•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ലഹരിയുടെ ചതിക്കുഴികള്‍

നേരം വെളുത്താല്‍  കേള്‍ക്കുന്നതെല്ലാം ഞെട്ടിക്കുന്ന വാര്‍ത്തകളാണ്. ലഹരി മരുന്നുമായി അവിടെ പിടിച്ചു ഇവിടെപിടിച്ചു എന്നൊക്കെ കേള്‍ക്കാമെങ്കിലും കൂടുതല്‍ വീര്യത്തോടെ യുവതലമുറയ്ക്കിടയില്‍ അതു വിലസുകയല്ലേ? ലഹരിവിരുദ്ധസംഘടനകളും അവരുടെ കൂട്ടായ്മകളും  നിരന്തരം  കിണഞ്ഞു പരിശ്രമിച്ചിട്ടും എന്തേ നമ്മുടെ യുവതലമുറ ഇങ്ങനെയായിത്തീരുന്നു? ഞങ്ങള്‍ക്കെതിരായി എന്തെങ്കിലും ഉരിയാടിയാല്‍ തട്ടിക്കളയുമെന്ന ഭീഷണി പേടിച്ചിട്ടോ എന്തോ പോലീസുവരെ അവരെ ഭയപ്പെടുന്നപോലെ തോന്നുന്നു.  
പ്രിയ അപ്പച്ചന്മാരേ, അമ്മച്ചിമാരേ, ഉണര്‍ന്നിരുന്ന് കൊച്ചു മക്കള്‍ക്കുവേണ്ടി ഈ തിന്മയ്‌ക്കെതിരേ പടപൊരുതേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. ഹൃദയത്തില്‍ എവിടെയോ ഒരു നീറ്റല്‍ നിങ്ങള്‍ക്കനുഭവപ്പെടാറില്ലേ! ആറ്റുനോറ്റുണ്ടാകുന്ന ഓമനകളെ വലിയ സങ്കല്പങ്ങളുമായി പഠനത്തിനയയ്ക്കുമ്പോള്‍ ഒന്നു ചിന്തിച്ചോ! അവിടെയും ചതിക്കുഴികള്‍ പതിയിരിപ്പുണ്ടെന്ന്. ജീവിതം അതോടെ അവസാനിപ്പിക്കുന്നവരും വിരളമല്ല. ചത്തതിനൊക്കുമേ ജീവിച്ചിരിക്കും എന്നപോലെയല്ലേ പാവം മാതാപിതാക്കളിലൂടെ ബാക്കിജീവിതം. സമൂഹം വെറുക്കുന്നു, ഉറ്റവര്‍ ഉപേക്ഷിക്കുന്നു. എന്തേ മക്കളേ, നിങ്ങളെ ഏറെ സ്‌നേഹിക്കുന്ന മാതാപിതാക്കളെ ഒരു നിമിഷമെങ്കിലും ഓര്‍ക്കാത്തത്? കരഞ്ഞുകലങ്ങിയ കണ്ണും തളരുന്ന മനസ്സുമായി മന്ദംമന്ദം ഇഴഞ്ഞുനീങ്ങുന്ന നിങ്ങളെ കണ്ടാല്‍ അവര്‍ ഹൃദയം പൊട്ടിമരിക്കില്ലേ? 
മിഠായിയും പലഹാരവുമൊക്കെയായി ലഹരിയെന്ന സാത്താന്‍ നിങ്ങളെ വേട്ടയാടുന്നില്ലേ? അവന്റെ പിടിയില്‍ വീഴാതെ ഊര്‍ജസ്വലരായിനിന്നു പോരാടാന്‍ സാമര്‍ത്ഥ്യമുള്ള നല്ല മക്കള്‍ ഉണ്ടാകട്ടെ! അധ്യാപകരും മാതാപിതാക്കളുമെല്ലാം അല്പം ബുദ്ധിമുട്ടിയാണെങ്കിലും ഈ കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന ഭാവവ്യത്യാസങ്ങള്‍ കണ്ടുപിടിച്ച് അതിനുവേണ്ട നടപടികള്‍ സ്വീകരിക്കുക. അകപ്പെട്ടുപോയ കുഞ്ഞുങ്ങളെ കൗണ്‍സലിങ്ങിലൂടെയോ മറ്റേതെങ്കിലും തരത്തിലോ രക്ഷപ്പെടുത്താന്‍ ശ്രമിക്കില്ലേ! പുകഞ്ഞകൊള്ളി പുറത്തെന്നു പറഞ്ഞ് അവരെ ഉപേക്ഷിച്ചുകളയാതെ സാധാരണജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ഒന്നു ശ്രമിച്ചുകൂടേ? ഗവണ്‍മെന്റും പോലീസുമൊക്കെ വളരെ ജാഗരൂകരാണെന്നിരുന്നാലും ഇക്കൂട്ടരുടെ വിളയാട്ടം കൂടിവരുന്നതല്ലാതെ ഒരു കുറവുമില്ലല്ലോ. എത്രയോ കുടുംബങ്ങളാണ് തീരാദുഃഖത്തില്‍ ആണ്ടുപോകുന്നത്. അതുകൊണ്ട്, ശക്തമായി ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കാം, പ്രവര്‍ത്തിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)