പാലാ: മയക്കുമരുന്നിനെതിരേ മതഭേദമെന്യേ പൊതുസമൂഹം രംഗത്തുവരണമെന്ന് പാലാ രൂപതാധ്യക്ഷനും സിനഡല്‍ കമ്മീഷന്‍ ഫോര്‍ ഫാമിലി, ലെയ്റ്റി ആന്‍ഡ് ലൈഫ് ചെയര്‍മാനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍ ഫോര്‍ ഫാമിലി, ലെയ്റ്റി ആന്‍ഡ് ലൈഫും പാലാ രൂപത ജാഗ്രതാസമിതിയും ചേര്‍ന്നു പാലായില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
കലാലയങ്ങളില്‍ പെരുകിവരുന്ന മയക്കുമരുന്നുപയോഗം ആശങ്കാജനകവും അപകടകരവുമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. കുട്ടികളുമായി ബന്ധപ്പെടുന്നവര്‍ അവരുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അതും കുറ്റകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലഹരിവിരുദ്ധപ്രവര്‍ത്തനത്തിന്റെ അംബാസിഡര്‍മാരായി കുട്ടികളെ വളര്‍ത്തിയെടുക്കണം.
താടി കത്തുമ്പോള്‍ ബീഡി കത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന മക്കള്‍ സ്‌ഫോടകവസ്തുക്കള്‍പോലെയാണ്. ഉണക്കപ്പുല്ലില്‍ തീയിട്ടശേഷം അയ്യോ തീപിടിച്ചേ എന്നു വിലപിച്ചിട്ടു കാര്യമില്ല. വാളെടുത്തല്ല, വാക്കാല്‍ മാതാപിതാക്കന്മാര്‍ കുട്ടികളെ നേര്‍വഴിക്കു നയിക്കുന്നവരാകണമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു.
അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി. കെ. ജയരാജ് ക്ലാസുകള്‍ക്കു നേതൃത്വം നല്കി. അസ്വസ്ഥതകളുള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ക്കു സംരക്ഷണവും മാര്‍ഗനിര്‍ദേശവും ലഭിക്കാത്തതിനാല്‍ മയക്കുമരുന്നുകള്‍ക്കും മറ്റു തിന്മകള്‍ക്കും അടിമപ്പെടാനുള്ള സാധ്യത ഏറെയാണെന്നും, അധ്യാപകര്‍ കുട്ടികളുടെ സംരക്ഷകരാകണമെന്നും മാതാപിതാക്കന്മാര്‍ മക്കളെ സ്വന്തം ശരീരത്തോടു ചേര്‍ത്തുപിടിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിനഡല്‍ കമ്മീഷന്‍ ഫോര്‍ ഫാമിലി, ലെയ്റ്റി ആന്‍ഡ് ലൈഫ് ജനറല്‍ സെക്രട്ടറി ഫാ. ജോബി മൂലയില്‍, സിനഡല്‍ കമ്മീഷന്‍ ഫോര്‍ എഡ്യൂക്കേഷന്‍ ജനറല്‍ സെക്രട്ടറി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, പാലാ രൂപത സിഞ്ചെല്ലൂസുമാരായ മോണ്‍. ജോസഫ് കണിയോടിക്കല്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. ജോസ് കുറ്റിയാങ്കല്‍, ഫാ. വിന്‍സന്റ് മൂങ്ങാമാക്കല്‍, അല്മായ ഫോറം ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി, പ്രോലൈഫ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി സാബു ജോസ്, മാതൃവേദി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി റോസിലി തട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.