പാണന്‍ പാട്ടൊന്നു പാടിവരുന്നേ
പാണികൊട്ടി നല്‍ത്താളത്തില്‍ത്തന്നെ
പാതയ്ക്കപ്പുറമിപ്പുറമുള്ളോര്‍
പാട്ടിന്നൊത്തിരിയര്‍ഥങ്ങള്‍ കണ്ടേ.
ഏതോ നാടിന്‍ കഥയവന്‍ പാടി
ഏറെപ്പേരതിന്‍ കൂടെയും പാടി
എന്നോ കൈമോശം വന്ന നല്‍ക്കാലം
എങ്ങോ തേടുന്ന കണ്ണുകളോടെ.
നാടിന്‍ ദുര്‍ഗ്ഗതിയോര്‍ക്കവേ തേങ്ങും
നാട്ടാര്‍ക്കുള്ളതാം ദുഃഖമപ്പാട്ടില്‍
നീളെത്തങ്ങിനിന്നീടുമീണത്തില്‍
നീട്ടിപ്പാടി നടന്നല്ലോ പാണന്‍.
നന്മയുള്ളവരേറെക്കുറഞ്ഞു
നല്ല നാളുകളെങ്ങോ മറഞ്ഞു
നാനാ ദിക്കിലുമക്രമം മാത്രം
നാണം തോന്നുമതൊക്കെയും ചൊല്ലാന്‍.
എങ്ങും കാണാം ലഹരിയില്‍ മുങ്ങി
എന്തും ബോധമില്ലാതെ ചെയ്യുന്നോര്‍
എന്നും കേള്‍പ്പൂ പെണ്‍പീഡനംമൂലം
എത്രയെത്രയോ ജന്മത്തിന്‍ നാശം.
കാണ്മൂ മര്‍ത്ത്യബലിപോലും ചെയ്‌വോര്‍
കാലത്തിന്‍ ദോഷം മാറ്റിടാനായി
കാര്യങ്ങള്‍ നേടാനെന്തും ചെയ്യുന്നോര്‍
കാണുന്നില്ലല്ലോ മാനവധര്‍മം.
നേരിന്‍ മൂല്യം കാണാത്തോര്‍ മനസ്സിന്‍
നേത്രങ്ങള്‍ തുറന്നീടുവാനായി
നേരം നോക്കാതെയര്‍ഥിക്കാമെന്നും
നേടാം നന്മനിറഞ്ഞൊരു കാലം.
കവിത
പാണന്റെ പാട്ട്
