•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സ്‌നേഹസംഗമങ്ങളുടെ പൂക്കാലം

തിരുവോണം എല്ലാ മലയാളികള്‍ക്കുമെന്നപോലെ എനിക്കും ഒരു മധുരമായ സ്മരണപുതുക്കലാണ്. എന്തിന്റെ സ്മരണയാണ് ആഘോഷിക്കുന്നതെന്ന് അറിയാതെയോ ചിന്തിക്കാതെയോ കടന്നുപോയ ബാല്യകാല ഓണങ്ങളിലും ഒന്നുമാത്രം തെളിഞ്ഞുനിന്നിരുന്നു - ആനന്ദത്തിന്റെയും  ലാവണ്യത്തിന്റെയും അനിര്‍വചനീയമായ വിശുദ്ധിയുടെയും സ്‌നേഹസംഗമങ്ങളുടെയും സംയോജിതയിന്ധനത്താല്‍ ജ്വലിച്ചുനിന്ന ഒരു ദീപനാളം. പിന്നീടാണ് ഈ നാടിന്റെ  ചരിത്രത്തില്‍ ഇടംപിടിച്ച ഗതകാലനന്മയുടെയും സമൃദ്ധിയുടെയുമായ ഒരു കാലഘട്ടത്തിന്റെ സാംസ്‌കാരിക ഉദ്‌ഘോഷമാണ് ഓണം എന്നു മനസ്സിലാക്കിയത്. ആ നല്ല കാലം നല്കുന്ന സന്ദേശമിതാണ്:  'പൊളി പറയലും കള്ളവും ചതിയുമില്ലാത്ത, എല്ലാരുമൊന്നുപോലെ ജീവിക്കുന്ന' ഒരു സമൂഹം. മലയാളികള്‍മാത്രമല്ല ലോകത്തിലെ ഏതൊരു ജനതയും കൈവരിക്കേണ്ട ഉദാത്തമായ അവസ്ഥ. നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ക്കൂടി ഈ സന്ദേശം മനസ്സില്‍ കൊണ്ടുനടക്കുന്നത് ഒരു സുഖമായിരുന്നു, സന്തോഷമായിരുന്നു. അതൊരു ലക്ഷ്യമായി അംഗീകരിക്കുമ്പോള്‍ മനസ്സ് സുഗന്ധം പരത്തുന്ന  പുഷ്പവൃഷ്ടിയില്‍ കുളിച്ചിരുന്നു. ഇന്നോ?
2022 ലെ ഓണക്കാലത്ത് നമ്മള്‍ എത്തിനില്‍ക്കുന്നത് പറുദീസ നഷ്ടപ്പെട്ട ആദിമനുഷ്യന്റെ മാനസികാവസ്ഥയിലാണ്. സത്യവും ധര്‍മവും കൈവെടിഞ്ഞതിനാല്‍ മനസ്സിന്റെ സമാധാനവും സമനിലയും നഷ്ടപ്പെട്ട മലയാളികളുടെ ഒരു കൂട്ടായ്മയായി മാറിയോ കേരളം? മോഷണവും അഴിമതിയും അരങ്ങുവാഴുന്ന, അനുചിതപ്രണയം നിരസിച്ച പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലുന്ന, വിവാഹപ്പന്തലില്‍ പപ്പടം വിളമ്പിയതിന്റെ കണക്കു പറഞ്ഞു പരസ്പരം ചീറിപ്പാഞ്ഞാക്രമിക്കുന്നവരുടെ കലികാലത്താണ് ഇത്തവണത്തെ തിരുവോണം വന്നെത്തുന്നത്. 
കഴിഞ്ഞ ഓണത്തിനുശേഷം സംഭവിച്ചതു പലതും മഹാബലി വാണിരുന്ന കേരളത്തെക്കുറിച്ചുള്ള ധാരണകളുടെ വിപരീതാനുഭവങ്ങളായിരുന്നു. എങ്കിലും, വര്‍ഷത്തിലൊരിക്കല്‍മാത്രം വന്നെത്തുന്ന തിരുവോണത്തെ അവഗണിച്ചുകൂടാ. ഒരു നല്ല കാലത്തിന്റെ ചേതോഹരമായ ഓര്‍മപ്പെടുത്തലിനോടു നിഷേധാത്മകമായി നില്‍ക്കുന്നതു ശരിയല്ല. മനുഷ്യസമൂഹത്തിനു കൈവരിക്കാവുന്ന ക്ഷേമത്തിന്റെയും സംതൃപ്തിയുടെയും സാധ്യതകളിലുള്ള വിശ്വാസത്തിന്റെ മണിമുഴക്കമാണ് തിരുവോണം. ഇത് സമഭാവനയുടെയും സഹവര്‍ത്തിത്വത്തിന്റെയും ആഘോഷമാണ്. നന്മയുടെ ചക്രവര്‍ത്തിയെ ചതിയിലൂടെ തിന്മ കീഴ്‌പ്പെടുത്തിയിട്ടും, ആ പുണ്യരൂപം ഒരു ജനതയുടെ അബോധമനസ്സിലും പൊതുബോധത്തിലും സ്‌നേഹത്തിന്റെയും കരുതലിന്റെയും നീതിയുടെയും ജ്വലിക്കുന്ന പ്രതീകമായി നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നതിന്റെ തുടികൊട്ടാണ് തിരുവോണം. ഈ അനുസ്മരണാഘോഷം നന്മയുടെ അമരത്വത്തിലുള്ള മലയാളിയുടെ വിശ്വാസത്തിന്റെ പ്രഖ്യാപനംകൂടിയാണ്. അതുകൊണ്ടുതന്നെ, ഈ വര്‍ഷത്തെ ഓണത്തിന് പ്രത്യേകമായ മൂല്യവും സവിശേഷതയുമുണ്ട്. ഇരുട്ടിലാണല്ലോ പ്രകാശത്തിന്റെ  വിലയും ആവശ്യവും ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. ഈ 'കെട്ടകാല'ത്ത്, എല്ലാ മാനുഷികമൂല്യങ്ങളും ചവിട്ടിമെതിക്കപ്പെട്ടു പാതാളഭൂമിയിലേക്കു തള്ളിയെറിയപ്പെടുന്ന അവസ്ഥയിലുള്ള ഈ ദുരന്തഭൂമിയിലേക്ക്,  ഉണ്‍മയുടെയും നന്മയുടെയും മഹാബലിത്തമ്പുരാനെ നാം വീണ്ടും ക്ഷണിക്കുന്നു, ഒരു പുനരുത്ഥാനത്തിന്റെ പ്രതീക്ഷകളോടെ. നിരാകരിക്കപ്പെട്ട മനോഗുണങ്ങളും സല്‍കൃത്യങ്ങളും തിരിച്ചുപിടിക്കാനുള്ള ത്വരകമാകട്ടെ ഈ ഓണമെന്നു പ്രാര്‍ത്ഥിക്കുന്നു. ഓണപ്പൂക്കള്‍ പുണ്യകര്‍മങ്ങളുടെ വസന്തപുഷ്പങ്ങളാകട്ടെ. ഓണസദ്യ സ്‌നേഹവിരുന്നാകട്ടെ; ക്രിയാത്മകമായ സാമൂഹികമാറ്റത്തിനുള്ള ഊര്‍ജദായിനിയാകട്ടെ. അങ്ങനെയൊരു ഓണത്തിനായി ഹൃദയം നിറഞ്ഞ ആശംസകള്‍, ദീപനാളത്തിനും വായനക്കാര്‍ക്കും. ഈ അക്ഷരനാളം ഓരോ ഓണത്തോടുമൊപ്പം കൂടുതല്‍ മനോഹരമായി കത്തിജ്വലിക്കുന്ന പ്രകാശനാളമായിത്തീരട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)