കൂട്ടിക്കല്‍: കൂട്ടിക്കലിന്റെ പുനര്‍നിര്‍മിതിയും സമഗ്രപുരോഗതിയും ഉറപ്പാക്കാന്‍ ആവശ്യമായ വികസനാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് പാലാ രൂപത നേതൃത്വം നല്‍കുമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
പ്രകൃതിക്ഷോഭത്തില്‍ വീടും സ്ഥലവും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്ക് സഹായഹസ്തമായി പാലാ രൂപത ആവിഷ്‌കരിച്ച കൂട്ടിക്കല്‍ മിഷന്റെ ഭാഗമായി പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ ഒന്‍പതു വീടുകളുടെ താക്കോല്‍ദാനവും സ്മരണാര്‍ഹനായ രാജു സ്‌കറിയ പൊട്ടന്‍കുളം ദാനമായി നല്‍കിയ സ്ഥലത്തു നിര്‍മിക്കപ്പെടുന്ന എട്ടു വീടുകളുടെ ശിലാസ്ഥാപനവും ഒക്‌ടോബര്‍ ഇരുപതിന് കൂട്ടിക്കല്‍ ഫൊറോനാപ്പള്ളി പാരീഷ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്.
ഇടവകപ്പള്ളികള്‍, കോണ്‍വെന്റുകള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍, പ്രവാസികൂട്ടായ്മകള്‍ അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവയുടെ സംഘാതാത്മകമായ സഹായസഹകരണങ്ങളാലാണ് ഭവനനിര്‍മാണപദ്ധതി പുരോഗമിക്കുന്നത്. 29 പുതിയ വീടുകളുടെ നിര്‍മാണവും 54 വീടുകള്‍ക്കു പുനര്‍നിര്‍മാണസഹായവുമടക്കം 83 കുടുംബങ്ങള്‍ക്കു വാസയോഗ്യമായ വീടുകള്‍ ഉറപ്പുവരുത്തുന്നതാണു പദ്ധതി.
സമ്മേളനത്തില്‍ മിഷന്‍ചീഫ് കോര്‍ഡിനേറ്റര്‍ കൂടിയായ പാലാ രൂപത സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് മലേപറമ്പില്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോന്‍, ഫൊറോനാവികാരി ഫാ. ജോസഫ് മണ്ണനാല്‍, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, ഹോം പാലാ ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, വൊസാര്‍ഡ് ഡയറക്ടര്‍ ഫാ. ജോസ് ആന്റണി സി.എം.ഐ., ഫാ. സിറില്‍ തയ്യില്‍, ഡാന്റീസ് കൂനാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഏന്തയാര്‍ ഇടവകയില്‍ നിര്‍മിച്ച പുതിയ വീടുകളുടെ ആശീര്‍വാദകര്‍മത്തില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. സന്നിഹിതനായിരുന്നു. കൂട്ടിക്കലിന്റെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ സഹായങ്ങള്‍ ഉറപ്പുവരുത്തുമെന്നും പാലാ രൂപതയുടെ കൂട്ടിക്കല്‍ മിഷന്‍പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.