പാലാ: സീറോ മലബാര്‍ സഭയുടെ മിഷന്‍ ആഭിമുഖ്യം കാത്തുസൂക്ഷിക്കുന്ന രൂപതയാണ് പാലായെന്നും മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ രൂപതയുടെ അഭിമാനമാണെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായ മാര്‍ ജോസഫ് കൊല്ലംപറമ്പിലിന് പാലാ ബിഷപ്‌സ് ഹൗസില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിനു പുറത്തുള്ള പ്രദേശങ്ങളിലെ സീറോ മലബാര്‍ രൂപതകളിലെല്ലാംതന്നെ പാലാ രൂപതയുടെ സാന്നിധ്യവും പ്രവര്‍ത്തനവും നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു.
മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. കെ. കെ. ജോസ് എന്നിവര്‍ പ്രസംഗിച്ചു. വികാരി ജനറാള്‍മാര്‍, കൂരിയ അംഗങ്ങള്‍, ഫൊറോന വികാരിമാര്‍, വിവിധ സംഘടനാ ഡയറക്ടര്‍മാര്‍, പ്രസിഡന്റുമാര്‍, ഷംഷാബാദ് രൂപതയിലും മിഷന്‍ പ്രദേശങ്ങളിലും സേവനം ചെയ്യുന്ന വൈദികര്‍, സന്ന്യാസ സമര്‍പ്പിത സുപ്പീരിയേഴ്‌സ്, രാഷ്ട്രീയ നേതാക്കള്‍, അല്മായപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.