എന്തോ ഒരു വലിയ ശബ്ദം കേട്ടാണ് അവന്‍ കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചത്...
കൈയിലപ്പോഴും പാതി കുടിച്ചു കഴിഞ്ഞ, വിലകുറഞ്ഞ ഏതോ ബ്രാണ്ടിക്കുപ്പി ഉണ്ടായിരുന്നു. കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ച്, അവന്‍ കസേരയില്‍നിന്ന് എഴുന്നേറ്റതും വീണുപോയി. വീഴട്ടെ. ഇനി എന്തിനെണീല്‍ക്കണം...?
കസേരകള്‍ക്കു കീഴെ ഒരു പുഴുവിനെപ്പോലെ ചുരുണ്ടുകൂടിയ അവന്റെ മനസ്സില്‍ വീണ്ടും അവള്‍ പുഞ്ചിരിയോടെ കടന്നുവന്നു.
'ഇവള്‍ പോകില്ല... ഇവള്‍ പോകില്ല.' പാതി നശിച്ച ബോധത്താല്‍ അവന്‍ പിറുപിറുത്തു.
ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങള്‍ കാണാന്‍ അര്‍ഹതയില്ലാതിരുന്ന അവന്റെ മനസ്സിലേക്ക് ഒരു വര്‍ണസ്വപ്നമായ് പറന്നിറങ്ങിയവള്‍... ആശിക്കാനൊന്നുമില്ലാതിരുന്നവന്റെ കൂട്ടില്‍, ഒരു നൂറു കിന്നാരവുമായി കൂടൊരുക്കിയവള്‍... പരിമിതികളെ ശിരസ്സാവഹിച്ച്, ഒഴിഞ്ഞ മനസ്സിലേക്കു പ്രണയത്തിന്റെ മുന്തിരിച്ചാറുമായി കടന്നുവന്നവള്‍...
മക്കളുണ്ടാകില്ലെന്ന് അടിവരയിട്ട മാതാപിതാക്കള്‍ക്ക്, ഒരു വരദാനമായി ജനിച്ചവന്‍. മൂന്നാം വയസ്സില്‍ പോളിയോ വന്നതില്‍പ്പിന്നെ കഷ്ടിച്ചു നടക്കാന്‍ കഴിയുന്ന വിധിയെ പരിണയിച്ച്, വൃദ്ധരായ മാതാപിതാക്കള്‍ക്കുവേണ്ടിമാത്രം ജീവിച്ചവന്‍. അവനിേലക്ക് എന്തിനാണ് ഇവള്‍ ഒരു കുളിര്‍ക്കാറ്റായി പാറിവന്നത്?... വിധിയെ വെല്ലുവിളിച്ച്, സൈക്കിള്‍ചവിട്ടു പഠിച്ചു. അന്നുതൊട്ട് പേപ്പര്‍വിതരണത്തിനു പോയും, ചെറിയ കുട്ടികള്‍ക്കു ട്യൂഷനെടുത്തും ഡിഗ്രിയെടുത്തു.
കമ്പ്യൂട്ടര്‍ കോഴ്‌സിനു ചേര്‍ന്നപ്പോഴാണ് അവന്‍ കവിതയെ പരിചയപ്പെട്ടത്. എല്ലാത്തിനും സംശയമുള്ള ഒരു കൊച്ചുപെണ്ണ്...
ആ പരിചയം പ്രണയത്തിലേക്കു വഴിമാറിയപ്പോള്‍, അവന്റെ പരിമിതികളെ ചൂണ്ടിക്കാട്ടി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അപ്പോഴൊക്കെ അവളായിരുന്നു ധൈര്യം തന്നു മുന്നിട്ടിറങ്ങിയത്. കോഴ്‌സ് കഴിഞ്ഞു.
വര്‍ഷങ്ങള്‍ നീണ്ട, ആരോടും പറയാതെ പടര്‍ന്നുപന്തലിച്ച പ്രണയം. താല്‍ക്കാലികമായി ഒരു ഗവണ്മെന്റോഫീസില്‍ ടൈപ്പിസ്റ്റായി ജോലിക്കു കയറിയ തനിക്ക് ആത്മവിശ്വാസം തന്ന് കൂടെനിന്നവള്‍... അപ്പോള്‍ അവള്‍ ബി.എഡിനു ചേര്‍ന്നിരുന്നു. അവളുടെ കോഴ്‌സിനുവേണ്ട എല്ലാ പ്രൊജക്റ്റും എത്ര കൃത്യമായാണ് താന്‍ ചെയ്തുകൊടുത്തത്. സമ്മാനമായി അവള്‍ തന്ന ചുംബനമധുരം ഇപ്പോഴുമുണ്ട് ചുണ്ടില്‍. എങ്ങനെ മറക്കാനാണ്?
ക്രമേണ കുറഞ്ഞു വന്ന മിണ്ടലിന്റെ വിഷമം, ചെറുതായി തോന്നിത്തുടങ്ങിയപ്പോഴാണ്, ഇപ്പോള്‍ കാണണം എന്നു പറഞ്ഞു വിളിച്ചപ്പോള്‍ ഓടിച്ചെന്നത്.
കുറച്ചൊന്നു പരിഭവം പറയണം, പിന്നെ ഏതെങ്കിലും പ്രൊജക്റ്റിനെപ്പറ്റി പറയാനാകും എന്നൊക്കെ കരുതിയ അവന്, അവള്‍ പുതിയ മോഹത്തെപ്പറ്റി വാചാലയായതു കേട്ടപ്പോള്‍, വിഷമത്തെക്കാള്‍ അമ്പരപ്പാണു തോന്നിയത്. ഇവള്‍തന്നെയാണോ ഇങ്ങനെ പറയുന്നതെന്ന അമ്പരപ്പ്...! ഇവള്‍ക്കിങ്ങനെ പറയാന്‍ പറ്റുമോ എന്ന അമ്പരപ്പ്!
അവളുടെ ഏത് ഇഷ്ടങ്ങള്‍ക്കും കൂടെനില്‍ക്കുമെന്നു സ്വയം എടുത്ത ശപഥമാണ്, തനിക്ക് ഒരിക്കലും ചെയ്തുകൊടുക്കാന്‍ പറ്റാത്ത, ബൈക്കില്‍ പോകണമെന്ന അവളുടെ മോഹത്തിന്റെ ചൂടുവീണു പൊള്ളിയടര്‍ന്നത്.
പുതുതായി വന്ന സാറിനെപ്പറ്റി വാചാലയായത് ഒരു സൂചനയാണെന്നു ബോധ്യമായതില്‍പ്പിന്നെ ആശ്രയമായത് ഈ കുപ്പികളാണ്. തന്റെ ലോകം മുഴുവന്‍ ഒരാളിലേക്കു ചുരുക്കിയ അവന്‍ മറ്റെന്തു ചെയ്യാന്‍...
ഇനി ഈ ലോകം തനിക്കു വേണ്ട. പഠിപ്പിക്കാന്‍ വന്ന മാഷിനു പിന്നില്‍ സിന്ദൂരമണിഞ്ഞു ബൈക്കില്‍ പാഞ്ഞുപോകുന്ന അവളുടെ ചിത്രം കണ്ണില്‍നിന്നു മായാന്‍ ഇതല്ലാതെ മറ്റെന്തു മാര്‍ഗം?
കൈയില്‍നിന്നു വീണുപോയ കാലിക്കുപ്പി അവന്‍ വീണ്ടും തപ്പിനോക്കുമ്പോഴാണ്, അച്ഛന്റെ ഇടറിയ 'അയ്യോ' എന്ന ശബ്ദം കേട്ടത്. മെല്ലെ കസേരയില്‍ പിടിച്ചെഴുന്നേറ്റു വേച്ചുവേച്ച് അവന്‍ ശബ്ദം കേട്ട ഭാഗത്തേക്കു നടന്നു. അച്ഛന്റെ 'അയ്യോ അയ്യോ എന്താ പറ്റ്യേ എണീക്കൂ'ന്നുള്ള എങ്ങലുകള്‍ അവ്യക്തമായി കാതില്‍ അലച്ചുകൊണ്ടിരുന്നു.
ചുമര്‍ പിടിച്ച് അവന്‍ അടുക്കളഭാഗത്തേക്കു നടന്നു. രണ്ടു രൂപങ്ങള്‍. ഒന്ന് തറയില്‍ കിടക്കുന്നു. ഒന്ന് അതിനെ പിടിച്ചെഴുനേല്പിക്കുന്നു...
അവന്‍ കണ്ണുകള്‍ മിഴിച്ചു. അതേ, അവന്റെ അച്ഛനും അമ്മയും. ഇങ്ങനെ രണ്ടു ജീവികള്‍ ഇവിടെ ഉണ്ടായിരുന്നോ? അവന്‍ വീണ്ടും അവരെ തുറിച്ചുനോക്കി.
തറ മുഴുവന്‍ പടര്‍ന്ന വെള്ളത്തില്‍ അമ്മ വീണു കിടക്കുന്നു. അമ്മയെ എണീല്‍പ്പിച്ചിരുത്താന്‍ അച്ഛന്‍ ശ്രമിക്കുന്നു. അവനെ നോക്കി ആ വൃദ്ധന്‍ 'മോനേ മോനേ' എന്നു പുലമ്പുന്നുണ്ട്. ഇവരെ ഞാന്‍ ഒന്നു നേരേ കണ്ട ദിവസം ഏതാണ്?
അമ്മ... വൈകിയുണ്ടായ എന്നെ വാത്സല്യത്തിന്റെ മടിത്തട്ടില്‍ മാത്രം കിടത്തി ഉറക്കിയവള്‍... തോളത്തുമാത്രം ചുമന്നു നടത്തിയ അച്ഛന്‍... ഇവരല്ലേ തന്റെ ലോകം?
ലഹരിയുടെ കെട്ടെല്ലാം, ആ ഒറ്റച്ചിന്തയില്‍, ഒരു നിമിഷംകൊണ്ട് ഊര്‍ന്നുപോയപോലെ...
അമ്മേയെന്നു വിളിച്ച് അവരുടെ കൈപിടിച്ചപ്പോള്‍ ഏതോ ഒരു ശക്തി അവനില്‍ പടര്‍ന്നു കയറി. അച്ഛനോടു ചേര്‍ന്ന് അമ്മയെ അവന്‍ തന്റെ ദേഹത്തേക്കു ചാരിക്കിടത്തി. എന്തു പറ്റിയെന്നു വാക്കുകള്‍ മുറിഞ്ഞു ചോദിച്ചപ്പോള്‍ 'ഒന്നൂല്യടാ' എന്ന ശബ്ദം ഒരു മഞ്ഞുപാടപോലെ അവനില്‍ പടര്‍ന്നു.
ഇതാണ് തന്റെ ലോകം, ഇതുമാത്രം. ''അരി തീര്‍ന്നിരുന്നു... നിന്നോട് എങ്ങനെ പറയാന്‍... അച്ഛന്‍ കടയില്‍ പോകാന്‍ തുടങ്ങുവാരുന്നു. അതിനിടെ ഞാന്‍ ഈ കലത്തിലെ വെള്ളം അടുപ്പത്തു വെക്കാന്‍ നോക്കുമ്പോള്‍ പെട്ടെന്ന് വീണുപോയി മോനേ...'' അമ്മയുടെ എണ്ണിപ്പെറുക്കലില്‍ അവനറിഞ്ഞു തന്റെ ഈ അവസ്ഥ അവരെക്കൂടി തളര്‍ത്തിയത്. ഒരു ആഴ്ചകൊണ്ട് അവര്‍ പടുവൃദ്ധരായപോലെ... ''അമ്മേ എണീക്കൂ...''
ഒരു കൊച്ചുകുഞ്ഞിനെ യെന്നപോലെ അവന്‍ അമ്മയെ പിടിച്ച് കട്ടിലില്‍ കിടത്തി.
കുളിമുറിയില്‍ കയറി ഷവറിനു കീഴെ നിന്നപ്പോള്‍, തലയിലൂടെ ഒഴുകിയ വെള്ളത്തില്‍ ഒലിച്ചുപോയ ലഹരിക്കും ചതിച്ച പെണ്ണിന്റെ പ്രണയത്തിനും ഒരേ അളവായിരുന്നു.
അച്ഛാ സഞ്ചിയെവിടെ?... ശോഷിച്ച കൈയില്‍നിന്നു സഞ്ചി വാങ്ങി, തന്റെ സന്തതസഹചാരിയായ സൈക്കിളില്‍ ആഞ്ഞു ചവിട്ടുമ്പോള്‍ ഓര്‍ത്തു, ഒരാഴ്ചയായി ഓഫീസിലേക്കു ചെന്നിട്ട്. അരിവാങ്ങി വീട്ടില്‍ കൊടുത്തു, ധൃതിയില്‍ ഓഫീസിലെത്തുമ്പോള്‍, ഇതുവരെയുള്ള ലീവിന്റെയും ഇന്നു വൈകിയതിന്റെയും കാരണം എന്തുപറയുമെന്ന ആലോചനയിലായിരുന്നു, അവന്‍.