കുറച്ചുനാളായി വെള്ളിയാഴ്ചകളില്‍ ദീപനാളം കൈയില്‍ കിട്ടാന്‍ ഞാന്‍ കാത്തിരിക്കുമായിരുന്നു. വി. ദേവസഹായംപിള്ളയുടെ ജീവിതകഥയെ ആധാരമാക്കി ശ്രീ ഗിരീഷ് കെ. ശാന്തിപുരം എഴുതിത്തുടങ്ങിയ നോവലാണ് എന്നെ ദീപനാളത്തോട് പ്രത്യേകമായി അടുപ്പിച്ചത്.
വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കഥകളും നോവലുകളും ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍, മറ്റു വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയതോടെ ശ്രദ്ധ അവയിലേക്കു തിരിക്കുകയും നോവല്‍വായന പൂര്‍ണമായും നിറുത്തുകയും ചെയ്തു. അങ്ങനെയിരിക്കേയാണ് ഗിരീഷ് ശാന്തിപുരത്തിന്റെ 'അഗസ്ത്യായനം' ദീപനാളത്തില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെപ്പറ്റിയാണ് നോവല്‍ പ്രതിപാദിക്കുന്നതെന്നു മനസ്സിലായതോടെയാണ് ഞാന്‍ വായന ആരംഭിച്ചത്. ഗിരീഷ് കെ. ശാന്തിപുരം എന്ന തൂലികാനാമത്തില്‍ നോവലെഴുതിയ ശ്രീ വി.പി. മാത്യൂസ് ആരെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. അഗസ്ത്യായനം എന്ന നോവലിലെ പ്രതിപാദനരീതി എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. വി. ദേവസഹായത്തെപ്പറ്റിയുള്ള നോവലും മനോഹരമായിരിക്കുമെന്ന് ഞാന്‍ ന്യായമായി പ്രതീക്ഷിക്കുകയും ചെയ്തു.
മൂന്നു നൂറ്റാണ്ടുമുമ്പ് തെക്കന്‍തിരുവിതാംകൂറിലെ ഒരജ്ഞാതസങ്കേതത്തില്‍ ജീവിക്കുകയും ക്രൈസ്തവമതം സ്വീകരിച്ചതുകൊണ്ട് ദാരുണമായി കൊല്ലപ്പെടുകയും ചെയ്ത ഒരാള്‍ എന്നതില്‍ക്കൂടുതലായി വി. ദേവസഹായത്തെപ്പറ്റി എനിക്ക് അധികമൊന്നും അറിഞ്ഞുകൂടായിരുന്നു. പക്ഷേ, ഗിരീഷിന്റെ നോവല്‍ വി. ദേവസഹായത്തെപ്പറ്റി ഒട്ടേറെ കാര്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നു. (ഇതൊരു ജീവചരിത്രമല്ലാത്തതുകൊണ്ട് നോവലിസ്റ്റ് തന്റേതായ രചനാരീതി കുറെയൊക്കെ ഇതില്‍ സ്വീകരിച്ചിട്ടുണ്ടായിരിക്കും.)
മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ സേനാവ്യൂഹത്തിലെ ഒരംഗവും താന്‍ ഏറ്റവുമധികം സ്‌നേഹിച്ചിരുന്നവനുമായ ആ പടയാളി ക്രിസ്തുമതം സ്വീകരിച്ചുവെന്ന് അറിഞ്ഞപ്പോള്‍ അതു വിശ്വസിക്കാന്‍തന്നെ രാജാവിനു മനസ്സുവന്നില്ല. ജാതിവ്യവസ്ഥ കൊടികുത്തിവാണിരുന്ന ആ കാലത്ത് ബ്രാഹ്‌മണന്മാര്‍ ദേവസഹായംപിള്ളയ്ക്കു ശത്രുക്കളായിത്തീര്‍ന്നു. ക്രിസ്തുമതത്തെ നീചമതമെന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ദേവസഹായത്തെ പുതിയ മതവിശ്വാസത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ മോഹനവാഗ്ദാനങ്ങള്‍കൊണ്ടു സാധ്യമല്ലെന്നു ബോധ്യംവന്ന അധികാരികള്‍ അതികഠിനമായ പീഡനത്തിന് അദ്ദേഹത്തെ വിധേയനാക്കി. ആദിമനൂറ്റാണ്ടുകളില്‍ റോമില്‍നടന്ന മതപീഡനങ്ങളോടു സദൃശ്യമായ ഘോരപീഡനങ്ങളിലൂടെ അദ്ദേഹത്തിനു കടന്നുപോകേണ്ടിവന്നു. പേക്ഷ, ദേവസഹായത്തെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അദ്ദേഹം ക്രിസ്തുമതത്തിലുള്ള തന്റെ വിശ്വാസം കാത്തുസൂക്ഷിക്കുക മാത്രമല്ല, അനേകരെ സത്യവിശ്വാസത്തിലേക്കു കൊണ്ടുവരികയും ചെയ്തു. ധീരനായ ഒരു മിഷനറിയായിരുന്നു വി. ദേവസഹായം. മലമേല്‍ ഉയര്‍ത്തിയ ദീപംപോലെയായിരുന്നു ആ വിശ്വാസം. ഈ രംഗങ്ങളെല്ലാം വളരെ തന്മയത്വത്തോടെയാണ് നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.
ഭാരതത്തിലെ അല്മായരുടെയിടയില്‍നിന്ന് ഉയര്‍ന്നുവന്ന ധീരനായ ഈ മിഷനറിയെ, രക്തസാക്ഷിയെ അനുവാചകര്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നതിന് ശ്രീ ഗിരീഷ് കെ. ശാന്തിപുരം നൂറു ശതമാനവും വിജയിച്ചിട്ടുണ്ടെന്നു പറയാന്‍ കഴിയും. നോവലിസ്റ്റിനും നോവല്‍ പ്രസിദ്ധീകരിച്ച ദീപനാളത്തിനും അഭിനന്ദനങ്ങള്‍!