നല്ലൊരു ചുമര്‍ചിത്രം ഞാന്‍ വരച്ചേനേ ചുമ-
രെന്നടുത്തുണ്ടായിരുന്നെങ്കിലെന്നോര്‍ക്കുന്നു ഞാന്‍
നല്ലൊരു കവിത ഞാന്‍ രചിച്ചീടുമായിരു-
ന്നെന്നുടെ കൈയില്‍ നല്ലോരെഴുത്താണിയുണ്ടെങ്കില്‍
നല്ലൊരു പ്രഭാഷണം കാഴ്ചവച്ചേനേ ഞാന-
ന്നെന്നുടെ കണ്ഠം ശുദ്ധമായിരുന്നെങ്കില്‍
നല്ല മാര്‍ക്കു വാങ്ങി ഞാന്‍ വിജയിച്ചേനേ ഓര്‍മ്മ
നല്ലപോല്‍ ജ്വലിച്ചെങ്കില്‍, ബുദ്ധിയില്‍ തെളിഞ്ഞെങ്കില്‍
നല്ലൊരു പെരുമാറ്റം കാഴ്ചവച്ചേനേ എന്നോ-
ടേവരും നന്നായ് പെരുമാറിയിരുന്നെങ്കില്‍
നല്ല ജീവിതം നയിച്ചീടുമായിരുന്നു ഞാന്‍
നല്ല കാര്യങ്ങള്‍ ഈശന്‍ നല്‍കിയിരുന്നെങ്കില്‍
ഒന്നുമെന്നുടെ കുറ്റമല്ലെന്നതു കേട്ട
നിങ്ങളേവര്‍ക്കും ബോധ്യം വന്നതെന്‍ സമാശ്വാസം.
കുറ്റമൊന്നുമേ പൊറുത്തില്ല ഞാനെന്നില്‍ത്തന്നെ
മറ്റു സോദരങ്ങളില്‍ മുഴുവന്‍ വിധിച്ചു ഞാന്‍
ഇന്നു ഞാന്‍ നോക്കുന്നേരത്തൊന്നുമേ ശരിയായി-
ല്ലെന്നൊരു തോന്നല്‍ തെല്ലു ഖിന്നനാക്കിടുന്നെന്നെ.