''പാവങ്ങളുടെ പിതാവ്'' എന്നറിയപ്പെട്ടിരുന്ന തൃശൂര്‍ ആര്‍ച്ചുബിഷപ് ഡോ.ജോസഫ് കുണ്ടുകുളം രൂപതയിലെ ചിറ്റാട്ടുകര പള്ളിയില്‍ കൊച്ചച്ചനായി സേവനമനുഷ്ഠിക്കുന്ന കാലം.
ഒരു ദിവസം ഉച്ചതിരിഞ്ഞ് കാപ്പികുടി കഴിഞ്ഞ് അച്ചന്‍ കോണിപ്പടിയിറങ്ങി താഴേക്കു വരികയാണ്. ആ സമയത്ത് അതാ, പള്ളിമുറ്റത്തേക്ക് തോമസ് എന്ന പിതാവും പിറകേ അയാളുടെ രണ്ടു കുട്ടികളും ധൃതിപ്പെട്ടു വരുന്നു. വേവലാതിപൂണ്ട മുഖങ്ങള്‍. അവര്‍ തിടുക്കത്തില്‍ പള്ളിയകത്തേക്കു കയറുന്നു. ഓടിയാണു കയറിയത്. തോമസ് പാവപ്പെട്ടവനും കൂലിപ്പണിക്കാരനുമാണ്.
വിജനമായ ദൈവാലയം. അക്കാലത്തു പള്ളികളില്‍ രാവിലെ മാത്രമേ കുര്‍ബാനയുള്ളൂ. ഈ അസമയത്ത് ഇവര്‍ എന്തിനാണ് ഓടിയെത്തിയത്? ആകാംക്ഷയോടെ അച്ചന്‍ ഇറങ്ങിവന്ന് അവര്‍ കാണാതെ പള്ളിയുടെ വാതില്‍ക്കല്‍ ചെന്ന് എത്തിനോക്കി.
നോക്കിയപ്പോള്‍ കണ്ട കാഴ്ച. തോമസ് തിരുസക്രാരിയില്‍ നോക്കി കൈകള്‍ വിരിച്ച് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു. അതുപോലെ, കൊച്ചുകുട്ടികള്‍ അപ്പന്റെ മുന്നിലായി മുട്ടുകുത്തി കുരുന്നുകൈകള്‍ വിരിച്ചു പ്രാര്‍ത്ഥിക്കുന്നു. കുട്ടികളുടെ കൈകള്‍ കഴച്ചിട്ടു താണുപോകുമ്പോള്‍ തോമസ് ആ കുഞ്ഞിക്കൈകളെ താങ്ങിയുയര്‍ത്തിക്കൊടുക്കുന്നു. തോമസിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. ഉള്ളുചുട്ട പ്രാര്‍ത്ഥന!
തോമസിന്റെ ഭാര്യ, കുഞ്ഞുങ്ങളുടെ അമ്മ രോഗം മൂര്‍ച്ഛിച്ചു മരണാസന്നയായി കിടക്കുകയാണ്. തോമസിന്റെ അനുജന്‍ ഡോക്ടറെ വിളിക്കാന്‍ പോയിരിക്കുന്നു. മറ്റൊരാശ്രയമില്ലാതെ അപ്പനും മക്കളും ദൈവാലയത്തിലേക്ക് ഓടിയെത്തിയിരിക്കുന്നു. സക്രാരിയിലെ ഡോക്ടറെ കാണാന്‍, നേരിട്ടു കാര്യങ്ങള്‍ പറയാന്‍.
അവര്‍ മൂന്നുപേരും പ്രാര്‍ത്ഥന കഴിഞ്ഞു പുറത്തുവന്നു. രണ്ടുദിവസംമുമ്പ് അന്ത്യകൂദാശ കൊടുത്ത കുണ്ടുകുളം അച്ചന്‍ തോമസിനോട് ഭാര്യയുടെ രോഗവിവരം ചോദിച്ചു.
''വളരെ കൂടുതലാണച്ചോ. ഓര്‍മപോയി. ശ്വാസമെടുക്കാനും ബുദ്ധിമുട്ട്.'' ഹൃദയം തകര്‍ന്ന് കണ്ഠമിടറിയാണ് അയാള്‍ അത്രയും പറഞ്ഞത്.
അച്ചന്‍ സാന്ത്വനപ്പെടുത്തി: ''ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. ധൈര്യമായിപോ!.... മക്കളേ! ഒന്നും പേടിക്കേണ്ട.''
തിരിച്ചുപോകാനായി അവര്‍ മൂന്നുപേരും മുറ്റത്തേക്കിറങ്ങിയപ്പോള്‍, അനുജന്‍ അതാ, ഓടിക്കിതച്ചുവരുന്നു. മരണവാര്‍ത്ത അറിയിക്കാനായിരിക്കുമോ? കുടുംബനാഥ കൂടുവിട്ടുപോയോ? തോമസ് സ്തംഭിച്ച മട്ടില്‍ പകച്ചുനില്‍ക്കുന്നു. അയാള്‍ക്കു തലകറങ്ങുന്നതുപോലെ തോന്നി. ഉത്കണ്ഠ മുറ്റിയ നിമിഷങ്ങള്‍!
അപ്പോഴേക്കും അനുജന്‍ വിളിച്ചുപറഞ്ഞു: 'ചേട്ടാ! ചേട്ടത്തിക്ക് ഇപ്പോള്‍ സുഖമുണ്ട്. ഓര്‍മ വന്നു. ചേട്ടനെയും കുട്ടികളെയും കാണണമെന്ന്.''
ഉള്ളുരുകി കരഞ്ഞുവിളിച്ചപ്പോള്‍, സക്രാരിയിലെ ദിവ്യനാഥന്‍ മരണത്തെ മാറ്റിനിര്‍ത്തി, ആ അമ്മയ്ക്ക് ശക്തിചൈതന്യം കൊടുത്തു.