•  2 May 2024
  •  ദീപം 57
  •  നാളം 8
വചനനാളം

ആടുകള്‍ക്കുവേണ്ടി ജീവനര്‍പ്പിക്കുന്ന ഇടയന്‍

പഴയനിയമജനത ദൈവത്തെ കണ്ടിരുന്നത് ഇടയനായിട്ടാണ്. ''കര്‍ത്താവാണെന്റെ ഇടയന്‍. എനിക്കൊന്നിനും കുറവുണ്ടാവുകയില്ല'' (സങ്കീ. 23:1). കര്‍ത്താവ് ഇടയനും ഇസ്രായേല്‍ ആടുകളുമാണെന്ന സങ്കല്പം ഇസ്രായേലില്‍ നിലനിന്നിരുന്നു. കര്‍ത്താവ് ജനത്തിന്റെ ദൈവവും ജനം അവിടുത്തെ മേച്ചില്‍ സ്ഥലത്തെ ആടുകളുമാണ് (സങ്കീ 95:7; 77:20). പുതിയനിയമത്തില്‍ നാലു സുവിശേഷങ്ങളിലും ഈശോയെ ഇടയനായി ചിത്രീകരിക്കുന്നുണ്ട് (മത്താ 9:36; 18:12; മര്‍ക്കോ 6:34; ലൂക്കാ 12:32; 15:41; യോഹ 10:1-18).
ഈശോ ആരാണെന്നും അവിടുത്തെ സന്ദേശമെന്താണെന്നുമുള്ള ചോദ്യങ്ങള്‍ക്കു പാലസ്തീനായുടെ പശ്ചാത്തലത്തിലുള്ള ഉപമയിലൂടെ യോഹന്നാന്‍ ഉത്തരം നല്‍കുകയാണ് ഇന്നത്തെ സുവിശേഷത്തില്‍. കൂടാതെ, കള്ളന്മാരും വ്യാജ ഇടയന്മാരും വിശ്വാസിസമൂഹത്തെ വഴിതെറ്റിക്കാന്‍ വെമ്പല്‍ കൊള്ളുന്ന സാഹചര്യത്തില്‍ ഈശോ നല്ല ഇടയനും വിശ്വാസികളുടെ മാര്‍ഗ്ഗത്തിനു ഭ്രംശം വരുത്തുന്ന വ്യാജപ്രബോധകര്‍ വ്യാജ ഇടയന്മാരുമാണെന്നു യോഹന്നാന്‍ സമര്‍ത്ഥിക്കുന്നു. സ്വാര്‍ത്ഥലാഭത്തിനുവേണ്ടി ദൈവജനത്തെ അവഗണിക്കുന്ന ഇസ്രായേലിലെ നിയമജ്ഞരെയും ഫരിസേയരെയും വ്യാജഇടയന്മാരായി ചിത്രീകരിക്കുന്ന സുവിശേഷകന്‍ അവര്‍ക്കുള്ള ഒരു ബദലായിട്ടാണ് 'ആടു കള്‍ക്കു ജീവന്‍ ഉണ്ടാകുവാനും അതു സമൃദ്ധമായി ഉണ്ടാകുവാ നുമായി' പരിശ്രമിക്കുന്ന നല്ല ഇടയനായി ഈശോയെ അവതരിപ്പിക്കുന്നത്.
യോഹന്നാന്‍ 10:1-6-ല്‍ ഇടയനെയും ആടുകളെയുംകുറിച്ചു വിവരിക്കുന്ന യോഹന്നാന്‍ ശ്ലീഹാ 7-10 ല്‍ തൊഴുത്തിന്റെ വാതിലിനെയും അതില്‍ പ്രവേശിക്കുന്നവരെയും, 10-18 ല്‍ നല്ല ഇടയനായ ഈശോയെയും കുറിച്ചു പ്രതിപാദിക്കുന്നു.
നല്ല ഇടയന്‍: യോഹന്നാന്‍ ശ്ലീഹാ ഈശോയെ വിശേഷി പ്പിച്ചിരിക്കുന്നത് നല്ല ഇടയന്‍ എന്നാണ്. ഈശോയുടെ നന്മയെ ഊന്നിപ്പറയുവാന്‍വേണ്ടിയാണ് 'മനോഹരം', 'സുന്ദരം' എന്ന അര്‍ത്ഥം വരുന്ന ഗ്രീക്ക് ഭാഷയിലെ 'കാലോസ്' (സമഹീ)െ എന്ന പദം ഇടയന്‍ എന്ന വാക്കിനോട് ഉപയോഗിച്ചിരിക്കുന്നത്. ജനനേതാക്കളായ മറ്റ് ഇടയന്മാരെക്കാള്‍ ശ്രേഷ്ഠനാണ്, നല്ലവനാണ് ഈശോ എന്ന് ഈ വിശേഷണം സൂചിപ്പിക്കുന്നു. കൂടാതെ, 'നല്ല' എന്ന വിശേഷണം ഈശോയാകുന്ന ഇടയനോടു കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഈശോയുടെ 'കനിവും', 'കാരുണ്യവും' ഈ വാക്ക് ഉള്‍ക്കൊള്ളുന്നുണ്ട്. 'നല്ല ഇടയന്‍' എന്ന വാക്കിന്റെ അര്‍ത്ഥം നന്മയും കനിവും കാരു ണ്യവുമുള്ള അജപാലകന്‍ എന്നാണ്.
നല്ല ഇടയന്റെ പ്രത്യേക തകള്‍: യോഹ 10:1-18 ല്‍ നല്ല ഇടയന്റെ ഭാവങ്ങളെ സുവിശേ ഷകന്‍ അവതരിപ്പിക്കുന്നുണ്ട്. (1) വ്യാജമാര്‍ഗ്ഗങ്ങളിലൂടെ തൊഴുത്തില്‍ പ്രവേശിക്കാതെ യഥാര്‍ത്ഥ വാതിലിലൂടെ അകത്തു പ്രവേശി ക്കുന്നവന്‍ (10:1-2). (2) വ്യക്തിപരമായ ബന്ധമുള്ളതിനാല്‍ ആടുകളെ പേരു ചൊല്ലി വിളിക്കുന്നവന്‍ (10:3). (3) ആടുകളുടെ നന്മ കാംക്ഷിച്ച് അവയെ മേച്ചില്‍സ്ഥലങ്ങളിലേക്കു നയിക്കുന്നവന്‍ (10:3). (4) ആടുകളുടെ മുമ്പേ നടന്ന് അവയ്ക്കു വഴി കാണിച്ചു കൊടുക്കുന്നവന്‍ (10:4). (5) അപകടസന്ധിയില്‍ ഓടിപ്പോകാതെ ആടുകള്‍ക്കുവേണ്ടി ജീവനര്‍പ്പിക്കുന്നവന്‍ (10:11). (6) കൂലിക്കുവേണ്ടി മാത്രം ആടുകളെ നോക്കുന്ന വ്യക്തിയെപ്പോലെയല്ലാതെ ആടുകളെ സ്വന്തമായി കരുതുന്നവന്‍ (10:12-13). (7) ആടുകളെ അറിഞ്ഞു സ്‌നേഹിക്കുന്നവന്‍ (10:14, 15). (8) തൊഴുത്തില്‍പ്പെടാത്ത മറ്റ് ആടുകളെയും കരുതലോടെ കാക്കുന്നവന്‍ (10:16).
ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നവര്‍: ഇടയനല്ലാത്തവ നും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍ ചെന്നായ് വരുന്നതു കാണുമ്പോള്‍ ആടുകളെയെല്ലാം വഴിയില്‍ ഉപേക്ഷിച്ച് തന്റെതന്നെ രക്ഷ തേടി ഓടിപ്പോകുന്നു (10:12). അതുവഴി ചെന്നായ് ആടുകളെ ആക്രമിക്കുകയും അവയെ ചിതറിച്ചുകളയുകയും ചെയ്യുന്നു. എ.ഡി. 70-ലെ ജറുസലേംദേവാലയത്തിന്റെ പതനത്തിനു തൊട്ടുമുന്‍പായി യഹൂദനേതാക്കന്മാരെല്ലാം യാമ്‌നിയ എന്ന സ്ഥലത്തേക്കു പലായനം ചെയ്തതും അതേത്തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ഈ ഒരു പരാമര്‍ശത്തിന്റെ (10:12) പശ്ചാത്തലമായി വിശുദ്ധ ഗ്രന്ഥവ്യാഖ്യാതാക്കള്‍ സാധാരണ അഭിപ്രായപ്പെടുന്നത്. അപകടം വരുന്നുവെന്നു കാണുമ്പോള്‍ ഏല്പിക്കപ്പെട്ടിരിക്കുന്നവരുടെ രക്ഷ നോക്കാതെ സ്വയം രക്ഷ തേടുന്നവര്‍ വെറും കൂലിക്കാരന്റെ സ്വഭാവമുള്ളവരാണെന്നു വ്യക്തം. അതായത്, ഏല്പിക്കപ്പെട്ടിരിക്കുന്നവയെ സ്വന്തമെന്നപോലെ കരുതി സംരക്ഷിക്കേണ്ടതിനുപകരം അപകടത്തിന് അവയെ വിട്ടു നല്‍കിക്കൊണ്ട് സ്വയരക്ഷ തേടുന്നവന്‍ ആത്മാര്‍ത്ഥതയില്ലാത്തവനാണ്, കടപ്പാടുകള്‍ ഇല്ലാത്തവനാണ്. കൂലിക്കാരന്‍ കൂലിക്കുവേണ്ടി മാത്രം തന്റെ ജോലി നിര്‍വ്വഹിക്കുമ്പോള്‍ നല്ല ഇടയന്‍ ആടുകളോടുള്ള അവന്റെ സ്‌നേഹബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ശുശ്രൂഷിക്കുന്നതെന്നും ഈ വാക്യം പഠിപ്പിക്കുന്നു.
ഇസ്രായേലിലെ ജനനേതാക്കളായ പല ഇടയന്മാരും തങ്ങളുടെ ആടുകളാകുന്ന അജഗണങ്ങളെ ചൂഷണം ചെയ്ത് ഉപജീവനം നേടുകയും (എസെ 34:1-10) പുതിയനിയമ കാലഘട്ടത്തില്‍ ജനനേതാക്കളായിരുന്ന പ്രീശന്മാര്‍ ജനത്തെ അവജ്ഞയോടെ കാണുകയും (യോഹ 7:49) ചെയ്യുന്ന സാഹചര്യത്തില്‍ അപകടാവസ്ഥയില്‍ ഇക്കൂട്ടര്‍ സ്വന്തം രക്ഷ തേടിപ്പോയില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ.
തൊഴുത്തില്‍പ്പെടാത്ത മറ്റ് ആടുകള്‍ (10:16): സകല ജനവും ഈശോയില്‍ ഒരു ഗണമായിത്തീരേണ്ടതാണെന്ന ചിന്തയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വചനം. എല്ലാ ആടുകളെയും അറിയുകയും സ്‌നേഹിക്കുകയും അവയ്ക്കുവേണ്ടി സ്വയം ജീവന്‍ അര്‍പ്പിക്കുകയും ചെയ്ത, ദൈവത്താല്‍ നിയോഗിക്കപ്പെട്ട ഇടയനാണ് ഈശോ. ആ ഈശോയില്‍ വിശ്വാസമര്‍പ്പിച്ച് കൂട്ടായ്മയില്‍ നില്‍ക്കുന്നവരാണ് തൊഴുത്തില്‍പ്പെടുന്ന ആടുകള്‍. നല്ല ഇടയനായ ഈശോയില്‍ വിശ്വസിക്കാത്തവരാണ് തൊഴുത്തിനു പുറത്തു നില്‍ക്കുന്നവര്‍. ഈശോയെ അംഗീകരിക്കുവാന്‍ വിമുഖത കാട്ടുന്നവരും അവിടുത്തെ അറിഞ്ഞശേഷം പലവിധ കാരണങ്ങളാല്‍ ഈശോയില്‍നിന്ന് അകന്നുപോയവരും തൊഴുത്തിനു പുറത്തുള്ളവരാണ്. തൊഴുത്തിനു പുറത്തുള്ളവരെല്ലാവരും തിരികെ വന്ന് ഏകതൊഴുത്തും ഏക ഇടയനുമാകണമെന്നാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്. ചിതറിക്കഴിയുന്ന ജനമെല്ലാം ഈശോയില്‍ ഒരുമിച്ചു കൂട്ടപ്പെടുമെന്നാണ് ഈ വചനത്തിന്റെ ധ്വനി. എല്ലാ മനുഷ്യരുടെയും രക്ഷകനായ ഈശോയുടെ സാര്‍വ്വത്രിക രക്ഷാകരദൗത്യത്തിന്റെ സൂചനകളാണിവ. ''എന്റെ ഭവനം എല്ലാ ജനതകള്‍ക്കുമുള്ള പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടുമെന്ന് എഴുതിയിട്ടില്ലേ?'' (മര്‍ക്കോ 10:17).

 

Login log record inserted successfully!