•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

തുയിലുണര്‍ത്തും ഓണപ്പാട്ടുകള്‍

''പൂവിളി പൂവിളി പൊന്നോണമായി''  എന്നു മലയാളികളെ പാടാന്‍ പഠിപ്പിച്ച അതുല്യപ്രതിഭയാണ് ശ്രീകുമാരന്‍ തമ്പി.  ഓണത്തിന്റെ എല്ലാ സമൃദ്ധിയും സംസ്‌കാരവും ആഘോഷങ്ങളുമെല്ലാം തന്റെ വരികളിലൂടെ ആസ്വാദകന്റെ ഹൃദയത്തില്‍ വരച്ചിട്ട കവി. ജാതിമതഭേദമെന്യേ മലയാളി കൊണ്ടാടുന്ന മഹോത്സവത്തിനെ ഹൃദയംകൊണ്ടു സ്വീകരിച്ച എഴുത്തുകാരനാണ് അദ്ദേഹം. മലയാളസിനിമയില്‍ ഏറ്റവും കൂടുതല്‍ ഓണപ്പാട്ടുകള്‍ എഴുതിയ കവിയും ശ്രീകുമാരന്‍ തമ്പിതന്നെ. ബാല്യകാലത്തെ ഓണസ്മരണകള്‍തന്നെയാണ് അദ്ദേഹത്തെ മധുരിതമായ ഗാനങ്ങള്‍ എഴുതാന്‍ പ്രാപ്തനാക്കിയത്. 

'തുയിലുണരൂ, തുയിലുണരൂ തുമ്പികളേ... തുമ്പപ്പൂങ്കാട്ടിലെ വീണകളേ...' ശ്രീകുമാരന്‍ തമ്പിയുടെ ആദ്യ ഓണപ്പാട്ട് ഇതായിരുന്നു. 'ഓണക്കോടിയുടുത്തു മാനം മേഘക്കസവാലേ...' എന്ന മറ്റൊരു പാട്ടും അദ്ദേഹത്തിന്റെ തൂലികയില്‍നിന്നു പിറവിയെടുത്തു. എച്ച്.എം.വി. ആയിരുന്നു ആ ആല്‍ബം പുറത്തിറക്കിയത്. തുടര്‍ന്നങ്ങോട്ട് ഓണത്തിന്റെ മനോഹാരിത വിളിച്ചോതുന്ന നിരവധി ഗാനങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍നിന്ന് ഉതിര്‍ന്നുവീണു. ഒടുവില്‍, ഓണത്തിനോടുള്ള പ്രണയംമൂത്ത് തിരുവോണം എന്ന പേരില്‍ ഒരു സിനിമകൂടി അദ്ദേഹം സംവിധാനം ചെയ്തു. അദ്ദേഹംതന്നെയാണ് ഈ സിനിമയുടെ കഥയും തിരക്കഥയുമെഴുതിയത് (1975, നിര്‍മാണംകെ.പി. മോഹനന്‍). അഭിനയ ഇതിഹാസങ്ങളായ പ്രേംനസീറും കമലഹാസനും ഒന്നിച്ചഭിനയിച്ച ഏകചിത്രവും ഇതാണ്.
'കേരളം കേരളം...' എന്നു തുടങ്ങുന്ന ഗാനം മൂളാത്ത മലയാളികള്‍ ഉണ്ടാവില്ല. വിഷുക്കണി എന്ന ചിത്രത്തില്‍ (1977) സലില്‍ ചൗധരി - ശ്രീകുമാരന്‍ തമ്പി കൂട്ടുകെട്ടില്‍ പിറന്നതാണ് 'പൂവിളി പൂവിളി പൊന്നോണമായി...' എന്ന ഗാനം. ഓണത്തെയും കാര്‍ഷികസംസ്‌കാരത്തെയും ഒരുപാട് സ്നേഹിച്ച എഴുത്തുകാരനും ബഹുമുഖപ്രതിഭയുമാണ് ശ്രീകുമാരന്‍ തമ്പി.
ഓണം ഇപ്പോള്‍ ചില പ്രതീകങ്ങള്‍ മാത്രമായി. ഓണം ഒരു കൂട്ടായ്മയുടെ ആഘോഷമാണ്,  കുട്ടികളുടെ ആഘോഷമാണ്. ഓണക്കോടികള്‍, ഓണക്കളികള്‍, പൂക്കളം, ഊഞ്ഞാല്‍, ഓണസദ്യ, ഓണപ്പാട്ട് തുടങ്ങി വലിയ ആഘോഷങ്ങളുടെ ഒരോര്‍മയാണ് ഓണം. ഒരിക്കലും തിരിച്ചുവരാത്ത സുന്ദരനിമിഷങ്ങളുടെ ഓര്‍മപ്പെടുത്തലാണ് ശ്രീകുമാരന്‍ തമ്പിയുടെ ഓരോ ഓണപ്പാട്ടും. 
ഓണത്തെക്കുറിച്ചു ചോദിച്ചാല്‍ ഇന്നു റെഡിമെയ്ഡ് ഓണമല്ലേ എന്നാണ് ശ്രീകുമാരന്‍ തമ്പിയുടെ മറുപടി. പണ്ടൊക്കെ തിരുവോണനാളില്‍ ജനം പുറത്തിറങ്ങില്ല. ഇന്നു നഗരങ്ങളില്‍ തിരുവോണനാളിലാണ് വന്‍തിരക്ക്. ഹോട്ടലുകളില്‍നിന്നു പാഴ്‌സല്‍ വാങ്ങുന്നതാണ് നഗരത്തിലെ  തിരുവോണസദ്യ. പണ്ടൊക്കെ അടുക്കളയില്‍നിന്നു തുടങ്ങുമായിരുന്നു ഓണത്തിരക്ക്. ഉത്രാടപ്പാച്ചിലുകള്‍ ഇന്നില്ല. എല്ലാവര്‍ക്കും തിരക്കാണ്. കൂട്ടുകുടുംബവ്യവസ്ഥിതി മാറിയതോടെ ഓണം അന്യംനിന്നുപോയി. ഞാനും എന്റെ ഭാര്യയും കുട്ടികളും എന്ന ചുരുക്കത്തിലേക്ക് മലയാളികളുടെ ഓണം മാറി.
 ഓണത്തെ നെഞ്ചോടുചേര്‍ത്ത ശ്രീകുമാരന്‍ തമ്പിയെന്ന എഴുത്തുകാരന് റെഡിമെയ്ഡ് ഓണത്തിനോടു താത്പര്യമില്ല.  കുടുംബത്തോടൊപ്പം  പഴയ ഓര്‍മകള്‍ പങ്കുവച്ച് തിരുവോണം ആഘോഷിക്കുന്നതാണ് അദ്ദേഹത്തിനിഷ്ടം. തിരുവോണത്തിന് രണ്ടു ദിവസംമുമ്പ് എല്ലാ തിരക്കുകളും മാറ്റിവച്ച് അദ്ദേഹം ചെന്നൈയിലെ കുടുംബവീട്ടിലേക്കു പോകും. അവിടെ കുടുംബത്തോടൊപ്പം ഇത്തവണയും ഓണമാഘോഷിക്കും.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)