മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നൂറിന്റെ നിറവില്‍
''കാലം സാക്ഷി ചരിത്രം സാക്ഷി'' - ഈ മുദ്രാവാക്യത്തെ അന്വര്‍ത്ഥമാക്കുന്ന ജീവിതമാണു വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദനെന്ന വിഎസിന്റേത്. കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയത്തില്‍ മാത്രമല്ല ദേശീയരാഷ്ട്രീയത്തിലും ഇണങ്ങിയും പിണങ്ങിയും കലഹിച്ചും മുന്നോട്ടുപോയ ഉന്നതശീര്‍ഷനായ വിഎസ് നൂറാം വയസ്സിലേക്ക്. ജനകീയസമരങ്ങളുടെയും അവകാശപ്പോരാട്ടങ്ങളുടെയും ആള്‍രൂപമാണ് വിഎസ്. ആ ആദര്‍ശശുദ്ധിയാണ് ഈ കാലഘട്ടത്തില്‍ ഏറ്റവും ആദരിക്കപ്പെടുന്നത്.
ഏറ്റെടുത്ത ജനകീയസമരങ്ങളും പോരാട്ടങ്ങളും വഴിയിലുപേക്ഷിക്കാതെ മുന്നോട്ടുകൊണ്ടുപോയ നേതാവെന്ന ഖ്യാതി ഒരുപക്ഷേ, വിഎസിനു മാത്രം അവകാശപ്പെട്ടതാണ്. ബാല്യകാലംമുതല്‍ പ്രയാസങ്ങളും അവശതകളും അദ്ദേഹത്തിന്റെ കൂടപ്പിറപ്പുകളായിരുന്നു. മാതാപിതാക്കളെ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു. ആലപ്പുഴയില്‍ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചും അവര്‍ക്കുവേണ്ടി സമരം ചെയ്തും ജയില്‍വാസം അനുഭവിച്ചും വിഎസ് മെല്ലെ തൊഴിലാളികളുടെ നേതാവായി വളര്‍ന്നു. കാര്‍ക്കശ്യവും ആരെയും കൂസാക്കാതെയുള്ള പെരുമാറ്റശൈലിയും അദ്ദേഹത്തെ തികഞ്ഞ കമ്മ്യൂണിസ്റ്റാക്കി. സജീവരാഷ്ട്രീയത്തില്‍നിന്ന് ആരോഗ്യാവശതകള്‍ കാരണം വിശ്രമജീവിതത്തിലേക്കു മടങ്ങുമ്പോഴും അദ്ദേഹം സ്വന്തം നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറായില്ല. രാഷ്ട്രീയമായി കൂടെനിന്നവരില്‍ ബഹുഭൂരിപക്ഷവും കണ്ണടച്ചു വിമര്‍ശിച്ചപ്പോഴും ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ്‌വരെ നല്‍കണമെന്നു പറഞ്ഞപ്പോഴും വിഎസ് ചിരിച്ചു. പക്ഷേ, മറുപടിക്ക് അവസരം കിട്ടിയപ്പോഴെല്ലാം കണക്കിനു പ്രഹരിക്കാനും അദ്ദേഹം മടി കാണിച്ചില്ല. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയിലും സമൂഹത്തിലും വിഎസിനെ ജനകീയനാക്കിയത് അദ്ദേഹത്തിന്റെ ഈ നിലപാടാണ്. വെള്ള ജുബ്ബയും തറയില്‍ ഇഴയുന്നതുവരെയുള്ള വെള്ളമുണ്ടും വിഎസ് ഇന്നും മാറ്റിയിട്ടില്ല. നവകേരളത്തിനായി ഇന്നത്തെ സിപിഎം സര്‍വത്ര മാറിയിട്ടും മാറ്റമില്ലാത്ത ഒന്നേ അവശേഷിക്കുന്നുള്ളൂ, അത് വിഎസ് എന്ന കനലെരിയുന്ന രണ്ടക്ഷരം മാത്രമാണ്.
വിഎസും
ഒത്തുതീര്‍പ്പില്ലാത്ത സമരവും
അദ്ദേഹത്തെ രാഷ്ട്രീയമായും അല്ലാതെയും എതിര്‍ക്കുന്നവര്‍പോലും ഒളിഞ്ഞും തെളിഞ്ഞും പറയാറുണ്ട് വിഎസ് എന്ന വാക്ക് സമരമാണ് എന്ന്. കൊടിയ പീഡനങ്ങള്‍ സഹിച്ചു ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ക്കെതിരേ നടന്ന പുന്നപ്ര - വയലാര്‍ സമരത്തിലൂടെയാണ് അച്യുതാനന്ദന്‍ സമരഭൂമിയില്‍ ആളിക്കത്തുന്നത്. 2000 ത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും വിഎസ് പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ രാഷ്ട്രീയകേരളം ആ സമരനേതൃത്വത്തിന്റെ ചൂട് നന്നായി അറിഞ്ഞതാണ്. മലകളും കുന്നുകളും വിഎസിനു സമരവേദിയായി. കടല്‍ത്തീരവും കായലോരവും കൈയേറിയവര്‍ ഭരണകൂടത്തിന്റെ കനിവിനായി ഓടിനടന്നു. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ വിഎസ് മുന്‍നിരയില്‍ നിന്നപ്പോള്‍ കേരളം പുതിയൊരു വിപ്ലവകാരിയായ ഭരണത്തലവനെ സ്വപ്‌നം കണ്ടു. സിപിഎമ്മിലെ ഒരു വിഭാഗത്തിനു തീര്‍ത്തും അനഭിമതനായി മാറിയ വിഎസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ 2005 ല്‍ പാര്‍ട്ടി സംസ്ഥാനനേതൃത്വം തയ്യാറായില്ല. എങ്ങും വിഎസ് അനുകൂലപ്രകടനങ്ങളും പ്രതിഷേധങ്ങളും ഉണ്ടായി. ഒടുവില്‍ വിഎസ് സ്ഥാനാര്‍ത്ഥിയായി. കേരളത്തിന്റെ മുഖ്യമന്ത്രിയായി.
സമരം വിഎസ് അവസാനിപ്പിച്ചില്ല. ഭരണത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ മൂന്നാര്‍ ഓപ്പറേഷന്‍ തുടങ്ങി. മണിമാളികകളുടെ നെഞ്ചത്ത് വിഎസിന്റെ ബുള്‍ഡോസര്‍ കയറിയിറങ്ങി. കൈയേറ്റക്കാര്‍ ഓടിമറഞ്ഞു. കോടതിയും സര്‍ക്കാരിനൊപ്പമായി. പക്ഷേ, ഇടുക്കിയിലെ സിപിഎമ്മിലെ മേലാളന്മാര്‍ വിഎസിനെതിരേ കലിതുള്ളി. പിന്നീടു സിപിഎമ്മിന്റെ നിര്‍ദേശപ്രകാരം വിഎസിനു തന്റെ മൂന്നാര്‍ദൗത്യം മനസ്സില്ലാമനസ്സോടെ അവസാനിപ്പിക്കേണ്ടി വന്നു. എങ്കിലും കൈയേറ്റക്കാരില്‍നിന്ന് അദ്ദേഹം ഒഴിപ്പിച്ച പതിനായിരത്തിലേറെ വരുന്ന ഹെക്ടര്‍ ഭൂമി ഇപ്പോഴും സര്‍ക്കാരിന്റെ കൈവശമുണ്ടെന്നുള്ളതാണ് ഏക ആശ്വാസം. അതിനുശേഷം ഒരു തുണ്ടു സര്‍ക്കാര്‍ഭൂമിപോലും കൈയേറ്റക്കാരില്‍നിന്നു പിടിച്ചെടുക്കാന്‍ പിന്നീടു വന്ന ഒരു സര്‍ക്കാരിനും കഴിഞ്ഞില്ലെന്നതും ചരിത്രവസ്തുതയാണ്.
വിഎസിനു പിന്നിലെ ആരവം; ജനക്കൂട്ടം
സിപിഎമ്മിലെ ഒരു നേതാവിനും ലഭിക്കാത്ത ജനപിന്തുണയും സ്‌നേഹവുമാണ് വിഎസിനു ലഭിച്ചിരുന്നത്. അതിപ്പോഴും നിലകൊള്ളുന്നൂവെന്നതാണു രാഷ്ട്രീയസത്യവും. ചിരിക്കാത്ത, പരുക്കനായ അച്യുതാനന്ദനു ലഭിച്ച ജനപിന്തുണയില്‍ ആശ്ചര്യം പ്രകടിപ്പിക്കുന്നവര്‍ ഇന്നുമുണ്ട്. ചാഞ്ചാട്ടമില്ലാത്ത രാഷ്ട്രീയനിലപാടുകളും സമരസപ്പെടാത്ത പോരാട്ടങ്ങളുമാണു വിഎസിനെ ജനകീയനാക്കിയതെന്നതാണു വസ്തുത. വിഎസ് എവിടെപ്പോയാലും അദ്ദേഹത്തിന്‍െ പ്രസംഗം കേള്‍ക്കാള്‍ ജനം കൂടും. തിരഞ്ഞെടുപ്പു പൊതുയോഗങ്ങളിലും മറ്റും വിഎസ് വന്നാല്‍ വേദിയിലേക്ക് എത്തിച്ചേരാന്‍ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ പെടാപ്പാടുപെടുന്നതു കേരളം എത്ര കണ്ടതാണ്! വിഎസിന്റെ നീട്ടിവലിച്ചുള്ള, എതിരാളികളെ അധിക്ഷേപിക്കുന്ന വാക്കുകള്‍ കാതോര്‍ക്കാന്‍ മൈതാനത്തു മരങ്ങളുടെ മുകളില്‍വരെ സാഹസികമായി ഇരിപ്പിടമുറപ്പിച്ചിരുന്ന ശ്രോതാക്കളെ സംസ്ഥാനത്തുടനീളം കണ്ടതാണ്. വിദേശത്തുനിന്നുപോലും ആളുകള്‍ വിഎസിനെ പഠിക്കാനും കാണാനും കേരളത്തില്‍ എത്തുമായിരുന്നു.
വിഎസ് എന്ന
രാഷ്ട്രീയപള്ളിക്കൂടം
സിപിഎം നേതാക്കള്‍ വലിയ ആവേശത്തോടെ പറയുന്ന ഒന്നാണ് താന്‍ വിഎസിന്റെ രാഷ്ട്രീയപള്ളിക്കൂടത്തിലാണു മാര്‍ക്‌സിസം-ലെനിനിസം അഭ്യസിച്ചതെന്ന്. വിഎസിനൊപ്പം നിന്നവര്‍ക്കും പിന്നീട് അദ്ദേഹത്തെ തള്ളിപ്പറഞ്ഞു മറുചേരിയില്‍ പക്ഷം പിടിച്ചവര്‍ക്കും ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണ്. ഒരു കേഡര്‍ എങ്ങനെ രൂപപ്പെടണമെന്നതില്‍ വിഎസിന് അപാര അറിവുണ്ടായിരുന്നു എന്നാണു പഴയ നേതാക്കളുടെ ഭാഷ്യം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല. നിര്‍ഭാഗ്യമെന്നു പറയട്ടെ, സമരം ജീവിതമാക്കിയ വിഎസിനു ശാരീരിക അവശതകള്‍മൂലം നൂറാം വയസ്സില്‍ പ്രതികരിക്കാനാകുന്നില്ലെന്നതു വിധിവൈപരീത്യം.