•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പ്രാര്‍ത്ഥന പടവാളാക്കിയ മരിയസൈന്യം

ലീജിയന്‍ ഓഫ് മേരി സ്ഥാപിതമായിട്ട് സെപ്റ്റംബര്‍ 7 ന് 101 വര്‍ഷം

1921 സെപ്റ്റംബര്‍ 7. രാത്രി 8 മണി. അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിന്‍ നഗരത്തിലുള്ള ഫ്രാന്‍സീസ് സ്ട്രീറ്റിലെ മീരാ മന്ദിരത്തില്‍ ഡബ്ലിന്‍ അതിരൂപതയിലെ മൈക്കിള്‍ ടോഹെര്‍ എന്ന വൈദികനോടൊപ്പം ബ്രദര്‍ ഫ്രാങ്ക് ഡഫും വളരെ കുറച്ചു കത്തോലിക്കായുവതീയുവാക്കളും പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചുകൂടി. യോഗപീഠത്തില്‍ വെള്ള വിരിപ്പിട്ടു. അമലോദ്ഭവമാതാവിന്റെ തിരുരൂപം സ്ഥാപിച്ചു. ഇരുവശവും ഓരോ പൂച്ചെണ്ടും കത്തുന്ന മെഴുകുതിരികളുമുണ്ടായിരുന്നു. ഏവരും ഒരുമയോടെ മുട്ടുകുത്തി ശിരസ്സു നമിച്ചു. പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥനയോടെ ജപമാല ചൊല്ലുകയും മരിയന്‍ഗീതങ്ങള്‍ ആലപിക്കുകയും ചെയ്തു. പരിശുദ്ധ അമ്മയുടെ അധ്യക്ഷതയില്‍ കൂടിയ ഈ സമ്മേളനത്തില്‍ അവര്‍ അമ്മയുടെ നിറസാന്നിധ്യം അനുഭവിച്ചറിഞ്ഞു. അലൗകിക അനുഭൂതി അവരെ പൊതിഞ്ഞു. പിന്നീടങ്ങോട്ട് മുടക്കം കൂടാതെ, കൃത്യസമയത്തുതന്നെ ഇപ്രകാരം പ്രതിവാരസമ്മേളനങ്ങള്‍ കൂടാന്‍ തുടങ്ങി. മാത്രമല്ല, തങ്ങള്‍ക്കു ലഭിച്ച അസുലഭമായ കൃപകളും വരങ്ങളും ലോകം മുഴുവന്‍ അറിയണമെന്ന്അവര്‍ തീക്ഷ്ണമായി ആഗ്രഹിച്ചു.
പരിശുദ്ധ മറിയത്തിന്റെ ജനനത്തിരുനാളിന്റെ തലേന്നു തുടക്കം കുറിച്ച ഈ സംഘടനയ്ക്ക് ലീജിയന്‍ ഓഫ് മേരി അഥവാ മരിയസൈന്യം എന്നു പേരിട്ടു. ഇതിന്റെയെല്ലാം പിന്നില്‍ പരിശുദ്ധ അമ്മയുടെ ഒരു മുന്‍നിശ്ചയമുണ്ടായിരുന്നുവെന്നത് കാലം കയ്യൊപ്പുചാര്‍ത്തിയ ഒരു ചരിത്രയാഥാര്‍ത്ഥ്യമായി ഭവിച്ചു! അതുപോലെതന്നെ അമ്മയുടെ അദൃശ്യകരങ്ങളും കരുണാര്‍ദ്രസ്‌നേഹവും കരുതലുള്ള സാരഥ്യവുമാണ് ലീജിയന്‍ ഓഫ് മേരിയെ ആധുനികലോകത്തിലെ ഒരദ്ഭുതമാക്കി മാറ്റിയത്. 
റോമന്‍ സൈനികവ്യൂഹത്തെയാണ് ലീജിയന്‍ മാതൃകയായി സ്വീകരിച്ചത്. ലീജിയന്‍ എന്ന വാക്കുതന്നെ റോമന്‍ കാലാള്‍സൈന്യത്തിലെ 6000 പേരടങ്ങുന്ന ഒരു വിഭാഗത്തെയാണു സൂചിപ്പിക്കുന്നത്. റോമന്‍നാമങ്ങളായ പ്രസീദിയം, കൂരിയ, കമ്മീസിയം, സെനാത്തൂസ്, കണ്‍സീലിയം എന്നീ നാമങ്ങളാണ് ലീജിയന്‍ ഓഫ് മേരിയുടെ വിവിധ തസ്തികകള്‍ക്കു നല്‍കിയിരിക്കുന്നത്.  സൈനികനു സേനാധിപനോടുള്ള വിശ്വസ്തതയും അര്‍പ്പണബോധവുംപോലെയാണ് മരിയന്‍ സൈനികര്‍ സൈന്യാധിപയായ പരിശുദ്ധ അമ്മയോടു ചേര്‍ന്നുനിന്നു തിന്മയുടെ ശക്തികളോടു പോരാടുന്നത്. ഇന്നു ലോകം നേരിടുന്ന സമസ്ത ദുരവസ്ഥകള്‍ക്കുമുള്ള പരിഹാരമാര്‍ഗങ്ങള്‍ ലീജിയന്‍ തത്ത്വസംഹിതകളില്‍ നിക്ഷിപ്തമാണ്. ലീജിയന്റെ പൊതുസ്വത്താണ് അതിന്റെ നിയമഗ്രന്ഥം.
ഡബ്ലിനില്‍ തുടങ്ങിയ ആദ്യപ്രസീദിയം മുടക്കംകൂടാതെയും ഭക്തിനിര്‍ഭരമായും നടത്തിയിരുന്നെങ്കിലും 1925 ലാണ് മരിയന്‍ സൈന്യം എന്ന പേര് ഔദ്യോഗികമായി നിലവില്‍വന്നത്. 1928 ല്‍ സ്‌കോട്ട്‌ലന്റിലുള്ള ഗ്ലാസ്‌തോ നഗരത്തില്‍ ഒരു പ്രസീദിയംകൂടി സംജാതമായി. അതിനടുത്തവര്‍ഷം ലണ്ടനിലും ഒരു ശാഖ സ്ഥാപിതമായി. ഈ ലീജിയന്‍ പ്രസീദിയത്തിലെ ഒരംഗമായിരുന്ന സിസ്റ്റര്‍ മെക്കന്‍സി സ്മിത്ത് മദ്രാസിലെത്തിച്ചേരുകയും ഒരു പ്രസീദിയം സ്ഥാപിക്കുകയും  ചെയ്തു. ഈ പ്രസീദിയമാണ് ഇന്ത്യയിലെ ആദ്യത്തെ ലീജിയന്‍ ഓഫ് മേരി. രണ്ടാമതു സ്ഥാപിതമായത് കേരളത്തിലാണ്. അതു കേരളത്തിലെ ഏറ്റവും വലിയ കത്തോലിക്കാകേന്ദ്രവും ദൈവവിളിയുടെ പിള്ളത്തൊട്ടിലുമായ പാലായിലാണെന്നത് ഏറെ ശ്രദ്ധേയംതന്നെ! 
1940 ഓഗസ്റ്റ് 15 ന് പാലാ ളാലം പള്ളിയില്‍ സ്ഥാപിതമായ ലീജിയന്‍ ഓഫ് മേരിയുടെ ഉദ്ഭവത്തിനു കാരണഭൂതനായ ബഹു. അഗസ്റ്റിന്‍ ചിലമ്പിക്കുന്നേലച്ചനെ കുറിച്ചുള്ള ഒരു വിചിന്തനത്തിനുകൂടി ഇവിടെ പ്രസക്തിയേറുന്നു. മാത്രമല്ല, ഉറവിടം മറന്നുകൊണ്ടുള്ള ഓര്‍മകള്‍ അപൂര്‍ണമാണല്ലോ. തികഞ്ഞ മരിയ ഭക്തനും ആത്മീയാചാര്യനുമായിരുന്ന അഗസ്റ്റിനച്ചന്‍ സഭാസംബന്ധമായ കാര്യങ്ങള്‍ക്കായി ട്രെയിന്‍മാര്‍ഗം മദ്രാസിലേക്കു യാത്രതിരിച്ചു. മദ്രാസിലെത്തിയപ്പോള്‍ അവിടത്തെ തെരുവീഥികള്‍ തോരണങ്ങള്‍ ചാര്‍ത്തിയും പുഷ്പാലംകൃതമായും കാണപ്പെട്ടു. മാത്രമല്ല, പേപ്പല്‍ പതാകകളും കത്തിച്ച മെഴുകുതിരികളുമായി അമലോദ്ഭവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഒരു വമ്പിച്ച റാലി നടക്കുന്നതായും കണ്ടു. വിസ്മയ ഭരിതനായ അച്ചന്‍ ഈ റാലിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് കേരളത്തിലേക്കു മടങ്ങിയത്. അതിനുശേഷം അയര്‍ലണ്ടിലെ ലീജിയന്‍ ഓഫ് മേരിയുടെ ആസ്ഥാനവുമായി ബന്ധപ്പെടുകയും അതിന്റെ നിയമാവലിയും പ്രവര്‍ത്തനരൂപരേഖകളും വരുത്തി വിശദമായി പഠിക്കുകയും ചെയ്തു. പിന്നീട്, പാലാ ളാലം പള്ളിയില്‍ ഒരു പ്രസീദിയം സ്ഥാപിക്കുകയും മരിയഭക്തി പ്രചരിപ്പിക്കുകയും ചെയ്തു.
ചിലമ്പിക്കുന്നേലച്ചന്റെ വലംകൈയായി പ്രവര്‍ത്തിച്ച ഒരു അല്മായപ്രേഷിതനായിരുന്നു കവീക്കുന്ന് ഇടവകയില്‍പ്പെട്ട സി.കെ. തോമസ് ചീരാംകുഴി. അധ്യാപകനും സംഘടനാപ്രവര്‍ത്തകനുമായിരുന്ന അദ്ദേഹം ലീജിയന്‍ ഓഫ് മേരിയുടെ ചുക്കാന്‍ പിടിക്കാന്‍ അഗസ്റ്റിനച്ചനൊപ്പംനിന്ന ധീരപോരാളിയായിരുന്നു. അവര്‍ കേരളസഭയുടെ മുക്കിലും മൂലയിലും കടന്നുചെന്ന് മൂന്നു റീത്തുകളിലുമായി അനവധി പ്രസീദിയങ്ങള്‍ സ്ഥാപിച്ചു. ലീജിയന്റെ പതാക കേരളമാകെ പാറിപ്പറന്നു!
1965 ജനുവരി 16 ന് അന്നത്തെ രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവിന്റെ മഹനീയസാന്നിധ്യത്തില്‍ തിരുവനന്തപുരം ആര്‍ച്ചുബിഷപ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടും അയര്‍ലണ്ടിലുള്ള കണ്‍സീലിയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വത്തോടും സഹകരണത്തോടുംകൂടി കേരള സെനാത്തൂസ് പാലായില്‍ സ്ഥാപിതമായി. അതോടെ കേരളത്തിന്റെ മൂന്നു റീത്തുകളിലുംപെട്ട ലീജിയന്‍ ഭാരവാഹികള്‍ മാസംതോറും സെനാത്തൂസില്‍ സംബന്ധിക്കാന്‍ പാലായിലെത്തിക്കൊണ്ടിരുന്നു. പൗലോസ് നട്ടു, അപ്പോളോ നനച്ചുവെന്ന് വിശുദ്ധഗ്രന്ഥം ഓര്‍മിപ്പിക്കുന്നതുപോലെ കാലാകാലങ്ങളില്‍ സംഘടനയുടെ വളര്‍ച്ചയ്ക്ക് ഉത്തേജനം പകര്‍ന്നുകൊണ്ടിരുന്ന നിരവധി സാരഥികള്‍ മണ്‍മറഞ്ഞുപോയെങ്കിലും പൈതൃകപരിപാലനം നല്‍കി പോഷിപ്പിച്ചുകൊണ്ടിരിക്കുന്ന ആധ്യാത്മികനിയന്താക്കളും ഭരണസാരഥ്യം വഹിക്കുന്ന തീക്ഷ്ണമതികളായ അല്മായപ്രേഷിതരുമാണ് സംഘടനയുടെ നെടുംതൂണുകള്‍.
കേരളത്തിലെ വിവിധ ഹയരാര്‍ക്കികളുടെ കീഴിലുള്ള ലീജിയന്‍ കമ്മീസിയങ്ങളുടെ കേന്ദ്രമായ പാലായിലെ സെനാത്തൂസിന്റെ രക്ഷാധികാരി അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ടുപിതാവും രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പിലുമാണ്.
175 ലധികം രാജ്യങ്ങളിലായി മൂന്നരക്കോടിയോളം അംഗങ്ങളാണ് ഈ സംഘടനയിലുള്ളത്. അമ്പത്തിയഞ്ചോളം ഭാഷകളില്‍ നിയമഗ്രന്ഥവും തെസ്സേരപുസ്തകവും വിരചിതമായിട്ടുള്ള മഹാസംഘടന, ഇപ്പോള്‍ 101-ാം വയസ്സിന്റെ നിറവിലാണ്. പരിമിതമായ കാലയളവിനുള്ളില്‍ മരിയ സൈന്യം വിശ്വവ്യാപകമായിത്തീര്‍ന്നതിന്റെ നിഗൂഢരഹസ്യം അതിന്റെ നിയന്താവും സംരക്ഷകനും ഗുരുനാഥയും പരിശുദ്ധ മറിയം ആണെന്നുള്ളതു മാത്രമാണ്. ആയുധങ്ങള്‍ എടുക്കുവിന്‍ എന്ന് ലോകസൈന്യം ആക്രോശിക്കുമ്പോള്‍ ജപമാല എടുക്കുവിന്‍ എന്ന് മരിയസൈന്യം പ്രഘോഷിക്കുന്നു. ഈ സംഘടനയുടെ സ്ഥാപകനും ദൈവദാസനുമായ ഫ്രാങ്ക് ഡഫ് എന്ന പുണ്യചരിതനും മരിയന്‍ സൈനികരുടെ മാതൃകയും മധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട എഡല്‍ക്വിന്‍ മേരിയും മരിയന്‍സൈനികരുടെ പ്രകാശഗോപുരങ്ങളായി നിലകൊള്ളുന്നു. ആരവങ്ങളോ ആര്‍ഭാടങ്ങളോ ആഘോഷങ്ങളോ ഒന്നുമില്ലാതെ പ്രാര്‍ത്ഥന പടവാളായി നിതാന്തജാഗ്രതയോടെ സഭയുടെ ഉറയേറിയ ഉപ്പായി വര്‍ത്തിക്കുന്ന മരിയന്‍ സൈനികര്‍ മംഗളഗാനം പാടട്ടെ! ആവേ മരിയ!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)