മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മെത്രാഭിഷേകജൂബിലിക്കു തുടക്കം
പാലാ : സഭയുടെ നിലപാടുകളോടു ചേര്‍ന്നുനിന്ന് പാലാ രൂപതയെ നയിക്കാനും സഭയുടെ നവീകരണ-പുനരുദ്ധാരണപ്രവര്‍ത്തനങ്ങളില്‍ ഏറെ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാനും മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിനു കഴിഞ്ഞതായി ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മെത്രാഭിഷേകസുവര്‍ണജൂബിലിയാരംഭത്തോടനുബന്ധിച്ചു സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
എപ്പോഴും സന്തോഷവാനും വിനയാന്വിതനും ഏവര്‍ക്കും പ്രിയപ്പെട്ടവനുമായ ബിഷപ് പള്ളിക്കാപറമ്പില്‍ ഒരു മെത്രാന്‍ ആരായിരിക്കണം, എന്തായിരിക്കണം എന്നു കാണിച്ചുതന്നു. എന്നും ആരോപണങ്ങള്‍ക്ക് അതീതനായിരുന്നു. രൂപതാഭരണത്തിലും ജീവിതത്തിലുമെല്ലാം അങ്ങേയറ്റം സംയമനം പാലിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു.
മാര്‍ മാത്യു അറയ്ക്കല്‍, വികാരി ജനറല്‍ മോണ്‍. ജോസഫ് തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ ജോസഫ് കുന്നത്ത്, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരും 43 വൈദികരും സഹകാര്‍മികരായി.
1927 ഏപ്രില്‍ 10 ന് മുത്തോലപുരം പള്ളിക്കാപറമ്പില്‍ ദേവസ്യ-ഏലി ദമ്പതികളുടെ രണ്ടാമത്തെ പുത്രനായാണ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ ജനിച്ചത്. വാഴക്കുളത്തും മാന്നാനത്തുമായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. മദ്രാസ് ലയോള കോളജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം പാഠ്യേതരവിഷയങ്ങളിലും മികവു പ്രദര്‍ശിപ്പിച്ചിരുന്നു.
1958 നവംബര്‍ 23 ന് റോമിലെ ഉര്‍ബന്‍ കോളജിന്റെ ചാപ്പലില്‍ പ്രൊപ്പഗാന്താ തിരുസംഘത്തിന്റെ പ്രിഫെക്ട് കര്‍ദിനാള്‍ ഗ്രിഗറി പീറ്റര്‍ അജഗിയാനിയനില്‍നിന്ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ വൈദികപട്ടം സ്വീകരിച്ചു. 1968 ല്‍ വടവാതൂര്‍ സെമിനാരിയുടെ റെക്ടറായി ചുമതലയേറ്റു. സെമിനാരി റെക്ടറായി സേവനം ചെയ്തുകൊണ്ടിരിക്കെയാണ് 1973 ല്‍ പാലാ രൂപതയുടെ സഹായമെത്രാനായി അദ്ദേഹം നിയമിതനായത്.
1973 ഓഗസ്റ്റ് 15 മുതല്‍ 1981 മാര്‍ച്ച് 25 വരെ സഹായമെത്രാനായും തുടര്‍ന്ന് 2004 മേയ് ഒന്നുവരെ മെത്രാനായും പാലാ രൂപതയില്‍ ശ്ലൈഹികശുശ്രൂഷ നിര്‍വഹിച്ച് രൂപതാംഗങ്ങളുടെ ആത്മീയവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ ഉന്നമനത്തിനുവേണ്ടി അദ്ദേഹം പ്രയത്‌നിച്ചു. സൗമ്യതയും വിനയവും മുഖശ്രീയായി കരുതി പാലാ രൂപതയെ 23 വര്‍ഷം നയിക്കുവാനും പരിപാലിക്കുവാനും ബിഷപ് അതീവ ശ്രദ്ധ പുലര്‍ത്തി. ബഹുഭാഷാപണ്ഡിതനും കര്‍മോത്സുകനായ ഭരണാധികാരിയുമായിരുന്ന അദ്ദേഹം പുതിയ ഇടവകസമൂഹങ്ങള്‍ തീര്‍ത്തു. ഉന്നതസാങ്കേതികവിദ്യാഭ്യാസരംഗത്തേക്ക് പാലാ രൂപത കാല്‍വച്ചത് മാര്‍ പള്ളിക്കാപറമ്പിലിന്റെ കാലത്താണ്.