കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച Catechism of the Spiritual Life എന്ന ഗ്രന്ഥത്തെക്കുറിച്ച് ഒരു പഠനം.
2
ഓരോ മനുഷ്യാസ്തിത്വത്തിന്റെയും പരമമായ ലക്ഷ്യം ദൈവത്തില്‍ ഒന്നാവുകയാണ്. ദൈവം ആഗ്രഹിക്കുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ ദൈവസ്വഭാവത്തില്‍ നമ്മെ പങ്കുകാരാക്കുന്നതു മാമ്മോദീസായാണ്. സഭാപിതാക്കന്മാര്‍ പതിവായി ഓര്‍മിപ്പിക്കുന്ന ഒരു പ്രതീകം തീയില്‍ തീയായി മാറുന്ന ഇരുമ്പിന്‍കഷണത്തിന്റെ മാതൃകയാണ്.
മാമ്മോദീസായെക്കുറിച്ചുള്ള ഈ അധ്യായത്തില്‍ ഗ്രന്ഥകാരന്‍ വിശദമാക്കുന്നത്, കര്‍ത്താവീശോമിശിഹായുടെ കുരിശുമരണവും തിരുവുത്ഥാനവും മനുഷ്യന്റെ അസ്തിത്വത്തെയും അവന്റെ ചരിത്രത്തെയും സമൂലം മാറ്റിമറിച്ചു എന്നാണ്. ''മിശിഹായില്‍ ജീവിക്കുന്ന ഏതൊരാളും പുതിയ സൃഷ്ടിയാണ്'' (2 കൊറി. 5:17). പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് പുതിയ മനുഷ്യനെ ധരിക്കുന്നതായിട്ടാണ് ഈ സമൂലപരിവര്‍ത്തനത്തെ എഫേസൂസുകാര്‍ക്കുള്ള ലേഖനം 4-ാം അധ്യായം 22-24 വാക്യങ്ങളില്‍ പൗലോസ് ശ്ലീഹാ വരച്ചുകാണിക്കുന്നത്. ''അതിനാല്‍, നിങ്ങളുടെ പഴയ ജീവിതരീതിയെ - ദുരാശകളാല്‍ ജീര്‍ണിച്ച ആ പഴയ മനുഷ്യനെ - നിങ്ങളില്‍നിന്നകറ്റുവിന്‍. നിങ്ങള്‍ ആന്തരികമായി നവീകരിക്കപ്പെടണം. നീതിയിലും യഥാര്‍ത്ഥ വിശുദ്ധിയിലും ദൈവം സൃഷ്ടിച്ച പുതിയ മനുഷ്യനെ ധരിക്കേണ്ടതിനാണിത് (എഫേ. 4:22-24). മാമ്മോദീസാവഴിയാണ് നമ്മള്‍ ത്രിതൈ്വകദൈവത്തിന്റെ ജീവനില്‍ പങ്കുകാരാകുന്നത് (2പത്രോ. 1:4).
മിശിഹായോടുകൂടി മരിച്ച് ഉത്ഥാനം ചെയ്യുന്നു
''നമ്മളെ ക്രൈസ്തവജീവിതത്തിലേക്കു പ്രവേശിപ്പിക്കുന്ന കൂദാശയാണ് മാമ്മോദീസാ; അതു നമ്മളെ ദൈവമക്കളാക്കുന്നു; ദൈവത്തിന്റെ വലിയ വിശുദ്ധ കുടുംബമായ സഭയില്‍ അംഗങ്ങളാക്കുന്നു. അങ്ങനെ നമുക്ക് സാധുവായവിധം മറ്റു കൂദാശകള്‍ സ്വീകരിക്കാന്‍ സാധിക്കുന്നു. ആരാധനക്രമത്തില്‍ പങ്കുചേരാനും മാമ്മോദീസായാണ് നമ്മളെ യോഗ്യരാക്കുന്നത്. പാപം ചെയ്താല്‍ മനസ്താപത്തോടെ കുമ്പസാരിച്ചു മാമ്മോദീസായില്‍ ലഭിച്ച പ്രസാദവരം വീണ്ടെടുക്കാം. ജലത്തില്‍ മുങ്ങുകയും തുടര്‍ന്ന് ജലത്തില്‍നിന്നു പുറത്തുവരുകയും ചെയ്യുന്നത് ഈശോയുടെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും പ്രതീകമാണ് (റോമാ. 6:5-6).
തുടര്‍ന്ന്, വിശുദ്ധ അംബ്രോസ് പറഞ്ഞ വാക്കുകളാണ് കര്‍ദിനാള്‍ സറാ ഉദ്ധരിക്കുന്നത്: ''നീ എവിടെയാണു മാമ്മോദീസാ സ്വീകരിച്ചതെന്നു കാണുക. മിശിഹായുടെ കുരിശില്‍നിന്ന്, അവിടുത്തെ മരണത്തില്‍നിന്ന് അല്ലാതെ എവിടെനിന്നാണു മാമ്മോദീസാ വരുന്നത്. അവിടെയാണ് ദിവ്യരഹസ്യം. മിശിഹാ നിനക്കായി മരിച്ചു. അവിടുന്നില്‍ നീ വീണ്ടെടുക്കപ്പെട്ടു. അവിടുന്നില്‍ നീ രക്ഷിക്കപ്പെട്ടു.'' (കത്തോലിക്കാസഭയുടെ മതബോധനം നമ്പര്‍ 1225).
മാമ്മോദീസായും പരിശുദ്ധത്രിത്വവും
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ റൂഹായുടെയും നാമത്തില്‍ മാമ്മോദീസാ സ്വീകരിക്കുന്നതിലൂടെ ത്രിതൈ്വകദൈവത്തിന്റെ ജീവനില്‍ ഓരോ ക്രൈസ്തവനും നിമഗ്‌നനാവുകയാണ്. ജോര്‍ദാനില്‍ ഈശോ മാമ്മോദീസാ സ്വീകരിക്കുമ്പോള്‍ പരിശുദ്ധ ത്രിത്വം അവിടെ സന്നിഹിതമാകുന്നു.
ലിയോണിലെ മെത്രാനായിരുന്ന വിശുദ്ധ ഇരണേവൂസിന്റെ (എ.ഡി. 200 കാലഘട്ടം) പ്രശസ്തമായ വാക്യം ഓര്‍ക്കുന്നു: ''മനുഷ്യന്‍ ദൈവമായിത്തീരാന്‍ ദൈവം മനുഷ്യനായി.''
ഓരോ മനുഷ്യാസ്തിത്വത്തിന്റെയും പരമമായ ലക്ഷ്യം ദൈവത്തില്‍ ഒന്നാവുകയാണ്. ദൈവം ആഗ്രഹിക്കുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ ദൈവസ്വഭാവത്തില്‍ നമ്മെ പങ്കുകാരാക്കുന്ന തു മാമ്മോദീസായാണ്. സഭാപിതാക്കന്മാര്‍ പതിവായി ഓര്‍മിപ്പിക്കുന്ന ഒരു പ്രതീകം തീയില്‍ തീയായി മാറുന്ന ഇരുമ്പിന്‍കഷണത്തിന്റെ മാതൃകയാണ്.
ആദിമാതാപിതാക്കളും ദൈവത്തെപ്പോലെയാകാന്‍ ആഗ്രഹിച്ചു. അതിന് അവര്‍ ദൈവകല്പന ലംഘിക്കുകയും അവരില്‍ത്തന്നെ ആശ്രയിക്കുകയും ചെയ്തു. ഉദ്ഭവപാപം നീക്കുന്ന മാമ്മോദീസായിലാകട്ടെ എളിമയോടും കൃതജ്ഞതയോടുംകൂടെ ഈ ദൈവികദാനം ഏറ്റുപറയുകയും പരിശുദ്ധ ത്രിത്വത്തിന്റെ നമ്മിലുള്ള പ്രവര്‍ത്തനം അംഗീകരിക്കുകയുമാണ്. മാമ്മോദീസാവഴി നമ്മള്‍ ദൈവമായി മാറുകയല്ല, ദൈവികജീവനില്‍ പങ്കുകാരാവുകയാണ്. ''ഈശോ അവരോട് അരുള്‍ ചെയ്തു: ''നിങ്ങള്‍ ദൈവങ്ങളാണ് എന്നു ഞാന്‍ പറഞ്ഞു'' (സങ്കീര്‍ത്തനം 82) എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതിയിട്ടുണ്ടല്ലോ? അവരുടെ പക്കല്‍ ദൈവവചനം ഉണ്ടായിരുന്നതിനാലാണ് 'ദൈവങ്ങള്‍' എന്ന് അവരെ വിളിച്ചത്'' (വി. യോഹ. 10:34,35).
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ റൂഹായുടെയും നാമത്തില്‍ മാമ്മോദീസാ മുങ്ങുന്നതുവഴി എത്ര അസാധാരണവും അവര്‍ണനീയവുമായ ദാനമാണ് മനുഷ്യനു സംലഭ്യമാകുന്നത്. സുവിശേഷത്തോടും ദൈവത്തോടുതന്നെയും ശത്രുത വച്ചു പുലര്‍ത്തുന്ന ഒരു ലോകത്തില്‍ ദൈവസഹായത്തോടെ വിശ്വാസാനുസൃതജീവിതം നയിക്കുവാനുള്ള വലിയ ഉത്തരവാദിത്വമാണ് മാമ്മോദീസാ സ്വീകരിക്കുന്നവന്‍ ഏറ്റെടുക്കുന്നത്. അതൊരു വെല്ലുവിളിയാണ്.
മാമ്മോദീസാ എന്റെ ജീവിതത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍
കര്‍ദിനാള്‍ സറാ തുടര്‍ന്നെഴുതുന്നത് വിശുദ്ധ ഹൊസേ മരിയ എസ്‌ക്രീവായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ്: ''ക്രിസ്ത്യാനിയാവുക എന്നത് യാദൃച്ഛികമായി സംഭവിക്കുന്ന കാര്യമല്ല. അതു നമ്മുടെ അസ്തിത്വത്തെ ആഴമായി സ്പര്‍ശിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. അതു ദൈവം ആഗ്രഹിക്കുന്നതുപോലെ പ്രവര്‍ത്തിക്കുവാനുള്ള സുദൃഢമായ മനസ്സും വ്യക്തമായ കാഴ്ചപ്പാടും വിശ്വാസിക്കു പ്രദാനം ചെയ്യുന്നു.
ഈശോയുമായുള്ള ഉറ്റബന്ധമാണ് പ്രധാന കാര്യം. മാമ്മോദീസാവഴി ഈശോയുടെ തിരുരക്തത്താല്‍ ശുദ്ധീകരിക്കപ്പെടുന്ന അനുഭവം ലഭിക്കുന്നു.
മാമ്മോദീസാ ദാനമായി ലഭിക്കുന്ന ജീവനാണ്
ഒരാളുടെ തീരുമാനംകൊണ്ടു മാത്രം ക്രിസ്ത്യാനി ആയിത്തീരുന്നില്ല. ആ തീരുമാനം ആവശ്യമാണ്. അതു ദൈവത്തിന്റെ വിളിക്കു നല്കുന്ന പ്രത്യുത്തരമാണ്. ''ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്'' (1 കൊറി. 15:10).
മരണത്തിനു പിന്‍തിരിഞ്ഞ് ദൈവികജീവന്‍ സ്വീകരിക്കുക
സാത്താനെയും അവന്റെ ആഡംബരങ്ങളെയും തള്ളിപ്പറയുന്ന ഭാഗം മാമ്മോദീസായില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഏറ്റവും ഉചിതമാണ്.
ഒരു മരണസംസ്‌കാരമാണ് ഇന്നത്തെ ലോകത്തില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നതെന്ന് കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നു. മാമ്മോദീസാ സ്വീകരിച്ചവന്‍ ഈ ആധിപത്യത്തെ തള്ളിപ്പറഞ്ഞിരിക്കുന്നു. അതിന്റെ പേരില്‍ എതിര്‍പ്പുകള്‍ ഉണ്ടാകുമെന്ന് പൗലോസ് ശ്ലീഹാ പറയുന്നുണ്ട്. ''മിശിഹായില്‍ വിശ്വസിക്കുവാന്‍ മാത്രമല്ല, അവനുവേണ്ടി പീഡ സഹിക്കാനും നിങ്ങള്‍ക്കു വരം ലഭിച്ചിരിക്കുന്നു'' (ഫിലി. 1:29).
മാമ്മോദീസായുടെ മഹത്ത്വവും അതിന്റെ അനിവാര്യതയും
ചില കുടുംബങ്ങള്‍ കുഞ്ഞുങ്ങളുടെ മാമ്മോദീസാ താമസിപ്പിക്കുന്നത് ഖേദകരമാണെന്നാണ് ഗ്രന്ഥകാരന്‍ എടുത്തുപപറയുന്നത്. 20-ാം നൂറ്റാണ്ടിലെ ഒരു പ്രധാനപ്പെട്ട സഭാതനയനായ വി. ഹൊസേ മരിയ എസ്‌ക്രീവാ എഴുതുന്നു: ''നീതിക്കും സ്‌നേഹത്തിനും ഒട്ടും നിരക്കാത്ത കാര്യമാണ് ഈ അനാസ്ഥ. ഇതുവഴി വിശ്വാസമെന്ന ദാനവും ആ കുഞ്ഞിന് ആത്മാവില്‍ പരിശുദ്ധ ത്രിത്വത്തിന്റെ സഹവാസവും നിഷേധിക്കപ്പെടുകയാണ്.''
കൊവിഡുകാലം മുഴുവനും മാമ്മോദീസാ വേണ്ടെന്നുവച്ച അനുഭവവും നമ്മുടെ മുമ്പിലുണ്ട്. നിത്യരക്ഷയ്ക്ക് മാമ്മോദീസാ ആവശ്യമാണെന്ന വിശ്വാസത്തിന് ഇളക്കം തട്ടാന്‍ ഇടയാക്കുന്ന കാര്യമാണിതെന്നാണ് കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നത്.
സഭയുടെ കാനോന്‍നിയമം അനുശാസിക്കുന്നത് ജനിച്ച് താമസംവിനാ കുഞ്ഞിനു മാമ്മോദീസാ നല്‍കണമെന്നാണ്. മാമ്മോദീസായുടെ പഴയ ക്രമത്തില്‍, റോമന്റീത്തില്‍ ഈ കുഞ്ഞിനുവേണ്ടി സഭയോടു നിങ്ങള്‍ എന്താവശ്യപ്പെടുന്നു എന്ന ചോദ്യം ഉണ്ടായിരുന്നു. അതിന് 'വിശ്വാസം' എന്ന ഉത്തരമാണു നല്കിയിരുന്നത്. ഇന്നതിനു മാറ്റം വരുത്തിയത് നിര്‍ഭാഗ്യമായിപ്പോയി എന്നാണ് കര്‍ദിനാള്‍ പറയുന്നത്. അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നു: ''ഇരുളടഞ്ഞ ഈ ലോകത്തില്‍ കുഞ്ഞുങ്ങള്‍ക്ക് വിശ്വാസത്തിന്റെ ദിവ്യപ്രകാശം നിഷേധിക്കാതിരിക്കാം.''