•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഇന്ത്യയുടെ മെഡല്‍ക്കൊയ്ത്തില്‍ മലയാളിത്തിളക്കവും

2022 കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ തിരശ്ശീല വീഴുമ്പോള്‍ കേരളത്തിനും ഇന്ത്യയ്ക്കും അഭിമാനിക്കാന്‍ നേട്ടങ്ങള്‍ ഒട്ടേറെയാണ്. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഇന്ത്യന്‍ കായികരംഗം രാജ്യത്തിനു പൊന്‍തൂവല്‍കൂടിയാണ് ഈ മെഡല്‍ക്കൊയ്ത്ത്.  മുന്‍വര്‍ഷങ്ങളിലെ കോമണ്‍വെല്‍ത്ത് ഗെയിംസുമായി താരതമ്യം ചെയ്യുമ്പോള്‍ അത്‌ലറ്റിക് മത്സരത്തില്‍ വന്‍കുതിച്ചുചാട്ടം നടത്താന്‍ നമുക്കു സാധിച്ചു. ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷ ആയിരുന്ന ടോക്കിയോ ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ജേതാവും അത്‌ലറ്റിക് ലോക ചാമ്പ്യന്‍ഷിപ്പിലെ െവള്ളിമെഡല്‍ജേതാവുമായ നീരജ് ചോപ്രയുടെ അവസാനനിമിഷത്തെ പിന്‍വാങ്ങല്‍ ഒരുതരത്തിലും ബാധിക്കാതെ ട്രാക്കില്‍നിന്നു മികച്ച മെഡല്‍ക്കൊയ്ത്തു നടത്തിയാണ് ഇന്ത്യന്‍ സംഘം മടങ്ങിയത്. മലയാളിയായ ട്രിപ്പിള്‍ ജമ്പ് താരം എല്‍ദോസ് പോള്‍ നേടിയ സ്വര്‍ണം ഉള്‍പ്പെടെ നാലു വെള്ളിയും മൂന്നു വെങ്കലവുമായി മൊത്തം എട്ടു മെഡലുകള്‍ ട്രാക്കില്‍നിന്നു നേടി. 
കേരളത്തിനും കോമണ്‍വെ ല്‍ത്ത് ഗെയിംസിലൂടെ മികച്ച നേട്ടം ഉണ്ടാക്കാന്‍ സാധിച്ചു. മലയാളികളായ ലോങ്ജമ്പ്താരം എം. ശ്രീശങ്കറും ട്രിപ്പിള്‍ ജമ്പ് താരങ്ങളായ എല്‍ദോസ് പോളും അബ്ദുള്ള അബൂബക്കറും ബാഡ്മിന്റണ്‍ താരം ട്രീസ ജോളിയും ഹോക്കി ഗോള്‍കീപ്പര്‍ ശ്രീജേഷുമെല്ലാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍നേടി കേരളത്തിന്റെ അഭിമാനമായി മാറി. ലോങ്ജമ്പ് താരം ഒളിമ്പ്യന്‍ എം. ശ്രീശങ്കര്‍ ഒളിമ്പിക്‌സിലെയും ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെയും നിരാശാജനകമായ പ്രകടനത്തിനുശേഷം ഉജ്ജ്വലതിരിച്ചുവരവാണ് ബര്‍മിങ്ങാമില്‍ നടത്തിയത്. തന്റെ മികച്ച പ്രകടനമായ 8.36 മീറ്ററിന് അടുത്തെത്താന്‍ കഴിഞ്ഞില്ലെങ്കിലും 8.08 മീറ്റര്‍ ദൂരം ചാടി നേടിയ ഈ വെള്ളിമെഡല്‍ ഭാവിയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ആത്മവിശ്വാസം നല്‍കും. ആവേശകരമായ ലോങ്ജമ്പ് ഫൈനലില്‍ ബഹാമസ് താരം ലക്വാന്‍ നൈരന്‍ 8.08 മീറ്റര്‍ ദൂരം തന്നെയാണു പിന്നിട്ടതെങ്കിലും മികച്ച രണ്ടാമത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നൈരന്‍ സ്വര്‍ണം നേടി. ഒളിമ്പ്യന്‍ സുരേഷ് ബാബുവിനും അഞ്ജു ബോബി ജോര്‍ജിനും പ്രജൂഷയ്ക്കും രഞ്ജിത്ത് മഹേശ്വരിക്കുംശേഷം ജമ്പിങ് പിറ്റില്‍നിന്ന് മെഡല്‍ നേടുന്ന മറ്റൊരു മലയാളിയായി ശ്രീശങ്കര്‍. മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് യഹിയ 7.97 മീറ്റര്‍ ദൂരം പിന്നിട്ട് അഞ്ചാം സ്ഥാനം നേടി. പുരുഷവിഭാഗം ട്രിപ്പിള്‍ ജമ്പില്‍ ചരിത്രം കുറിച്ചു മലയാളിതാരങ്ങളായ എല്‍ദോസ് പോളും അബ്ദുള്ള അബൂബക്കറും. കോളജ് പഠനകാലത്തെ സൗഹൃദം ജമ്പിങ്പിറ്റിലും തുടരുന്ന  ഇവര്‍ അത് കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍നേട്ടംവരെ എത്തിച്ചിരിക്കുകയാണ്. ട്രിപ്പിള്‍ ജമ്പില്‍ ഇന്ത്യയുടെതന്നെ പ്രവീണ്‍ ചിത്രവേല്‍ നാലാം സ്ഥാനം നേടി. ബാഡ്മിന്റണില്‍ മലയാളിതാരം ട്രീസാ ജോളി - ഗായത്രി ഗോപിചന്ദ് കൂട്ടുകെട്ട് വനിതാവിഭാഗം ഡബിള്‍സില്‍ വെങ്കലമെഡല്‍ നേടി.
കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹൈജമ്പില്‍ ഇന്ത്യയുടെ തേജസ്വിന്‍ ശങ്കര്‍ വെങ്കലം നേടി. 2.22 മീറ്റര്‍ ചാടിയാണ് തേജസ്വിന്റെ നേട്ടം. കോമണ്‍വെല്‍ത്ത് ഗെയിംസ് ഹൈജമ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ഹൈജമ്പ് മെഡല്‍ എന്ന പ്രത്യേകതകൂടിയുണ്ട് തേജസ്വിന്റെ നേട്ടത്തിന്. ഗെയിംസില്‍ തന്റെ പങ്കാളിത്തം കോടതിയുടെ ഇടപെടലിലൂടെ നേടിയെടുത്ത തേജസ്വിന്റെ വെങ്കലമെഡലിന് സ്വര്‍ണത്തെക്കാള്‍ തിളക്കമുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതകളുടെ 10000 മീറ്റര്‍ നടത്തമത്സരത്തില്‍ വെള്ളി നേടി ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായി പ്രിയങ്ക ഗോസ്വാമി. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാശ് സാബലെ വെള്ളി നേടി. വനിതാവിഭാഗം ജാവലിന്‍ ത്രോയില്‍ അന്നു റാണിയും പുരുഷന്മാരുടെ 10000 മീറ്റര്‍ മത്സരത്തില്‍ വെങ്കലംനേടി സന്ദീപ്കുമാറും അത്‌ലറ്റിക് മെഡല്‍ നേട്ടം എട്ടാക്കി ഉയര്‍ത്തി.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷവിഭാഗം ഹോക്കി ഫൈനലില്‍ ലോക ഒന്നാംസ്ഥാനക്കാരനായ ഓസ്‌ട്രേലിയയോട് ദയനീയതോല്‍വി ഏറ്റുവാങ്ങി. ഹോക്കി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉള്‍പ്പെടുത്തിയ 1998 മുതല്‍ ഓസ്‌ട്രേലിയ നേടുന്ന തുടര്‍ച്ചയായ ഏഴാംസ്വര്‍ണമാണ് ബര്‍മിങ്ഹാമില്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടാനുള്ള ഇന്ത്യന്‍ ഹോക്കി ടീമിന്റെ കാത്തിരുപ്പ് തുടരുകയാണ്. 2010 ലും 2014 ലും ഫൈനലില്‍ എത്തിയെങ്കിലും കരുത്തരായ ഓസ്‌ട്രേലിയയുടെ മുന്നില്‍ ദയനീയമായി കീഴടങ്ങുകയാണുണ്ടായത്.
വനിതാ ഹോക്കിയില്‍ സെമിയില്‍ പരാജയപ്പെട്ടെങ്കിലും മൂന്നാംസ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍ വെങ്കലമെഡല്‍ നേടി. ഗെയിംസില്‍ വനിതാവിഭാഗം ക്രിക്കറ്റില്‍ ഇന്ത്യ സ്വപ്നതുല്യമായ കുതിപ്പാണു നടത്തിയത്. ആവേശകരമായ ഫൈനലില്‍ ഓസ്‌ട്രേലിയയോടു പൊരുതിവീണെങ്കിലും അഭിമാനകരമായ നേട്ടമാണ് ഈ വെള്ളിമെഡല്‍. ഗെയിംസില്‍ ആദ്യമായി അവതരിപ്പിച്ച ലോണ്‍ ബോളില്‍ ഫോര്‍സ് വിഭാഗത്തില്‍ ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം  നേടിയപ്പോള്‍ പുരുഷന്മാരുടെ ഫോര്‍സ് വിഭാഗത്തില്‍ ഇന്ത്യന്‍ സംഘം വെള്ളി നേടി. ഗെയിംസില്‍ ഇന്ത്യയ്ക്കുവേണ്ടി പാരാ പവര്‍ ലിഫ്റ്റിങ്ങില്‍ സുധീര്‍ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. പാരാ ടേബിള്‍ ടെന്നീസില്‍ വനിത സിംഗിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ ഭാവിന ബെന്‍ സ്വര്‍ണം  നേടി.
ഗുസ്തിയില്‍ 6 സ്വര്‍ണമെഡലുകള്‍ ഉള്‍പ്പെടെ മൊത്തം 12 മെഡലുകള്‍ നേടിയാണ് ഇന്ത്യന്‍സംഘം ഗോദയില്‍നിന്നു മടങ്ങിയത്. പുരുഷവിഭാഗം 57 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ഒളിമ്പിക് മെഡല്‍ജേതാവ് രവി കുമാര്‍ ദാഹിയയും പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തില്‍ ബജ്‌രംഗ് പുനിയാ, പുരുഷന്മാരുടെ 74 കിലോഗ്രാം വിഭാഗത്തില്‍ നവീന്‍, പുരുഷന്മാരുടെ 86 കിലോഗ്രാം വിഭാഗത്തില്‍ ദീപക് പുനിയാ, വനിതകളുടെ 62 കിലോ വിഭാഗത്തില്‍ സാക്ഷി മാലിക്, വനിതകളുടെ 53 കിലോ വിഭാഗത്തില്‍ വിനേഷ് ഫോഗട്ട് എന്നിവരാണ് ഗോദയില്‍ ഇന്ത്യയ്ക്കു സ്വര്‍ണം സമ്മാനിച്ചത്.
ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യനേട്ടം പുരുഷന്മാരുടെ 55 കിലോ ഭാരോദ്വഹനത്തില്‍  സങ്കേത് സാര്‍ഗറിന്റെ വെള്ളി മെഡല്‍ ആയിരുന്നു. ഭാരോദ്വഹനത്തില്‍ മൂന്നുവീതം സ്വര്‍ണവും വെള്ളിയും നാലു വെങ്കലവുമുള്‍പ്പെടെ പത്തു മെഡലുകള്‍ നേടി. വനിതകളുടെ ഭാരോദ്വഹനത്തില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മീരാഭായ് ചനു ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 73 കിലോ വിഭാഗത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെയാണ് അചിന്ത സിയോളി സ്വര്‍ണം സ്വന്തമാക്കിയത്. ഭാരോദ്വഹനത്തില്‍ പുരുഷന്മാരുടെ 67 കിലോഗ്രാം വിഭാഗത്തില്‍ ജെറമി ലാല്‍റിനുഗയാണ് മറ്റൊരു സ്വര്‍ണമെഡല്‍ ജേതാവ്.
ബോക്‌സിങ്ങില്‍ നിരാശാജനകമായിരുന്നു ഇന്ത്യയുടെ പ്രകടനം. ഉറച്ച മെഡല്‍ പ്രതീക്ഷകള്‍ ഉണ്ടായിരുന്ന ഒളിമ്പിക് മെഡല്‍ ജേതാവായ ലോവ്‌ലിനാ ഉള്‍പ്പെടെയുള്ളവര്‍ വെറുംകൈയോടെ മടങ്ങിയെങ്കിലും മൂന്നു സ്വര്‍ണം ഉള്‍പ്പെടെ 6 മെഡലുകള്‍ നേടാനായി. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ നിതു ഗംഗാസ്, വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ നിഖാത് സരീന്‍, പുരുഷന്മാരുടെ 51 കിലോഗ്രാം വിഭാഗത്തില്‍ അമിത് തുടങ്ങിയവരാണ് സ്വര്‍ണം നേടിയത്.
അവസാനദിവസം ബാഡ്മിന്റണ്‍ കോര്‍ട്ടില്‍നിന്ന് മൂന്നു സ്വര്‍ണം നേടാന്‍ നമുക്കു സാധിച്ചു. പുരുഷസിംഗിള്‍സില്‍ ലക്ഷ്യ സെന്‍, മലേഷ്യയുടെ സേ യോങ്ങിനെതിരേ ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം ഉജ്ജ്വല തിരിച്ചുവരവു നടത്തിയാണ് സ്വര്‍ണം  നേടിയത്. വനിതകളുടെ സിംഗിള്‍സില്‍ പി.വി. സിന്ധു ഏകപക്ഷീയമായ മത്സരത്തില്‍ കാനഡയുടെ മിഷേല്‍ ലീയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് സ്വര്‍ണം നേടിയത്. പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ചിരാഗ് - സാതിക് സഖ്യത്തിന്റെ സ്വര്‍ണനേട്ടം ഇംഗ്ലണ്ടിന്റെ ബെന്‍ ലെയ്ന്‍-സീന്‍ വെന്‍ടി സഖ്യത്തിനെതിരേ ആയിരുന്നു.
പുരുഷവിഭാഗം ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ കമാല്‍ ശരത് സിംഗിള്‍സിലും സ്വര്‍ണംനേടി ബര്‍മിങ്ഹാമില്‍ സ്വര്‍ണനേട്ടം മുന്നാക്കി. മിക്‌സഡ് ഡബിള്‍സിലും പുരുഷവിഭാഗം ടീം ഇനത്തിലും സ്വര്‍ണവും പുരുഷവിഭാഗം ഡബിള്‍സില്‍ വെള്ളിയും ഉള്‍പ്പെടെ കമാല്‍ ശരത് തന്റെ മെഡല്‍ നേട്ടം നാലാക്കി ഉയര്‍ത്തി. 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമുള്‍പ്പെടെ 61 മെഡലുകള്‍ നേടി മെഡല്‍ പട്ടികയില്‍ നാലാംസ്ഥാനവുമായാണ് ഇന്ത്യന്‍സംഘം മടങ്ങുന്നത്. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)