•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

വിഴിഞ്ഞത്തു സംഭവിക്കുന്നതെന്ത്?

കേരളത്തിലെ തീരദേശജനതയുടെ ജീവിക്കാനുള്ള പോരാട്ടം അതിനിര്‍ണായകദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി തീരദേശജനതയെ തീറെഴുതിക്കൊടുക്കുന്ന സര്‍ക്കാര്‍നടപടിക്കെതിരെ ഉയര്‍ന്ന ജനകീയപ്രതിഷേധവും പ്രതിരോധവും അധികാരത്തിന്റെ മറവില്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ അനന്തരഫലങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. സ്വന്തം കൂടും കൂരയും നഷ്ടപ്പെട്ടു തെരുവിലേക്കു വലിച്ചെറിയപ്പെടുന്നവന്റെ വേദന, എല്ലാം നഷ്ടപ്പെടുന്നവന്റെ ദയനീയത ഇവയൊന്നും പാവപ്പെട്ടവന്റെയും തൊഴിലാളിയുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും സംരക്ഷകരെന്നു കൊട്ടിഘോഷിച്ചു നാടുഭരിക്കുന്നവര്‍ക്ക് ഇനിയും മനസ്സിലാവുന്നില്ലേ? എല്ലാം ശരിയാക്കുമെന്നു പറഞ്ഞവര്‍ അധികാരത്തിന്റെ സുഖലോലുപതയില്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെ കോടികള്‍ക്കായി സ്തുതിഗീതമാലപിക്കുന്നതിന്റെ ബാക്കിപത്രമാണ് വിഴിഞ്ഞത്തെ തീരങ്ങളിലെ പൂഴിമണ്ണില്‍ വെന്തുവെണ്ണീറാകുന്ന മനുഷ്യജന്മങ്ങള്‍.

വിഴിഞ്ഞത്തു സംഭവിക്കുന്നതെന്ത്?

വിഴിഞ്ഞത്തെ ജനകീയസമരം നാലുമാസം പിന്നിട്ടു. അദാനിപോര്‍ട്ടിന്റെ നിര്‍മാണത്തെത്തുടര്‍ന്ന് തീരദേശങ്ങള്‍ കടലെടുക്കുകയും വീടുകള്‍ നഷ്ടപ്പെടുകയും വരുമാനങ്ങള്‍ നിലച്ച് ഉപജീവനം പ്രതിസന്ധിയിലാകുകയും ചെയ്തപ്പോള്‍ ഇതെല്ലാം നിസ്സാരവത്കരിച്ച് മുഖം തിരിഞ്ഞുനില്‍ക്കുന്ന സര്‍ക്കാരിനുമുമ്പില്‍ നിവേദനങ്ങളും അപേക്ഷകളും നല്‍കി. നടപടികളൊന്നുമില്ലാതെ വന്നപ്പോള്‍ 
ജീവിക്കാന്‍വേണ്ടി ജനം തെരുവിലിറങ്ങി. തീരദേശജനത ഒരു സഭയുടെയോ സമുദായത്തിന്റെയോ ഭാഗമല്ല. അതേസമയം, ജനകീയ വിഷയം വര്‍ഗീയവത്കരിച്ചു നേട്ടമുണ്ടാക്കാന്‍ രാഷ്ട്രീയനേതൃത്വങ്ങള്‍ മത്സരിച്ചു. തീരദേശത്തെ ശക്തമായ സാന്നിധ്യമായ കത്തോലിക്കാസഭയെയും വൈദികരെയും സമരമുഖത്തു സജീവമാക്കി
യത് ഒരു ജനതയോടുള്ള കടമയും കടപ്പാടും ജനകീയവിഷയങ്ങളിലുള്ള സഭയുടെ ഉറച്ച നിലപാടുകളുമാണ്. 
തീരദേശ ജനകീയപ്രക്ഷോഭത്തെ സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ളവര്‍ പിന്തുണച്ചു. സമരമുഖം സജീവമായി. ജനപിന്തുണയേറുന്നതുകണ്ടപ്പോള്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറായി. മന്ത്രിസഭാപ്രതിനിധികള്‍ സ്ഥിരംവാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ചു. 2015 ല്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരിറക്കിയ ഉത്തരവുകള്‍ വീണ്ടും പൊടിതട്ടിയെടുത്ത് നടപടികളില്ലാത്ത ചര്‍ച്ചകള്‍ ആവര്‍ത്തിച്ചപ്പോള്‍ ജനങ്ങള്‍ ശക്തമായി എതിര്‍ത്തു. തുടര്‍ച്ചയായുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ വിശ്വസിച്ചു വിഡ്ഢികളാകാന്‍ തങ്ങള്‍ക്കാവില്ലെന്നു ജനം തുറന്നടിച്ചു. പിന്നീട് സമരം പൊളിക്കാനുള്ള രാഷ്ട്രീയതന്ത്രങ്ങള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അരങ്ങേറി. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരമന്ത്രാലയം പോലീസിനെ വിന്യസിപ്പിച്ചുള്ള നടപടികള്‍ ഒരുവശത്ത്. ഒരു ജനതയെ ഒന്നടങ്കം കോടതിവ്യവഹാരങ്ങളിലേക്കു തള്ളിവിടുന്ന ക്രൂരത മറുവശത്ത്. ഇതിനിടയില്‍ അക്രമകാരികളെ സമരമുഖത്തിന്റെ ഉള്ളറകളിലേക്കു നുഴഞ്ഞുകയറ്റുന്ന രാഷ്ട്രീയവര്‍ഗീയക്രൂരത വേറെയും. എന്തിനേറെ, വോട്ടുചെയ്ത് അധികാരത്തിലേറ്റിയ അധികാരകേന്ദ്രങ്ങള്‍ തീരദേശമക്കളുടെ മുഴുവന്‍ നാശം കണ്ടേ അടങ്ങൂവെന്ന വാശിയിലാണിപ്പോള്‍.
തീരദേശജനതയുടെ ആവശ്യങ്ങള്‍
2022 ഓഗസ്റ്റ് 8 ന് നിയമസഭയില്‍ തീരദേശമേഖലയിലെ വിഷയങ്ങള്‍ സംബന്ധിച്ച് കടകംപള്ളി സുരേന്ദ്രന്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചു. എന്നാല്‍, ഇതിനു വ്യക്തമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ സാധിച്ചില്ല. പകരം മത്സ്യത്തൊഴിലാളികളല്ലാത്ത ചിലര്‍ രാഷ്ട്രീയതാത്പര്യം ലക്ഷ്യംവച്ച് കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയെ ലക്ഷ്യമാക്കി ആക്ഷേപിക്കുകയാണു ചെയ്തത്. 
ഏഴു പ്രധാനപ്പെട്ട ആവശ്യങ്ങളാണ് വിഴിഞ്ഞംപ്രക്ഷോഭത്തിന്റെ ഭാഗമായി സമരസമിതി മുന്നോട്ടുവച്ചത്. 
1. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിര്‍മാണംമൂലമുണ്ടാകുന്ന തീരശോഷണത്തിനു ശാശ്വതപരിഹാരം കാണുക. 2. തീരശോഷണംമൂലം വീടു നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളെ വാടക നല്‍കി മാറ്റിപ്പാര്‍പ്പിക്കുക. 3. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കു നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുക. 4. തീരശോഷണത്തിനു ഭീഷണിയായ തുറമുഖനിര്‍മാണം നിറുത്തിവച്ച് പ്രദേശവാസികളെ ഉള്‍പ്പെടുത്തി സുതാര്യമായ പഠനം നടത്തുക. 5. മണ്ണെണ്ണ വിലവര്‍ദ്ധന പിന്‍വലിച്ച് തമിഴ്‌നാട് മാതൃകയില്‍ മണ്ണെണ്ണ ലഭ്യമാക്കുക. 6. കാലാവസ്ഥ മുന്നറിയിപ്പു കാരണം കടലില്‍ പോകാന്‍ കഴിയാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കുക. 7. മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക.
ലത്തീന്‍ അതിരൂപതയുടെ പങ്കാളിത്തം
പ്രശ്‌നബാധിതപ്രദേശങ്ങളില്‍പ്പെട്ട തിരുവനന്തപുരത്തെ തീരദേശമത്സ്യത്തൊഴിലാളികളില്‍ നല്ലൊരു ഭാഗം ലത്തീന്‍ അതിരൂപതയില്‍പ്പെട്ട വിശ്വാസികളാണ്. ആത്മീയകാര്യങ്ങളിലെന്നപോലെ അതിരൂപതയില്‍പ്പെട്ട വിശ്വാസിസമൂഹത്തിന്റെ ജീവിതപ്രശ്‌നങ്ങളിലും ഭൗതികജീവിതത്തിലും അതിരൂപതാധ്യക്ഷന്‍ എന്ന നിലയില്‍ അഭിവന്ദ്യപിതാവും പിതാവിനോടൊപ്പം ഇടവകവികാരിമാരും ഏറെ ശ്രദ്ധചെലുത്തുക സ്വാഭാവികമാണ്. എല്ലാം നഷ്ടപ്പെടുന്ന ജനവിഭാഗത്തിന്റെ കണ്ണീരിനു മുമ്പില്‍നിന്ന് വീരവാദങ്ങള്‍ മുഴക്കി ഒളിച്ചോടാന്‍ പിതാവും വൈദികരും രാഷ്ട്രീയക്കാരല്ല എന്നോര്‍ക്കണം. തിരഞ്ഞെടുപ്പില്‍ മത്സരിക്കലോ ജനപ്രതിനിധികളും മന്ത്രിമാരുമാകലോ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കലോ ഇവരുടെ ലക്ഷ്യവുമല്ല. അതേസമയം, തൊഴിലും ഉപജീവനവും നഷ്ടപ്പെട്ട് ജീവിതം ദുഃഖദുരിതമായിരിക്കുന്നവര്‍ക്കും ക്യാമ്പുകളില്‍ നരകയാതന അനുഭവിക്കുന്നവര്‍ക്കുംവേണ്ടി വൈദികര്‍ പോരാടും. അത് ക്രൈസ്തവധര്‍മവും കടമയും ഉത്തരവാദിത്വവുമാണ്.  
സര്‍ക്കാരിന്റെ  വിരുദ്ധനിലപാടുകള്‍
വിഴിഞ്ഞം തുറമുഖനിര്‍മാണം സൃഷ്ടിച്ചിരിക്കുന്ന തീരശോഷണത്തിനു ശാശ്വതപരിഹാരം കാണണമെന്ന ആവശ്യത്തിനു സര്‍ക്കാരിനു മറുപടിയില്ല. തീരങ്ങളെ ആശ്രയിച്ചുകഴിയുന്ന ജനങ്ങള്‍ ജീവിക്കുന്ന രാജ്യങ്ങള്‍ പുലര്‍ത്തുന്ന സമീപനംപോലും സംസ്ഥാനസര്‍ക്കാര്‍ ഈ പ്രശ്‌നബാധിതപ്രദേശങ്ങളില്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നുമില്ല. 
തീരശോഷണംമൂലം വീടു നഷ്ടപ്പെട്ടു ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വീട് വാടകയ്ക്ക് എടുക്കുന്നതിന് 5000 രൂപ പ്രതിമാസം നല്‍കാം എന്നാണ് രണ്ടാമത്തെ ആവശ്യത്തിനു മറുപടി.  5000 രൂപ അപര്യാപ്തമായതുകൊണ്ട് മുഖ്യമന്ത്രിയുടെ ആ വാഗ്ദാനം സമരസമിതി സ്വീകരിച്ചില്ല. മാത്രവുമല്ല, നിരവധി ക്ഷേമപെന്‍ഷനുകള്‍പോലും മുടങ്ങിയിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വാഗ്ദാനംമാത്രം വിശ്വസിച്ചു വീടു വാടകയ്‌ക്കെടുത്തു ക്യാമ്പില്‍നിന്നു മാറാന്‍ ക്യാമ്പില്‍ കഴിയുന്നവര്‍ക്കു സാധ്യമല്ല. വീടു വാടകയ്ക്കു ലഭിക്കുന്നതിന് തുടക്കത്തില്‍ കൂടിയ തുക അഡ്വാന്‍സ് നല്‍കണമെന്ന് ഏതൊരാള്‍ക്കും അറിയാവുന്നതാണ്. പകരം, സര്‍ക്കാര്‍ ചെയ്യേണ്ടത് സര്‍ക്കാര്‍തന്നെ വീടു വാടകയ്‌ക്കെടുത്ത് അതു ക്യാമ്പുനിവാസികള്‍ക്കു ലഭ്യമാക്കുക എന്നതാണ്. അതിനൊട്ട് സര്‍ക്കാര്‍ തയ്യാറല്ലതാനും. 
വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് വീടും സ്ഥലവും നല്‍കി പുനരധിവസിപ്പിക്കുക എന്ന മൂന്നാമത്തെ ആവശ്യത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത് വസ്തു വാങ്ങി വീടുണ്ടാക്കുന്നതിന് പത്തു ലക്ഷം രൂപ നല്‍കാമെന്നാണ്. ഇക്കാര്യത്തിലും മുഖ്യമന്ത്രി വാഗ്ദാനം ചെയ്യുന്ന തുക അപര്യാപ്തമാണ്. പട്ടയമുള്ള വസ്തുവില്‍ ഉണ്ടായിരുന്ന വീടുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. വസ്തുവില്‍ അതതു വില്ലേജ് ഓഫീസില്‍ കരം അടച്ചുകൊണ്ടിരുന്നതുമാണ്. ഓരോരുത്തര്‍ക്കും നഷ്ടപ്പെട്ട വസ്തുവിന് തുല്യവിസ്തീര്‍ണം വസ്തു നല്കുകയും നഷ്ടപ്പെട്ട വീടിനു സമാനമായ വീട് നിര്‍മിച്ചുനല്‍കുകയുമാണു വേണ്ടത്. തീരദേശത്തു നഷ്ടപ്പെട്ട വസ്തുവിന്റെ തുല്യവിസ്തീര്‍ണം വസ്തു വാങ്ങാന്‍ പോലും പത്തു ലക്ഷം രൂപ തികയില്ല. മത്‌സ്യത്തൊഴിലാളികളെ അഗതികളായി കണക്കാക്കുന്ന മനോഭാവമാണ് സര്‍ക്കാര്‍ കാണിച്ചത്. 
തുറമുഖനിര്‍മാണം നിറുത്തിവച്ച് തദ്ദേശവാസികളെക്കൂടി ഉള്‍പ്പെടുത്തി സ്വതന്ത്രാന്വേഷണം നടത്തണം എന്ന നാലാമത്തെ ആവശ്യത്തെ സംബന്ധിച്ചു മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്, തുറമുഖത്തിന്റെ നിര്‍മാണം ഒരു സാഹചര്യത്തിലും നിറുത്തിവയ്ക്കില്ലെന്നും പഠിക്കാന്‍ വിദഗ്ധസമിതിയെ വയ്ക്കാം എന്നുമാണ്. പ്രഥമദൃഷ്ട്യാ ന്യായമെന്നു തോന്നാവുന്ന ഈ വാഗ്ദാനം യുക്തിസഹമല്ലാത്തതുകൊണ്ടു നിരാകരിക്കാന്‍ സമരസമിതി നിര്‍ബന്ധിതമായി. തുറമുഖത്തിനുവേണ്ടിയുള്ള നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചതുമൂലം ഉണ്ടായിട്ടുള്ള തീരശോഷണവും വീടുകളുടെ നാശനഷ്ടങ്ങളും തൊഴില്‍നഷ്ടവും പരിഹരിക്കാന്‍ കഴിയാത്തത്ര ഗൗരവതരവും തീവ്രവുമാണ്. പഠനം നടത്തുന്ന കാലത്തും നിര്‍മാണപ്രവര്‍ത്തനം തുടരുകയെന്നാല്‍ അതിന്റെയര്‍ഥം പഠനം ഒരു ചടങ്ങായി നടത്തുകയും നിര്‍മാണപ്രവര്‍ത്തനവും അതുമൂലം ഉണ്ടാകുന്ന ദോഷഫലങ്ങളും അനുസ്യൂതം തുടരുകയെന്നുമാണ്. അതു യുക്തിസഹമല്ലെന്നുമാത്രമല്ല, സാമാന്യബുദ്ധിക്കു നിരക്കുന്നതുമല്ല. 
സര്‍ക്കാരിന്റെ നിലപാടില്‍നിന്നു വെളിവാകുന്ന രണ്ടു കാര്യങ്ങള്‍കൂടിയുണ്ട്: ഒന്ന്, പഠനത്തിലൂടെ വെളിവാകുന്നത് എന്തുതന്നെയായിരുന്നാലും തുറമുഖപദ്ധതി ഉപേക്ഷിക്കില്ല. രണ്ടാമത്, സര്‍ക്കാര്‍ അത്തരത്തില്‍ കടുംപിടിത്തത്തോടെ വിദഗ്ധസമിതിയെ നിയമിക്കുമ്പോള്‍ മുഖ്യമന്ത്രി ഭംഗ്യന്തരേണ വിദഗ്ധസമിതിക്ക് ഒരു സൂചനകൂടി നല്‍കുന്നു. പദ്ധതി ഉപേക്ഷിക്കണമെന്ന ശിപാര്‍ശ റിപ്പോര്‍ട്ടില്‍ ഉണ്ടായിക്കൂടാ. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന ഇത്തരമൊരു സമീപനം പ്രശ്‌നപരിഹാരത്തിന് ഉതകുന്നതല്ല. മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അതിജീവനത്തിന്റെയും ജീവന്മരണപോരാട്ടത്തിന്റെയും പ്രശ്‌നമാണ്. ശമ്പളവര്‍ധനവിനോ ആനുകൂല്യങ്ങള്‍ക്കോവേണ്ടി ഉദ്യോഗത്തിലിരുന്നു സമരം നടത്തുന്ന ട്രേഡുയൂണിയനുകള്‍ക്ക് സര്‍ക്കാര്‍ഖജനാവില്‍നിന്നു വാരിക്കോരിക്കൊടുത്തു സമരം കൈകാര്യംചെയ്യുന്ന സമീപനം അതിജീവനസമരത്തില്‍ ജീവിതവും ജീവനും പണയം വച്ചിരിക്കുന്നവരോടു കാണിക്കുന്നത് അനുയോജ്യമല്ല. പഠനഫലം എന്തെന്നറിയാതെ പുലിമുട്ടിനുവേണ്ടി ഒരു കല്ല് കടലില്‍ ഇടുന്നതോ കര സൃഷ്ടിക്കാന്‍ വേണ്ടി അല്പം പോലും ഡ്രഡ്ജിങ് നടത്തുന്നതോ അഭികാമ്യമല്ല.
രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ഇപ്പോള്‍ത്തന്നെ പദ്ധതിനിര്‍വഹണത്തില്‍ കാലതാമസം ഉണ്ടായിട്ടുണ്ട്. 30 ശതമാനം പ്രവൃത്തിമാത്രമാണ് ഇപ്പോഴും പൂര്‍ത്തിയായിട്ടുള്ളത്. പണി മുമ്പോട്ടുകൊണ്ടുപോകുകയാണെങ്കില്‍ പോലും ഇനിയും വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒന്നാണ്. അല്ലാതുള്ള പ്രസ്താവനകളൊക്കെ  അല്പംപോലും യാഥാര്‍ഥ്യബോധം പുലര്‍ത്താത്തവയാണ്. മണ്ണെണ്ണവിലയെ സംബന്ധിച്ച സര്‍ക്കാരിന്റെ നിലപാടും നിര്‍ഭാഗ്യകരമാണ്. ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളുടെ ജീവസന്ധാരണത്തിനാവശ്യമായ മണ്ണെണ്ണ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയാത്ത സംസ്ഥാനസര്‍ക്കാര്‍ എന്തിനാണെന്ന് മത്സ്യത്തൊഴിലാളികള്‍ ചിന്തിച്ചാല്‍ അവരെ കുറ്റം പറയാനാകുമോ? തമിഴ്‌നാട്‌സര്‍ക്കാരിനു കഴിയുന്നത് കേരളത്തിനു കഴിയാത്തതെന്തുകൊണ്ട് എന്ന് വയറുവിശക്കുന്നവര്‍ ചിന്തിച്ചുപോകുന്നതില്‍ എന്തു തെറ്റാണുള്ളത്?
കാലാവസ്ഥാമുന്നറിയിപ്പുമൂലം കടലില്‍പോകാന്‍ കഴിയാത്തവര്‍ക്ക് മിനിമംവേതനം നല്‍കുക എന്ന ആവശ്യത്തെ സംബന്ധിച്ച സര്‍ക്കാരിന്റെ വിശദാംശങ്ങള്‍ അറിയേണ്ടതുണ്ട്. തുറമുഖത്തിന്റെ നിര്‍മാണപ്രവര്‍ത്തനം നിറുത്തിവെച്ച് വിദഗ്ധസമിതി പഠനം നടത്തുക എന്നത് മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിച്ചാലും ഉപേക്ഷിക്കാന്‍ കഴിയുന്നതല്ല. അതൊഴിവാക്കിക്കൊണ്ട് മറ്റെന്തെങ്കിലും നേടിയാലും നേടുന്നതൊക്കെ വെള്ളത്തില്‍ വരയ്ക്കുന്ന വരപോലെയാകും.
സിപിഎം-ബിജെപി-അദാനി
കേരളത്തിലെ ജനമനസ്സില്‍ പരസ്പരം പോരടിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളാണ് ബിജെപിയും സിപിഎമ്മും. വെറും പോരടിക്കല്‍ മാത്രമല്ല, മത്സരിച്ചു നടുറോഡില്‍ വെട്ടിക്കൊലവരെ നടത്തിയവര്‍. ഇവര്‍ രണ്ടുകൂട്ടരും വിഴിഞ്ഞം പ്രശ്‌നത്തില്‍ അദാനിയുടെ മുമ്പില്‍ വെറും പൂച്ചകളായി മാറി. അദാനിയുടെ വികസന അജണ്ടയുടെ വീതംപറ്റിയതാണിതെന്നു വ്യാഖ്യാനിച്ചേക്കാം. കാര്യമെന്താണെങ്കിലും, കടലോരത്തു ജീവിക്കാന്‍വേണ്ടി പ്രക്ഷോഭം നടത്തുന്ന ജനങ്ങളെ എതിര്‍ക്കാന്‍ കീരിയും പാമ്പും ഒന്നിക്കുമ്പോള്‍ വിഴിഞ്ഞം പോര്‍ട്ടിന്റെ നിര്‍മാതാക്കള്‍ എത്ര ശക്തരെന്ന് ഓര്‍മിക്കുക. ഭരണസംവിധാനങ്ങളെപ്പോലും നിയന്ത്രിക്കാനും വിലയ്‌ക്കെടുക്കാനും കെല്പുള്ളവര്‍. 
കടലോര-മലയോര ജനത
തീരദേശജനതയും മലയോരമക്കളും നേരിടുന്ന ജീവിതപ്രശ്‌നങ്ങള്‍ക്കു സമാനതകളേറെയുണ്ട്. രണ്ടും പിറന്നുവീണ മണ്ണില്‍ ജീവിക്കാനുള്ള പോരാട്ടമാണ്. ജനാധിപത്യഭരണസംവിധാനത്തിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയഭരണനേതൃത്വങ്ങളുടെ അധികാരധാര്‍ഷ്ട്യത്തിനും ജനവിരുദ്ധസമീപനത്തിനുമെതിരേയുള്ള ജനകീയമുന്നേറ്റവും നീതിക്കും നിലനില്പിനുമായുള്ള പോരാട്ടവുമാണ് വിഴിഞ്ഞത്ത് ഇപ്പോള്‍ നടക്കുന്നത്. വിലത്തകര്‍ച്ചയും വന്യജീവിയാക്രമണവും ഭൂപ്രശ്‌നങ്ങളും വനവത്കരണവും കൃഷിനാശവും പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കവുംമൂലം നാശത്തിന്റെ വക്കിലെത്തി നില്ക്കുന്ന മലയോരജനതയും, കടല്‍കയറി സ്വന്തം വീടുകള്‍ നഷ്ടപ്പെടുന്ന, തൊഴിലുകള്‍ നഷ്ടപ്പെട്ട് പെരുവഴിയിലേക്കു വലിച്ചെറിയപ്പെടുന്ന തീരദേശജനതയും ഒരുമിച്ചു കൈകോര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)