•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മറിയം സ്ത്രീകളുടെ പാഠപുസ്തകം

യാള്‍ വളരെ മനോഹരമായി വയലിന്‍ വായിക്കുമായിരുന്നു. ഒരുനാള്‍ പെട്ടെന്ന് തന്റെ പാട്ടു നിര്‍ത്തി. വയലിന്‍ മാറ്റിവച്ചു. സുഹൃത്തുക്കള്‍ ചോദിച്ചു, താങ്കള്‍ക്കെന്തുപറ്റി? ഒരു വിതുമ്പലോടെ അയാള്‍ പറഞ്ഞു, എന്റെ ഭാര്യ മരിച്ചു. ജീവിതത്തിന്റെ സംഗീതം ഇല്ലാതായി. ഇനി ഞാന്‍ പാടുന്നില്ല. അരങ്ങില്‍ നിറഞ്ഞുനിന്ന എന്നെയും എന്റെ സ്വരത്തെയും മാത്രമേ നിങ്ങളറിഞ്ഞിട്ടുള്ളൂ. അണിയറയില്‍ മറഞ്ഞിരുന്ന എന്റെ ഭാര്യയെ നിങ്ങള്‍ കണ്ടിട്ടില്ലല്ലോ... ഒരു പുരുഷന്‍ സ്ത്രീക്കു നല്‍കുന്ന ഏറ്റവും ശ്രേഷ്ഠമായ ആദരവിന്റെ നനവുള്ള വാക്കുകളാണിത്.

'സ്ത്രീ' എന്നാല്‍ 'സത്യം ത്രായതേ ഇതി.' സത്യത്തെ പരിരക്ഷിക്കുന്നവള്‍ എന്നര്‍ത്ഥം. ക്രിസ്തുവാകട്ടെ സ്വന്തം അമ്മയെ സംബോധന ചെയ്തത് 'സ്ത്രീയേ' എന്നു വിളിച്ചുകൊണ്ടാണെന്ന് യോഹന്നാന്‍ ശ്ലീഹാ സാക്ഷ്യപ്പെടുത്തുന്നു. സമഗ്രമായ അര്‍ത്ഥതലങ്ങളുള്ള ശ്രേഷ്ഠപപദമാണ് 'സ്ത്രീ'. സത്യം എന്നത് ക്രിസ്തുവാണ്. അതിനാല്‍ ക്രിസ്തുവിനെ പരിരക്ഷിച്ചവള്‍ 'അമ്മ' എന്ന അര്‍ത്ഥത്തിലാകണം നാം അതിനെ വ്യാഖ്യാനിക്കാന്‍. അമ്മ മറിയം സ്ത്രീത്വത്തിന്റെ ഉടല്‍ഭാഷ്യമാണ്.
കഴിയുമോ നിനക്കീ അഗ്നികുണ്ഡത്തെ ഗര്‍ഭം ധരിക്കാന്‍ എന്ന സ്വര്‍ഗ്ഗത്തിന്റെ ചോദ്യത്തിനു മുന്നില്‍ പതറാതെ നിന്ന് ആമ്മേന്‍ പറഞ്ഞവള്‍. 'നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും' എന്ന ശിമയോന്റെ വാക്കുകള്‍ക്കുപോലും സ്ത്രീത്വത്തിന്റെ ലാവണ്യത്തിന് മങ്ങലേല്പിക്കാന്‍ കഴിഞ്ഞില്ല. സങ്കടങ്ങളുടെ വാള്‍മുനയില്‍നിന്നുകൊണ്ട് അവള്‍ സത്യത്തെ പരിരക്ഷിക്കുകയായിരുന്നു എന്നു വേണം കരുതാന്‍. സ്വന്തം നിയോഗങ്ങള്‍ തിരിച്ചറിഞ്ഞ വ്യക്തികള്‍ വിപരീതാനുഭവങ്ങളെ കുലീനമായി സ്വീകരിക്കും എന്നതിന് പരിശുദ്ധ അമ്മയുടെ ജീവിതം മാതൃകയാകുന്നു. എവിടെയായിരുന്നാലും ശരി ആയിരിക്കുന്ന ഇടങ്ങളെ അലങ്കരിക്കുന്നവളാകണം സ്ത്രീ.
കഠിനനിയമങ്ങള്‍ പാലിച്ചുപോന്ന യഹൂദപശ്ചാത്തലത്തില്‍പ്പോലും 'മറിയം' എന്ന സാന്നിധ്യംകൊണ്ട് ആ ഇടങ്ങള്‍ ഒക്കെയും അലങ്കരിക്കപ്പെട്ടിരുന്നു. 'തനിക്കു പ്രസവിക്കാന്‍ കാലിത്തൊഴുത്തു മതി' എന്നു മറിയം പറഞ്ഞപ്പോള്‍ സ്വര്‍ഗ്ഗം അവിടെ പ്രത്യക്ഷമായി. ഇളയമ്മയെ പരിചരിക്കാന്‍ പോയപ്പോള്‍ ആ കുടുംബത്തില്‍ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം. കാനായിലെ കല്യാണവീട്ടിലെത്തിയപ്പോള്‍ ആ വീട് ചരിത്രത്തിന്റെ ഭാഗമായി. ഇങ്ങനെ മറിയം ആയിരുന്നിടത്തെല്ലാം ക്രിസ്തുവിന്റെ പരിമളമായി മാറി. കാരണം അവളില്‍ സ്‌നേഹം, കരുണ, കരുതല്‍, വിശ്വാസം, വാത്സല്യം, ശാലീനത എന്നീ ഗുണങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. ഇന്നു സ്ത്രീകള്‍ തങ്ങള്‍ക്കു സമൂഹത്തില്‍ വേണ്ടത്ര സ്ഥാനമില്ല, പുരുഷന്റെയൊപ്പം ആദരവു കിട്ടുന്നില്ല എന്നു പറഞ്ഞ് വിലപിച്ചുനടക്കുകയാണ്.
ആരെപ്പോലെയും ആകാന്‍ ശ്രമിക്കാതെ സ്വന്തം നിയോഗങ്ങളും ഉത്തരവാദിത്വങ്ങളും തിരിച്ചറിഞ്ഞ് ആയിരിക്കുന്ന ഇടങ്ങളെ അലങ്കരിക്കാനാണ് സ്ത്രീകള്‍ ശ്രമിക്കേണ്ടത്. ജീവിക്കേണ്ടതുപോലെ ജീവിച്ചാല്‍ ആദരിക്കപ്പെടും എന്നതിന് ചരിത്രംതന്നെ സാക്ഷി.
കത്തിച്ച റാന്തല്‍വിളക്കുമായി മുറിവേറ്റ പട്ടാളക്കാര്‍ക്കിടയിലൂടെ നടന്ന് അവള്‍ അവരെ പരിചരിച്ചു. വെടിയുണ്ടകള്‍ക്കുപോലും തകര്‍ക്കാന്‍ കഴിയാത്ത ആത്മബലത്തിന്റെ ഉടല്‍ഭാഷ്യമായിരുന്നു അവള്‍, ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍. ലോകത്തിനു മറക്കാനാകുമോ ഈ സ്ത്രീരത്‌നത്തെ? ഇങ്ങനെ സ്വയം വെളിച്ചമായി മാറിയവര്‍ ധാരാളം. മദര്‍ തെരേസ, അല്‍ഫോന്‍സാമ്മ, സരോജിനി നായിഡു എന്നിങ്ങനെ അനേകര്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടം നേടിയിട്ടുണ്ട്.
പെരുത്തപ്പെടാനും പരാജയപ്പെടാനും ഹൃദയങ്ങളെ കീഴടക്കാനും കഴിയുന്നവരാണു സ്ത്രീകള്‍. എല്ലാവരും വെറുത്ത ഹിറ്റ്‌ലറിന്റെ ജീവിതത്തില്‍ 'ഇവ' എന്ന സ്ത്രീ മാത്രമേ കാവലായി ഉണ്ടായിരുന്നുള്ളൂ. സങ്കടപ്പെടുന്നവരെ ചേര്‍ത്തുപിടിക്കാന്‍ മാത്രം ബലം സ്ത്രീകള്‍ക്കുണ്ട്. ക്രിസ്തുവിന്റെ കുരിശുയാത്രയില്‍ അമ്മ മറിയം അവനെ അനുഗമിച്ചിരുന്നത് ഓര്‍ക്കുക. എത്ര വലിയ ആത്മബലമായിരിക്കണം ക്രിസ്തു ആ നിമിഷങ്ങളില്‍ അനുഭവിച്ചിരിക്കുക! സ്ത്രീക്കു മാത്രം നല്‍കാന്‍ കഴിയുന്ന ആത്മബലമാണത്.
അച്ഛന്‍ മരിച്ച രാത്രിയില്‍ ഗാന്ധിജി കസ്തൂര്‍ബായുടെ അരികിലേക്കു പോയി. തന്നെ ആശ്വസിപ്പിക്കാന്‍ ആ സ്ത്രീരത്‌നത്തിനു കഴിയും എന്ന വിചാരം കൊണ്ടല്ലേ? വര്‍ഷങ്ങള്‍ക്കുശേഷം മടങ്ങിവരുന്ന ബുദ്ധന്‍ യശോധരയുടെ അടുക്കലെത്തി. അമിതവൈകാരികതയ്ക്ക് ഇടംനല്‍കാതെ ആത്മസംയമനത്തോടെ അവള്‍ ബുദ്ധനെ സ്വീകരിച്ചു. ബുദ്ധന്‍ അനേകം യാത്രകളിലൂടെ സ്വന്തമാക്കിയ ജ്ഞാനം യശോധര അവളുടെ കുഞ്ഞാകാശത്തിലിരുന്നു നേടി എന്നു വേണം കരുതാന്‍.
സഹിക്കാനും പൊറുക്കാനും ആത്മത്യാഗം ചെയ്യാനും സ്ത്രീയ്ക്കു സാധിക്കുന്നത് ബലഹീനതകൊണ്ടല്ല, ബലംകൊണ്ടാണ് എന്ന തിരിച്ചറിവ് ഓരോ സ്ത്രീക്കുമുണ്ടാകണം. അതിന് അവര്‍ക്കുള്ള പാഠപുസ്തകമാണ് മറിയം. സ്വന്തം ജീവിതത്തിന്റെ സുഗന്ധം നഷ്ടപ്പെടാതിരിക്കാന്‍ നമുക്കു മറിയത്തിന്റെ പാഠശാലയിലിരുന്നു ധ്യാനിക്കാം. ജീവിച്ച ഇടങ്ങളില്‍ സ്വര്‍ഗ്ഗത്തെ സന്നിഹിതമാക്കിയ മറിയം ഉടലോടെ സ്വര്‍ഗ്ഗത്തിലേക്കു കരേറ്റപ്പെട്ടതിന്റെ ഓര്‍മ്മകളില്‍ നമുക്കു വ്യാപരിക്കാം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)