പാലാ: അജപാലകരുടെ ഹൃദയം കുടുംബങ്ങളിലായിരിക്കണമെന്നും ഇടവകയുടെ ഹൃദയം കുടുംബമാണെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
അന്ധവിശ്വാസം, പ്രായമായവരോടുള്ള അവഗണന, കുട്ടികളുമായി ബന്ധപ്പെട്ട പോക്‌സോകേസുകള്‍ എന്നിവ കൂടി വരുന്നതില്‍ ബിഷപ് ആശങ്ക പങ്കുവച്ചു. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കെതിരേയും മതപരവും വിശ്വാസപരവുമായ അവകാശത്തിനെതിരേയും ഭ്രൂണഹത്യപോലെ ജീവനെതിരേയുമുള്ള സംസ്‌കാരത്തെ പിന്തുണച്ചുകൊണ്ടു നടത്തുന്ന നീക്കങ്ങള്‍ക്കെതിരേയും നിതാന്തജാഗ്രത പാലിക്കണം. വിദ്യാഭ്യാസരംഗത്തും പാഠപുസ്തകങ്ങളിലും വന്നിട്ടുള്ള തെറ്റായതും വികലമായതുമായ ചരിത്രം തിരുത്തപ്പെടണമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കി. രൂപതയില്‍ അടുത്തകാലത്തു നടപ്പിലാക്കിയ വിവിധതലത്തിലുള്ള അജപാലന സാമൂഹികവിദ്യാഭ്യാസ മുന്നേറ്റങ്ങളെ ബിഷപ് വിലയിരുത്തി.
പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. കെ.കെ. ജോസ് കണിച്ചുകാട്ട് അധ്യക്ഷത വഹിച്ചു. 'വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് - ലഹരിസംസ്‌കാരം: പ്രതിരോധവും ജാഗ്രതയും' എന്ന വിഷയത്തെ ആസ്പദമാക്കി മോണ്‍. ജോസഫ് തടത്തില്‍ ബോധവത്കരണക്ലാസ് നല്‍കി. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെ വിവിധ സബ്കമ്മിറ്റികളുടെ ചെയര്‍മാന്മാര്‍ പ്രസംഗിച്ചു.
മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍, ജോസ് കെ. മാണി എം.പി., മാണി സി കാപ്പന്‍ എം.എല്‍.എ. തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. യോഗാനന്തരം പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജു സെബാസ്റ്റ്യന്‍ നന്ദി പറഞ്ഞു.