•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സത്യങ്ങള്‍ സാമ്യങ്ങള്‍

I
വിചിത്രവും വിസ്മയാവഹവുമായ സാദൃശ്യങ്ങളോടെ ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു.
അബ്രാഹം ലിങ്കന്റെയും ജോണ്‍ എഫ്. കെന്നഡിയുടെയും ജീവിതങ്ങള്‍ പരിശോധിച്ചാല്‍ ഇതു ബോധ്യമാവും. 1860 ലെ തിരഞ്ഞെടുപ്പില്‍ ലിങ്കണ്‍ അമേരിക്കയുടെ പ്രസിഡന്റായി. നൂറുവര്‍ഷങ്ങള്‍ക്കുശേഷം 1960 ലെ തിരഞ്ഞെടുപ്പില്‍ കെന്നഡി പ്രസിഡണ്ടായി. രണ്ടുപേരും അടിമകളെപ്പോലെ കഴിയുന്ന കറുത്തവര്‍ഗക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. അവര്‍ക്കു സമത്വവും സ്വാതന്ത്ര്യവും നല്‍കാന്‍ രണ്ടു പ്രസിഡന്റുമാരും യത്‌നിച്ചു. വര്‍ണവിവേചനത്തിനും അടിമത്തത്തിനും എതിരായി അവരിരുവരും നടപടികളെടുത്തു.
ഇരുവര്‍ക്കും കൂടുതല്‍ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നതു തെക്കന്‍ സംസ്ഥാനങ്ങളില്‍നിന്നായിരുന്നു. രണ്ടുപേരും മരണമടഞ്ഞതു തലയ്ക്കു വെടിയേറ്റാണ്. ലിങ്കനെ തിയേറ്ററില്‍വച്ചു വെടിവച്ചിട്ടു ഘാതകനായ ബൂത്ത് ധാന്യപ്പുരയിലേക്ക് ഓടിമറഞ്ഞു. കെന്നഡിയുടെ ഘാതകനായ ഓസ്‌വാള്‍ഡ് ധാന്യപ്പുരയില്‍നിന്നു വെടി വച്ചിട്ടു തിയേറ്ററിലേക്ക് ഓടിമറഞ്ഞു. രണ്ടു ഘാതകന്മാരും ദക്ഷിണസംസ്ഥാനങ്ങളില്‍പ്പെട്ടവരാണ്. ലോകത്തെ ഞെട്ടിച്ച ഈ കേസുകള്‍ വിചാരണ ചെയ്യപ്പെടുന്നതിനുമുമ്പുതന്നെ രണ്ടു ഘാതകരും കൊലചെയ്യപ്പെട്ടു. ലിങ്കനെ കൊന്ന ഹെന്റി വില്‍ക്ക്‌സ് ബൂത്ത് ജനിച്ചത് 1839 ല്‍. കെന്നഡിയെ കൊന്ന ഹാര്‍വി ലീ ഓസ്‌വാള്‍ഡ് ജനിച്ചത് 1939ല്‍.
രണ്ടു പ്രസിഡന്റുമാരുടെയും വധങ്ങള്‍ നടന്നത് അവരുടെ സഹധര്‍മിണിമാരുടെ സാന്നിധ്യത്തില്‍വച്ചാണ്. ഇതു രണ്ടും സംഭവിച്ചതു വെള്ളിയാഴ്ചയാണ്. ലിങ്കന്റെയും കെന്നഡിയുടെയും പേരുകള്‍ക്ക് ഏഴ് അക്ഷരങ്ങള്‍ വീതമാണ്. വൈറ്റ്ഹൗസില്‍ താമസിക്കുമ്പോള്‍ ലിങ്കന്റെയും കെന്നഡിയുടെയും കുട്ടികള്‍ മരിച്ചുപോയിരുന്നു. ഇനിയുമുണ്ട് സാമ്യങ്ങള്‍. ലിങ്കന്റെ ഒരു സെക്രട്ടറിയുടെ പേര് കെന്നഡിയെന്നായിരുന്നു. കെന്നഡിയുടെ ഒരു സെക്രട്ടറിയുടെ പേര് ലിങ്കണ്‍ എന്നും. രണ്ടുപേരുടെയും വൈസ് പ്രസിഡന്റുമാരുടെയും പേര് ജോണ്‍സണ്‍ എന്നായിരുന്നു - ആന്‍ഡ്രൂ ജോണ്‍സണ്‍, ലിന്‍സണ്‍ ജോണ്‍സണ്‍. ആന്‍ഡ്രൂ ജോണ്‍സണ്‍ ജനിച്ചത് 1808 ലും ലിന്‍സന്‍ ജോണ്‍സണ്‍ ജനിച്ചതു 1908 ലും. അവര്‍ രണ്ടുപേരും ദക്ഷിണസംസ്ഥാനക്കാരുമായിരുന്നു.
II
അവിശ്വസനീയമായ സാമ്യങ്ങള്‍ക്ക് ചരിത്രം പിന്നെയും സാക്ഷിനില്‍ക്കുന്നു. ഇതിലെ കഥാപുരുഷന്മാര്‍ നെപ്പോളിയനും ഹിറ്റ്‌ലറുമാണ്.
ലോകത്തെ വിറപ്പിച്ചുകൊണ്ടു രണ്ടു കാലഘട്ടങ്ങളില്‍ ജീവിച്ച വീരപരാക്രമികളായ നെപ്പോളിയനും ഹിറ്റ്‌ലറും തമ്മിലുള്ള സാമ്യങ്ങള്‍ ഇതിനു നല്ലൊരു ഉദാഹരണമാണ്. രണ്ടുപേര്‍ക്കും കാഴ്ചയില്‍ പൊക്കവും വലുപ്പവും കുറവായിരുന്നു. രണ്ടുപേരുടെയും പിതാക്കന്മാര്‍ ദരിദ്രരായിരുന്നു. രണ്ടുപേരും ഇല്ലായ്മയില്‍നിന്നു വളര്‍ന്നു വന്നവരാണ്. 
മിലിട്ടറിയില്‍ ആദ്യഘട്ടങ്ങളില്‍ ഇരുവരും കോര്‍പ്പറല്‍മാരായിരുന്നു. ഇവര്‍ ഇരുവരും ജന്മനാട്ടില്‍ അല്ല ഭരണം  നടത്തിയത്. നെപ്പോളിയന്‍ ഭരിച്ചതു ഫ്രാന്‍സില്‍, ജനിച്ചത് കോര്‍സിക്കയില്‍. ഹിറ്റ്‌ലര്‍ ഭരിച്ചത് ജര്‍മനിയില്‍, ജനിച്ചത് ഓസ്ട്രിയായില്‍.
രണ്ടുപേരുടെയും മുഖ്യലക്ഷ്യവും സ്വപ്നവും യൂറോപ്പ് കീഴടക്കുക എന്നതായിരുന്നു. ഇരുവരുടെയും പ്രധാന ശത്രുവായി നിലകൊണ്ടത് ബ്രിട്ടനാണ്. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ അവര്‍ ബ്രിട്ടനെ ആക്രമിക്കാന്‍ തയ്യാറായി. പലവിധ കാരണങ്ങളാല്‍ ഇരുവര്‍ക്കും അതിനു കഴിഞ്ഞില്ല. 
രണ്ടുപേരും ആദ്യമാദ്യം റഷ്യയുമായി നല്ല ധാരണയിലും മമതയിലുമായിരുന്നു. എന്നാല്‍, വളരെ വേഗം റഷ്യയുമായി തെറ്റി. തുടര്‍ന്ന് യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ശീതകാലത്തിലെ അസഹ്യമായ കൊടുംതണുപ്പുമൂലം റഷ്യയില്‍വച്ച് നെപ്പോളിയനും ഹിറ്റ്‌ലര്‍ക്കും വന്‍തോതില്‍ സൈന്യങ്ങള്‍ നഷ്ടപ്പെട്ടു. പരാജയഭീതിയില്‍ രണ്ടുപേരും മോസ്‌കോയില്‍നിന്നു പിന്‍വാങ്ങി.
നെപ്പോളിയന്‍ ഫ്രാന്‍സിന്റെ ചക്രവര്‍ത്തിയാകുന്നതിനുമുമ്പ് അവിടത്തെ കോണ്‍സല്‍ ആയി. ഹിറ്റ്‌ലര്‍ ജര്‍മനിയുടെ ഏകാധിപതിയാകുന്നതിനുമുമ്പ് അവിടത്തെ ചാന്‍സലര്‍ ആയി. രണ്ടുപേരും ആയുസ്സെത്താതെ അമ്പതുകളില്‍ അന്തരിച്ചു. ഇരുവരും പതിനൊന്നു വര്‍ഷത്തോളം രാജ്യം ഭരിച്ചു. നെപ്പോളിയന്‍ തകര്‍ന്നത് 1815 ല്‍. ഹിറ്റ്‌ലര്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ 1945 ലും.
 ('ദി പരേഡ് പോസ്റ്റ്' മാസികയോട് കടപ്പാട്) 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)