2012 മുതല്‍ 2022 വരെയുള്ള പത്തുവര്‍ഷക്കാലം പാലാ രൂപതയുടെ സഹായമെത്രാനായിരുന്ന മാര്‍ ജേക്കബ് മുരിക്കന്‍ ഏകാന്തതാപസജീവിതത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. 1993 ല്‍ വൈദികനായി അഭിഷിക്തനായ മാര്‍ ജേക്കബ് മുരിക്കന്‍ 2012 ഓഗസ്റ്റ് 24 നാണ് പാലാ രൂപതയുടെ സഹായമെത്രാനായി നിയോഗിക്കപ്പെടുന്നത്. അഞ്ചു വര്‍ഷത്തിനുശേഷം 2017 ല്‍ ഒരു ഉള്‍വിളിയെന്നോണം ഏകാന്തതാപസപരിഹാരജീവിതത്തിനായി ദൈവം തന്നെ ഒരുക്കുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. വെളുപ്പിനേ മൂന്നു മണിക്കാരംഭിക്കുന്ന വ്യക്തിപരമായ പ്രാര്‍ത്ഥനയില്‍ ആ ഉള്‍വിളി ദിവസംചെല്ലുന്തോറും ശക്തിപ്പെടുന്ന അനുഭവമാണ് അദ്ദേഹത്തിനുണ്ടായത്.
'ലോകത്തില്‍നിന്ന് പൂര്‍ണമായി വിട്ട് നിശ്ശബ്ദതയിലേക്കു വരണം. ലോകം അറിയപ്പെടാത്ത ഒരു ജീവിതത്തിലേക്കു പ്രവേശിക്കണം.' ഈ ചിന്ത തുടര്‍ന്നുള്ള വര്‍ഷങ്ങളിലും കൂടുതല്‍ പ്രബലപ്പെട്ടുവന്നു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോടും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനോടും ഇക്കാര്യം സംസാരിക്കുകയുണ്ടായി. വിളിയുടെ വാസ്തവികത വെളിപ്പെട്ടുകിട്ടാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കാനുള്ള നിര്‍ദേശമാണു ലഭിച്ചത്. വര്‍ഷങ്ങള്‍ പിന്നിടുന്തോറും ബോധ്യങ്ങളില്‍ വളരുകയും താപസജീവിതത്തോടു മാനസികമായി പൊരുത്തപ്പെടുകയും ചെയ്തു. തദവസരത്തിലാണ് പാലാ രൂപതയുടെ സഹായമെത്രാന്‍സ്ഥാനത്തുനിന്ന് വിടുതല്‍ ചെയ്യണമെന്നാവശ്യപ്പെട്ട് മേജര്‍ ആര്‍ച്ചുബിഷപ്പിന് കത്തു സമര്‍പ്പിച്ചത്. ആ സമയംതന്നെ പരിശുദ്ധ പിതാവിന് വിശദവിവരങ്ങള്‍ അറിയിച്ചുകൊണ്ട് മാര്‍ ജേക്കബ് മുരിക്കന്‍ കത്തെഴുതി. തുടര്‍ന്ന് പെര്‍മനന്റ് സിനഡിന്റെ അനുമതിയോടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ മുരിക്കന്റെ സ്ഥാനത്യാഗം അംഗീകരിച്ചതായി സിനഡിന്റെ സമാപനദിവസമായ ഓഗസ്റ്റ് 25 ന് അറിയിക്കുകയായിരുന്നു.
താപസന്മാരുടെ ജീവിതം പരിശുദ്ധകുര്‍ബാനയുടെ സന്നിധിയിലാണ്. ഊണിലും ഉറക്കത്തിലും ഇരുപത്തിനാലു മണിക്കൂറും ഈശോയോടൊപ്പം! ഈശോയില്‍ വിശ്വസിക്കുന്ന ഒരു വലിയ സമൂഹത്തിന്റെ കൂട്ടായ്മയിലാണ് താപസന്‍ പ്രാര്‍ത്ഥിക്കുന്നത്. അതുകൊണ്ട്, ഏകാന്തധ്യാനമാണെങ്കിലും താപസന്‍ ഒറ്റയ്ക്കല്ല. പ്രപഞ്ചവും സര്‍വസൃഷ്ടിജാലങ്ങളും അവനോടൊപ്പം സന്ന്യസിക്കുന്നുണ്ട്; പരിഹാരബലിയില്‍ പങ്കെടുക്കുന്നുണ്ട്. സന്ന്യാസജീവിതത്തിലെ ഏഴു യാമങ്ങളിലുമുള്ള പ്രാര്‍ത്ഥനകള്‍ എല്ലാ സമയത്തെയും വിശുദ്ധീകരിക്കാനുള്ള ജപധ്യാനങ്ങളാണ്. അതു മനുഷ്യര്‍ക്കുവേണ്ടി മാത്രമല്ല, എല്ലാ സൃഷ്ടികള്‍ക്കുംവേണ്ടിയുള്ളതാണ്. പ്രാര്‍ത്ഥനയും ഉപവാസവും അധ്വാനവും വായനയും പഠനവുമൊക്കെയായി ആശ്രമാന്തരീക്ഷത്തില്‍ മാര്‍ ജേക്കബ് മുരിക്കന്‍ ജീവിതത്തിന്റെ അര്‍ത്ഥവും ആനന്ദവും കണ്ടെത്തുകയാണ്.
ഈശോയോടുകൂടെയായിരിക്കുമ്പോള്‍ ലഭിക്കുന്ന ശാന്തതയും ശക്തിയും സഭയ്ക്കും സമൂഹത്തിനും കരുത്തു പകരും. ബനഡിക്ട് പാപ്പാ മറഞ്ഞിരുന്നു പ്രാര്‍ത്ഥിക്കുന്നതാണ് ഫ്രാന്‍സീസ് പാപ്പായുടെ ശക്തിയും കത്തോലിക്കാസഭയുടെ ഉണര്‍വുമെന്ന് ബിഷപ് മുരിക്കന്‍ പലപ്പോഴും പറയാറുണ്ട്. ഒരു മെത്രാനോട് താപസജീവിതം നയിക്കാന്‍ ദൈവം ആവശ്യപ്പെടുന്നത്, അവിടുത്തെ ഇച്ഛയും തിരഞ്ഞെടുപ്പുമാണ്. തപസ്സിന്റെ മഹത്ത്വവും പ്രാധാന്യവും ലോകം മനസ്സിലാക്കാനും അതുവഴി ലോകത്തെ രൂപാന്തരപ്പെടുത്താനും തന്റെ തിരഞ്ഞെടുപ്പിലൂടെ കാരുണ്യവാനായ ദൈവം നിശ്ചയിച്ചിട്ടുണ്ടാകാമെന്ന് ബിഷപ് ജേക്കബ് മുരിക്കന്‍ കരുതുന്നു.
ഏകാന്തജീവിതം നയിക്കുമ്പോഴും ജനങ്ങള്‍ക്കു വന്നു കാണാനും ആത്മീയോപദേശം സ്വീകരിക്കാനും അവസരമുണ്ട്. മാത്രമല്ല, സഭ ആവശ്യപ്പെട്ടാല്‍, മെത്രാനടുത്ത ശുശ്രൂഷകള്‍ നടത്താനും സാധിക്കും.
ഇടുക്കി ജില്ലയിലെ നല്ലതണ്ണിയില്‍ പൗരസ്ത്യ ആത്മീയദര്‍ശനങ്ങളാല്‍ രൂപീകൃതമായ മാര്‍ത്തോമ്മാശ്ലീഹാ ദയറാ(ആശ്രമം)യുടെ സമീപത്തുള്ള ഒരു ഭവനത്തിലായിരിക്കും മാര്‍ ജേക്കബ് മുരിക്കന്റെ ഇനിയുള്ള ജീവിതം.
ഏകാന്തതാപസജീവിതത്തിലേക്കു പ്രവേശിച്ച ഞങ്ങളുടെ പ്രിയപ്പെട്ട മുരിക്കന്‍പിതാവിന് ദീപനാളത്തിന്റെ പ്രാര്‍ത്ഥനാശംസകള്‍.