•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ദൃശ്യകലകളുടെ കാഴ്ചപ്പൂരം

കേരളത്തിന്റെ ടൂറിസം വികസനത്തില്‍ ഉത്സവങ്ങള്‍ക്കൂം കലാരൂപങ്ങള്‍ക്കും വിനോദമേളകള്‍ക്കും വലിയ പങ്കുണ്ട്. അതില്‍  പ്രധാനമാണ് നമ്മുടെ തനതായ  ജലോത്സവങ്ങള്‍. ഓണക്കാലത്താണ് വള്ളംകളികളുടെ അരങ്ങേറ്റം. വിദേശികളും സ്വദേശികളുമായ സഞ്ചാരികളെ ഒന്നുപോലെ ആകര്‍ഷിക്കുന്നതാണ് വള്ളംകളി. കേരളസര്‍ക്കാര്‍ വള്ളംകളിയെ ഒരു കായികയിനമായി  പ്രഖ്യാപിച്ചിട്ടുണ്ട്.

പായിപ്പാട്, ചമ്പക്കുളം, ആറന്മുള, ഉത്രട്ടാതി വള്ളംകളികള്‍ ടൂറിസത്തിന്റെ ഭാഗമായിത്തന്നെ  നടന്നുവരുന്നതാണ്. പ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളംകളി  ആലപ്പുഴ പുന്നമടക്കായലില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റുമാസത്തില്‍ നടത്തിവരുന്നു. പള്ളിയോടങ്ങള്‍ക്കും വഞ്ചികള്‍ക്കും പേരുകേട്ട സ്ഥലമാണ് ആറന്മുള. ആറന്മുളക്ഷേത്രം  കേന്ദ്രീകരിച്ചു നിലനിന്നിരുന്ന സാംസ്‌കാരികപൈതൃകത്തിന്റെ  ആഘോഷംകൂടിയാണ് ഈ വള്ളംകളി. ആഡംബരപ്പള്ളിയോടങ്ങളാണ് ആറന്മുള വള്ളംകളിയുടെ പ്രത്യേകത.
നാടന്‍പാട്ടിന്റെ ശീലും ആര്‍പ്പുവിളികളുമായി വഞ്ചിപ്പാട്ടും പാടി പള്ളിയോടങ്ങള്‍  മത്സരിച്ചു മുന്നേറുന്ന കാഴ്ച മനോഹരമാണ്!
നമ്മുടെ നാടിന്റെ പെരുമ  ലോകമാകെ എത്തിച്ച മറ്റൊരുത്സവമാണ് പൂരങ്ങളുടെ  പൂരം  എന്നറിയപ്പെടുന്ന തൃശൂര്‍  പൂരം. വടക്കുന്നാഥക്ഷേത്രനടയില്‍വച്ചു നടക്കുന്ന ഇലഞ്ഞിത്തറമേളം ആഗോളപ്രസിദ്ധമാണ്. തായമ്പകയും ശിങ്കാരിമേളവും ചേര്‍ന്ന വാദ്യവിരുന്ന് കാണാനും കേള്‍ക്കാനും ആയിരങ്ങള്‍ ഒഴുകിയെത്തുന്നു. ഗജകേസരികള്‍ അണിനിരന്നുള്ള കുടമാറ്റവും പൂരത്തിനു പത്തരമാറ്റേകുന്നു.
പൂരത്തിന്  മുന്നൊരുക്കമായുള്ള പൂരച്ചമയം കാണേണ്ട കാഴ്ചതന്നെ. കലയുടെ ഒരു ദൃശ്യവിസ്മയമാണ് തൃശൂര്‍ പൂരം. പൂരം  കഴിഞ്ഞുള്ള  വെടിക്കെട്ട് അതിലേറെ പ്രസിദ്ധം.
സാഹിത്യവും സംഗീതവും ചേര്‍ന്ന നമ്മുടെ സമ്പന്നമായ  പാരമ്പര്യത്തെ ലോകപ്രശസ്തിയിലെത്തിച്ച മറ്റൊരു ദൃശ്യകലാരൂപമാണ് കഥകളി. കേരളീയ കലകളുടെ വളര്‍ച്ചയ്ക്കായി മഹാകവി വള്ളത്തോള്‍ ചെറുതുരുത്തിയില്‍ സ്ഥാപിച്ച കേരള  കലാമണ്ഡലത്തില്‍ വിദേശികളായ നിരവധി പേര്‍ കഥകളി പഠിക്കാനായി എത്തുന്നുണ്ട്. കേരളത്തില്‍ നടപ്പിലുണ്ടായിരുന്ന മറ്റു പല  നടനപ്രസ്ഥാനങ്ങളുടെയും അനുഷ്ഠാനകലകളുടെയും സംയോജിതരൂപമാണ് കഥകളി. രാമനാട്ടവും കൂടിയാട്ടവും എല്ലാ കഥകളിയുമായി അടുത്തുനില്ക്കുന്നു.
പാലക്കാട് ജില്ലയിലെ വെള്ളിനേഴി കേരളത്തിലെ കഥകളി ഗ്രാമം എന്നറിയപ്പെടുന്നു. കഥകളി കൂടാതെ കളരിപ്പയറ്റ്, യോഗ, വാദ്യകലകള്‍ തുടങ്ങിയവയെല്ലാം സഞ്ചാരികള്‍ക്കു പഠിക്കാനും കണ്ടു മനസ്സിലാക്കാനും ഇവിടെ അവസരമുണ്ട്.
ആയുര്‍വേദപാരമ്പര്യത്തിലൂന്നിയ കേരളത്തിന്റെ തനതു ചികിത്സാവിധികള്‍ നിരവധി വിദേശികളെ ഇവിടേക്കാകര്‍ഷിക്കുന്നു. ഇന്ന് പല  റിസോര്‍ട്ടുകളിലും ആയുര്‍വേദചികിത്സാകേന്ദ്രങ്ങള്‍ ഉണ്ട്. എന്നാല്‍, ആയുര്‍വേദത്തിന്റെ മറവില്‍ ടൂറിസ്റ്റുകേന്ദ്രങ്ങളില്‍ കൂണുപോലെ മുളച്ചുപൊന്തുന്ന മസാജ് പാര്‍ലറുകള്‍ സഞ്ചാരികളെമാത്രം ഉന്നം വച്ചുള്ളതാണ്. അതിനു പിന്നില്‍ കാണാതെപോകുന്ന ചതിക്കുഴികളുമുണ്ട്. ടൂറിസംവകുപ്പിന്റെ  അംഗീകാരമില്ലാത്ത ഇത്തരം അനധികൃതകേന്ദ്രങ്ങള്‍ നമ്മുടെ ടൂറിസവികസനത്തിനു മങ്ങലേല്പിക്കുന്നു. 
ചരിത്രമുറങ്ങുന്ന കേരളീയ സ്ഥലികളിലേക്കു സഞ്ചാരികള്‍ ഏറെ താത്പര്യപൂര്‍വം എത്തിപ്പെടുന്നുണ്ട്. മൈസൂര്‍ രാജാവായ ഹൈദരലി പണിതീര്‍ത്ത പാലക്കാട് കോട്ട, കേരളത്തിലെ ഏറ്റവും വലിയ  കോട്ടയായ ബേക്കല്‍ കോട്ട,  ഇംഗ്ലീഷുകാര്‍ നിര്‍മിച്ച ആദ്യത്തെ കോട്ടയായ അഞ്ചുതെങ്ങുകോട്ട, തലശ്ശേരി ക്കോട്ട, സാമൂതിരിയുടെ കഴുത്തിലേക്കു നീട്ടിയ പീരങ്കി എന്നു വിശേഷിപ്പിക്കപ്പെടുന്ന ചാലിയം  കോട്ട തുടങ്ങി  ചരിത്രമുറങ്ങുന്ന സ്ഥലങ്ങള്‍ നിരവധിയാണ്. പല കോട്ടകളും  നിര്‍മിച്ചിരിക്കുന്നതു ഫ്രഞ്ച് എഞ്ചിനീയര്‍മാരുടെ സഹായത്താലാണ്. പുതുതലമുറകളില്‍ ചരിത്രാന്വേഷികള്‍ വളര്‍ന്നുവരട്ടെ.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)