ഓണപ്പാട്ടിന്നീണം മൂളി
പാറിപ്പോകും തുമ്പിക്കുഞ്ഞേ
കൂടെത്തുള്ളാന്‍ പോരുന്നുണ്ടേ
മുക്കുറ്റിപ്പൂക്കള്‍.
കൂടയുമായി തൊടികള്‍ നീളെ
പാടിനടപ്പൂ കുരുന്നുകള്‍
തുടുത്ത പൂക്കള്‍കൊണ്ടു മെനഞ്ഞു
നടുത്തളത്തില്‍ മഴവില്ല്.
തുമ്പപ്പൂവുകള്‍ ചിരിച്ചുനിന്നു
താഴെ വരമ്പുകളില്‍.
വാകമരങ്ങള്‍ വീശിയെറിഞ്ഞു
കുന്നോളം പൂക്കള്‍.
ചക്കരമാവിന്‍ കൈകളിലാടി
തിരുവോണപ്പൊന്നൂഞ്ഞാല്‍.
പൂവിളി പാടി മദിച്ചു വരുന്നേ
കസവിന്‍ ചേലൊളികള്‍.
ചെത്തിപ്പൂവുകളാര്‍പ്പു വിളിച്ചു
തിരുവോണം വരവായി
വണ്ണാത്തിപ്പുള്ളുകള്‍ പാടി
തിരുവോണം വരവായി.
ശലഭങ്ങള്‍ ചേലയുടുത്തു
കരിവണ്ടുകള്‍ ചമയമണിഞ്ഞു
പൂക്കാലം വരവായ് വരവായ്
ചെറുകിളികള്‍ കൊഞ്ചി വിളിച്ചു
ഇനിയെന്നുമൊരുത്സവകാലം
മൊഴിയുന്നീ പൂവുകളെല്ലാം
തിരുവോണപ്പുലരി വിടര്‍ന്നാല്‍
പുളകത്തിന്‍ ഉത്സവമേളം.
കവിത
ഓണപ്പുലരി
