പാലാ: ആദര്‍ശത്തെ ബലികഴിക്കാത്ത ദീപിക സമൂഹത്തിന്റെ പടവാളാണെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള.
ദീപികയുടെ 135-ാം വാര്‍ഷികാഘോഷവും പാലായിലെ പുതിയ സബ് ഓഫീസ് ഉദ്ഘാടനവും അവാര്‍ഡുസമര്‍പ്പണവും മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകദ്രോഹം എവിടെ ക്കണ്ടാലും ദീപിക അസ്വസ്ഥമാകും. ഇതാണു ദീപികയെ മറ്റു പത്രങ്ങളില്‍നിന്നു മാറ്റിനിര്‍ത്തുന്നത്. കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ ദീപിക സമഗ്രമായി അവതരിപ്പിക്കുകയും കര്‍ഷകന് അനുകൂലമാകുന്നതുവരെ അതിനൊപ്പം നില്‍ക്കുകയും ചെയ്യുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ചടങ്ങില്‍ സഹകരണ സാംസ്‌കാരികവകുപ്പുമന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. പത്രമുത്തശ്ശിയായ ദീപിക മാധ്യമലോകത്തെ കുലപതിയാണെന്ന് തന്റെ പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹികപ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെടുന്നതിനൊപ്പം ഭാഷയെയും സംസ്‌കാരത്തെയും വളര്‍ത്തുന്നതിലും മാനവികത ഉയര്‍ത്തിപ്പിടിക്കുന്നതിലും ദീപിക ശ്രദ്ധാലുവാണ്. കേരളത്തിലെ നവോത്ഥാനനായകരില്‍ പ്രമുഖനായ വിശുദ്ധചാവറപ്പിതാവിന്റെ ദര്‍ശനങ്ങളിലൂന്നിയ പ്രവര്‍ത്തനമാണ് ദീപികയുടെ മുഖമുദ്രയെന്നും മന്ത്രി പറഞ്ഞു.
അക്ഷരലോകത്തു വിപ്ലവം സൃഷ്ടിക്കാന്‍ ദീപികയ്ക്കു സാധിച്ചുവെന്നും മുഖംമൂടിയില്ലാതെ സത്യത്തെ പ്രതിഫലിപ്പിക്കാന്‍ പത്രത്തിനു സാധിക്കുന്നുവെന്നും അനുഗ്രഹപ്രഭാഷണത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
അക്ഷരത്തെറ്റുകളല്ല ഒരു പത്രത്തിനു തിരിച്ചടിയാകുന്നത്, അസത്യമാണ്. വ്യാജവാര്‍ത്തകളോടാണ് പലര്‍ക്കും താത്പര്യം. ദിശാബോധത്തോടെ തത്ത്വാധിഷ്ഠിതമായി സമുദായചിന്തയും വിശാലലോകചിന്തയും ചേര്‍ന്ന വാര്‍ത്തകള്‍ നല്‍കാന്‍ ദീപികയ്ക്കു സാധിക്കുന്നു. പത്രപ്രവര്‍ത്തനസംസ്‌കാരത്തിന്റെ ജീവനാഡിയാണു ദീപിക.
പത്രം നല്‍കിയ ദിശാബോധം മതമൈത്രിയുടെ ലോകത്ത് ഒരിക്കലും ചെറുതല്ല. സാമൂഹികതിന്മകള്‍ക്കെതിരേ ദീപിക ശക്തമായ നിലപാടു സ്വീകരിച്ചിട്ടുണ്ട്. ആത്മീയ, ധാര്‍മികമൂല്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്നതിനാല്‍ ദീപിക ഒരു മനഃസാക്ഷിരൂപീകരണം നടത്തുന്നുണ്ട്. കലാ-കായിക-കാര്‍ഷിക തീരദേശപ്രശ്‌നങ്ങളുടെയെല്ലാം ഗുണകാംക്ഷിയാണ് ദീപികയെന്നും ബിഷപ് അഭിപ്രായപ്പെട്ടു.
ആന്റോ ആന്റണി എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ., മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസഫ് പടിഞ്ഞാറേക്കര, ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ദീപിക എം.ഡി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ സ്വാഗതവും ദീപിക ചീഫ് എഡിറ്റര്‍ ഫാ. ജോര്‍ജ് കുടിലില്‍ നന്ദിയും പറഞ്ഞു.
സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരെ ഗവര്‍ണര്‍ ആദരിച്ചു.