കോട്ടയം ജില്ലയിലെ പടിഞ്ഞാറന്‍ പാടശേഖരമായ മലരിക്കലെ ആമ്പല്‍പ്പൂത്തടാകം വിനോദസഞ്ചാരികളെ വീണ്ടും മാടിവിളിക്കുകയാണ്. കുമരകം റൂട്ടില്‍ രണ്ടു കിലോമീറ്റര്‍ നീളത്തില്‍ റോഡിന്റെ പടിഞ്ഞാറുവശത്തായി 1850 ഏക്കര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ജെ ബ്ലോക്ക് ഒന്‍പതിനായിരം എന്ന പേരിലറിയപ്പെടുന്ന ഈ നെല്‍പ്പാടത്തിന്റെ നോക്കെത്താത്ത ദൂരത്തിലുള്ള കാഴ്ച എത്രയോ മനോഹരമാണ്. ഈ പാട ശേഖരത്തിലാണ് ആമ്പല്‍പ്പൂക്കള്‍ തഴച്ചു വളര്‍ന്നു നില്‍ക്കുന്നത്.
കേരളത്തില്‍ പലയിടങ്ങളിലും ആമ്പല്‍ കാണാമെങ്കിലും ഇത്രയും കൂട്ടമായി കടല്‍പോലെ തിങ്ങിനിറഞ്ഞു നില്‍ക്കുന്നത് വേറിട്ട ഒരു കാഴ്ചതന്നെ. മലരിക്കല്‍ എന്ന കൊച്ചുഗ്രാമം അറിയപ്പെടാന്‍ തുടങ്ങിയതു തന്നെ, ആമ്പല്‍പ്പൂവിന്റെ വരവോടെയാണ്. ഈ ആമ്പല്‍ പൂങ്കാവനം ചിങ്ങമാസത്തില്‍ വിരുന്നിനെത്തുന്ന പൊന്നോണത്തെ വരവേല്‍ക്കുന്നു. പുലര്‍ച്ചയ്ക്കുമുമ്പേ ഉണരുന്ന ഇളം വയലറ്റുനിറമുള്ള ഈ ആമ്പല്‍പ്പൂക്കള്‍ സൂര്യന്റെ വരവോടെ കൈകൂപ്പാന്‍ തുടങ്ങും. രാവിലെ ഒന്‍പത്-പത്തു മണിയോടെ എല്ലാം കൂമ്പിയ നിലയിലായിരിക്കും. 2019 ഒക്‌ടോബര്‍ ആദ്യവാരത്തിലാണ് മലരിക്കല്‍ ആമ്പല്‍പ്പൂവസന്തം ജനശ്രദ്ധയാകര്‍ഷിക്കുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത് തുടര്‍വസന്തമായി.
പട്ടുപരവതാനി വിരിച്ചതുപോലെ കാണുന്ന ഈ ആമ്പല്‍പ്പൊയ്കയില്‍ ലക്ഷോപലക്ഷം പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. പ്രഭാതത്തിലെ ശീതക്കാറ്റടിക്കുമ്പോള്‍ ജലത്തിലെ ഓളപ്പരപ്പില്‍ പൂക്കള്‍ വിറപൂണ്ട് ഇളകിയാടുന്നതു രസമുള്ള കാഴ്ചയാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന ഈ ആമ്പല്‍പ്പൂപ്പാടം സെപ്റ്റംബര്‍ പകുതിയോടെ മോട്ടോറുകളുപയോഗിച്ച് വെള്ളം വറ്റിച്ച് നെല്‍ക്കൃഷിക്കു തയ്യാറാക്കുന്നു. ഇതോടെ അല്പായുസുകളായ ഈ ആമ്പല്‍പ്പൂക്കള്‍ അപ്രത്യക്ഷമാകുന്നു. ഏപ്രില്‍-മെയ് മാസങ്ങളില്‍ പുഞ്ചക്കൊയ്ത്തു കഴിഞ്ഞാലുടന്‍ വീണ്ടും പാടത്തു വെള്ളം കയറ്റും.
നാലഞ്ചടി നീളത്തിലും ആഴത്തിലും ചെളിയില്‍ പൂണ്ടുനില്‍ക്കുന്ന ആമ്പല്‍പ്പൂവിന്റെ തണ്ടിന് ചെറിയ കപ്പളത്തണ്ടിന്റെ ആകൃതിയും ഇലകള്‍ പരന്നു വൃത്താകൃതിയിലുമാണ് ശുദ്ധജലത്തിലും വളരുന്ന ഈ പൂക്കള്‍ വയലറ്റ്, പിങ്ക്, വെള്ള, നീല, മഞ്ഞ എന്നിങ്ങനെ പല നിറങ്ങളിലും വെള്ളാമ്പല്‍, ചിറ്റാമ്പല്‍, മഞ്ഞാമ്പല്‍ എന്നിങ്ങനെ പല പേരുകളിലും കാണപ്പെടുന്നു.
പൂക്കള്‍ അടുത്തു ചെന്നു കാണാന്‍ സാദാ വള്ളങ്ങളും മോട്ടോര്‍ വള്ളങ്ങളും സദാസമയവും റെഡി. ആമ്പല്‍പ്പൂത്തടാകത്തിലൂടെ പൂക്കളം ഭേദിച്ചു വള്ളങ്ങള്‍ നീങ്ങുമ്പോള്‍ നമുക്കു പൂക്കളെ തൊട്ടുതലോടുകയും പറിച്ചെടുക്കുകയും ചെയ്യാം. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ അവയുടെ ആയുസ്സു തീരും. ആഴം കുറവായതിനാല്‍ വെള്ളത്തിലിറങ്ങി പൂവിറുക്കുന്നവരുമുണ്ട്. തൂവെള്ളനിറമുള്ള പാത്തകള്‍ ധാരാളമായി നീന്തിത്തുടിക്കുന്നതും കൊക്കുകള്‍, മുണ്ടികള്‍ എന്നിവ പൂവിലും ഇലയുടെ വക്കിലുമിരുന്ന് ചെറുമത്സ്യങ്ങള്‍ കൊത്തിവലിച്ചെടുക്കുന്നതും, ഹൃദ്യമായ കാഴ്ചയാണ്. പൂവുകളില്‍ പാറിപ്പറന്നു നടക്കുന്ന ഓണത്തുമ്പികളും പൂക്കള്‍ക്കിടയിലൂടെ തലപൊക്കി മുങ്ങിത്താഴുന്ന നീര്‍ക്കാക്കകളും മരച്ചില്ലകളിലിരുന്ന് ഉന്നംപിടിച്ച് വെള്ളത്തിലേക്ക് ഊളിയിട്ട് ചെറുമത്സ്യത്തെ ചുണ്ടില്‍ പൊക്കിയെടുക്കുന്ന പൊന്‍മാന്‍ പക്ഷികളും കൗതുകക്കാഴ്ചകളാണ്.
'സിംപായേസിയ'യുടെ കുടുംബത്തില്‍പ്പെട്ട ആമസോണ്‍ വാട്ടര്‍ ലില്ലിയുടെ പരമ്പരാഗത ചെറുമക്കളാണ് ഇന്നു നാം കാണുന്ന ആമ്പല്‍പ്പൂവൃന്ദാവനം. ഈ വാട്ടര്‍ ലില്ലിയുടെ പൂര്‍ണവളര്‍ച്ചയെത്തിയ ഒരിലയ്ക്ക് 45 കിലോ ഭാരവും ആറടി വ്യാസവുമുണ്ട്. മൂന്നു നാലു പേര്‍ക്ക് നീണ്ടുനിവര്‍ന്നു കിടക്കാനും കൂട ചൂടാനും ഇതിന്റെ ഒരിലമതി.
പൂക്കള്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളാണ്. സൂര്യന്‍ ഉദിച്ചുയരുന്നതിനുമുമ്പ് രാവിലെ 6.30 മുതല്‍ 8 മണിവരെ മലരിക്കല്‍ പാടശേഖരം ആമ്പല്‍പ്പൂസാഗരത്തിലാറാടി നില്‍ക്കുന്നു. സഹകരണ ടൂറിസംവഴി ആമ്പല്‍ പുഷ്‌പോത്സവം ആണ്ടുതോറും നടത്താറുണ്ട്.