•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ആധുനികകാലഘട്ടത്തിന്റെ ആത്മീയവിസ്മയം

ഒക്‌ടോബര്‍ 10 വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസിന്റെ തിരുനാള്‍

കാലത്തിന്റെ വെല്ലുവിളികളെ ധീരതയോടെ നേരിടാനും സുവിശേഷാധിഷ്ഠിതമായ ജീവിതം നയിക്കാനും ധാര്‍മികമൂല്യങ്ങളെ പടുത്തുയര്‍ത്താനും ദൈവം ചില വ്യക്തികളെ പ്രത്യേകമായി തിരഞ്ഞെടുക്കുകയും മാറ്റിനിറുത്തുകയും എടുത്തുപയോഗിക്കുകയും ചെയ്യുന്നു. ഇത് എക്കാലത്തെയും ഒരു യാഥാര്‍ത്ഥ്യമാണ്. 21-ാം നൂറ്റാണ്ടിന്റെ ''സൈബര്‍പ്രതിഭ''യായി ദൈവത്തിന്റെ കൈമുദ്രയോടെ ലോകത്തിലേക്കു കടന്നുവന്ന ഒരു വെള്ളിനക്ഷത്രമായിരുന്നു കാര്‍ലോ അക്യൂട്ടിസ്. വിശ്വാസികളുടെ ഹൃദയത്തില്‍ വിസ്മയങ്ങള്‍ വിരിയിക്കാനും സ്വപ്നങ്ങള്‍ വാരിവിതറാനും വിജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറക്കാനും നന്മതിന്മകള്‍ക്കടിക്കുറിപ്പെഴുതാനും ഉതകുന്ന കാര്‍ലോയുടെ ജീവിതം ഒരു ഇതിഹാസമായിരുന്നു. മാത്രമല്ല, വിടര്‍ന്നുതീരുംമുമ്പേ അടര്‍ന്നുവീണ ഈ പനിനീര്‍പ്പൂവിന്റെ സുഗന്ധം ഇന്നു പാരിടമാകെ പരന്നൊഴുകുകയാണ്.
ലണ്ടനിലുള്ള അന്ത്രെയാ അക്യൂട്ടിസ് - അന്റോണിയോ സല്‍സാനോ ദമ്പതികളുടെ ദാമ്പത്യവല്ലരിയില്‍ 1991 മേയ് മൂന്നിന് ഒരാണ്‍കുഞ്ഞു പിറന്നു. ജനിച്ച് പതിനഞ്ചാംദിവസം കുഞ്ഞിന് മാമ്മോദീസാ നല്‍കുകയും കാര്‍ലോ അക്യൂട്ടിസ് എന്നു പേരിടുകയും ചെയ്തു. കുഞ്ഞിന് നാലുമാസം പ്രായമുള്ളപ്പോള്‍ മാതാപിതാക്കള്‍ ഉയര്‍ന്ന ജോലിതേടി ഇറ്റലിയിലെത്തി. തുടര്‍ന്ന് മിലാനിലെത്തി. അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. മിലാനിലെ ജെസ്യൂട്ട് വൈദികരുടെ സ്‌കൂളിലായിരുന്നു കുഞ്ഞുകാര്‍ലോയുടെ പ്രാഥമികവിദ്യാഭ്യാസം. പ്രായത്തില്‍ കവിഞ്ഞ പക്വതയും വിവേകവും വിജ്ഞാനവും കാര്‍ലോയില്‍ വിളങ്ങിയിരുന്നു. ഏഴാമത്തെ വയസ്സില്‍ പ്രഥമദിവ്യകാരുണ്യം സ്വീകരിച്ചു. മറക്കാനാവാത്ത ആ സുദിനത്തിന്റെ സവിശേഷതകള്‍ തന്നോടൊപ്പമുള്ളവരോട് ആവര്‍ത്തനവിരസതയില്ലാതെ വാചാലമായി സംസാരിക്കുക കാര്‍ലോയുടെ പതിവായിരുന്നു.
ദൈവസ്‌നേഹത്തിന്റെ നിറവില്‍നിന്ന് ഊര്‍ന്നിറങ്ങിയ നിര്‍ദോഷസന്തോഷങ്ങളൊന്നും കാര്‍ലോ നിഷേധിച്ചില്ല. പാട്ടു പാടാനും ഗിത്താര്‍ വായിക്കാനും ഡാന്‍സ് ചെയ്യാനും അവന്‍ സമയം കണ്ടെത്തി. കംപ്യൂട്ടര്‍ ഗെയിമുകള്‍, കാര്‍ട്ടൂണുകള്‍, സിനിമകള്‍ തുടങ്ങിയവ കാര്‍ലോയുടെ ഇഷ്ടവിനോദങ്ങളായിരുന്നു. പഠനത്തിലും അതിസമര്‍ത്ഥന്‍! കൗമാരത്തിന്റെ എല്ലാവിധ കുട്ടിക്കുറുമ്പുകളും അവനില്‍ തെളിഞ്ഞുനിന്നു. ടീഷര്‍ട്ടും സണ്‍ഗ്ലാസും ജീന്‍സും ധരിക്കാന്‍ അവന്‍ ശ്രദ്ധാലുവായിരുന്നു. എന്നാല്‍, അതിലുമുപരിയായി മുടക്കംകൂടാതെ അനുദിനം ദിവ്യബലിയില്‍ പങ്കെടുക്കുകയും ദിവ്യകാരുണ്യാരാധനയില്‍ ആത്മസന്തോഷം കണ്ടെത്തുകയും പതിവായിരുന്നു. മണിക്കൂറുകളോളം വിശുദ്ധഗ്രന്ഥപാരായണം അവന്‍ ശീലമാക്കിയിരുന്നു.
ഹൈസ്‌കൂള്‍വിദ്യാഭ്യാസത്തിനുമുമ്പുതന്നെ കംപ്യൂട്ടര്‍ കൈയിലെടുത്ത് അമ്മാനമാടിയ അതുല്യപ്രതിഭയായിരുന്നു കാര്‍ലോ അക്യൂട്ടിസ്. ശാസ്ത്രസാങ്കേതികവിദ്യകളുടെ അനന്തസാധ്യതകള്‍ അവന്റെ സര്‍ഗശേഷിക്കു മാത്രമല്ല, ആത്മീയോന്നമനത്തിനും  മാറ്റുകൂട്ടി. മനംമയക്കുന്ന വെബ്‌സൈറ്റുകളുടെ  കെണിയില്‍ വീഴരുതെന്ന് തന്റെ സുഹൃത്തുക്കളോടു പറയുക മാത്രമല്ല, സ്വന്തം ജീവിതം മാതൃകയായി കാണിച്ചുകൊടുക്കുകയും ചെയ്തു. അങ്ങനെ കുഞ്ഞുകാര്‍ലോ ലോകത്തിലാണെങ്കിലും ലോകത്തിന്റേതല്ലാതെ ചേറ്റില്‍ വളരുന്ന താമരപോലെ വളരുകയാണ്. കാര്‍ലോയ്ക്ക് ഒരു ദിവസത്തിന്റെ ഒരു മിനിറ്റുപോലും പാഴാക്കിക്കളയാനോ അലസമായി മാറ്റിയിടാനോ കഴിഞ്ഞിട്ടില്ല. അത്രമാത്രം നിതാന്തജാഗ്രതയോടെയാണവന്‍ ദൈനംദിനജീവിതം ചിട്ടപ്പെടുത്തിയിരുന്നത്. കുഞ്ഞുന്നാള്‍മുതല്‍ ഭക്തിയിലും വിശുദ്ധിയിലും വിനയത്തിലും ജീവിച്ചതുപോലെതന്നെ പരോപകാരതത്പരതയിലും ദീനാനുകമ്പയിലും ദാനധര്‍മത്തിലും പ്രത്യേകമാംവിധം ശ്രദ്ധ പതിച്ചിരുന്നു. വൃദ്ധരോടും അനാഥരോടും യാചകരോടും അനുകമ്പ പുലര്‍ത്താനും അവര്‍ക്ക് ആഹാരവും വസ്ത്രവും നല്‍കി ശുശ്രൂഷിക്കാനും കാര്‍ലോ ഉത്സുകനായിരുന്നു.
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സീസും പാദുവായിലെ വിശുദ്ധ അന്തോനീസും കാര്‍ലോയുടെ ജീവിതത്തെ ഏറെ സ്വാധീനിച്ചിരുന്നു. കിട്ടുന്ന അവസരങ്ങളിലെല്ലാം അവന്‍ അവരുടെ കബറിടം സന്ദര്‍ശിച്ച് മാധ്യസ്ഥ്യം യാചിക്കുക പതിവായിരുന്നു. പരിശുദ്ധ മറിയത്തോടും മിഖായേല്‍ മാലാഖയോടും കാവല്‍മാലാഖയോടുമുള്ള  കാര്‍ലോയുടെ സ്‌നേഹം വാക്കുകള്‍ക്കതീതമാണ്. ദൈവവുമായുള്ള ഐക്യത്തിന്റെ പരകോടിയിലേക്കുയര്‍ന്ന കാര്‍ലോ ദിവ്യകാരുണ്യ ഈശോയെ ലോകം മുഴുവന്‍ അറിയണമെന്നും ആരാധിക്കണമെന്നും തീവ്രമായി ആഗ്രഹിച്ചു. അതിനായി ചില തീരുമാനങ്ങളുമെടുത്തു. തിരുസ്സഭ ഔദ്യോഗികമായി അംഗീകരിച്ച ദിവ്യകാരുണ്യാദ്ഭുതങ്ങളുടെ രേഖകള്‍ ശേഖരിച്ച് ഒരു വെബ്‌സൈറ്റ് ആരംഭിച്ചു. രണ്ടരവര്‍ഷംകൊണ്ട് 143 അദ്ഭുതങ്ങള്‍ രേഖപ്പെടുത്തി. 17 രാജ്യങ്ങളില്‍ സംഭവിച്ച ദിവ്യകാരുണ്യാദ്ഭുതങ്ങള്‍ 153 പാനലുകളിലായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രദര്‍ശനം ഏറെ സംഭവബഹുലവും വിസ്മയഭരിതവും ക്ലേശപൂര്‍ണവുമായിരുന്നു. സുവിശേഷവേലയ്ക്കായി കംപ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിച്ചുകൊണ്ട് ഒരു വെര്‍ച്വല്‍ ലൈബ്രറി പൂര്‍ത്തിയാക്കണമെന്നുള്ള അവന്റെ ആഗ്രഹവും സാധ്യമായി.
മാലിന്യത്തിലൂടെ കടന്നുപോയാലും പ്രകാശം മലിനമാകുന്നില്ല. ഇതാണ് കാര്‍ലോയുടെ ജീവിതം ലോകത്തിനു നല്‍കുന്ന സന്ദേശം. കാര്‍ലോ എന്ന പ്രതിഭയ്ക്ക് വയസ്സ് 15. ഇക്കാലങ്ങളില്‍ അവനറിയാതെ അവനില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു. അവന്റെ സ്വപ്നസുന്ദരമായ കൗമാരത്തിന്റെ ഓജസ്സും തേജസ്സും മങ്ങിത്തുടങ്ങി. കുട്ടിക്കുറുമ്പുകളും തമാശകളും പൊട്ടിച്ചിരികളും വിരളമാകാന്‍ തുടങ്ങി. മാതാപിതാക്കള്‍ അവനുമായി ഒരു വിദഗ്ധഡോക്ടറെ സമീപിച്ചു. വൈദ്യശാസ്ത്രം വിധിയെഴുതി. കാര്‍ലോ രക്താര്‍ബുദത്തിന്റെ പിടിയിലമര്‍ന്നുപോയിരിക്കുന്നു. കേട്ടവര്‍ കേട്ടവര്‍ അമ്പരന്നു. മാതാപിതാക്കള്‍ അലമുറയിട്ടു. കാര്‍ലോ മാത്രം സുസ്‌മേരവദനനായി ദൈവത്തിനു സ്തുതികളുയര്‍ത്തി ആമ്മേന്‍ പറഞ്ഞു. അവന് ദൈവവുമായുള്ള പ്രണയം അത്രമേല്‍ ശക്തമായിരുന്നു. കുറേക്കാര്യങ്ങള്‍കൂടി ദൈവമനുവദിച്ചാല്‍ ചെയ്തുതീര്‍ക്കണമെന്നവന്‍ ആശിച്ചു. അനുനിമിഷം വര്‍ധിച്ചുവന്ന തീവ്രവേദനകളും സഹനങ്ങളും അവന്‍ തിരുസ്സഭയ്ക്കുവേണ്ടിയും മാര്‍പാപ്പായുടെ നിയോഗങ്ങള്‍ക്കായും പാപികളുടെ മാനസാന്തരത്തിനായും കാഴ്ചയര്‍പ്പിച്ചു.
ഭൂമിയിലെ കാര്‍ലോയുടെ അവസാനത്തെ പ്രഭാതമായിരുന്നു 2006 ഒക്‌ടോബര്‍ മാസം 12 രാവിലെ 6.45. താന്‍ പങ്കെടുത്തുകൊണ്ടിരുന്ന ദൈവാലയത്തിലെ ദിവ്യബലിയുടെ സമാപനമായിരുന്നു അപ്പോള്‍. പാപസങ്കീര്‍ത്തനവും തിരുപ്പാഥേയവും സ്വീകരിച്ചുകൊണ്ട്  സ്വര്‍ഗത്തെ പുല്‍കുവാന്‍ കുഞ്ഞുകാര്‍ലോ വെമ്പല്‍കൊണ്ടു. ആ കണ്ണുകള്‍ ദീപ്തങ്ങളായിരുന്നു. മുഖം പ്രകാശമാനമായി. നിദ്രയിലേക്കു വഴുതിവീഴുംപോലെ അവന്‍ കണ്ണുകളടച്ചു. പഞ്ജരം ഉപേക്ഷിച്ച കിളിയെപ്പോലെ മാലാഖമാരുടെ അകമ്പടിയോടെ സ്വര്‍ഗത്തിലേക്ക് അവന്‍ പറന്നുയര്‍ന്നു. ഭൗതികശരീരം അസ്സീസിയിലുള്ള അക്യൂട്ടിസ് കുടുംബക്കല്ലറയില്‍ സംസ്‌കരിച്ചു. യാത്ര ചൊല്ലി കടന്നുപോയ സൈബര്‍ പ്രതിഭയെ നോക്കി ലോകം വിതുമ്പി. മരണാനന്തരം അനേകംപേര്‍ കാര്‍ലോയുടെ കബറിടം സന്ദര്‍ശിക്കാന്‍ തുടങ്ങി. അദ്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും പെരുമഴപോലെ പെയ്തിറങ്ങി. വിശുദ്ധിയുടെ മകുടം ചൂടാന്‍ പ്രായം ഒരുപാധിയല്ലെന്ന് കൗമാരക്കാരനായ കാര്‍ലോ സ്വന്തം ജീവിതംകൊണ്ട് ലോകത്തിനു കാണിച്ചുകൊടുത്തു.
എത്ര വേഗത്തിലാണ് ഈ 'ന്യൂജെന്‍' വിശുദ്ധന്റെ നാമകരണനടപടി പൂര്‍ത്തിയാവുന്നത്. 2013 മേയ് 13 ന് അസ്സീസി രൂപത കാര്‍ലോയെ ദൈവദാസനായി പ്രഖ്യാപിച്ചു. 2016 നവംബര്‍ 24 ന് ധന്യനായിത്തീര്‍ന്നു. 2020 ല്‍ ബ്രസീലിലുള്ള ഒരു ആറു വയസുകാരന്റെ പാന്‍ക്രിയാസ് രോഗം അദ്ഭുതകരമായി സുഖപ്പെട്ടത് ധന്യനായ കാര്‍ലോയുടെ മാധ്യസ്ഥ്യത്താലാണെന്നു സ്ഥിരീകരിച്ചത് പരിശുദ്ധ ഫ്രാന്‍സീസ് പാപ്പാ അംഗീകരിക്കുകയും 2020 ഒക്‌ടോബര്‍ 10 ന് അള്‍ത്താരവണക്കത്തിനു യോഗ്യരായ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയര്‍ത്തുകയും ചെയ്തു. ഫ്രാന്‍സീസ് പാപ്പാ ഏറെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു പുണ്യാത്മാവാണ് കാര്‍ലോ.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)