പാലാ ദീപനാളത്തിന്റെ കോളങ്ങളിലൂടെ, (2022 ഓഗസ്റ്റ് 04) നീണ്ട സര്‍ക്കാര്‍ സര്‍വീസുകാലത്ത്, താന്‍ നേരിട്ടനുഭവിച്ചറിഞ്ഞതും ഇപ്പോള്‍ വര്‍ധിച്ച തോതില്‍, നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്നതുമായ പൊതുജനവിഷയങ്ങളാണ് കൊഴുവനാല്‍ ജോസ് അവതരിപ്പിച്ചിരിക്കുന്നത്.
ഒറ്റയിരിപ്പിനു വായിച്ചുതീര്‍ത്തപ്പോള്‍, ലേഖനത്തില്‍ പറയുന്ന ഓരോ കാര്യവും കണ്‍മുന്നില്‍ നടക്കുന്നപോലെ തോന്നി. കേരള പൗരന്മാര്‍ തീര്‍ത്താല്‍ തീരാത്ത ഈ സങ്കടങ്ങള്‍ പേറി ജീവിക്കാന്‍ തുടങ്ങിയിട്ട് നാളെത്രയായി..!
ഈ ദുരിതങ്ങളുടെ ആഴവും പരപ്പും ഏവര്‍ക്കുമറിയാമെങ്കിലും ജോസ് വെട്ടിത്തുറന്നു പറയുന്നതുപോലെ, വിസ്തരിക്കാന്‍ അവര്‍ക്കു ധൈര്യംപോരാ.
ഫ്രഞ്ചുവിപ്ലവംപോലുള്ള മഹാവിപ്ലവങ്ങള്‍, ഈ 'ദൈവത്തിന്റെ നാട്ടില്‍' പണ്ടേ നടക്കേണ്ടതായിരുന്നു. ഷേക്‌സ്പിയര്‍ ട്രാജഡി, മാക്ബത് തുറക്കുന്നത്,‘' Fair is foul and foul is fair'' 'എന്ന വിച്ചസുകളുടെ ആര്‍പ്പുവിളികളോടെയാണ്. കൊഴുവനാല്‍ ജോസിന്റെ, നാട്ടില്‍ നടക്കുന്ന സര്‍ക്കാര്‍ കാര്യങ്ങളുടെ വര്‍ണന ശ്രദ്ധിച്ചാല്‍ ഈ വിച്ചസുകളുടെ അട്ടഹാസം ഓര്‍മവരും. ചുരുക്കിപ്പറഞ്ഞാല്‍, ഈ നാടു സജ്ജനങ്ങള്‍ക്കു ജീവിക്കാന്‍ കൊള്ളാത്തതായി.
വായിച്ചു മരവിച്ചിരിക്കാതെ നാട്ടിലെ പൗരജനം ഉറക്കെ ചിന്തിച്ചു തുടങ്ങുമോ, വല്ലതും ധൈര്യമായി പ്രവര്‍ത്തിച്ചുതുടങ്ങുമോ?