ടെന്നീസില്‍ ഒരു യുഗത്തിന് അന്ത്യംകുറിച്ചുകൊണ്ട് റോജര്‍ ഫെഡറര്‍ വിരമിച്ചു. 24 വര്‍ഷം നീണ്ടുനിന്ന തന്റെ മഹത്തായ ടെന്നിസ് കരിയര്‍ 41 വയസ്സിലാണ് റോജര്‍ ഫെഡറര്‍ അവസാനിപ്പിച്ചത്. സ്വപ്നതുല്യമായ കരിയറില്‍ 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും 103 എ.ടി.പി. കിരീടങ്ങളും നേടിയ റോജര്‍ ഫെഡറര്‍ 1750 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കളിക്കളത്തില്‍നിന്നു വിടവാങ്ങിയത്. എക്കാലത്തെയും തന്റെ മികച്ച എതിരാളിയായിരുന്ന റാഫേല്‍ നടാലിനൊപ്പം ലേവര്‍ കപ്പില്‍ ഡബിള്‍സ് പങ്കാളിയായാണ് യൂറോപ്യന്‍ ടീമിനുവേണ്ടി റോജര്‍ ഫെഡറര്‍ തന്റെ കരിയറിലെ അവസാനമത്സരം കളിച്ചത്. 1998ല്‍ പ്രൊഫഷണല്‍ ടെന്നീസില്‍ അരങ്ങേറ്റം കുറിച്ച ഫെഡറര്‍ ടെന്നീസ്‌ലോകം കണ്ട എക്കാലത്തെയും മഹാന്മാരായ താരങ്ങളുടെ നിരയില്‍ സ്ഥാനം നേടിയിരുന്നു. 237 ആഴ്ചകള്‍ തുടര്‍ച്ചയായി ലോക ടെന്നീസില്‍ ഒന്നാം നമ്പര്‍ സ്ഥാനം അലങ്കരിച്ച റോജര്‍ ഫെഡറര്‍, 2018ല്‍ 36-ാം വയസ്സില്‍ ലോക ഒന്നാം നമ്പരിലെത്തിയപ്പോള്‍ ഈ നേട്ടം കുറിച്ച അഭിമാനതാരമായി അദ്ദേഹം മാറിയിരുന്നു.
ദീര്‍ഘകാലമായി തന്നെ അലട്ടിയിരുന്ന കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്നാണ് ഫെഡറര്‍ ടെന്നീസ് മതിയാക്കിയത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. പരിക്കുകളെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഒരു പ്രധാനപ്പെട്ട ടൂര്‍ണമെന്റുപോലും കളിക്കാന്‍ സാധിച്ചിരുന്നില്ല.
1998ല്‍ വിംബിള്‍ഡണ്‍ ജൂനിയര്‍ ചാമ്പ്യനായാണ് ഫെഡറര്‍ വരവറിയിച്ചത്. പിന്നീട് കോര്‍ട്ടുകളില്‍ വിസ്മയം തീര്‍ത്ത ഫെഡറര്‍ കരിയറില്‍ 20 ഗ്രാന്‍ഡ്സ്ലാം കിരീടം എന്ന ചരിത്രനേട്ടം സ്വന്തമാക്കി. പിന്നീട് റാഫേല്‍ നടാലും നോവാക്ക് ഡോക്കുവിച്ചും ഈ നേട്ടം മറികടന്നെങ്കിലും ഫെഡറുകളുടെ കളിമികവ് ഒന്നു വേറേതന്നെയാണ്. ലോകത്തെ ഏറ്റവും മികച്ച കായികതാരത്തിനു നല്‍കുന്ന ലോറസ് അവാര്‍ഡ് 2005 മുതല്‍ 2008 വരെ തുടര്‍ച്ചയായി നാലു തവണ നേടിയ താരമാണ് ഫെഡറര്‍. 2018 ലും മികച്ച കായിക താരത്തിനുള്ള ഈ അവാര്‍ഡ് ഫെഡററെ തേടിയെത്തി.
2003ല്‍ ആദ്യഗ്രാന്‍ഡ്സ്ലാം കിരീടം വിംബില്‍ഡണില്‍ നേടിയ ഫെഡറര്‍ അഞ്ചുതവണ (2003-2007) തുടര്‍ച്ചയായി വിംബിള്‍ഡണ്‍ നേടി ചരിത്രം സൃഷ്ടിച്ചു. 2004 മുതല്‍ 2008 വരെ തുടര്‍ച്ചയായി അഞ്ചു തവണ യുഎസ് ഓപ്പണ്‍ നേടി രണ്ടു വ്യത്യസ്ത ഗ്രാന്‍ഡ്സ്ലാമുകളില്‍ തുടര്‍ച്ചയായി അഞ്ചു തവണ ചാമ്പ്യനാകുന്ന ആദ്യത്തെ താരമായി ഫെഡറര്‍. 2006 ലും 2007 ലും നാല് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളിലും ഫൈനലില്‍ എത്തിയെങ്കിലും ഫ്രഞ്ച് ഓപ്പണില്‍ മാത്രം വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. മറ്റു ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും ഫ്രഞ്ച് ഓപ്പണില്‍ ഫെഡറര്‍ക്ക് മികവു പുലര്‍ത്താനായില്ല. 2006 ലും 2007 ലും 2008 ലും റാഫേല്‍ നടാലിനു മുന്നില്‍ കീഴടങ്ങിയെങ്കിലും 2009 സ്വീഡന്‍താരം റോബിന്‍ സോഡര്‍ലിങ്കിനെ നേരിട്ടുള്ള സീറ്റുകള്‍ക്കു പരാജയപ്പെടുത്തി ഫെഡറര്‍ ഫ്രഞ്ച് ഓപ്പണ്‍ നേടുകയുണ്ടായി. തന്റെ 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളില്‍ ഒരുതവണ മാത്രമാണ് ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടാന്‍ സാധിച്ചത്. ടെന്നീസില്‍ എല്ലാ പ്രതലങ്ങളിലും മികവുപുലര്‍ത്തിയ അപൂര്‍വം പ്രതിഭകളില്‍ ഒരാളായിരുന്നു റോജര്‍ ഫെഡറര്‍. ടെന്നീസ്‌പ്രേമികള്‍ക്ക് എക്കാലവും ഓര്‍മിക്കാന്‍ സാധിക്കുന്ന ഒന്നായിരുന്നു റോജര്‍ ഫെഡററും റാഫെല്‍ നടാലും തമ്മിലുള്ള മത്സരങ്ങള്‍.