•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പുതുദൗത്യവുമായി വംഗനാട്ടിലേക്ക്

ഡോ. സി. വി. ആനന്ദബോസ് ഇനി ബംഗാള്‍ ഗവര്‍ണര്‍

ചിറ്റേഴത്ത് വാസുദേവന്‍ നായര്‍ ആനന്ദബോസ് എന്ന മാന്നാനംകാരന്‍ ഇനിമുതല്‍ വംഗദേശത്തെ ഒന്നാമത്തെ പൗരനാണ്.  ദേശീയരാഷ്ട്രീയത്തിലെ  ശ്രദ്ധേയസംഭവങ്ങളിലൊന്നായി സി.വി. ആനന്ദബോസിന്റെ പശ്ചിമബംഗാള്‍ ഗവര്‍ണര്‍പദവി.
കൊല്‍ക്കൊത്ത മഹാനഗരമുള്‍പ്പെടെയുള്ള പശ്ചിമബംഗാള്‍ ഇന്ത്യയുടെ ദേശീയചരിത്രത്തില്‍ എക്കാലവും സുപ്രധാനസ്ഥാനം വഹിക്കുന്നു. മമതാ ബാനര്‍ജി എന്ന രാഷ്ട്രീയബുദ്ധികേന്ദ്രത്തെ നിയന്ത്രണത്തില്‍ കൊണ്ടുവരികയെന്ന ഉത്തരവാദിത്വംകൂടിയാണ് പേരുകൊണ്ടും കര്‍മമേഖലകൊണ്ടും 'പാതി വംഗദേശ'ക്കാരനായ ആനന്ദബോസ് എന്ന മലയാളിയില്‍ നിക്ഷിപ്തമായിരിക്കുന്നത്. ചീഫ് സെക്രട്ടറി റാങ്കുണ്ടായിരുന്ന ബ്യൂറോക്രാറ്റില്‍നിന്ന് പ്രോട്ടോക്കോളില്‍ ഉന്നതമായ ഗവര്‍ണറിലേക്കുള്ള സ്ഥാനക്കയറ്റം സി.വി. ആനന്ദബോസിന് വെല്ലുവിളി നിറഞ്ഞതാണ്.
1951 ജനുവരി രണ്ടിന് കോട്ടയം ജില്ലയിലെ മാന്നാനത്തു ജനിച്ച ബോസ് പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം മാന്നാനം കെ.ഇ. കോളജിലും ചങ്ങനാശേരി എസ്.ബി. കോളജിലും ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1977 ല്‍ സിവില്‍ സര്‍വീസസ് പരീക്ഷ പാസായി  കേരളകേഡറില്‍ ജോലിയില്‍ പ്രവേശിച്ചു.  ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു പി.എച്ച്.ഡി. നേടി. കളക്ടറായും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും അഡീഷണല്‍ ചീഫ് സെക്രട്ടറിയായും മറ്റുമുള്ള പ്രവൃത്തിപരിചയം മാത്രമല്ല, ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളില്‍ നാല്പതോളം പുസ്തകങ്ങള്‍ രചിച്ച സാഹിത്യകാരന്‍ എന്ന നിലയിലും സി.വി. ആനന്ദബോസ് ശ്രദ്ധേയനാണ്.
ബംഗാളിലെ സ്റ്റേറ്റ് ബാങ്കില്‍ ഔദ്യോഗികജീവിതമാരംഭിച്ച സി.വി. ആനന്ദബോസ് തന്റെ സാഹിത്യരചനയില്‍ ആദ്യത്തെ കഥയുടെ (ചൗരംഗിയിലെ പൂക്കള്‍) പശ്ചാത്തലമായി വിവരിച്ചിരിക്കുന്നത് ബംഗാളിലെ ചൗരംഗിയാണ്. ആനന്ദബോസിന്റെ ആദ്യകവിത ബ്രഹ്‌മപുത്രാനദിയെക്കുറിച്ചുള്ളതുമാണ്. ന്യൂഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ എന്ന നിലയില്‍ ഔദ്യോഗികജീവിതം അവസാനിപ്പിച്ച  ആനന്ദബോസ് ഉപരാഷ്ട്രപതി ജഗ്ദീപ് ധര്‍കര്‍ ഒഴിഞ്ഞ കസേരയിലേക്കാണ് ആരോഹണം ചെയ്യപ്പെട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 
നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആരാധനയില്‍നിന്നാണ് സ്വാതന്ത്ര്യസമരസേനാനിയായ പിതാവ് പി.കെ. വാസുദേവന്‍നായര്‍ മകന്റെ പേരിനൊപ്പം ബോസ് എന്നു ചേര്‍ത്തത്. ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറം  ശ്രീരാമകൃഷ്ണപരമഹംസര്‍, രാജാറാം മോഹന്‍ റോയി, വിവേകാനന്ദസ്വാമികള്‍, രവീന്ദ്രനാഥടാഗോര്‍, ഈശ്വരചന്ദ്രവിദ്യാസാഗര്‍, കേശബ് ചന്ദ്ര സെന്‍, വി. മദര്‍ തെരേസ, ആചാര്യ ജഗദീഷ് ചന്ദ്രബോസ്, ആചാര്യ പ്രഫുല്ല ചന്ദ്ര റേ, റിഷി അരവിന്ദ ഘോഷ്, പണ്ഡിറ്റ് രവി ശങ്കര്‍,   സത്യജിത് റായ്, അമര്‍ത്യ സെന്‍ എന്നിവരുടെ ജന്മഭൂമിയുടെ പ്രഥമപൗരനാകാന്‍ സി. വി. ആനന്ദബോസിനു സാധിച്ചത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവിനുള്ള അംഗീകാരമായും പിതാവിനുള്ള ബഹുമതിയായും കണക്കാക്കാം. 
ചെലവു കുറഞ്ഞ ഭവനപദ്ധതി നടപ്പാക്കിയ ഭരണാധികാരി എന്ന നിലയില്‍ ആഗോളശ്രദ്ധ നേടിയ സി.വി. ആനന്ദബോസ് നാഫെഡ് എം.ഡി., നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍, സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ ചെയര്‍മാന്‍, റെയില്‍ സൈഡ് വെയര്‍ഹൗസിങ് കമ്പനി ചെയര്‍മാന്‍, നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈസ് ചാന്‍സലര്‍, കേന്ദ്ര കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറി, കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സെക്രട്ടറി, വിവിധ മന്ത്രാലയങ്ങളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളിലുള്ള സമ്പത്തിന്റെ കണക്കെടുപ്പിനും മൂല്യനിര്‍ണയത്തിനുമായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ തലവന്‍, യു.എന്‍. ഹാബിറ്റാറ്റ് അലയന്‍സ് ചെയര്‍മാന്‍ എന്നീ പദവികളില്‍ മികവു തെൡിച്ചു.
2019 ല്‍ ബിജെപിയില്‍ ചേര്‍ന്ന ബോസിന് മൂന്നു വര്‍ഷത്തിനിപ്പുറം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തന്‍ എന്ന നിലയിലേക്കുയരാന്‍ സാധിച്ചതാണ് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ പദവിയിലേക്കുള്ള വഴിതെളിച്ചത്. ബംഗാള്‍ സര്‍ക്കാരുമായുള്ള പോരാട്ടത്തിനല്ല; മറിച്ച്, ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കാനും ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാനും ഉയര്‍ത്തിപ്പിടിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് സി.വി. ആനന്ദബോസ് പറഞ്ഞത് ശുഭസൂചനയാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)