ലോകം ഉറങ്ങുന്നില്ല!
കാല്‍പ്പന്തുകളിയുടെ മാമാങ്കത്തിന് വര്‍ണോജ്ജ്വലതുടക്കം
അറേബ്യന്‍മണ്ണിലെ മണലാരണ്യത്തില്‍ ചരിത്രത്തില്‍ ആദ്യമായി വിരുന്നിനെത്തിയ ലോകകപ്പിന്റെ ഇരുപത്തിരണ്ടാം പതിപ്പില്‍ ആര് കപ്പു യര്‍ത്തുമെന്ന ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍. മുമ്പു നടന്ന 21 ലോകകപ്പുകളില്‍ എട്ടുരാജ്യങ്ങള്‍ മാത്രമാണ് കപ്പ് ഉയര്‍ത്തിയത്. കഴിഞ്ഞ ഒന്നരദശാബ്ദക്കാലം ലോകഫുട്‌ബോളിനെ നിയന്ത്രിച്ച പോര്‍ച്ചുഗലിന്റെ ക്രിസ്ത്യാനോ റൊണാള്‍ഡോയും അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും തങ്ങളുടെ കന്നി ലോകകപ്പ് കിരീടം തേടിയാണ് ഖത്തറില്‍ മത്സരത്തിനിറങ്ങുന്നത്. ഇരുവരുടെയും ഫുട്‌ബോള്‍ കരിയര്‍ അനേകം കിരീടനേട്ടങ്ങളാല്‍ സമ്പുഷ്ടമാണെങ്കിലും ഒരു ലോകകപ്പിന്റെ കുറവ് വലിയ കുറവുതന്നെയാണ്. തങ്ങളുടെ കരിയറിന്റെ അവസാനഘട്ടത്തില്‍ എത്തിയ ഇരുവരും അതു നേടാന്‍ ഉറച്ചുതന്നെയാണ് ഖത്തറില്‍ ഇറങ്ങിയിരിക്കുന്നത്. ഫുട്‌ബോള്‍ ആരാധകര്‍ ചേരിതിരിഞ്ഞ് തങ്ങളുടെ ഇഷ്ടതാരങ്ങള്‍ക്കായി നിലയുറപ്പിച്ചിരിക്കുകയാണ്. റൊണാള്‍ഡോയും മെസ്സിയും കൂടാതെ ബ്രസീലിന്റെ നെയ്മറും ്രഫാന്‍സിെന്റ കരീം ബെന്‍സേമും ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചും ഉള്‍പ്പെടെയുള്ള ഒരുപിടി മഹാരഥന്മാര്‍ തങ്ങളുടെ കരിയറിന്റെ അവസാനഘട്ടത്തിലാണ്.
32 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എ യില്‍ ആതിഥേയരായ ഖത്തറിനൊപ്പം ലാറ്റിനമേരിക്കന്‍ കരുത്തരായ ഇക്വഡോറും ആഫ്രിക്കന്‍ചാമ്പ്യന്മാരായ സെനഗളും യൂറോപ്യന്‍ ശക്തിയായ നെതര്‍ലാന്‍ഡ്‌സും ഏറ്റുമുട്ടുമ്പോള്‍ കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയാതിരുന്ന ഡച്ചുപട ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറാനാണു സാധ്യത. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദുര്‍ബലരായ ആതിഥേയര്‍ എന്ന പദവിയും ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഉദ്ഘാടനമത്സരത്തില്‍ പരാജയപ്പെട്ട ആതിഥേയര്‍ എന്ന പദവിയും ഖത്തര്‍ സ്വന്തമാക്കി. ഗ്രൂപ്പ് ബിയില്‍ യൂറോകപ്പിലെ നിലവിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടും മറ്റൊരു യൂറോപ്യന്‍ കരുത്തരായ വെയില്‍സും ഇറാനും അമേരിക്കയുമാണ് ഏറ്റുമുട്ടുന്നത്. ഗ്യാരത്ബത്ത്‌ഗേറ്റിന്റെ തന്ത്രങ്ങളുമായി കളത്തില്‍ ഇറങ്ങുന്ന ഇംഗ്ലീഷ്പടയ്ക്ക് സമീപകാലപ്രകടനങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. 64 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പ്ലേ ഓഫ് കളിച്ച് ലോകകപ്പിനു യോഗ്യത നേടിയ വെയില്‍സ് തങ്ങളുടെ ഇതിഹാസതാരവും നായകനുമായ ഗ്യാരത് ബെയ്‌ലിന്റെ ബൂട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഖത്തറില്‍ പോരിനിറങ്ങുന്നത്. ഗ്രൂപ്പ് സിയില്‍ കോപ്പ അമേരിക്ക ജേതാക്കളായ അര്‍ജന്റീനയും സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് എന്നീ ടീമുകളുമാണ് ഏറ്റുമുട്ടുന്നത്. നിലവിലുള്ള ഫോം കണക്കാക്കുമ്പോള്‍ മെസ്സിയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന അര്‍ജന്റീനയാണ് ഗ്രൂപ്പില്‍നിന്നു ജേതാക്കളായി മുന്നേറാന്‍ സാധ്യത കല്പിക്കുന്നത്. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന പോളണ്ട് അര്‍ജന്റീന വെല്ലുവിളി ഉയര്‍ത്താന്‍ തക്ക കരുത്തുള്ള ടീമാണ്. ഡി ഗ്രൂപ്പില്‍ നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനൊപ്പം ഡെന്മാര്‍ക്കും ടുണീഷ്യയും ഓസ്‌ട്രേലിയയുമാണ് ഏറ്റുമുട്ടുന്നത്. അവസാനനിമിഷം തങ്ങളുടെ സൂപ്പര്‍താരം ബാലന്‍ഡിയോര്‍ ജേതാവ് പരിക്കുപറ്റി പുറത്തുപോയത് ഫ്രാന്‍സിന്റെ കിരീടമോഹങ്ങള്‍ക്കു തിരിച്ചടിയാണ്. ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കുംശേഷം ലോകഫുട്‌ബോളിലെ ചക്രവര്‍ത്തിപട്ടം അലങ്കരിക്കാന്‍ കാത്തിരിക്കുന്ന ഫ്രഞ്ചുതാരം കിലിയന്‍ എംബാപ്പയ്ക്ക് ഈ ലോകകപ്പ് വളരെ നിര്‍ണായകമാണ്. ഈ ഗ്രൂപ്പില്‍ മുന്‍ലോകചാമ്പ്യന്മാരായ ജര്‍മ്മനിയും സ്‌പെയിനും ഒപ്പം ജപ്പാനും കോസ്റ്റാറിക്കയും ഏറ്റുമുട്ടുമ്പോള്‍ പ്രവചനങ്ങള്‍ അപ്രസക്തമാണ്. കഴിഞ്ഞ ലോകകപ്പില്‍ റഷ്യയില്‍ ആദ്യറൗണ്ടില്‍ത്തന്നെ പുറത്തുപോയതിന്റെ ക്ഷീണം മാറ്റാന്‍ ഉറച്ചാണ് ജര്‍മനി എത്തുന്നത്. യുവതാരങ്ങളുടെ കരുത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് സ്‌പെയിനിന്റെ വരവ്. അന്‍സുഫാറ്റിയും ഗാവിയും പെഡ്രിയുമെല്ലാം കളത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവരാണ്. എഫ് ഗ്രൂപ്പില്‍ ബെല്‍ജിയം, ക്രൊയേഷ്യ, മൊറോക്കോ, കാനഡ എന്നീ ടീമുകളാണ് ഏറ്റുമുട്ടുന്നത്. റഷ്യന്‍ ലോകകപ്പിലെ ലെഫൈനലിസ്റ്റുകളായ ക്രൊയേഷ്യ തങ്ങളുടെ നായകനും 2018 റഷ്യ ലോകകപ്പിന്റെ താരവുമായ ലൂക്കാമോഡ്രിച്ചില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഇറങ്ങുന്നത്. ഖത്തര്‍ലോകകപ്പിലെ മരണഗ്രൂപ്പായി അറിയപ്പെടുന്ന ഗ്രൂപ്പ് എച്ചില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗലും ലൂയിസുവാരസിന്റെ നേതൃത്വത്തില്‍ യൂറഗ്വായ്, ആഫ്രിക്കന്‍ കരുത്തരായ ഘാന, ഏഷ്യന്‍ ശക്തികളായ ദക്ഷിണകൊറിയ എന്നിവരാണ് ഏറ്റുമുട്ടുന്നത്.
ഖത്തര്‍ ലോകകപ്പില്‍ ആരാധകര്‍ക്ക് ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് ഇറ്റലിയെ ആയിരിക്കും. 2018 ലെ റഷ്യന്‍ ലോകകപ്പിനു യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ടീം 2020 ലെ യൂറോകപ്പ് നേടി വന്‍തിരിച്ചുവരവാണ് നടത്തിയതെങ്കിലും ഖത്തര്‍ലോകകപ്പിനു യോഗ്യത നേടുന്നതില്‍ അവസാനനിമിഷം പരാജയപ്പെട്ടുപോയി. അതുപോലെതന്നെ ഒരുപിടി പ്രമുഖതാരങ്ങളെയും ഖത്തറില്‍ നമുക്കു കാണാന്‍ സാധിക്കില്ല. ഫ്രാന്‍സിന്റെ കരീംബെന്‍സേമയും, സെനഗലിന്റെ സാഡിയോ മാനേയും, പോര്‍ച്ചുഗലിന്റെ ജോട്ടയും ഫ്രാന്‍സിലെ എന്‍ഗോളോകാന്റേയും പരിക്കുമൂലം പുറത്തായപ്പോള്‍ തങ്ങളുടെ രാജ്യത്തിനു ലോകകപ്പിനു യോഗ്യത നേടാനാവാത്തതുകൊണ്ട് മാഞ്ചസ്റ്റര്‍സിറ്റിയുടെ നോര്‍വെതാരം എറിക് ഹാലന്‍ഡും ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍താരം മുഹമ്മദ്‌സാലയും ഉള്‍പ്പെടെ ഒരുപിടി മികച്ചതാരങ്ങള്‍ കാഴ്ചക്കാരുടെ ഇടയിലാവും.
ലോകകപ്പില്‍ ഇന്ത്യ കളിക്കുന്നില്ലെങ്കിലും കളി ആവേശത്തില്‍ ഇന്ത്യക്കാരും മലയാളികളും ബഹുദൂരം മുന്നിലാണ്. ഫിഫാ ഫാന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനവേദിയില്‍ ഫിഫാപ്രസിഡന്റ് ഇന്‍ഫെന്റിനോ ഇവിടെ ആരൊക്കെയാണ് ഖത്തറികള്‍ ഉള്ളതെന്നു ചോദിച്ചപ്പോള്‍ കാണികളുടെ ഭാഗത്തുനിന്ന് സമ്മിശ്രപ്രതികരണം മാത്രമാണുണ്ടായത്. എന്നാല്‍, വീണ്ടും ആരൊക്കെയാണ് ഇവിടെ ഇന്ത്യക്കാര്‍ എന്നു ചോദിച്ചപ്പോള്‍ ഉണ്ടായ ആരവം ഈ രാജ്യത്തെ ജനങ്ങള്‍ കാല്‍പ്പന്തുകളിയെ എത്രത്തോളം സ്‌നേഹിക്കുന്നു എന്നതിനുള്ള തെളിവായിരുന്നു. വേള്‍ഡ്കപ്പില്‍ പങ്കെടുക്കുകപോലും ചെയ്യാത്ത ഇന്ത്യക്കാരെയാണ് ഫിഫയുടെ പ്രസിഡന്റ് വലിയൊരു വേദിയില്‍ വിളിക്കുന്നത്. ഇതിലപ്പുറം വേറേ എന്തു തെളിവുവേണം നമ്മുടെ ഫുട്‌ബോള്‍ ആവേശം ലോകപ്രസിദ്ധമാണ് എന്നുള്ളതിന്. എന്തുതന്നെയായാലും ലോകം ഇനി ഒരുമാസത്തേക്ക് കാറ്റുനിറച്ച ഈ തുകല്‍പ്പന്തിന്റെ പിറകേ ആയിരിക്കും. ഡിസംബര്‍ പതിനെട്ടാം തീയതി നടക്കുന്ന ഫൈനലില്‍ തങ്ങളുടെ ഇഷ്ടതാരം കപ്പ് ഉയര്‍ത്തും എന്ന പ്രതീക്ഷയില്‍ ആരാധകര്‍ കാത്തിരിക്കുന്നു.