സ്വതന്ത്രഭാരതം നമുക്കു ജന്മമേകും ഭാരതം
ജയ! ജയ! നീണാള്‍ ജയ! ശാന്തി തന്‍ കൊടിക്കീഴില്‍
മുക്തിതന്‍ സുഖം നുകര്‍ന്നയെത്രയെത്രയാണ്ടുകള്‍
കഴിച്ചു ധന്യഭൂവിതില്‍ ഭാരതതനയര്‍ നാം.
സ്വതന്ത്രശാന്തി കൈവരിച്ചു നിര്‍ഭയം വസിക്കുവാന്‍
എണ്ണമറ്റ ജീവിതങ്ങള്‍ ബലികഴിച്ചു ഭാരതം
അഹിംസതന്‍ പതാകയേന്തി സഹനസത്യപാതയില്‍
സുധീരരായ് പോരാടിയ ധന്യരേ, നമോവാകം.
ഭാരതം പതാകനാട്ടി സ്വതന്ത്രഗീതം പാടവേ,
അശാന്തിതന്നിരുളകത്തിലുള്‍ത്തടങ്ങള്‍ തേങ്ങുന്നു.
'ഭാരത പതാക' പാറിയോതിടുന്ന മന്ത്രണം
ധന്യരാഷ്ട്രശില്പികള്‍ കൊളുത്തിവച്ച മൂല്യങ്ങള്‍
''സമൃദ്ധി-ശാന്തി-സ്‌നേഹകരുണ-കാന്തിയില്‍ അഹിംസതന്‍
പാതയില്‍ വിളങ്ങിടേണം ഭാരതാംബ നാള്‍ക്കുനാള്‍''
ഭാരതപതാകയെന്നുമോതിടുന്നീ മന്ത്രണം
നെഞ്ചിലേറ്റി കര്‍മ്മപൂര്‍ത്തി നേടുവാനശക്തര്‍ നാം.
ശാന്തിയില്‍ രമിക്കുവാന്‍, സാഭിമാനമോര്‍ക്കുവാന്‍
നിര്‍ഭയം വസിക്കുവാന്‍ സ്വതന്ത്രമണ്ണിലാകുമോ?
വര്‍ഗ്ഗസമരഭീതികള്‍-രാഷ്ട്രതന്ത്രവൈരികള്‍
പട്ടിണി വിലാപങ്ങള്‍ പെരുകിടുന്നു ഭാരതേ.
ഭാരതാംബ തേങ്ങിടുന്നു 'കലിയുഗ'ത്തിലാണു നാം
അതൃപ്തരായി ജനതയിന്നുഴറിടുന്ന നാളുകള്‍
പ്രബുദ്ധത-സമത്വശാന്തിയെന്നുറക്കെപ്പാടവേ
പ്രാകൃതം മൃഗീയത-മ്ലേച്ഛത പെരുകുന്നു.
ഇന്നിതാ 'കൊറോണ'യെന്ന വ്യാധിതന്‍ പിടിയിലായ്
ലോകമാകെ ദുഃഖച്ചുഴിയിലാണ്ടിടുന്ന കാലവും
ഒന്നേമുക്കാല്‍ക്കോടിയോളം രോഗികളായ് പാടിടെ
ഹന്ത! കഷ്ടം എത്ര ദുഃഖം ഭൂമിദേവി തേങ്ങുന്നു.
സ്വതന്ത്രഭാരതത്തിലും കൊറോണയിന്നു താണ്ഡവ
മാടിയാടി ജീവിതം ശോകസാന്ദ്രമെവിടെയും
സ്വതന്ത്രഭാരതം വളര്‍ച്ചതന്‍ പടവതേറവേ
പുത്തനാശയമിഴിവതില്‍പ്പിടിച്ചുയരവേ
കേവലമൊരണുവിന്‍ ശക്തിയാലെയൊക്കെയുമിതാ
ജീവിതത്തിന്‍ താളം തെറ്റി വളര്‍ച്ചയെ ഹനിക്കുമോ?
ഭീതിവേണ്ട സുപ്രഭാതം അകലെയല്ല തിട്ടമായ്
ഇക്കൊടും ഇരുളറുത്തു മാനവന്‍ വളര്‍ന്നിടും
അതിനുവേണ്ട 'മറുമരുന്നു' കണ്ടിടും നം പ്രതിഭയാല്‍
മനവും തനുവും ഒത്തു നാം കരുത്തരായ്ക്കുതിച്ചിടും
ഇക്കലിയുഗത്തിന്‍ തേങ്ങല്‍ മാറ്റുവാന്‍ ശ്രമിച്ചിടാം
ആത്മവെട്ടമിഴിവിലായ് ജയിച്ചിടും സുനിശ്ചയം
സ്വതന്ത്രഭാരതം നമുക്കു ജന്മമേകും അമ്മയായ്
ജയ; ജയ; നീണാള്‍ ജയ; ശാന്തിതന്‍ കൊടിക്കീഴില്‍...