കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച ഇമലേരവശാെ ീള വേല ുെശൃശൗേമഹ ഘശളല എന്ന ഗ്രന്ഥത്തിന്റെ അവതാരികയെക്കുറിച്ച് ഒരു പഠനം.
കൂദാശകളിലൂടെയുള്ള മിശിഹാനുഗമനം
എല്ലാ കത്തോലിക്കാവിശ്വാസികള്‍ക്കുമായി ആധ്യാത്മികജീവിതത്തെക്കുറിച്ച് ശരിയായ ഒരവബോധം പ്രദാനം ചെയ്യുകയെന്നതാണ് ഗ്രന്ഥകാരനായ കര്‍ദിനാള്‍ റോബര്‍ട്ട് സറായുടെ ലക്ഷ്യം. ദൈവവചനാധിഷ്ഠിതമായും ഏഴു കൂദാശകളുടെ പശ്ചാത്തലത്തിലുമാണ് ഈ മൗലികഗ്രന്ഥം രചിക്കപ്പെട്ടിരിക്കുന്നത്. കൂദാശകളിലൂടെ മിശിഹായെ പിന്‍ചെല്ലുകയാണു വേണ്ടതെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. കത്തോലിക്കാവിശ്വാസം മുഴുവന്റെയും ഒരു സംഗ്രഹമാണ് ഈ ഗ്രന്ഥമെന്ന് ആരും തെറ്റുധരിക്കരുതെന്നും അതിന് 'കത്തോലിക്കാസഭയുടെ മതബോധന'വും അതിന്റെ 'സംക്ഷേപവും' ഉണ്ടെന്നും മറ്റൊന്നും അതിനു പകരമാവില്ലെന്നും കര്‍ദിനാള്‍ എടുത്തുപറയുന്നുണ്ട്.
മാനസാന്തരപ്പെടുവിന്‍
റോമന്‍ റീത്തില്‍ വിഭൂതിത്തിരുനാളില്‍ വിശ്വാസികളുടെ നെറ്റിയില്‍ കുരിശാകൃതിയില്‍ ചാരം പൂശിക്കൊണ്ട് കാര്‍മികന്‍ ഉച്ചരിക്കുന്ന വാക്കുകളാണ് 'മാനസാന്തരപ്പെട്ട് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍' (മര്‍ക്കോ. 1:1) എന്നത്. നോമ്പില്‍ മാത്രമല്ല, ജീവിതയാത്രയില്‍ മുഴുവന്‍ നിരന്തരമായ മനസ്സുതിരിവ് ആവശ്യമാണ്. ദിശ തെറ്റിയാല്‍ 'യുടേണ്‍' എടുത്ത് തിരികെ നടക്കേണ്ടവനാണ് ഓരോ ക്രൈസ്തവനും. ദൈവത്തിങ്കലേക്കാണ് അവന്റെ യാത്ര.
മരുഭൂമിയനുഭവം
ഈ ആത്മീയപ്രയാണത്തില്‍ വിലങ്ങുതടിയാകുന്ന പല കാരണങ്ങളുമുണ്ട്. ഈ തടസ്സങ്ങള്‍ ഏവയെന്നു മനസ്സിലാക്കാന്‍, ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു മരുഭൂമിയിലൂടെ വാഗ്ദത്തഭൂമിയിലേക്കു ചെയ്ത യാത്രാമധ്യേ ഉണ്ടായ കാര്യങ്ങള്‍ പരിശോധിച്ചാല്‍ മതി. മരുഭൂമിയില്‍ ദാരിദ്ര്യവും ഇല്ലായ്മയും ഏകാന്തതയും നിശ്ശബ്ദതയുമെല്ലാം അനുഭവിച്ചറിയാനാണ് ദൈവം അവരെ അവിടേക്കു നയിച്ചത്. മരുഭൂമിയിലാണ് ദൈവത്തെ ശ്രവിക്കാനുള്ള ഏകാഗ്രത ലഭിക്കുന്നത്. മനുഷ്യന്റെ ഉള്ളിലെ ശൂന്യതയിലേക്കു ചൂഴ്ന്നിറങ്ങി ദൈവത്തെയും അവിടത്തെ നിയമങ്ങളെയും സ്വായത്തമാക്കാന്‍ അവനെ സജ്ജമാക്കുന്നത് ഈ മരുഭൂമിയനുഭവമാണ്. മീഡിയയും വാര്‍ത്താപ്രളയും ഉളവാക്കുന്ന മന്ദതയില്‍നിന്നു സ്വതന്ത്രനായി ദൈവത്തെ അടുത്തനുഭവിക്കുന്ന ഇടമാണ് മരുഭൂമി.
ഇപ്രകാരം എഴുതിത്തുടങ്ങുന്ന കര്‍ദിനാള്‍ സറാ, റബ്ബിമാരുടെ ഒരു രീതി ചൂണ്ടിക്കാണിച്ചുകൊണ്ടു തുടരുകയാണ്. ഉച്ചാരണത്തില്‍ സാമ്യമുണ്ടെങ്കിലും വിഭിന്നമായ ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന രണ്ടു ഹീബ്രുപദങ്ങളാണ് 'ദബാറും' 'മിദ്ബാറും' - വാക്കും മരുഭൂമിയും (വചനം എന്ന പദമാണ് നമ്മുടെ പരിഭാഷകളില്‍). മരുഭൂമിപോലെ വിശാലവും ശൂന്യവുമായ ഹൃദയത്തിനു മാത്രമേ ജീവന്റെ വചനം സ്വീകരിക്കാനും ഉള്ളില്‍ നിലനിറുത്താനും കഴിയുകയുള്ളൂ. മരുഭൂമിയില്‍ ഹൃദയങ്ങള്‍ ശുദ്ധീകരിക്കപ്പെടുന്നു. ദൈവവുമായി സ്‌നേഹസംവേദനത്തില്‍ ഏര്‍പ്പെടുന്നു. അതുകൊണ്ടാണ് ദൈവവും ഇസ്രായേല്‍ജനവുമായുള്ള ബന്ധത്തെക്കുറിച്ചു ഹോസിയാ പ്രവാചകന്‍ 'ഞാന്‍ അവളെ വശീകരിച്ച് മരുഭൂമിയിലേക്കു നയിക്കുകയും ഞാനവളുടെ ഹൃദയത്തോടു സംസാരിക്കുകയും ചെയ്യും' (ഹോസിയാ 2:14) എന്നെഴുതുന്നത്. അതേസമയം, മരുഭൂമി സഹനത്തിന്റെയും പരീക്ഷണങ്ങളുടെയും ആത്മീയപോരാട്ടങ്ങളുടെയും പവിത്രീകരണത്തിന്റെയും ഇടമാണ്. ''വെള്ളിയെന്നപോലെ ഞാന്‍ അഗ്നിശുദ്ധിവരുത്തും. സ്വര്‍ണം മൂശയിലെന്നപോലെ ശുദ്ധീകരിക്കും'' (സഖറിയ 13:9).
ക്രൈസ്തവജീവിതം ഒരു യാത്രയാണ്. അതില്‍ സഹനങ്ങളും പരീക്ഷണങ്ങളും അതിജീവിച്ചു മുന്നേറണം. വിശുദ്ധിയിലാണു മുന്നേറേണ്ടത്. നിശ്ചലമായാല്‍ പിന്നോട്ടുപോകും. ക്രൈസ്തവജീവിതമാണ് പിന്നോട്ടടിക്കുന്നത്. ദൈവസ്‌നേഹാഗ്നി ജ്വലിച്ചുനില്ക്കണമെങ്കില്‍, അടുപ്പില്‍ വിറകെന്നപോലെ, ആത്മീയസുകൃതങ്ങള്‍ ജീവിതത്തില്‍ പരിപോഷിപ്പിക്കണം. വിശുദ്ധ ആഗസ്തീനോസിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്: ''ഇതുമതി എന്നു നീ പറഞ്ഞാല്‍, നീ തീര്‍ന്നു. നിരന്തരം മുന്നേറുക, എപ്പോഴും പുരോഗമിക്കുക. ഒരു സ്ഥലത്തുതന്നെ സ്ഥിരമായി നില്ക്കരുത്. പിന്നോട്ടു പോകരുത്. വഴിമാറി നടക്കരുത്'' (ടലൃാീി 169, 15).
പഴയ ഉടമ്പടിയിലെ 'പുറപ്പാടു'പോലെ പുതിയ ഉടമ്പടിയില്‍ ഏഴു കൂദാശകള്‍ മുന്നോട്ടുവയ്ക്കുന്ന ആത്മീയതീര്‍ത്ഥാടനം നമ്മുടെ ജീവിതങ്ങളെ ലക്ഷ്യത്തിലെത്തിക്കും. കര്‍ദിനാള്‍ സറാ ഈ ഭാഗം ഉപസംഹരിക്കുന്നത് ഇപ്രകാരമാണ്: ''കൂദാശകള്‍ അവയുടെ ആഴമായ അര്‍ത്ഥത്തിലും പുതുജീവന്‍ പ്രദാനം ചെയ്യാനുള്ള ദൈവശക്തിയിലുള്ള വിശ്വാസത്തിലും ജീവിക്കുകയാണു വേണ്ടത്. മരുഭൂമിയിലേക്കു ദൈവാരൂപിയാല്‍ നയിക്കപ്പെട്ട്, പുതുതായി ചാവുകടല്‍ കടന്ന് അവിടുന്നുമായി പുതിയ ഉടമ്പടി ഉറപ്പിക്കുകയാണ്'' (പേജ് - 11).
വിശ്വാസത്തിന്റെ വെളിച്ചത്തില്‍
മനുഷ്യനേറ്റവും ഉള്ളിന്റെയുള്ളില്‍ ദൈവവുമായുള്ള ഉറ്റബന്ധമാകുന്ന പാറമേലാണ് അവന്‍ ജീവിതം പടുത്തുയര്‍ത്തേണ്ടത്. ഈ അടിസ്ഥാനശിലയാണ് വിശ്വാസം. കാഴ്ചയ്ക്കു പ്രകാശമെന്നപോലെ ദൈവത്തെ പ്രാപിക്കാന്‍ വിശ്വാസം എന്ന മഹാദാനം അനിവാര്യമാണ്. കുരിശിന്റെ വിശുദ്ധ യോഹന്നാന്‍ പറയുന്നതുപോലെ, ''വിശ്വാസം ദൈവത്തെത്തന്നെയാണു നല്കുന്നത്'' (പേജ് 12).
ലോകത്തിന്റെ ജീര്‍ണത
ഇപ്രകാരമുള്ള വിശ്വാസത്തോടെ വീക്ഷിക്കുമ്പോള്‍ ലോകത്തെ ദൈവം കാണുന്നതുപോലെ ദര്‍ശിക്കാന്‍ വിശ്വാസിക്കു കഴിയും. അവിടെയാണ് ലോകത്തിന്റെ ശത്രുതയ്ക്ക് അവന്‍ ഇരയാകുന്നത്. അത് ഇപ്പോഴും പ്രസക്തമാണ്. അന്നു ഞങ്ങളുടെ നിയമങ്ങളും പാരമ്പര്യങ്ങളും നീ ലംഘിക്കുന്നെന്നു കര്‍ത്താവിനോടു പറഞ്ഞവരെപ്പോലെ പ്രതികരിക്കുന്നവര്‍ ഇന്നുമുണ്ട്. വിവാഹമോചനം, ഭ്രൂണഹത്യ, ദയാവധം, സ്വവര്‍ഗരതി, പുരുഷനു 'സ്ത്രീയായും' സ്ത്രീക്കു 'പുരുഷനായും' ശസ്ത്രക്രിയയിലൂടെയും ഹോര്‍മോണ്‍ കുത്തിവയ്പിലൂടെയും മാറാനുള്ള ശ്രമങ്ങള്‍ എന്നിവയൊക്കെ അവകാശമെന്നു ശഠിക്കുന്നവരോട് കാരുണ്യത്തോടും സ്‌നേഹത്തോടുംകൂടി 'ഇതു ദൈവത്തിന്റെ പദ്ധതിക്കു വിരുദ്ധമാണെന്ന്' പഠിപ്പിക്കുന്ന കത്തോലിക്കാസഭയെ അവര്‍ വെറുക്കുന്നു.' ''നീതിമാനെ നമുക്കു പതിയിരുന്നാക്രമിക്കാം. അവന്‍ നമുക്കു ശല്യമാണ്. അവന്‍ നമ്മുടെ പ്രവൃത്തികളെ എതിര്‍ക്കുന്നു... അവനെ കാണുന്നതു തന്നെ നമുക്കു ദുസ്സഹമാണ്...'' (ജ്ഞാനം 2:12-15).
കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നു: ''ശാസ്ത്രം അഗാധമായ ജീര്‍ണത കാരണം മനുഷ്യന്റെ വൈകൃതങ്ങള്‍ക്കും അധര്‍മങ്ങള്‍ക്കുംവേണ്ടിയുള്ള ഉപാധിയായി മാറുന്നു'' (പേജ് 13).
പ്രാര്‍ത്ഥന വിശുദ്ധകുര്‍ബാന
ഈ ഗ്രന്ഥത്തില്‍ പ്രാര്‍ത്ഥനയെയും വിശുദ്ധകുര്‍ബാനയെയുംകുറിച്ച് സുദീര്‍ഘമായി പ്രതിപാദിക്കുമെന്നു കര്‍ദിനാള്‍ ആമുഖത്തില്‍ എടുത്തുപറയുന്നുണ്ട്. ഒരു ക്രിസ്ത്യന്‍സമൂഹത്തിന്റെ വിശ്വാസദീപം അണഞ്ഞുപോകുന്നതു വിശുദ്ധകുര്‍ബാനയിലെ യഥാര്‍ത്ഥസാന്നിധ്യം വിശ്വസിക്കാത്തപ്പോഴാണെന്നു ഗ്രന്ഥകാരന്‍ പ്രത്യേകം നിരീക്ഷിക്കുന്നു.
പുരോഹിതര്‍ ദൈവവചനത്തിനായുള്ള ദൈവജനത്തിന്റെ ദാഹം അവഗണിച്ചുകൊണ്ട് സാമൂഹികരാഷ്ട്രീയകാര്യങ്ങളെക്കുറിച്ചു പ്രസംഗിച്ചാല്‍ പോരെന്ന് രൂക്ഷമായ ഭാഷയില്‍ കര്‍ദിനാള്‍ എഴുതുന്നു.
ലൈംഗികധാര്‍മികതയെ സംബന്ധിച്ച് സഭയുടെ നിലപാടുകള്‍ ആധുനികലോകത്തെ ചിന്താഗതികള്‍ക്കനുസൃതം പൊളിച്ചെഴുതണമെന്നു പറയുന്ന ഉന്നതസഭാധികാരികളോട് അദ്ദേഹം ചോദിക്കുന്നു: ''എന്നുമുതലാണ് ദൈവവചനത്തിനും സഭാപ്രബോധനങ്ങള്‍ക്കും പകരം സോഷ്യോളജി സഭാപഠനങ്ങളുടെ അടിസ്ഥാനപ്രമാണമായത്?'' (പേജ്. 17).
വ്യക്തിഗതമായ ലൈംഗികസുഖാന്വേഷണം മാത്രമായി ജീവിതത്തെ കാണുന്ന സുഖഭോഗവാദികള്‍ക്കായി വിട്ടുവീഴ്ചകള്‍ പാടില്ല. ''ആകാശവും ഭൂമിയും കടന്നുപോകും, എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോകുകയില്ല'' (മത്താ. 24:35). ജര്‍മന്‍സഭ ഏര്‍പ്പെട്ടിരിക്കുന്ന സിനഡല്‍പാത അപകടകരവും വിചിത്രവുമാണെന്ന് അദ്ദേഹം തുറന്നുപറയുന്നു. സത്യവിശ്വാസം ബലികഴിച്ചിട്ടല്ല സഭയുടെ തിരോധാനത്തെ പ്രതിരോധിക്കേണ്ടത്. ദൈവത്തിന്റെ മഹനീയപ്രസാദവരത്തിലാണ് നമ്മള്‍ ആശ്രയിക്കേണ്ടത്.
കാല്‍വരിയിലെ കുരിശിന്‍ചുവട്ടില്‍ ജന്മംകൊണ്ട ദൈവത്തിന്റെ വിശുദ്ധസഭ, പാപികളായ നമ്മള്‍ അതിനെ എത്ര വികൃതമാക്കിയാലും, ലോകാന്ത്യംവരെ പരിശുദ്ധയും വിമലയുമായി നമ്മോടൊപ്പമുള്ള ഉത്ഥിതന്‍ സംരക്ഷിക്കും.
വിശുദ്ധിയില്‍ വളരാന്‍ അമലോദ്ഭവമാതാവിന്റെ നിരന്തരസഹായം നമുക്കുണ്ടെന്ന വാക്കുകളോടെയാണ് ഈ അവതാരിക അവസാനിക്കുന്നത്.
(തുടരും)