•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

വൈദ്യശാസ്ത്രവും ദൈവശാസ്ത്രവും സമന്വയിപ്പിച്ച കര്‍മയോഗി

ഈയിടെ അന്തരിച്ച, പാലാ കാര്‍മല്‍ മെഡിക്കല്‍ സെന്റര്‍ ചീഫ് ഫിസിഷ്യന്‍ ഡോ. ജോയി ഫ്രാന്‍സിസിനെ അനുസ്മരിക്കുന്നു.

സാധാരണ പറയുന്ന ഒരു കാര്യമാണ്, ഓര്‍മകള്‍ക്കു മരണമില്ല എന്നത്. മരിക്കാത്ത ഒത്തിരി ഓര്‍മകള്‍ അവശേഷിപ്പിച്ചിട്ടാണ് ഡോ. ജോയി ഫ്രാന്‍സിസ് കടന്നുപോയിരിക്കുന്നത്. അദ്ദേഹം നലംതികഞ്ഞ ഒരു മനുഷ്യസ്‌നേഹിയും ദൈവവിശ്വാസിയും സഭാസ്‌നേഹിയുമായിരുന്നു. ഭിഷഗ്വരന്‍ എന്ന നിലയില്‍ പ്രായഭേദമെന്യേ, വലിപ്പചെറുപ്പവ്യത്യാസമില്ലാതെ, ധനികദരിദ്രവിവേചനമില്ലാതെ എല്ലാവര്‍ക്കും ഡോ. ജോയി ഫ്രാന്‍സിസ് സംലഭ്യനായിരുന്നു. ദൈവപിതാവിന്റെ കരുതുന്ന സ്‌നേഹം അദ്ദേഹം എല്ലാവര്‍ക്കും ആവോളം പകര്‍ന്നുനല്കി. 
വൈദ്യശുശ്രൂഷയ്‌ക്കൊപ്പം, ഉറച്ച ഒരു ദൈവവിശ്വാസികൂടിയായിരുന്നു ഡോക്ടര്‍. കാര്‍മല്‍ ഹോസ്പിറ്റല്‍ ചാപ്പലിലെ പ്രഭാതബലിയോടെയാണ് അദ്ദേഹം തന്റെ ജോലി ആരംഭിച്ചിരുന്നത്. ആഴമായ ദൈവവിശ്വാസവും ദൈവസ്‌നേഹവും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. യുക്തിയും വിശ്വാസവും, ബുദ്ധിയും ഹൃദയവും, വൈദ്യശാസ്ത്രവും ദൈവശാസ്ത്രവും അദ്ദേഹം നന്നായി സംയോജിപ്പിച്ചു. അതുകൊണ്ടാണ്, അദ്ദേഹം തന്റെ ഭാരിച്ച മെഡിക്കല്‍ ഉത്തരവാദിത്വങ്ങള്‍ക്കിടയിലും സമയം കണ്ടെത്തി ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും (ങ.അ. ഞ.ടര) ഡോക്ടറല്‍ ബിരുദവും (ഉ.ഞ.ടര.) സമ്പാദിക്കുവാന്‍ സമയം കണ്ടെത്തിയത്. 
വായനയും എഴുത്തും സ്‌നേഹിച്ച മനുഷ്യന്‍
നല്ല ഒരു വായനക്കാരനും എഴുത്തുകാരനുമായിരുന്നു ഡോ. ജോയി ഫ്രാന്‍സിസ്. നോവലുകളും കഥകളും ക്ലാസ്സിക്കുകളും ഹാസ്യങ്ങളും മാത്രമല്ല, മഹത്തായ ദൈവശാസ്ത്രഗ്രന്ഥങ്ങളും സഭാപ്രബോധനങ്ങളും അദ്ദേഹത്തിനു നന്നായി വഴങ്ങി. സഞ്ചാരം ഡോ. ജോയി ഫ്രാന്‍സിസിന് എന്നും ഒരു ഹരമായിരുന്നു. എല്ലാ ഭൂഖണ്ഡങ്ങളുംതന്നെ അദ്ദേഹം സന്ദര്‍ശിട്ടുണ്ട്. യുറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ജപ്പാനും സിംഗപ്പൂരും തായ്‌ലാന്റും എല്ലാം അദ്ദേഹത്തിന്റെ യാത്രാസ്ഥലങ്ങളായിരുന്നു. ഭാരതത്തിലുടനീളവും ഹിമാലയസാനുക്കളിലും  അദ്ദേഹം നിരവധി തവണ സഞ്ചരിച്ചിട്ടുണ്ട്. 
കലയെയും മണ്ണിനെയും പ്രണയിച്ച മനുഷ്യന്‍
ഒരു വലിയ കലാകാരന്‍കൂടിയായിരുന്നു ഡോ. ജോയി ഫ്രാന്‍സിസ്. അനേകം കൊത്തുരൂപങ്ങളും രേഖാചിത്രങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ടെന്നത് അഭിമാനകരമായ കാര്യമാണ്. പ്രസിദ്ധ ശില്പിയായ  കാനായി കുഞ്ഞിരാമന്റെ ശിഷ്യഗണത്തിലെ ഒരാളായിരുന്നു ഡോ. ജോയി ഫ്രാന്‍സിസ് എന്ന കാര്യവും സ്മര്‍ത്തവ്യമാണ്.
നല്ല ഒരു കര്‍ഷകനുംകൂടിയായിരുന്നു അദ്ദേഹം. വാരാന്ത്യങ്ങളിലും അവധിദിനങ്ങളിലും അദ്ദേഹം സ്വന്തം കൃഷിയിടങ്ങളില്‍ അദ്ധ്വാനിച്ചു.
മേല്പറഞ്ഞ എല്ലാ നന്മകള്‍ക്കുമപ്പുറം ഡോ. ജോയി ഫ്രാന്‍സിസ് നല്ല ഒരു അപ്പനായിരുന്നു; തനിക്കു ദൈവം തന്ന സമ്മാനവും ജീവിതപങ്കാളിയുമായ ഭാര്യ ത്രേസ്യാമ്മച്ചേച്ചിയോടൊപ്പമുള്ള വിശ്വസ്തവും വിശുദ്ധവുമായ ദാമ്പത്യബന്ധത്തില്‍ ദൈവം തങ്ങള്‍ക്കു നല്കിയ രണ്ടു മക്കളെയും നിധിപോലെ അദ്ദേഹം എന്നു കാത്തുസൂക്ഷിച്ചു.
ഇങ്ങനെ ചിന്തിക്കുമ്പോള്‍, ഒരു ഉത്തമമനുഷ്യനെയാണ്, വിശ്വസ്തനായ ഒരു സുഹൃത്തിനെയാണ്, നലംതികഞ്ഞ ഒരു ദൈവമകനെയാണ്, തിരുസ്സഭയുടെ വിശ്വസ്തനായ ഒരു പുത്രനെയാണ് ഡോ. ജോയി ഫ്രാന്‍സിസിന്റെ നിര്യാണത്തിലൂടെ നമുക്കു നഷ്ടമായിരിക്കുന്നത്. 
1946 ജനുവരി മൂന്നാം തീയതി അങ്കമാലി അടുത്തുള്ള നോര്‍ത്ത് കുത്തിയതോട് എന്ന ഗ്രാമത്തില്‍ വിതയത്തില്‍ അഡ്വ. വി.പി. ഫ്രാന്‍സിസ് - ഏലിക്കുട്ടി ഫ്രാന്‍സിസ് ദമ്പതികളുടെ അഞ്ചാമത്തെ മകനായി ഡോ. ജോയി ഫ്രാന്‍സിസ് ജനിച്ചു. നല്ല പൗരാണികതയും പൈതൃകവും കത്തോലിക്കാപശ്ചാത്തലവുമുള്ള കുടുംബമായിരുന്നു വിതയത്തില്‍ കുടുംബം. ഉന്നതമായ അടിസ്ഥാനവിദ്യാഭ്യാസം അദ്ദേഹത്തിനു നല്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. പ്രാഥമികവിദ്യാഭ്യാസത്തിനും ഡിഗ്രിപഠനത്തിനുംശേഷം 1969 ല്‍ കാലിക്കട്ട് മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസ്. വിജയകരമായി പൂര്‍ത്തിയാക്കി. തുടര്‍ന്ന്, കല്‍ക്കത്താ സ്‌കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ ആന്റ് ഹൈജീന്‍ എന്ന സ്ഥാപനത്തില്‍നിന്ന് മെഡിക്കല്‍ ബിരുദവും നേടിയശേഷം കോഴിക്കോട് ചേവായൂര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ശുശ്രൂഷ ആരംഭിച്ചു. പിന്നീട്, കേരളസര്‍ക്കാരിന്റെ കീഴിലുള്ള വിവിധ ആശുപത്രികളില്‍ ജോലിചെയ്തു. ഇതിനിടയില്‍ 1978 ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എം.ഡി. ബിരുദവും നേടി. 
1983 ല്‍ സര്‍ക്കാര്‍ ജോലിയില്‍നിന്നു മാറിയശേഷം പാലാ ചെറുപുഷ്പം ആശുപത്രിയിലും കാര്‍മല്‍ മെഡിക്കല്‍ സെന്ററിലുമായി ശുശ്രൂഷ ചെയ്തു. ദീര്‍ഘനാളായി കാര്‍മല്‍ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്തുവരവേയാണ് അദ്ദേഹം പെട്ടെന്ന് രോഗഗ്രസ്തനായതും ദൈവപിതാവിന്റെ മടക്കവിളിക്കു സമാധാനത്തോടെ പ്രത്യുത്തരം നല്കിയതും. ഡോ. ജോയി ഫ്രാന്‍സിസ് നല്കിയ  നിസ്വാര്‍ഥമായ എല്ലാ സേവനങ്ങള്‍ക്കും ശുശ്രൂഷകള്‍ക്കും ദൈവനാമത്തില്‍ നന്ദി. അങ്ങയുടെ ശുശ്രൂഷകള്‍ക്ക് ദൈവം ഉചിതമായ പ്രതിഫലം നല്കട്ടെ.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)