ഏലിയാമ്മ അധ്യാപികയാണ്. മകന് ഒരു വയസ്സുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചു. മകന്‍ ഏലിയാസിനെ ഏലിയാമ്മ ഓമനിച്ചു ലാളിച്ചു വളര്‍ത്തി പഠിപ്പിച്ചു. സഹായത്തിന് അമ്മയുണ്ടായിരുന്നു. അതുകൊണ്ട് ബാല്യത്തില്‍ ഏലിയാസിനെ അമ്മയെ ഏല്പിച്ചിട്ടു ജോലിക്കുപോകാന്‍ ബുദ്ധിമുട്ടുണ്ടായില്ല.
ഏലിയാസ് പഠിക്കാന്‍ മിടുക്കനായിരുന്നു. കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് പി എസ് സി ടെസ്റ്റെഴുതി ജോലി കിട്ടി. വയനാട്ടിലാണ് നിയമനം ലഭിച്ചത്. അവിടെ ജോലി ചെയ്തിരുന്നപ്പോള്‍ ഒരു പെണ്‍കുട്ടിയുമായി സ്‌നേഹബന്ധത്തിലായി. ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. വിവരം അമ്മയെ അറിയിച്ചു. അമ്മ വന്ന് കുട്ടിയെ കണ്ടു. വീട്ടുകാരുമായി സംസാരിച്ചു. അവര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടായില്ല. ചെലവുകുറച്ച് ആര്‍ഭാടമില്ലാതെ ലളിതമായി കാലടിപ്പള്ളിയില്‍ വച്ച് വിവാഹം നടത്തി.
വിവാഹശേഷം വീട്ടില്‍ അമ്മയോടൊപ്പം റോസക്കുട്ടിയെ ആക്കി ഏലിയാസ് വയനാട്ടിലേക്കു ജോലിക്കുപോയി. കാലടിയില്‍ താമസിച്ചിരുന്നപ്പോള്‍ അയല്‍ക്കാരന്റെ വിവാഹത്തിനു ക്ഷണിച്ചു. അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ട്രലിലായിരുന്നു വിവാഹം.
അമ്മ മകനെ വിവാഹക്ഷണത്തിന്റെ വിവരമറിയിച്ചു. ആദ്യമായി ഇരുവരും ഒരുമിച്ചു വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതു നല്ലതാണെന്ന് അമ്മ മകനോടു പറഞ്ഞു. ഏലിയാസ് വന്നു. റോസക്കുട്ടിയും ഏലിയാസും ഒരുമിച്ചു വിവാഹത്തിനു പോയി.
വിവാഹം കഴിഞ്ഞ് വീട്ടില്‍ വന്നപ്പോള്‍ അമ്മ മകളോടു ചോദിച്ചു: ''എങ്ങനെ ഉണ്ടായിരുന്നു വിവാഹപരിപാടികളെല്ലാം? എല്ലാവരുമായി പരിചയപ്പെട്ടില്ലേ?''
''ശാപ്പാടെല്ലാം അടിപൊളിയായിരുന്നു. ബിരിയാണി, മട്ടന്‍ ചിക്കന്‍, മത്സ്യം എല്ലാമുണ്ടായിരുന്നു. ആരുമായും പരിചയപ്പെട്ടില്ല. ആരും എന്നോടു മിണ്ടാന്‍പോലും വന്നില്ല. ചിലരെല്ലാം എന്റെ കുറ്റം പറയാന്‍ വന്നു. എല്ലാവരുടെയും മുഖത്ത് ദേഷ്യവും വെറുപ്പും മാത്രം.''
ഏലിയാമ്മ മകളെ സമാധാനിപ്പിച്ചു: ''മോള് എല്ലാവരുമായി പരിചയപ്പെടുന്നതല്ലേ ഉള്ളൂ. കാലക്രമേണ എല്ലാം ഇഷ്ടപ്പെടും. കാത്തിരിക്കൂ.''
പിറ്റേ ആഴ്ച വേറൊരു കല്യാണത്തിനു പോയി. പോകാന്‍ കാലത്ത് അമ്മ മകളെ വിളിച്ചു പറഞ്ഞു: ''മോള് ഇന്നു കാണുന്നവരോടെല്ലാം സ്‌നേഹമായി സംസാരിച്ച് വിശേഷങ്ങള്‍ ചോദിക്കണം. ഇങ്ങോട്ടു ചോദിക്കാന്‍ കാത്തിരിക്കേണ്ട. അങ്ങോട്ടു കയറി ചോദിക്കുക.''
മകള്‍ സമ്മതിച്ചു. എല്ലാരുമൊരുമിച്ചു വിവാഹത്തിനുപോയി. തിരിച്ചുവന്നപ്പോള്‍ അമ്മ ചോദിച്ചു: ''ഇന്ന് എങ്ങനെ ഉണ്ടായിരുന്നു?''
''അമ്മേ അന്ന് ഒരുപാടു പേരെ പരിചയപ്പെട്ടു. ഞാന്‍ മറിയക്കുട്ടിയമ്മായിയെ കണ്ടപ്പോള്‍ ചിരിച്ചുകൊണ്ട് അടുത്തുചെന്ന് വിശേഷങ്ങള്‍ ചോദിച്ചു. അമ്മായി അവിടെ വന്നിരുന്ന ബന്ധുക്കളെ എല്ലാം പരിചയപ്പെടുത്തിത്തന്നു. എല്ലാവരുമായി സംസാരിച്ചു. എല്ലാവരോടും ഞാന്‍ ചിരിച്ചുകൊണ്ടു വര്‍ത്തമാനം പരഞ്ഞു. എല്ലാവര്‍ക്കും എന്നെ ഇഷ്ടമായി. എന്തൊരു നല്ല മനുഷ്യരാ അമ്മേ അവരെല്ലാം. എന്നോട് എന്തു സ്‌നേഹമായെന്നോ അവര്‍ക്കെല്ലാം. എന്തൊരു നല്ല ആളുകളാണ് അമ്മേ അവരെല്ലാം. എത്ര നല്ല ആളുകള് നമ്മുടെ ചുറ്റും. ഈ നാട്ടില്‍ വരാനും ഈ നല്ല ആളുകളുമായി പരിചയപ്പെടാനും കഴിഞ്ഞത് എന്റെ ഭാഗ്യം.'' റോസക്കുട്ടി പറഞ്ഞു.
''മോളേ, കഴിഞ്ഞയാഴ്ച കല്യാണത്തിനുപോയപ്പോള്‍ കണ്ടതും ഇന്നു കണ്ടതും ഒരേ ആളുകളെത്തന്നെയാണ്. മറ്റുള്ളവര്‍ക്ക് ഒരു പുഞ്ചിരി കൊടുക്കുമ്പോഴാണ് നമുക്ക് ഒരു പുഞ്ചിരി തിരിച്ചു കിട്ടുക. അപ്പോള്‍ ഈ ലോകജീവിതം മനോഹരമായി നമുക്ക് അനുഭവപ്പെടും.'' അമ്മ പറഞ്ഞു.