പാലാ: പാലാ രൂപതയുടെ നേതൃത്വത്തില്‍ പാലാ സെന്റ് തോമസ് പ്രസ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ചിരുന്ന ബിഷപ് വയലില്‍ ലൈബ്രറി അരുണാപുരത്തുള്ള അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസിലേക്കു മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നവംബര്‍ മൂന്നിന് നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
രണ്ടു നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന ലൈബ്രറിയില്‍ പൊതുവിജ്ഞാനം, ഫിലോസഫി, സൈക്കോളജി, ചരിത്രം, സാഹിത്യം, ദൈവശാസ്ത്രം തുടങ്ങിയ മേഖലകളിലായി നിരവധി പുസ്തകങ്ങള്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ സേര്‍ച്ച് ചെയ്യാന്‍ ംംം.്മ്യമഹശഹഹശയൃമൃ്യ.ീൃഴ എന്ന വെബ്‌സൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ലൈബ്രറിയുടെ വെബ്‌സൈറ്റ് ലോഞ്ചിങ് നടത്തി. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ ആദ്യ മെമ്പര്‍ഷിപ്പ് വാര്‍ഡ് കൗണ്‍സിലര്‍ ജിമ്മി ജോസഫ് താഴത്തേലിനു നല്‍കി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും പണ്ഡിതനുമായ ഡോ. കുര്യാസ് കുമ്പളക്കുഴി മുഖ്യപ്രഭാഷണം നടത്തി.
പാലാ രൂപതയുടെ പ്രഥമ മെത്രാനും വിദ്യാഭ്യാസപ്രവര്‍ത്തകനുമായ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍പ്പിതാവിന്റെ ഓര്‍മ നിലനിര്‍ത്തുന്നതിനുവേണ്ടി രൂപതാഭിമുഖ്യത്തില്‍ പാലായില്‍ ആരംഭിച്ചതാണ് ബിഷപ് വയലില്‍ ലൈബ്രറി. 1985 ഓഗസ്റ്റ് 15 ന് പാലാ രൂപതയുടെ ദ്വിതീയാധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.