മാനന്തവാടി: മാനന്തവാടി രൂപതയുടെ പ്രഥമ സഹായമെത്രാനായി മാര്‍ അലക്‌സ് താരാമംഗലം അഭിഷിക്തനായി. ദ്വാരകപാസ്റ്ററല്‍ സെന്ററില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മുഖ്യകാര്‍മികനായിരുന്നു. മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം, തമിഴ്‌നാട് ഹൊസൂര്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പോഴോലിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായി. മെത്രാഭിഷേകശുശ്രൂഷയില്‍ രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോലിക്കല്‍ ആര്‍ച്ചുഡീക്കനായിരുന്നു.
മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നല്‍കി. കത്തോലിക്കാപൗരോഹിത്യം തന്റെതന്നെ ആത്മരക്ഷയ്ക്കു മാത്രമുള്ളതല്ലെന്നും പൊതുസമൂഹത്തിന്റെ മുഴുവന്‍ ആത്മീയ ശുശ്രൂഷയ്ക്കുവേണ്ടിയുള്ള ദൈവികദൗത്യമാണെന്നും വചനസന്ദേശത്തില്‍ കാതോലിക്കാ ബാവ ഓര്‍മിപ്പിച്ചു.
മെത്രാഭിഷേകത്തെത്തുടര്‍ന്നുള്ള അനുമോദനസമ്മേളനത്തില്‍ സീറോ മലബാര്‍ സഭ കാര്യാലയം വൈസ് ചാന്‍സലര്‍ ഫാ. ഏബ്രാഹം കാവില്‍പുരയിടത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അനുമോദന സന്ദേശം വായിച്ചു. കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ്, വൈദികപ്രതിനിധി ഫാ. ജോസഫ് മുതിരക്കാലായില്‍, സന്ന്യസ്തരുടെ പ്രതിനിധി ഫാ. വിന്‍സന്‍ ചെങ്ങിനിയത്ത് സിഎസ്ടി, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ലിസി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. വയനാട് എം.പി. രാഹുല്‍ഗാന്ധിയുടെ അനുമോദനസന്ദേശവും വേദിയില്‍ വായിച്ചു. തുടര്‍ന്ന് മാര്‍ അലക്‌സ് താരാമംഗലം നടത്തിയ മറുപടി പ്രസംഗത്തില്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
1958 ഏപ്രില്‍ നാലിന് പാലാ രൂപതയിലെ മൂഴൂരിലായിരുന്നു മാര്‍ അലക്‌സ് താരാമംഗലത്തിന്റെ ജനനം. താരാമംഗലം പരേതരായ ലൂക്കും അന്നക്കുട്ടിയുമാണ് മാതാപിതാക്കള്‍. 1966 ല്‍ കുടുംബം മലബാറിലേക്കു കുടിയേറി. ഇപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ പാത്തന്‍പാറയിലാണ് സഹോദരങ്ങളായ മാത്തുക്കുട്ടി, ജോയ് എന്നിവര്‍ താമസിക്കുന്നത്.
മാര്‍ അലക്‌സ് താരാമംഗലം തത്ത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയശേഷം 1995 മുതല്‍ 2016 വരെ വടവാതൂര്‍ സെമിനാരിയില്‍ പ്രഫസറായും വൈസ് റെക്ടറായും റെക്ടറായും സേവനമനുഷ്ഠിച്ചു. 2016 ല്‍ തലശേരിയിലേക്ക് തിരിച്ചെത്തിയ മാര്‍ അലക്‌സ് താരാമംഗലം അതിരൂപതയുടെ സിഞ്ചെല്ലൂസായും പ്രോട്ടോ സിഞ്ചെല്ലൂസായും ശുശ്രൂഷ ചെയ്തു. തുടര്‍ന്ന് തലശേരി അതിരൂപതയിലെ മാടത്തില്‍ ഇടവകയുടെ വികാരിയായി സേവനം ചെയ്യുമ്പോഴാണ് പുതിയ നിയമനം അദ്ദേഹത്തെ തേടിയെത്തിയത്.