ദീപനാളത്തില്‍ എഴുതുന്ന ഭാഷാസംബന്ധിയായ ലേഖനങ്ങള്‍ പഠനാര്‍ഹവും പണ്ഡിതോചിതവുമാണ്! അദ്ദേഹത്തിന്റെ ഭാഷാസപര്യ തുടരട്ടെ.
റാണിമോള്‍ അഗസ്റ്റിന്‍ മുരിക്കാശേരി
ത്രിതലം ഒരു തലമാക്കണം
കേരള സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി പരമദയനീയമായ അവസ്ഥയിലാണ്. ആളോഹരി കടബാധ്യത നാടിനു താങ്ങാവുന്നതിലധികമാണ്. ത്യാഗമെത്ര സഹിച്ചാണെങ്കിലും സംസ്ഥാനത്തിന്റെ ധനച്ചെലവ് ഗണ്യമായി കുറയ്ക്കണം. അതിന്, പെട്ടെന്നുതോന്നുന്ന ചുരുക്കല്‍മാര്‍ഗം, കേരളത്തിലെ ത്രിതലപഞ്ചായത്ത് സമ്പ്രദായം, ഉടന്‍ അവസാനിപ്പിക്കുകയെന്നതു മാത്രമാണ്.
ഒരു പ്രദേശത്തിന് ഒരു ഭരണകേന്ദ്രം മാത്രമേ ആവശ്യമുള്ളൂ. ഗ്രാമപഞ്ചായത്തുള്ള പ്രദേശങ്ങളില്‍ അതിനുമേലേ ബ്ലോക്കോ, മുനിസിപ്പാലിറ്റിയോ, ഒന്നും ഉണ്ടാകേണ്ട കാര്യമില്ല. നാടെങ്ങും ക്ഷേമകരമായി ഭരിക്കാന്‍ നല്ല പഞ്ചായത്തുസമിതികള്‍ മതിയാകും. ഭരണവികേന്ദ്രീകരണത്തിന് ത്രിതലം, തികച്ചും അനാവശ്യമാണ്.
അതു വെറും രാഷ്ട്രീയം തൊഴിലാക്കി നടക്കുന്നവരെ കൂടിയിരുത്താനും കൊള്ളയ്ക്കു വഴിയൊരുക്കാനും മാത്രമേ ഉപകരിക്കൂ. കൊള്ളയ്ക്കുള്ള മാര്‍ഗമായതുകൊണ്ടു മേലനങ്ങാതെ ജീവിച്ചുശീലിച്ചവര്‍ ഈ നിര്‍ദേശത്തെ എതിര്‍ക്കും. പൊതുജനങ്ങള്‍ ആവേശത്തോടെ ഈ നിര്‍ദേശം എത്രയുംവേഗം നടപ്പിലാക്കാന്‍ തീവ്രഉദ്യമങ്ങളുമായി മുമ്പോട്ടുവരണം.
ഏകതലതദ്ദേശഭരണ സംവിധാനം മതി നമുക്ക്...!
ഫിലിപ്പ് പഴേമ്പള്ളി പെരുവ