പാലാ: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്നുവെന്നത് കുടുംബഭദ്രതയെ തകര്‍ക്കുന്നു വെന്നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. എസ്.എം.വൈ.എം. പാലാ രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നല്ല രാഷ്ട്രീയചിന്തകള്‍ യുവജനങ്ങളിലുണ്ടാവുന്നത് ജനാധിപത്യത്തെ വളര്‍ത്താന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഹരി, സദാചാരഗുണ്ടായിസം, ലിംഗസമത്വം, ഗര്‍ഭച്ഛിദ്രം, കുട്ടികള്‍ക്കെതിരേ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍, കൃഷിനാശം, ബഫര്‍സോണ്‍, ദളിത് ക്രൈസ്തവരുടെ അവകാശങ്ങള്‍ തുടങ്ങി സമീപകാലത്തു നടന്ന സംഭവങ്ങള്‍ ഉദാഹരണസഹിതം പിതാവ് സന്ദേശത്തില്‍ എടുത്തുപറഞ്ഞു.
രൂപതയിലെ യുവജനങ്ങളുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് എസ്.എം.വൈ.എം. രൂപതാസമിതിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന 'മറുപടി' മാസികയുടെ പ്രകാശനം ബിഷപ് നിര്‍വഹിച്ചു ലഹരിക്കെതിരേ എസ്.എം.വൈ.എം അംഗങ്ങള്‍ പ്രതിജ്ഞയെടുത്തു.
പാലാ രൂപത പ്രസിഡന്റ് ജോസഫ് കിണറ്റുകര അധ്യക്ഷത വഹിച്ച യോഗത്തില്‍ രൂപത സിഞ്ചെല്ലൂസ് മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, എ. കെ.സി.സി. രൂപത ഡയറക്ടര്‍ ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു. പൊതുസമ്മേളനത്തിനുശേഷം ടൗണ്‍ ചുറ്റിയുള്ള റാലിയും ശക്തിപ്രകടനവും വിവിധ യൂണിറ്റുകളുടെ സഹകരണത്തില്‍ നടത്തപ്പെട്ടു. അരുവിത്തുറപ്പള്ളി വികാരി ഫാ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഫൊറോനാ ഡയറക്ടര്‍ ഫാ. ആന്റണി തോണക്കര, അസി. വികാരി ഫാ. ജോസഫ് തോട്ടത്തില്‍, എ.കെ.സി.സി. രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി, എസ്.എം.വൈ.എം. ജോയിന്റ് ഡയറക്ടര്‍ സി. ജോസ്മിത എസ്.എം.എസ്, വൈസ് പ്രസിഡന്റ് റിന്റു റെജി, ജനറല്‍ സെക്രട്ടറി ഡിബിന്‍ ഡൊമിനിക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.