ഈയിടെ, എസ്.സി.ഇ.ആര്‍.ടി. നടത്തിയ സര്‍വേയില്‍ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥികളില്‍ 56 ശതമാനത്തിനും എഴുത്തും വായനയും വശമില്ല എന്നു കണ്ടതായി പറയുന്നു. എന്നാല്‍, പത്താം ക്ലാസുകാരുടെപോലും സ്ഥിതി വ്യത്യസ്തമല്ല എന്നതാണു പരമാര്‍ത്ഥം. കൃത്യമായ പഠനത്തിനുശേഷമാണ് ഞാന്‍ ഇതു പറയുന്നത്.
എന്റെ പരിശീലനവലയത്തിലുണ്ടായിരുന്ന ഒരു സംഘം കുട്ടികളുടെ വായന ഞാന്‍ ശ്രദ്ധിച്ചു. അഞ്ചുമുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന സമര്‍ത്ഥരായ കുട്ടികള്‍. പരീക്ഷയില്‍ മിക്കവാറും 'ഫുള്‍ എ പ്ലസ്'. അവര്‍ക്കു മലയാളത്തിനും എ പ്ലസാണ്. പക്ഷേ, മലയാളം വായിക്കാനറിഞ്ഞുകൂടാ! എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്നറിയാന്‍ അവരെക്കൊണ്ടു മലയാളഭാഷയുടെ അക്ഷരങ്ങള്‍ എഴുതിച്ചുനോക്കി. അക്ഷരങ്ങള്‍ ഇനം തിരിച്ചു കൃത്യമായി എഴുതാന്‍ അറിയാവുന്ന ഒരു കുട്ടിപോലുമില്ലായിരുന്നു! പിന്നീട് നൂറോളം കുട്ടികളുടെ ഇടയില്‍ ഈ പരീക്ഷണം നടത്തിയപ്പോഴും ഫലം ഇതുതന്നെയായിരുന്നു. ഇങ്ങനെ പലഘട്ടങ്ങളിലായി അഞ്ഞൂറോളം കുട്ടികളുടെ ഇടയില്‍ ഈ പരീക്ഷണം നടത്തി. ഭാഷയുടെ കുറെ അക്ഷരങ്ങള്‍ എഴുതുന്നു എന്നല്ലാതെ ഭൂരിഭാഗം കുട്ടികള്‍ക്കും മലയാളത്തിന്റെ അക്ഷരങ്ങള്‍ ശരിക്കും അറിഞ്ഞുകൂടാ എന്നെനിക്കു ബോധ്യപ്പെട്ടു. ഉച്ചാരണമാകട്ടെ, അതിദയനീയവും!
കാരണം തേടിയുള്ള പ്രയാണം
എന്താണിതിന്റെ കാരണം എന്നറിയാന്‍ കോളജിലെ മലയാളം പ്രൊഫസര്‍മാരോടു ചോദിച്ചപ്പോള്‍ അവര്‍ പറയുന്നത്, പിജിക്ക് മലയാളം ഐച്ഛികമായി എടുത്തുവരുന്ന കുട്ടികളെപ്പോലും അക്ഷരങ്ങള്‍ വര്‍ഗീകരിച്ചു പഠിപ്പിച്ചിട്ടാണു പാഠഭാഗങ്ങള്‍ ആരംഭിക്കുന്നത് എന്നാണ്. ഇതിനുത്തരവാദികള്‍ സ്‌കൂള്‍ ടീച്ചേഴ്‌സാണ് എന്നു പറഞ്ഞ് അവര്‍ ഒഴിഞ്ഞു. ഹൈസ്‌കൂളുകാര്‍ക്കും പറയാനുള്ളത് കുട്ടികള്‍ക്ക് അക്ഷരമറിയില്ല എന്നാണ്. അവര്‍ പ്രൈമറി അധ്യാപകരെ പഴിചാരി രക്ഷപ്പെടുന്നു. അവസാനം ഒന്നാം ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകരോടു ചോദിച്ചപ്പോഴാണ്, ഞെട്ടിക്കുന്ന വിവരം അറിയുന്നത്; ഒന്നാം ക്ലാസിലെ പാഠപുസ്തകത്തില്‍ അക്ഷരമാല ഇല്ല എന്ന്! ഒന്നിലില്ലെങ്കില്‍ ഏതെങ്കിലും ക്ലാസിലെ പാഠപുസ്തകത്തില്‍ അക്ഷരമാല ചേര്‍ത്തിട്ടുണ്ടോ എന്നറിയാന്‍ ഒന്നുമുതല്‍ പത്തുവരെയുള്ള പാഠപുസ്തകങ്ങള്‍ വാങ്ങി പരിശോധിച്ചു; ഒരിടത്തും അക്ഷരമാല ഇല്ല!
അമ്മമലയാളം അത്യാസന്നനിലയില്‍!
2018 നവംബര്‍ മാസം ഒന്നാം തീയതി(കേരളപ്പിറവിദിനം)യിലെ പത്രങ്ങളിലെല്ലാം മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കളും സാംസ്‌കാരികനായകരും കുഞ്ഞുങ്ങളെ മടിയിലിരുത്തി അക്ഷരമെഴുതിക്കുന്ന പടം കണ്ടു. ഈ കുഞ്ഞുങ്ങളാണല്ലോ ഭാവിയില്‍ അക്ഷരമറിയാതെ സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത് എന്നോര്‍ത്തുപോയി. 'അമ്മമലയാളം അത്യാസന്നനിലയില്‍' എന്ന പേരില്‍ ദീപികയില്‍ ഞാനൊരു ഹാസ്യകഥ എഴുതി. അക്ഷരമാല തേടിയുള്ള പ്രയാണത്തോടൊപ്പം, ദീപികയിലും ദീപനാളം വാരികയിലും പല ലേഖനങ്ങളുമെഴുതി.
മാതൃഭാഷാപോഷകസന്നദ്ധസമിതി
അക്ഷരമാല തിരികെക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 'മാതൃഭാഷാപോഷകസന്നദ്ധസമിതി' എന്ന പേരില്‍ ഒരു സമിതി രൂപവത്കരിച്ചു പ്രവര്‍ത്തനങ്ങളാരംഭിച്ചു. ജനങ്ങളുടെയിടയില്‍ ഒരവബോധം സൃഷ്ടിക്കാന്‍ ഇതു സഹായകമായി. അധ്യാപകര്‍ക്കും കുട്ടികള്‍ക്കുംവേണ്ടി ബോധവത്കരണപരിപാടികള്‍ സംഘടിപ്പിച്ചു. 'അക്ഷരമാല', 'അക്ഷരക്കൂട്ട്' മുതലായ ചിത്രീകരണങ്ങള്‍ ആകര്‍ഷകമായി ഡിസൈന്‍ ചെയ്ത്, കുട്ടികള്‍ക്കു സൗജന്യമായി വിതരണം ചെയ്തു. അതോടൊപ്പം, അക്ഷരക്കുടുക്ക എന്ന ലഘുഗ്രന്ഥവും ഉച്ചാരണസഹായി എന്ന പേരില്‍ ഒരു ദൃശ്യശ്രാവ്യാവിഷ്‌കരണവും അക്ഷരബോധനപരിപാടിയുടെ ഭാഗമായി ഞാന്‍ പ്രസിദ്ധീകരിച്ചു. കൂടാതെ, പ്രസംഗസഹായി, പെരുമാറ്റമര്യാദ എന്നീ കൈപ്പുസ്തകങ്ങളും പ്രസാധനം ചെയ്തു.
സമാന്തരമായി, 'പ്രൈമറിതല സമഗ്രസാക്ഷരതായത്‌നം' എന്ന ഒരു പ്രോജക്ടിന്റെ പ്രവര്‍ത്തനവും ആരംഭിച്ചു. പതിനഞ്ചിന കര്‍മപരിപാടികളായിരുന്നു അതിലുള്‍പ്പെടുത്തിയിരുന്നത്. പരമ്പരാഗതരീതിയില്‍ ഒന്നാംക്ലാസ്സില്‍ത്തന്നെ കുട്ടികളെ അക്ഷരങ്ങള്‍ പഠിപ്പിക്കുക, എഴുതുന്നതോടൊപ്പം ശരിയായ ഉച്ചാരണപരിശീലനവും നല്കുക, എല്ലാ കുട്ടികള്‍ക്കും ആകര്‍ഷകമായി ലേ ഔട്ട് ചെയ്തു മനോഹരമാക്കിയ അക്ഷരമാല ചാര്‍ട്ട് നല്കുക, വീട്ടില്‍ പ്രധാന സ്ഥലത്ത് അത് തൂക്കിയിടുക, സ്‌കൂളിലെ എല്ലാ ക്ലാസ്സുമുറികളിലും അക്ഷരമാലാചാര്‍ട്ടു സ്ഥാപിക്കുക, സ്‌കൂളിന്റെ പ്രവേശനകവാടത്തില്‍ അക്ഷരമാലാഫലകം സ്ഥാപിക്കുക മുതലായവയായിരുന്നു കര്‍മപരിപാടികള്‍.
അഞ്ചു വിദ്യാലയങ്ങള്‍ ഈ പ്രോജക്ട് നടപ്പാക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചു. മേല്പറഞ്ഞ പഠനോപാധി(ഠലമരവശിഴ ീേീഹ)െകളെല്ലാം തിരഞ്ഞെടുക്കപ്പെട്ട ഈ വിദ്യാലയങ്ങള്‍ക്കു ഞാന്‍ സൗജന്യമായി നല്കി. അധ്യാപകരും കുട്ടികളും വളരെ ആവേശത്തോടെയാണു പരിപാടികളില്‍ വ്യാപൃതരായത്. രക്ഷാകര്‍ത്താക്കളുടെ നിര്‍ലോപമായ സഹകരണവും ലഭിച്ചതിനാല്‍, ഓണ്‍ലൈന്‍ ക്ലാസ്സുകളായിരുന്നിട്ടുപോലും, അഞ്ഞൂറോളം കുരുന്നുകള്‍ ഒന്നാം സെമസ്റ്റര്‍ അവസാനത്തോടെ അക്ഷരപരിചയം നേടി.
തിരസ്‌കരണപരമ്പര
ജനങ്ങളുടെയും ഭരണാധികാരികളുടെയും ശ്രദ്ധയില്‍ ഈ വിഷയം അവതരിപ്പിക്കുന്നതിനുവേണ്ടി ലേഖനങ്ങളെഴുതി മുഖ്യധാരാപത്രങ്ങള്‍ക്കൊക്കെ അയച്ചുകൊടുത്തെങ്കിലും പ്രതികരണം പ്രതികൂലമായിരുന്നു. മംഗളം ദിനപത്രം ഒരു നിയോഗംപോലെ ഏറ്റെടുത്ത് എനിക്കു ശക്തമായ പിന്തുണ നല്കി. മംഗളത്തിലെ സീനിയര്‍ എഡിറ്റര്‍ ശ്രീ രാജു മാത്യു ഇക്കാര്യത്തില്‍ സാഹസികമായ ഇടപെടലുകള്‍തന്നെ നടത്തി. ഞാന്‍ ഒരു ലേഖനപരമ്പര മംഗളത്തിലെഴുതി.
ലേഖനങ്ങള്‍ - കത്തുകള്‍ - നിവേദനങ്ങള്‍
അക്ഷരങ്ങളുടെയും അക്ഷരമാലയുടെയും പ്രസക്തിയും പ്രാധാന്യവും സമഗ്രമായി പഠിച്ചെഴുതിയവയായിരുന്നു അവയെല്ലാം. ഭാഷാസ്‌നേഹികള്‍ അഭിനന്ദിച്ചും നന്ദിപറഞ്ഞും എന്നെ വിളിക്കാന്‍ തുടങ്ങി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, വിദ്യാഭ്യാസവകുപ്പ് എന്നിവിടങ്ങളിലേക്കെല്ലാം ഞാന്‍ കത്തുകളയച്ചു തുടങ്ങി. അതുപിന്നെ, നിവേദനങ്ങളായി മാറി. മറുപടിയൊന്നും ലഭിച്ചില്ല. ഈ രേഖകളെല്ലാം അവിടങ്ങളില്‍ എത്താതെപോയതാണോ എന്നറിയാന്‍ ഫോണ്‍വിളി തുടങ്ങി. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിലും വിളിച്ചു. ഒരു മാര്‍ഗവും കാണാതെ വന്നപ്പോള്‍ സ്ഥലം എം.എല്‍.എ. ശ്രീ മാണി സി. കാപ്പന്‍വഴി ഒരു നിവേദനം അന്നത്തെ പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനു നല്കി. അദ്ദേഹത്തിന്റെ പ്രതികരണം വളരെപ്പെട്ടെന്നായിരുന്നു. പൊതുവിദ്യാഭ്യാസസെക്രട്ടറിക്ക് തുടര്‍നടപടികള്‍ക്കായി നിവേദനം കൈമാറിയിട്ടുണ്ട് എന്നു കാണിച്ചുകൊണ്ടുള്ള മന്ത്രിയുടെ രേഖാമൂലമുള്ള അറിയിപ്പു കിട്ടി. 23/09/2020 ലാണ് എം.എല്‍.എ. വശമുള്ള മറുപടി ലഭിച്ചത്.
നിര്‍ണായകനിവേദനം
അതിനിടെ തിരഞ്ഞെടുപ്പു വന്നു, സര്‍ക്കാര്‍ മാറി, മന്ത്രിയും മാറി. നഷ്ടശരണനാകാതെ, ബഹു. മന്ത്രി റോഷി അഗസ്റ്റിന്‍വഴി പൊതുവിദ്യാഭ്യാസമന്ത്രി ശ്രീ ശിവന്‍കുട്ടിക്ക് ~ഒരു നിവേദനം നല്കി. ശ്രീ റോഷി അഗസ്റ്റിന്‍ നേരിട്ട് എന്റെയടുത്തുവന്ന് നിവേദനവും അനുബന്ധരേഖകളും കൈപ്പറ്റിയെന്ന കാര്യം എടുത്തുപറയട്ടെ. പ്രസ്തുത നിവേദനത്തിനുള്ള മറുപടി എസ്.സി.ഇ.ആര്‍.ടിയില്‍നിന്നാണു ലഭിച്ചത്. നിവേദനം പരിഗണനയ്‌ക്കെടുത്തിട്ടുണ്ടെന്നും പാഠപുസ്തകപരിഷ്‌കരണം നടത്തുന്ന വേളയായതിനാല്‍ പഠനസമിതി നിവേദനം പരിഗണിക്കുമെന്നും പറഞ്ഞായിരുന്നു മറുപടി. 05.08.2021 ലാണു മറുപടി ലഭിക്കുന്നത്.
അക്ഷരമാല വിട്ടുപോയതല്ല
വിട്ടുകളഞ്ഞതാണ്!
മൂന്നുകൊല്ലത്തെ ഭഗീരഥപ്രയത്‌നത്തിന്റെയവസാനമാണ് അക്ഷരമാല പാഠപുസ്തകത്തിലില്ലെന്നും അതു വിട്ടുപോയതല്ല, വിട്ടുകളഞ്ഞതാണെന്നും മനസ്സിലാക്കുന്നത്! അക്ഷരം നീക്കം ചെയ്യാന്‍ ശുപാര്‍ശ നല്കിയ പണ്ഡിതന്മാര്‍ ആരെന്ന ചോദ്യം ഉന്നയിച്ചുകൊണ്ടായിരുന്നു പിന്നീട് ലേഖനമെഴുതിയതും കത്തുകളയച്ചതും. എന്നാല്‍, ഏതെങ്കിലും ഒരു മനഃശാസ്ത്രജ്ഞന്റെയോ വിദ്യാഭ്യാസവിചക്ഷണന്റെയോ ഭാഷാപണ്ഡിതന്റെയോപോലും മേല്‍വിലാസം ലഭിച്ചില്ല.
സമരം നയിക്കാന്‍ ദ്രോണാചാര്യര്‍
അക്ഷരം നീക്കം ചെയ്യാന്‍ ഉപദേശം നല്കിയ പണ്ഡിതന്മാരാരെങ്കിലും കേരളത്തിലുണ്ടോ എന്നറിയാന്‍ ഞാന്‍ നേരിട്ട് അന്വേഷണം തുടങ്ങി. അപ്പോഴാണ് ഡോ. വി.ആര്‍. പ്രബോധചന്ദ്രന്‍നായരെപ്പറ്റി വിവരം ലഭിക്കുന്നത്. അദ്ദേഹം ഭാഷാശാസ്ത്രജ്ഞനും വിദ്യാഭ്യാസവിചക്ഷണനുമാണ്. അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചു. വിളിച്ചാല്‍ അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് ഉള്ളില്‍ ഭീതി...! മേല്പറഞ്ഞ പണ്ഡിതന്മാരുടെ ഗണത്തില്‍പ്പെട്ട ആളാണോ അദ്ദേഹം എന്നു ഞാന്‍ സംശയിച്ചു... ഏതായാലും, ഞാന്‍ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പരില്‍ വിരലമര്‍ത്തി. ''ആരാണ്?'' ഘനഗംഭീരമായ ശബ്ദം! ഞാന്‍ വല്ലാതൊന്നു പരുങ്ങി. ''ഒരു മിനിറ്റ് ഞാനങ്ങയോട് ഒന്നു സംസാരിച്ചുകൊള്ളട്ടേ.'' ഉടന്‍ വന്ന മറുപടി: ''പിന്നെന്താ?'' ഒരാശ്വാസം! ഞാന്‍ പറഞ്ഞു, ''സാര്‍, ഞാന്‍ പാലായില്‍നിന്നുള്ള ഒരു വൈദികനാണ്. മലയാളപാഠാവലിയില്‍ ഒരിടത്തും അക്ഷരമാലയില്ല...'' ''ഇതാരു പറഞ്ഞു?'' അദ്ദേഹത്തിന്റെ സ്വരമുയര്‍ന്നു. ഞാന്‍ പറഞ്ഞു: ''ഒന്നുമുതല്‍ പത്തുവരെയുള്ള പാഠാവലികള്‍ മുഴുവന്‍ ഞാന്‍ പരിശോധിച്ചശേഷമാണിതു പറയുന്നത്. ഇക്കാര്യം പറഞ്ഞുകൊണ്ട് പല ലേഖനങ്ങളും ഞാനെഴുതി, കത്തുകളും നിവേദനങ്ങളുമയച്ചു. അവസാനം എസ്.സി.ഇ.ആര്‍.ടി. യില്‍നിന്നു മറുപടിയും കിട്ടി. പണ്ഡിതന്മാരുടെ തീരുമാനപ്രകാരം ഒഴിവാക്കിയതാണിതെന്നാണു മറുപടിയില്‍ പറയുന്നത്...'' വാചാലമായ മൗനം... തന്നാല്‍ പറ്റുന്നതെല്ലാം ചെയ്യാമെന്ന് അദ്ദേഹം എനിക്കുറപ്പുതന്നു! ദേശീയ അന്തര്‍ദേശീയതലങ്ങളില്‍ പതിറ്റാണ്ടുകളായി കത്തിജ്വലിച്ചുനില്ക്കുന്ന ആ വലിയ മനുഷ്യന്റെ പിന്തുണയും അനുഗ്രഹവും പ്രദാനം ചെയ്ത ഊര്‍ജം എനിക്കു വലിയ ശക്തിയായി. അദ്ദേഹം ഒരു സര്‍വകലാശാലയാണ്; അദ്ദേഹത്തിന്റെ വീട് മറ്റൊരു സര്‍വകലാശാലയും! അക്ഷരസമരത്തിന്റെ അമരത്ത് അദ്ദേഹത്തെ പ്രതിഷ്ഠിച്ചുകൊണ്ടായിരുന്നു പിന്നീടുള്ള പ്രയാണം. കുരുക്ഷേത്രയുദ്ധത്തില്‍ ദ്രോണാചാര്യരെപ്പോലെ അദ്ദേഹം ഈ സമരത്തിന് ഊര്‍ജം പകര്‍ന്നുതന്നു. ഈടുറ്റ രണ്ടു ലേഖനങ്ങള്‍ അദ്ദേഹം എഴുതിത്തന്നു; അതു മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
'തരംഗങ്ങളില്‍'
ഈയവസരത്തില്‍ (2021 ഓഗസ്റ്റ്) 'അടിത്തറയിളകിയ ശ്രേഷ്ഠഭാഷ' എന്ന തലക്കെട്ടില്‍, മലയാളമനോരമയ്ക്ക് ഞാന്‍ ഒരു ലേഖനം അയച്ചുകൊടുത്തു. കൂടാതെ, മനോരമയില്‍ ചീഫ് എഡിറ്റര്‍ ശ്രീ ജോസ് പനച്ചിപ്പുറത്തിനെ ഫോണില്‍ ബന്ധപ്പെട്ടു സംസാരിക്കുകയും ഭാഷയുടെ ദയനീയാവസ്ഥ അറിയിക്കുകയും ചെയ്തു. അദ്ദേഹം ആ ലേഖനം പ്രസിദ്ധീകരിച്ചെന്നുമാത്രമല്ല, 'തരംഗങ്ങളില്‍' എന്ന പംക്തിയിലൂടെ പ്രതികരിക്കാനും തുടങ്ങി.
അദ്ദേഹം നര്‍മവും ഹാസ്യവും കലര്‍ത്തിയെഴുതിയിരുന്നതിനാല്‍ അതിനു 'നല്ല എരിവും പുളിയും' ഉണ്ടായിരുന്നുതാനും.
എസ്.സി.ഇ.ആര്‍.ടിയുടെ പ്രതികരണം
ഈ കുറിപ്പിലെ എരിവ് സ്വല്പം ഏറിപ്പോയതുകൊണ്ടാകാം, പിറ്റേന്ന് 26-ാം തീയതി എസ്.സി.ഇ.ആര്‍.ടി. ഒരു പത്രക്കുറിപ്പിറക്കി. അതിങ്ങനെ: ''അക്ഷരമാല ഒഴിവാക്കിയതുള്‍പ്പെടെ 2009 ലെ പരിഷ്‌കാരങ്ങള്‍ അന്നു വിവാദമായി. അതു പരിഹരിക്കാനാണ് 2013 ല്‍ പുസ്തകങ്ങളില്‍ ഭേദഗതി വരുത്തിയത്. എന്നാല്‍, അക്ഷരമാല ഒഴിവാക്കിയ തീരുമാനത്തില്‍ അന്നും മാറ്റം വരുത്തിയില്ല. അക്ഷരം പഠിച്ചശേഷം വാക്കിലേക്കും വാക്കില്‍നിന്നു വാചകത്തിലേക്കും (വാക്യമാണു ശരി) അതില്‍നിന്ന് ആശയത്തിലേക്കുമാണു പണ്ടത്തെക്കാലത്തുള്ള കുട്ടികള്‍ പോയിരുന്നത്. എന്നാല്‍, ലോകമെമ്പാടും പഴയരീതി മാറി. ഇപ്പോള്‍ ആശയത്തില്‍നിന്നു വാക്യത്തിലേക്കും വാക്യത്തില്‍നിന്നു വാക്കിലേക്കും വാക്കില്‍നിന്ന് അക്ഷരത്തിലേക്കുമെന്നാണു പഠനം പുരോഗമിക്കുന്നത്. ആഗോളതലത്തില്‍ പഠനരീതിയിലുണ്ടായ മാറ്റത്തിനനുസരിച്ചാണു 2005 ലെ ദേശീയ കരിക്കുലം ഫ്രെയിംവര്‍ക്കും 2007 ലെ സംസ്ഥാനകരിക്കുലം ഫ്രെയിംവര്‍ക്കും തയ്യാറാക്കിയത്. ഇതുതന്നെയാണു കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളത്തില്‍ നടപ്പാക്കിയിരിക്കുന്നത്'' (മനോരമ, 2021 ഓഗസ്റ്റ് 26).
കഴിഞ്ഞ ഒരു പതിറ്റാണ്ട് എന്നുപറഞ്ഞു തലയൂരാനാണു എസ്.സി.ഇ.ആര്‍.ടി. ശ്രമിക്കുന്നത്. ഒരു പതിറ്റാണ്ടല്ല, രണ്ടരപ്പതിറ്റാണ്ടായി എന്നതാണു ചരിത്രയാഥാര്‍ത്ഥ്യം. 2005 ലെയും 2007 ലെയും കരിക്കുലം ഫ്രെയിംവര്‍ക്കിന്റെ കാര്യം എസ്.സി.ഇ.ആര്‍.ടി. തന്നെ പറയുന്നുണ്ടല്ലോ. അപ്പോള്‍ ഒരു പതിറ്റാണ്ടല്ല എന്നു വ്യക്തം. യഥാര്‍ത്ഥത്തില്‍ 1996-98 കാലഘട്ടത്തില്‍ ഡി.പി.ഇ.പി. സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍മുതല്‍ തുടങ്ങിയതാണ് ഈ അക്ഷരവിരോധം! ആ കാലഘട്ടത്തിലെ പ്രൈമറിസ്‌കൂള്‍ അധ്യാപകരുമായി നടത്തിയ ഇന്റര്‍വ്യൂവില്‍ അവര്‍ പറയുന്നത്, അന്ന് അക്ഷരപഠനം ശിക്ഷാര്‍ഹമായിരുന്നു എന്നാണ്. കേട്ടെഴുത്ത്, പകര്‍ത്തെഴുത്ത് മുതലായവ പാടില്ലായിരുന്നു. കവിതയും മറ്റും കാണാപ്പാഠം പഠിപ്പിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ടായിരുന്നു. സൂപ്പര്‍വൈസേഴ്‌സ് വന്നിരുന്നത് അക്ഷരം പഠിപ്പിക്കുന്നുണ്ടോ എന്നു പരിശോധിക്കാനായിരുന്നുപോലും!
എസ്.സി.ഇ.ആര്‍.ടിയുടെ ഈ പത്രക്കുറിപ്പിലൂടെ, രണ്ടരപ്പതിറ്റാണ്ടായി അമ്മമലയാളം സഹിക്കേണ്ടിവന്നിട്ടുള്ള പീഡനപരമ്പരയുടെ ചുരുളഴിയുന്നുണ്ട്. ഇടതും വലതുമായ സര്‍ക്കാരുകള്‍ മാറിമാറി കേരളം ഭരിച്ചു; അവര്‍ മലയാളഭാഷയെ ഇരുട്ടിലാക്കി! അക്കാലയളവില്‍ വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്തവരുടെ നീണ്ടനിര ഇങ്ങനെ: ശ്രീ പി. ജെ. ജോസഫ് (1996-2001), ശ്രീ നാലകത്ത് സൂപ്പി (2001-2004), ശ്രീ എം.എ. ബേബി (2004-2011), ശ്രീ പി.കെ. അബ്ദുറബ് (2011-2016), പ്രൊഫ. സി. രവീന്ദ്രനാഥ് (2016-2021), ശ്രീ വി. ശിവന്‍കുട്ടി (2021...) അക്ഷരമാല പാഠപുസ്തകത്തില്‍നിന്നൊഴിവാക്കിയവരും ആ അവസ്ഥ തുടര്‍ന്നവരുമാണിവര്‍. ശരിയായ ആലോചനയില്ലാതെ അവര്‍ നടപ്പാക്കിയ പരിഷ്‌കരണമാണു ഭാഷയെ വികലമാക്കിയതെന്നു ജനം തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ തുടങ്ങിയപ്പോഴാണ് അതിന്റെ ഉത്തരവാദിത്വം ഭരണപ്രതിപക്ഷങ്ങള്‍ പരസ്പരം ആരോപിക്കാന്‍ തുടങ്ങിയത്. അതാണ് എസ്.സി.ഇ.ആര്‍.ടിയുടെ പത്രക്കുറിപ്പിലൂടെ പുറത്തുവന്നത്.
'റൈറ്റേഴ്‌സ് ഫോറം'
മാതൃഭാഷാപോഷകസന്നദ്ധസമിതിയുമായിച്ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ഒരു പ്രസ്ഥാനമാണു നെടുമുടി 'റൈറ്റേഴ്‌സ് ഫോറം'. അവരും സര്‍ക്കാരിനു നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. അതിനും പുറമേ, റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. ജെ.കെ.എസ്. വീട്ടൂര്‍ തന്റെ സുഹൃത്തുകൂടിയായ ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയിയുടെ ശ്രദ്ധയില്‍ വിഷയം അവതരിപ്പിക്കുകയും ചീഫ് സെക്രട്ടറി നേരിട്ടു ബഹു. മുഖ്യമന്ത്രിയെ വിവരം ധരിപ്പിക്കുകയും ചെയ്തു. അതോടെ അക്ഷരസമരത്തിനു പുതിയ ഒരു മാനം കൈവന്നു. അങ്ങനെയാണ് 'ഭാഷാമാര്‍ഗനിര്‍ദേശകവിദഗ്ധസമിതി' നിലവില്‍ വന്നത്. ചീഫ് സെക്രട്ടറിതന്നെ അധ്യക്ഷനായുള്ള പതിമൂന്നംഗസമിതിയിലെ അംഗങ്ങള്‍ ഡോ. ടി.ബി. വേണുഗോപാലപ്പണിക്കര്‍, ഡോ. വി. ആര്‍. പ്രബോധചന്ദ്രന്‍നായര്‍, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. പി. സോമന്‍, പ്രൊഫ. വി. മധുസൂദനന്‍നായര്‍, ഡോ. അനില്‍ വള്ളത്തോള്‍, ശ്രീ ചാക്കോ സി. പൊരിയത്ത്, ഡോ. എന്‍.പി. ഉണ്ണി, ഡോ.എച്ച്. പൂര്‍ണിമ, ശ്രീ എന്‍. ജയകൃഷ്ണന്‍, ഡോ. ആര്‍. ശിവകുമാര്‍ എന്നിവരാണ്. സമിതിയുടെ ആദ്യസമ്മേളനത്തില്‍ പ്രഥമപരിഗണനയ്‌ക്കെടുത്തത് അക്ഷരമാലപ്രശ്‌നംതന്നെയായിരുന്നു. സമിതിയുടെ ആദ്യനിര്‍ദേശംതന്നെ പാഠാവലിയില്‍ അക്ഷരമാല ചേര്‍ക്കണമെന്നതുമായിരുന്നു. ഈ നിര്‍ദ്ദേശം ഐകകണ്‌ഠ്യേനയാണു പാസായത്.
സമരക്കളത്തില്‍ അര്‍ജുനന്‍
പ്രബോധചന്ദ്രന്‍സാറിനെപ്പോലെ ഇത്ര പ്രഗല്ഭനായ ഒരാള്‍ നോക്കിയിട്ടുപോലും ലക്ഷ്യം കാണാനാവാതെ പകച്ചുനിന്നപ്പോള്‍, 'നിലവാരമുള്ള' ചാനല്‍ച്ചര്‍ച്ചകളില്‍ നിറസാന്നിധ്യവും ഭാഷാപണ്ഡിതനും സാംസ്‌കാരികനായകനുമായ ശ്രീ എം. എന്‍. കാരശ്ശേരിമാഷിന്റെ ചിത്രം ഒരു വെളിപാടുപോലെ എന്റെ മുമ്പില്‍ തെളിഞ്ഞു. പ്രബോധചന്ദ്രന്‍സാറുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച പിന്‍ബലം മനസ്സില്‍ ധ്യാനിച്ചുകൊണ്ട് കാരശ്ശേരിമാഷിന്റെ ഫോണ്‍നമ്പര്‍ സംഘടിപ്പിച്ച് ഞാനദ്ദേഹത്തെ വിളിച്ചു. അക്ഷരമാല പാഠപുസ്തകത്തിലില്ല എന്നു പറഞ്ഞപ്പോള്‍ അദ്ദേഹവും ഞെട്ടിപ്പോയി! 'ഇല്ലെന്നുറപ്പാണോ' എന്ന് അദ്ദേഹം തിരിച്ചും മറിച്ചും ചോദിച്ചു. ഉറപ്പാണെന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. 'ശരി നോക്കട്ടെ' എന്നു പറഞ്ഞ് ഞങ്ങള്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു.
'മായരുത് മലയാളം'
കുരുക്ഷേത്രയുദ്ധത്തിലെ അര്‍ജുനനെപ്പോലെ കാരശ്ശേരിമാഷ് കളത്തിലിറങ്ങി...! നവംബര്‍ ഒന്നാം തീയതി 'വിദ്യാഭ്യാസമന്ത്രി വായിച്ചറിയാന്‍' എന്ന തലക്കെട്ടില്‍ അദ്ദേഹം ശക്തമായ ലേഖനം മാതൃഭൂമിയില്‍ എഴുതി. 'അക്ഷരമാല പാഠാവലിയില്‍ ചേര്‍ത്തേ തീരൂ...' എന്ന തലക്കെട്ടില്‍ ഞാനും മാതൃഭൂമിയില്‍ ഒരു ലേഖനം എഴുതി. തുടര്‍ന്നിങ്ങോട്ടു ലേഖനപരമ്പരതന്നെ മാതൃഭൂമിയുടെ എഡിറ്റോറിയല്‍ പേജില്‍ വന്നു. ഡോ. വി. ആര്‍. പ്രബോധചന്ദ്രന്‍ നായര്‍, ഡോ. ടി.ബി. വേണുഗോപാലപ്പണിക്കര്‍, ഡോ. എം.ആര്‍. രാഘവവാര്യര്‍, ശ്രീ രാജന്‍ ചെറുക്കാട് മുതലായ ഉന്നതന്മാരുടെ ഈടുറ്റതും അക്ഷരമാല അപ്രത്യക്ഷമായതിലുള്ള അമര്‍ഷം തുളുമ്പുന്നതുമായ ലേഖനങ്ങളായിരുന്നു അവ. കേരളം മുഴുവന്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. അതോടെ വലിയ പ്രതീക്ഷയിലായി ഞാന്‍.
ആന്റിക്ലൈമാക്‌സ്
അപ്പോഴിതാ, ഒരു രാത്രി കാരശ്ശേരിമാഷിന്റെ ഫോണ്‍! അട്ടിമറിക്കുള്ള സാധ്യതകള്‍ ഉണ്ടെന്നും പറഞ്ഞാണ് അദ്ദേഹം എന്നെ വിളിച്ചത്. അദ്ദേഹം ചോദിച്ചു, തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിന്റെ മുമ്പില്‍ സമരമിരിക്കാമോ എന്ന്! എഴുപത്താറു കഴിഞ്ഞ ഈ കിഴവന് ഇനി അങ്ങനെയൊരു സാഹസത്തിനു മുതിരാന്‍ പറ്റില്ല എന്നു ഞാന്‍ പറഞ്ഞു. എങ്കില്‍, കേസിനുപോകാമോ എന്നായിരുന്നു മാഷിന്റെ അടുത്ത ചോദ്യം. അതും പറ്റില്ല എന്നു ഞാന്‍ പറഞ്ഞു. എങ്കിലും, അക്ഷരസമരത്തില്‍ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. ജെ.കെ.എസ്. വീട്ടൂരിനോട് കേസിനു പോകുന്ന കാര്യം ഞാന്‍ പറഞ്ഞു. പാതിരാകഴിഞ്ഞും രോഗികളെ പരിചരിക്കുന്ന ആ ഭാഷാസ്‌നേഹി അതിനു സന്നദ്ധത അറിയിച്ചു. അദ്ദേഹം ഒരു കേസ് ഫയല്‍ ചെയ്യുകയും ചെയ്തു!
ക്ലൈമാക്‌സ്
ഇതിനിടെ, അസംബ്ലിയില്‍ പൂഞ്ഞാര്‍ എം.എല്‍.എ. ശ്രീ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ശ്രദ്ധക്ഷണിക്കല്‍പ്രമേയത്തിലൂടെ, അക്ഷരമാല പാഠാവലിയിലില്ല എന്ന വിവരം അസംബ്ലിയംഗങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. പതിവിനു വിരുദ്ധമായി, ഭരണപ്രതിപക്ഷാംഗങ്ങള്‍ ഇക്കാര്യത്തില്‍ യോജിപ്പു പ്രകടിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി ശ്രീ ശിവന്‍കുട്ടി അക്ഷരമാല പാഠപുസ്തകത്തില്‍ ചേര്‍ക്കുന്നതിനുള്ള തീരുമാനം അസംബ്ലിയില്‍ അറിയിച്ചു! കൂടാതെ, ഫോണിലൂടെ കാരശ്ശേരിമാഷിനെ മന്ത്രി വിവരം അറിയിക്കുകയും ചെയ്തു. അപ്പോള്‍ത്തന്നെ, അദ്ദേഹം എന്നെ ഫോണില്‍ വിളിച്ച് സന്തോഷവാര്‍ത്ത അറിയിച്ചു...! പിറ്റേന്ന്, എല്ലാ പത്രങ്ങളിലും ഈ വാര്‍ത്ത വെണ്ടക്ക അക്ഷരത്തില്‍ വന്നു! കേരളത്തിലാകമാനം സന്തോഷം തിരതല്ലി. അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചുകൊണ്ടുള്ള ഫോണ്‍വിളികളും വന്നു. 'ശിവന്‍കുട്ടിക്കു ബിഗ്‌സല്യൂട്ട്' എന്ന തലക്കെട്ടില്‍ ഞാനൊരു ലേഖനവും എഴുതി. അതിനുംപുറമേ, മാതൃഭാഷാപോഷകസന്നദ്ധസമിതിയംഗങ്ങളായ ഡോ. ഡേവിസ് സേവ്യര്‍, ഡി. ശ്രീദേവി, ഡോ. അലക്‌സ് ജോര്‍ജ്, ജോമോന്‍ തിടനാട് എന്നിവരെയുംകൂട്ടി ഞാന്‍ തിരുവനന്തപുരത്തെത്തി പൊതുവിദ്യാഭ്യാസമന്ത്രി ശ്രീ ശിവന്‍കുട്ടിക്കും ജലവിഭവവകുപ്പുമന്ത്രി ശ്രീ റോഷി അഗസ്റ്റിനും നന്ദിയും സന്തോഷവും അറിയിച്ചു. പാലായില്‍ നടപ്പാക്കിയ പ്രൈമറിതലസമഗ്രസാക്ഷരതാപദ്ധതിയുടെ ചിത്രീകരണവും സമര്‍പ്പിച്ചു.
സൂപ്പര്‍ ക്ലൈമാക്‌സ്!
'സൂപ്പര്‍ ക്ലൈമാക്‌സ്' എന്നൊന്നു നാട്യശാസ്ത്രത്തില്‍ കാണുകയില്ല. എന്നാല്‍, അക്ഷരസമരത്തില്‍ അങ്ങനെയൊന്നുണ്ടായി. 2021 നവംബര്‍ 18 ന് വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ പറഞ്ഞത് അടുത്ത അധ്യയനവര്‍ഷം അക്ഷരമാല പാഠപുസ്തകത്തില്‍ വരുമെന്നായിരുന്നു. പക്ഷേ, പാഠപുസ്തകം തയ്യാറാക്കുന്നത് എസ്.സി.ഇ.ആര്‍.ടി.യാണ്. അക്ഷരമാല പാഠപുസ്തകത്തില്‍നിന്നു നീക്കം ചെയ്തവരുടെ പിന്‍മുറക്കാര്‍ അതിനുള്ളിലുണ്ട് എന്നതു പരസ്യമായ രഹസ്യമാണ്. നീക്കം ചെയ്യപ്പെട്ട അക്ഷരമാല വീണ്ടും കൊണ്ടുവരികയെന്നത് അവര്‍ക്കുള്‍ക്കൊള്ളാന്‍ പറ്റുന്ന കാര്യമല്ല. അതുകൊണ്ട്, അതിനു തടയിടാനുള്ള മാര്‍ഗങ്ങള്‍ ആരായുക സ്വാഭാവികംമാത്രം! അവര്‍ പതിവിന്‍പടി 'മെല്ലെപ്പോക്ക്' നയം സ്വീകരിച്ചു!
മന്ത്രിയുടെ പ്രഖ്യാപനം വന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും അനക്കമൊന്നും കാണുന്നില്ലല്ലോ എന്നോര്‍ത്തിരുന്നപ്പോള്‍ എസ്.സി.ഇ.ആര്‍.ടിയുടെ ഒരു പത്രക്കുറിപ്പുവന്നു, പുതിയ അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിരിക്കുന്നു! പുതിയ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ അക്ഷരമാല കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്ന ഞാന്‍ എസ്.സി.ഇ.ആര്‍.ടി.ഡയറക്ടറുമായി ബന്ധപ്പെട്ടപ്പോള്‍, 'ഇല്ല' എന്ന ഒറ്റവാക്കില്‍ മറുപടി കിട്ടി. മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നല്ലോ എന്നു പറഞ്ഞപ്പോള്‍, 'പാഠപുസ്തകം പരിഷ്‌കരിക്കുമ്പോള്‍' എന്നായിരുന്നു മറുപടി. പരിഷ്‌കരണപരിപാടി ആരംഭിച്ചുവെന്ന കാര്യം 05/08/2021 ല്‍ എനിക്കു നല്കിയ മറുപടിയില്‍ പറഞ്ഞിരുന്നല്ലോ എന്നു ഞാന്‍ പറഞ്ഞത് അദ്ദേഹത്തെ ചൊടിപ്പിച്ചു. 'അപ്പം ചുട്ടെടുക്കുന്നതുപോലെയല്ല പാഠപുസ്തകം തയ്യാറാക്കുന്നത്' എന്ന പരിഹാസവും കേള്‍ക്കേണ്ടിവന്നു. അതിനു രണ്ടുമൂന്നുവര്‍ഷമെങ്കിലുമെടുക്കും എന്നുകൂടി പറഞ്ഞു. അങ്ങനെ, 2022 ലെ പാഠപുസ്തകത്തിലും അക്ഷരമാല 'ഔട്ട്'!
'അക്ഷരമാല...വീണ്ടും അട്ടിമറി', 'അക്ഷരമാലപ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടണം' എന്നിങ്ങനെയുള്ള തലക്കെട്ടുകളില്‍ ഞാന്‍ ലേഖനങ്ങളെഴുതി. ഭാഷാമാര്‍ഗനിര്‍ദേശകവിദഗ്ധസമിതിയംഗങ്ങളായ പ്രബോധചന്ദ്രന്‍സാര്‍, ചാക്കോ സി. പൊരിയത്ത്, സര്‍ക്കാരിന്റെ ഭാഷാവിദഗ്ധന്‍ ഡോ. ആര്‍. ശിവകുമാര്‍ എന്നിവരുമായി ഞാന്‍ നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതിനാല്‍ വിവരങ്ങള്‍ അപ്പപ്പോള്‍ അവരെ അറിയിച്ചുകൊണ്ടാണിരുന്നത്. അവര്‍വഴി ചീഫ് സെക്രട്ടറിയും വിവരങ്ങള്‍ അറിഞ്ഞിരുന്നു. അതിനും പുറമേ, മാതൃഭാഷാപോഷകസന്നദ്ധസമിതിയംഗങ്ങളും ഞാനുംകൂടി വീണ്ടും മന്ത്രി ശിവന്‍കുട്ടിയെ നേരില്‍ക്കണ്ടു സംസാരിച്ചു; മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്തവണയും മന്ത്രിയെ കണ്ടത്. ഉറപ്പായും അക്ഷരമാല ഈ അധ്യയനവര്‍ഷംതന്നെ പാഠപുസ്തകത്തില്‍ വരുമെന്ന് മന്ത്രി ഉറപ്പുതന്നു. കൂടാതെ, മന്ത്രി പത്രക്കുറിപ്പും ഇറക്കി. രണ്ടാംപാഠത്തിന്റെ രണ്ടാംഭാഗത്തിലും ഒന്നാം പാഠത്തിന്റെ മൂന്നാംഭാഗത്തിലും അക്ഷരമാല ചേര്‍ക്കുമെന്നായിരുന്നു പത്രക്കുറിപ്പില്‍.
സാഹിത്യസാംസ്‌കാരിക നായക അക്ഷരസമരം!
ഇത്രയുമായപ്പോള്‍ ഒരു 'പുകിലു'ണ്ടായി. 2022 ജൂണ്‍ രണ്ടാംവാരത്തിലായിരുന്നു അത്. പുകിലിന്റെ പത്രവാര്‍ത്ത ഇങ്ങനെ: ''സ്‌കൂള്‍പാഠപുസ്തകങ്ങളില്‍ അക്ഷരമാല ചേര്‍ക്കണമെന്നും അക്ഷരബോധനം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് സാഹിത്യ-സാംസ്‌കാരികനായകര്‍ മുഖ്യമന്ത്രിക്കു കത്തയച്ചു.'' പതിമൂന്നു പേരുടെ പേരും പത്രത്തിലുണ്ടായിരുന്നു. മറ്റൊരു വാര്‍ത്ത: ''സാഹിത്യ-സാംസ്‌കാരികനായകന്മാര്‍ സെക്രട്ടറിയേറ്റ് നടയില്‍ അക്ഷരമാല പഠനസമരം നടത്തുകയും പൊതുവിദ്യാഭ്യാസമന്ത്രിക്കു നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.'' ഒമ്പതുപേരുടെ പേരും ചേര്‍ത്തിരുന്നു. അങ്ങനെ 23 സാഹിത്യ-സാംസ്‌കാരികനായകര്‍ 'അവസര'ത്തിനൊത്തുയര്‍ന്നു! അവര്‍ അക്ഷരസമരം നയിച്ചു! ടൗരരല ൈവമ ൊമി്യ ളമവേലൃ െമിറ ളമശഹൗൃല ശ െമി ീൃുവമി' എന്ന ചൊല്ല് അന്വര്‍ത്ഥമായി!
വിദ്യാഭ്യാസമന്ത്രി നേരിട്ടു നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ 2022 ജൂലൈ 26-ാം തീയതി പാലാ സെന്റ് തോമസ് ട്രെയിനിങ് കോളജില്‍ പാലാ കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള എല്‍.പി., യു.പി., എച്ച്.എസ്. വിഭാഗത്തില്‍പ്പെട്ട എല്ലാ പ്രഥമാധ്യാപകരെയും അധ്യാപകവിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രൗഢഗംഭീരമായ സദസ്സില്‍ ബഹു. മന്ത്രി ശ്രീ വി. ശിവന്‍കുട്ടിക്കും ജലവിഭവവകുപ്പുമന്ത്രി ശ്രീ റോഷി അഗസ്റ്റിനും സ്വീകരണം നല്കുകയും നന്ദിസൂചകമായ പുരസ്‌കാരം സമര്‍പ്പിക്കുകയും ചെയ്തു. പ്രസ്തുത സമ്മേളനത്തില്‍ പാഠപുസ്തകത്തില്‍ ചേര്‍ക്കാന്‍പോകുന്ന ഭാഷാമാര്‍ഗനിര്‍ദേശകവിദഗ്ധസമിതി അംഗീകരിച്ച വര്‍ണാഭമായ അക്ഷരമാലച്ചാര്‍ട്ട് പ്രദര്‍ശിപ്പിച്ചുകൊണ്ട് മന്ത്രി ശിവന്‍കുട്ടി സദസ്യരുടെ കൈയടി നേടി! രണ്ടരപ്പതിറ്റാണ്ടായി പാഠാവലിയില്‍നിന്ന് അപ്രത്യക്ഷമായ അക്ഷരമാല പുനഃപ്രതിഷ്ഠിച്ചുകൊണ്ട് ബഹു. വിദ്യാഭ്യാസവകുപ്പുമന്ത്രി ശ്രീ വി. ശിവന്‍കുട്ടി മലയാളഭാഷാചരിത്രം തിരുത്തിക്കുറിച്ചു!