. ''ഹിന്ദുരാഷ്ട്രഭരണഘടന''യുടെ ആദ്യകരട് പുറത്ത്
ന്യൂഡല്‍ഹി: നിര്‍ദിഷ്ട ഹിന്ദുരാഷ്ട്രത്തില്‍ മുസ്ലീംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വോട്ടവകാശം ഉണ്ടാകില്ലെന്നു കരട് ഭരണഘടന. ഡല്‍ഹി മാറ്റി വാരണസി രാജ്യതലസ്ഥാനമാക്കാനും 30 ഹൈന്ദവസന്ന്യാസിമാര്‍ തയ്യാറാക്കിയ ''ഹിന്ദുരാഷ്ട്ര ഭരണഘടന''യുടെ ആദ്യകരടില്‍ പറയുന്നു. കാശിയില്‍ (വാരണസി) സ്ഥാപിക്കുന്ന പുതിയ പാര്‍ലമെന്റിനു മതങ്ങളുടെ പാര്‍ലമെന്റ് (പാര്‍ലമെന്റ് ഓഫ് റിലീജിയന്‍സ്) എന്നാകും പേര്. മൊത്തം 543 പേരാകും പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുക. 16 വയസ്സു മുതലുള്ള എല്ലാ ഹിന്ദുപൗരന്മാര്‍ക്കും വോട്ടവകാശമുണ്ടാകും. 25 വയസ്സു തികയുന്ന ഏതൊരു ഹിന്ദുവിനും പാര്‍ലമെന്റിലേക്കു മത്സരിക്കാം. എല്ലാ പൗരന്മാര്‍ക്കും നിര്‍ബന്ധിത സൈനികപരിശീലനത്തിനും നിര്‍ദേശമുണ്ട്.
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ അടുത്ത വര്‍ഷം നടക്കുന്ന മഹാമേളയുടെ ഭാഗമായുള്ള ധര്‍മ സന്‍സദില്‍ (ധര്‍മ പാര്‍ലമെന്റ്) ഇതുവരെ തയ്യാറാക്കിയ 32 പേജുള്ള ഭരണഘടനയുടെ കരട് അവതരിപ്പിക്കും. ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യം നേടിയാല്‍ മുസ്ലീം, ക്രിസ്ത്യന്‍ അടക്കമുള്ള ഹൈന്ദവേതരമതസ്ഥര്‍ക്കു വോട്ടവകാശം ഉണ്ടാകില്ലെന്നു വാരണസി ആസ്ഥാനമായുള്ള ശങ്കരാചാര്യ പരിഷത്ത് പ്രസിഡന്റ് സ്വാമി ആനന്ദ് സ്വരൂപ് വിശദീകരിച്ചു. അവസാനഭരണഘടന 750 പേജുള്ളതായിരിക്കും.
ഹൈന്ദവമതപണ്ഡിതരുമായി വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം കരടു ഭരണഘടനയുടെ പകുതിയോളമാകും (മുന്നൂറോളം പേജ്) അടുത്ത വര്‍ഷത്തെ മഹാസമ്മേളനത്തില്‍ അവതരിപ്പിക്കുക. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രയാഗ് രാജില്‍ ചേര്‍ന്ന മഹാസമ്മേളനത്തിലാണ് ഷംഭവി പീതാദീശ്വറിന്റെ നേതൃത്വത്തില്‍ 30 അംഗങ്ങളെ ഭരണഘടനയുടെ കരട് ഉണ്ടാക്കാന്‍ ചുമതലപ്പെടുത്തിയതെന്നും സ്വാമി ആനന്ദ് സ്വരൂപ് വിശദീകരിച്ചു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന പ്രമേയവും ധര്‍മ സന്‍സദില്‍ പാസ്സാക്കി.
'അഖണ്ഡഭാരത'ത്തിന്റെ മുഖച്ചിത്രത്തോടുകൂടിയ കരട് രേഖയില്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, മ്യാന്‍മര്‍ എന്നീ രാജ്യങ്ങള്‍കൂടി ഭാവിയില്‍ ഭാരതത്തില്‍ ലയിക്കുമെന്നും പറയുന്നു. ഹിന്ദുരാഷ്ട്രനിര്‍മാന്‍ സമിതി അധ്യക്ഷന്‍ കമലേശ്വര്‍ ഉപാധ്യായ, സ്വാമി ആനന്ദ് സ്വരൂപ്, സുപ്രീംകോടതി അഭിഭാഷകന്‍ ബി.എന്‍. റെഡ്ഢി, പ്രതിരോധവിദഗ്ധന്‍ ആനന്ദ് വര്‍ധന്‍, സനാതന ധര്‍മപണ്ഡിതന്‍ ചന്ദ്രമണി മിശ്ര, വേള്‍ഡ് ഹിന്ദു ഫെഡറേഷന്‍ പ്രസിഡന്റ് അജയ് സിംഗ് തുടങ്ങിയവരാണു ഹിന്ദുഭരണഘടനാ കരട് തയ്യാറാക്കുന്ന സമിതിയിലുള്ളത്.