•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ആന്തരിക പന്തക്കുസ്താ

കര്‍ദിനാള്‍ റോബര്‍ട്ട്  സറാ രചിച്ച  Catechism of the Spiritual life  എന്ന ഗ്രന്ഥത്തെക്കുറിച്ച് ഒരു പഠനം.

സഭയില്‍ പരിശുദ്ധ റൂഹായുടെ സ്ഥാനം
പരിശുദ്ധ റൂഹാ സഭാജീവിതത്തിന്റെ ഹൃദയമാണ്. പഴയനിയമത്തില്‍ പ്രവാചകരോടു റൂഹാ സംസാരിച്ചിരുന്നു. ആ ചൈതന്യം സ്വീകരിച്ച് അവര്‍ പ്രവചിച്ചിരുന്നു (സംഖ്യ 11:25).
പുതിയ നിയമത്തില്‍, പുത്രനായ ദൈവം മനുഷ്യനായിക്കൊണ്ട് ദൃശ്യനായി. അവന്‍ നമ്മോടൊത്തു വസിക്കുകയും നമ്മോടു സംസാരിക്കുകയും നാം അവനെ കാണുകയും സ്പര്‍ശിക്കുകയും ചെയ്തു. പരിശുദ്ധ റൂഹായാകട്ടെ, ആ പേരു സൂചിപ്പിക്കുന്നതുപോലെ കാറ്റായും അഗ്നിജ്വാലയായും പ്രാവിന്റെ രൂപത്തിലുമെല്ലാമാണു പ്രത്യക്ഷമാകുന്നത്. അദൃശ്യനും അരൂപിയുമായ ഈ ദൈവത്തെ അറിയപ്പെടാത്ത ദൈവമെന്നുവരെ പറഞ്ഞിരുന്നു. ഇപ്രകാരം എഴുതിത്തുടങ്ങുന്ന ഈ അധ്യായത്തില്‍ കര്‍ദിനാള്‍ സറാ പാശ്ചാത്യ-പൗരസ്ത്യസഭകളിലെ റൂഹാവിജ്ഞാനീയത്തിന്റെ പ്രത്യേകതകളും പരാമര്‍ശിക്കുന്നുണ്ട്. രണ്ടാം വത്തിക്കാന്‍ സൂനഹദോസോടുകൂടി പാശ്ചാത്യസഭയിലും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ സഭാവിജ്ഞാനീയത്തിന്റെ ഭാഗമായി കാണുകയും കരിസ്മാറ്റിക് നവീകരണപ്രസ്ഥാനങ്ങള്‍ ഉടലെടുക്കുകയും ചെയ്തു.
സഭയുടെ ആത്മാവ്
സഭയില്‍ എല്ലാ വരങ്ങളും ചൊരിയുന്നത് പരിശുദ്ധാത്മാവാണ്. അവളെ വിശുദ്ധീകരിക്കുന്നത് പരിശുദ്ധാത്മാവാണ്. സഭയുടെ ആത്മാവും ഹൃദയവും പരിശുദ്ധാത്മാവായ ദൈവമാണ്. പരിശുദ്ധ റൂഹായെക്കൂടാതെ പരിശുദ്ധത്രിത്വവുമായി നമുക്കു ബന്ധമില്ല. ഈശോ അരുള്‍ചെയ്തു: ''എങ്കിലും, സത്യം ഞാന്‍ നിങ്ങളോടു പറയുന്നു: ഞാന്‍ പോകുന്നതാണ് നിങ്ങള്‍ക്കു നല്ലത്. ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ (പാറക്‌ലേത്താ) നിങ്ങളുടെയടുക്കലേക്കു വരുകയില്ല.'' (യോഹ. 16:7).
റൂഹാക്ഷണം
കാര്‍ഡിനല്‍ സറാ തുടര്‍ന്നെഴുതുന്നത് വിശുദ്ധകുര്‍ബാനയില്‍ പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തെയും പ്രവര്‍ത്തനത്തെയുംകുറിച്ചാണ്. അദ്ദേഹം എഴുതുന്നു: ''വിശുദ്ധ കുര്‍ബാനയുടെ കേന്ദ്രഭാഗത്ത് പരിശുദ്ധ റൂഹായെ എല്ലാ ആരാധനക്രമത്തിലും വിളിച്ചപേക്ഷിക്കുന്നുണ്ട്. ദൈവജനത്തെയും മറ്റെല്ലാ കാര്യങ്ങളെയും വിശുദ്ധീകരിക്കണമെന്നും അവിടുന്ന് എഴുന്നള്ളിവന്ന് അപ്പവും വീഞ്ഞും മിശിഹായുടെ തിരുശ്ശരീരവും തിരുരക്തവുമായി മാറ്റണമെന്നും കാര്‍മികന്‍ പ്രാര്‍ഥിക്കുന്നു. ഈ പ്രാര്‍ഥനയെയാണ് റൂഹാക്ഷണം (എപ്പിക്ലേസിസ്) എന്നു വിളിക്കുന്നത്. 
ഇതുപോലെതന്നെ, മറ്റെല്ലാ കൂദാശകളുടെയും ആഘോഷത്തില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം ഏറെ പ്രാധാന്യമുള്ളതാണ്. മാമ്മോദീസാ ജലം ഫലദായകമാക്കുന്നത് പരിശുദ്ധ റൂഹായാണ്. മാമ്മോദീസായിലൂടെ വിശ്വാസി ദൈവപുത്രനും ഈശോമിശിഹായുടെ സഹോദരനുമായി മാറുന്നു. കൈവയ്പും മൂറോന്‍കൊണ്ടുള്ള അഭിഷേകവുംവഴി ഓരോ ക്രൈസ്തവനും ദൈവികശക്തി ആവാഹിച്ച് എല്ലായിടത്തും മിശിഹായുടെ ദിവ്യപരിമളം പരത്തുന്നവനായിത്തീരുന്നു. രോഗികളെ സുഖപ്പെടുത്താന്‍ പരിശുദ്ധാത്മാവിനെയാണു വിളിച്ചപേക്ഷിക്കുന്നത്. പരിശുദ്ധാത്മാവുതന്നെയാണ് വധൂവരന്മാരെ വിവാഹമെന്ന കൂദാശയിലൂടെ വിശുദ്ധീകരിക്കുന്നതും സ്‌നേഹത്തിലും വിശ്വസ്തതയിലും അവരെ വളര്‍ത്തുന്നതും. മെത്രാന്മാരെയും വൈദികരെയും പവിത്രീകരിച്ച് മിശിഹായുടെ പൗരോഹിത്യത്തില്‍ ഭാഗഭാക്കാക്കുന്നത് പരിശുദ്ധറൂഹായാണ്.
അനുരഞ്ജനകൂദാശ
ഈ കൂദാശയില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തെ ക്കുറിച്ച് എടുത്തുപറയാന്‍ ആഗ്രഹിക്കുന്നുവെന്ന്  ഗ്രന്ഥകാരന്‍ തുടര്‍ന്നെഴുതുന്നു. ഒരാള്‍ വൈദികനെ സമീപിച്ചു പാപമോചനം തേടുമ്പോള്‍ പിതാവായ ദൈവം തന്നെ തന്റെ തിരുസുതന്റെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും യോഗ്യതകളാല്‍ അനുതാപിക്കു തന്റെ ദയാധിക്യത്താല്‍ മാപ്പേകുന്നു. ഇതു സംഭവിക്കുന്നത് പരിശുദ്ധാത്മാവിലൂടെയാണ്. സൂര്യന്‍ അന്ധകാരത്തെ അകറ്റുന്നതുപോലെ പരിശുദ്ധാത്മാവ് പാപത്തിന്റെ മൂടുപടലങ്ങള്‍ നീക്കി മനുഷ്യാത്മാവിനെ ദൈവസ്‌നേഹത്തിനു സുതാര്യമാക്കുന്നു. അതുവഴി ആനന്ദവും ദൈവം സ്‌നേഹിക്കുന്നതുപോലെ സ്‌നേഹിക്കാനുള്ള കഴിവും മനുഷ്യാത്മാവിനു സിദ്ധിക്കുന്നു.
മിശിഹാരഹസ്യം
പരിശുദ്ധാത്മാവിനാലാണ് മിശിഹാരഹസ്യം നമുക്കു വെളിപ്പെടുത്തപ്പെടുന്നതെന്ന് വി. പൗലോസ്ശ്ലീഹാ വിശദമാക്കുന്നു (എഫേ. 3:8-9). ദൈവത്തെ ആബാ, പിതാവേ, എന്നു വിളിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നത് പരിശുദ്ധാത്മാവാണ് (റോമ. 8:15). അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ നയിച്ചിരുന്നത് പരിശുദ്ധാത്മാവാണ്. 'പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നിയിരിക്കുന്നു' (നടപടി 15:28) എന്നാണ് നമ്മള്‍ വായിക്കുന്നത്.
''നാം സ്വീകരിച്ചിരിക്കുന്നത് ലോകത്തിന്റെ ആത്മാവിനെയല്ല, ദൈവം നമുക്കു ദാനങ്ങള്‍ നല്കിയിരിക്കുന്നുവെന്നു മനസ്സിലാക്കാന്‍വേണ്ടി ദൈവത്തിന്റെ  ആത്മാവിനെയാണ്'' (1 കൊറി 2:12).
കര്‍ദിനാള്‍ സറാ 'കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം' സ്ഥൈര്യലേപനം എന്ന കൂദാശയെപ്പറ്റി  പറയുന്ന കാര്യങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നുണ്ട്.
''സ്ഥൈര്യലേപനം മാമ്മോദീസായിലെ കൃപാവരത്തിന്റെ വര്‍ധനവിനും ആഴപ്പെടലിനും ഹേതുവാകുന്നു. ആബാ, പിതാവേ, എന്നു വിളിക്കാന്‍ നമ്മെ യോഗ്യരാക്കുന്ന ദൈവപുത്രസ്വീകരണത്തില്‍, നമ്മെ കൂടുതല്‍ ആഴത്തില്‍ അതു വേരുറപ്പിക്കുന്നു.
അതു നമ്മെ ക്രിസ്തുവിനോടു ഗാഢമായി ഐക്യപ്പെടുത്തുന്നു. അതു നമ്മില്‍  പരിശുദ്ധാത്മാവിന്റെ ദാനങ്ങളെ വര്‍ധിപ്പിക്കുന്നു. അതു സഭയോടുള്ള നമ്മുടെ ബന്ധത്തെ കൂടുതല്‍ പൂര്‍ണമാക്കുന്നു.'' ക്രിസ്തുവിന്റെ യഥാര്‍ഥസാക്ഷികള്‍ എന്ന നിലയില്‍ വിശ്വാസത്തെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രചരിപ്പിക്കാനും സംരക്ഷിക്കാനും ധീരതയോടെ ക്രിസ്തുവിന്റെ നാമം ഏറ്റുപറയാനും കുരിശിനെപ്പറ്റി ഒരിക്കലും ലജ്ജിക്കാതിരിക്കാനും പരിശുദ്ധാത്മാവിന്റെ സവിശേഷമായ ഒരു ശക്തി അതു നമുക്കു പ്രദാനം ചെയ്യുന്നു'' (നമ്പര്‍ 1303).
സ്ഥൈര്യലേപനം എന്ന കൂദാശവഴി പരിശുദ്ധ റൂഹാ മനുഷ്യാത്മാവില്‍ വാസമുറപ്പിക്കുന്നതിനാല്‍ ഇളംപ്രായത്തില്‍ത്തന്നെ ഈ കൂദാശ നല്കുന്നതിനെ കര്‍ദിനാള്‍ സറാ അനുകൂലിക്കുന്നു.
പ്രേഷിതപ്രവര്‍ത്തനം
പരിശുദ്ധാത്മാവിനെ സ്വീകരിച്ചവര്‍ സുവിശേഷം അറിയക്കാനായി പ്രേരിപ്പിക്കപ്പെടുന്നു. ''അവര്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ദൈവവചനം  പരസ്യമായി പ്രസംഗിക്കാന്‍ തുടങ്ങി'' (നടപടി 4:31). സ്ഥൈര്യലേപനം സ്വീകരിച്ച എല്ലാവരും അരൂപിയുടെ പ്രേരണയാല്‍ അവരുടെ അനുദിനജീവിതത്തില്‍ സുവിശേഷം അറിയിക്കുന്നവരായി മാറുന്നു. അവര്‍ സുവിശേഷത്തിനു സാക്ഷികളായിത്തീരുന്നു. വിശ്വസ്തസ്‌നേഹിതര്‍ എന്ന നിലയില്‍ അവരുടെ പ്രേഷിതത്വം ഫലപ്രദമായി ഭവിക്കുന്നു.
ആന്തരികജീവിതത്തിന്റെ സ്രോതസ്സാണ് പരിശുദ്ധാത്മാവ്.  ഹൃദയങ്ങളുടെ ആഴത്തില്‍ ദൈവത്തെ കണ്ടെത്തുന്നത് പരിശുദ്ധാത്മാവിലൂടെയാണ്. 'ഞാന്‍ എന്നെ അറിയുന്നതിലും ആഴത്തില്‍ ദൈവം എന്നെ അറിയുന്നു' എന്ന വിശുദ്ധ ആഗസ്തീനോസിന്റെ ഉള്‍ക്കാഴ്ചയും ഗ്രന്ഥകാരന്‍ പങ്കുവയ്ക്കുന്നുണ്ട്. പ്രാര്‍ഥനയും പരിശുദ്ധാത്മാവിന്റെ ദാനമാണ്. ആത്മാവ് എവിടെയോ അവിടെ സഭയുമുണ്ട് എന്ന് വി. ഇരണേവൂസ് പറയുന്നുണ്ട്. മിശിഹായുമായുള്ള നമ്മുടെ സംസര്‍ഗമാണ് പരിശുദ്ധ റൂഹാ എന്ന നിര്‍വചനവും വിശുദ്ധ ഇരണേവൂസിന്റേതാണ്.
നിശ്ശബ്ദപ്രാര്‍ത്ഥനയും ധ്യാനവും ആന്തരികജീവിതത്തെ പരിപുഷ്ടമാക്കുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പഠിപ്പിക്കുന്നു: ''സ്ഥൈര്യലേപനകൂദാശവഴി തിരുസ്സഭയോടു കൂടുതല്‍ പൂര്‍ണമായവിധം ബന്ധിക്കപ്പെടുന്നു. പരിശുദ്ധാത്മാവിന്റെ പ്രത്യേക ശക്തിയാല്‍ സമ്പന്നരാക്കപ്പെടുന്നു. അങ്ങനെ മിശിഹായുടെ യഥാര്‍ഥസാക്ഷികളെന്ന നിലയില്‍, വിശ്വാസം വാക്കുകളാലും പ്രവൃത്തിയാലും പ്രചരിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും അവര്‍ കൂടുതല്‍ കര്‍ശനമായി കടപ്പെട്ടവരാകുന്നു'' (ജനതകളുടെ പ്രകാശം, നമ്പര്‍11).
ഈ അധ്യായത്തിനു സമാപനമായി ഒരു പ്രാര്‍ഥനയാണ് കര്‍ദിനാള്‍ സറാ നല്കുന്നത്. 'ഇന്‍സിനു ജേസു' എന്ന ഗ്രന്ഥത്തിലെ പ്രാര്‍ഥനയ്ക്കു ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
പ്രാര്‍ഥന
ഓ! പരിശുദ്ധാത്മാവേ, എന്റെ ആത്മാവിന്റെ ആത്മാവേ, ഞാനങ്ങയെ ആരാധിക്കുന്നു. എന്നെ പ്രകാശിപ്പിച്ചാലും, വഴി നടത്തിയാലും ബലപ്പെടുത്തിയാലും സാന്ത്വനിപ്പിച്ചാലും! എന്റെ ആത്മാവിനെ സത്യത്തില്‍ സ്ഥിരപ്പെടുത്തണമേ. പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുന്നവനേ, ഈ ദിവസത്തെ ഞാനങ്ങേക്കു സമര്‍പ്പിക്കുന്നു. അവിടുത്തെ പ്രചോദനങ്ങള്‍ ശ്രദ്ധിച്ച്, അവിടുത്തെ സ്വരം ശ്രവിച്ച് ഇന്ന് അവിടുത്തെ സന്നിധിയില്‍ ജീവിക്കാന്‍ ഞാനാഗ്രഹിക്കുന്നു.
ഓ! പരിശുദ്ധാത്മാവേ, മറിയത്തിലൂടെ എന്റെ ജീവിതത്തിലേക്കു വന്നാലും. എന്നെ പുതുതാക്കുകയും ജീവിപ്പിക്കുകയും പവിത്രീകരിക്കുകയും ചെയ്യണമേ, ആമ്മേന്‍.


(ഇന്‍സിനു ജേസു, ഒരു ബെനഡിക്‌ടൈന്‍ സന്ന്യാസി (മലയാള പരിഭാഷ: ഫാ. അലക്‌സാണ്ടര്‍ പൈകടയും ടി. ദേവപ്രസാദും പേജ് 52, 53)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)