•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സഭാതനയനായ പുരോഹിതന്‍

കര്‍ദിനാള്‍ റോബര്‍ട്ട് സറായുടെ ''എന്നന്നേക്കും'' For the Eternity)  എന്ന ഗ്രന്ഥം പങ്കുവയ്ക്കുന്ന പൗരോഹിത്യചിന്തകളുടെ അവലോകനം 

XV

അധ്യായത്തില്‍ വിശുദ്ധ ആഗസ്തീനോസിന്റെ (354-430) പ്രസിദ്ധീകൃതമായിട്ടുള്ള കത്തുകളില്‍ 208-ാം നമ്പര്‍ കത്താണ് ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നത്. ഹിപ്പോയിലെ മെത്രാനായിരിക്കേ ഫെലീസിയ എന്ന മഹതിക്ക് എഴുതിയ കത്താണിത്.''വിശ്വാസത്തില്‍ എന്റെ പുത്രിയായ മഹതീ, നിങ്ങളെപ്പോലെ വിശ്വാസതീക്ഷ്ണതയുള്ള ഒരാള്‍ക്കു മറ്റുള്ളവരുടെ ബലഹീനതകളും തിന്മപ്രവൃത്തികളും ഉളവാക്കുന്ന അസ്വസ്ഥത എത്രമാത്രമെന്നു മനസ്സിലാക്കാന്‍ എനിക്കു സാധിക്കും. സ്‌നേഹനിധിയായ വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍പോലും ഇപ്രകാരം ഒരസ്വസ്ഥത അനുഭവിച്ചിരുന്നു.'' ''ഇതിനെല്ലാം പുറമേ, എല്ലാ സഭകളെയുംകുറിച്ചുള്ള ഉത്കണ്ഠ അനുദിനം എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു. ആരുടെ ബലഹീനതയിലാണ് ഞാന്‍ ബലഹീനനാകാതിരുന്നത്? ആരുടെ വീഴ്ചയിലാണ് ഞാന്‍ വേദനിക്കാതിരുന്നത്?'' (2 കൊറി. 11: 29).
ഇപ്രകാരം ആരംഭിക്കുന്ന ഈ കത്തില്‍ വിശുദ്ധ ആഗസ്തീനോസ് തുടര്‍ന്നെഴുതുന്നത് അവരെ സമാശ്വസിപ്പിക്കാനും ഒപ്പം, ദൈവവചനം ഉദ്ധരിച്ച് ഉദ്‌ബോധിപ്പിക്കാനുമായിട്ടാണ്. നിങ്ങളിപ്പോള്‍ നമ്മുടെ കര്‍ത്താവീശോമിശിഹായുടെ ശരീരമാകുന്ന സഭയില്‍ നമ്മോടു ഗാഢമായി ഐക്യപ്പെട്ടിരിക്കുന്നു. മിശിഹായുടെ മൗതികശരീരത്തിലെ, ഒരു വിലപ്പെട്ട അംഗമെന്ന നിലയില്‍ നിങ്ങള്‍ സ്‌നേഹിക്കപ്പെടുന്നു. പരിശുദ്ധ റൂഹായുടെ ഐക്യത്തില്‍ നമ്മോടൊപ്പം നിങ്ങള്‍ ജീവിക്കുന്നു. ഇക്കാര്യങ്ങളെല്ലാം നിങ്ങള്‍ക്കു സമാശ്വാസമേകട്ടെ.''
അതുകൊണ്ട്, ഈ ഇടര്‍ച്ചകള്‍ കാരണം അസ്വസ്ഥയാകരുതെന്ന് ഞാന്‍ ഉപദേശിക്കുന്നു. നമ്മുടെ കര്‍ത്താവ് ഇത് മുന്‍കൂട്ടിക്കണ്ടിരുന്നു. ഇടര്‍ച്ചകള്‍ നിമിത്തം ലോകത്തിന്റെ സ്ഥിതി എത്ര ദയനീയം! ഇടര്‍ച്ചകള്‍ ഉണ്ടാവുക സ്വാഭാവികം. എന്നാല്‍, ആരുമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം (മത്താ. 18:7). ആരാണീ ഇടര്‍ച്ച നല്കുന്നവര്‍? പൗലോസ് ശ്ലീഹാ അവരെപ്പറ്റിയല്ലേ എഴുതുന്നത്: ''എല്ലാവരും സ്വന്തം താത്പര്യങ്ങളാണ് അന്വേഷിക്കുന്നത്; മിശിഹായുടെ താത്പര്യങ്ങളല്ല''(ഫിലി. 2: 21). അതുകൊണ്ട്, സഭയില്‍ ആത്മാക്കളുടെ കാര്യത്തില്‍ തത്പരരായ ഇടയന്മാരുള്ളതുപോലെതന്നെ  സ്ഥാനമാനങ്ങളും ഭൗതികനേട്ടങ്ങളുംമാത്രം നോട്ടമിടുന്ന ഇടയന്മാരുമുണ്ട്. ഈ വസ്തുത ലോകാവസാനംവരെ തുടരുമെന്ന നിലപാടാണ് വി. പൗലോസ് സ്വീകരിച്ചതെന്ന് വി. ആഗസ്തീനോസ് ഓര്‍മിപ്പിക്കുന്നു.
ഇടയന്മാരുടെ കാര്യത്തിലെന്നപോലെ അജഗണത്തിന്റെ ഇടയിലും നല്ലവരും തണ്യവരുമുണ്ട്. യുഗാന്ത്യത്തില്‍ ഇടയന്മാരുടെ ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍നിന്നു വേര്‍തിരിക്കും(മത്താ. 25:32). അതുകൊണ്ട്, തീക്ഷ്ണമതിയായ സഹോദരിയോട് ഈ തരംതിരിക്കലില്‍ തെറ്റുവരില്ലാത്ത കര്‍ത്താവിന് ആയതു വിട്ടുകൊടുക്കാനാണ് വി. ആഗസ്തീനോസ് ഉപദേശിക്കുന്നത്. ഏതാനും പേരുടെ തിന്മപ്രവൃത്തികള്‍ കാരണം സഭയുടെ ഐക്യത്തില്‍നിന്നു വിട്ടുപോകരുതെന്നാണ് വിശുദ്ധന്‍ വിവക്ഷിക്കുന്നത്.
'മിശിഹായില്‍ പ്രിയ പുത്രീ, നിങ്ങളുടെ വിശ്വാസവും കന്യകാവ്രതജീവിതവുമെല്ലാം നിങ്ങള്‍ക്കു കരുണാസമ്പന്നനായ ദൈവം ഒരുക്കിയിരിക്കുന്ന സ്വര്‍ഗീയവിരുന്നിന് നിങ്ങളെ യോഗ്യയാക്കട്ടെ' എന്ന ആശംസയാണ് വിശുദ്ധ ആഗസ്തീനോസ് അവര്‍ക്കു നേരുന്നത്. ഇടര്‍ച്ചകള്‍ ഈ പ്രത്യാശയ്ക്കു ചാഞ്ചല്യം സൃഷ്ടിക്കരുതെന്നും ഈശോമിശിഹായെയും അവിടുത്തെ സഭയെയും അകമഴിഞ്ഞു സ്‌നേഹിക്കണമെന്നുമാണ് വിശുദ്ധന്‍ ഉദ്‌ബോധിപ്പിക്കുന്നത്.
വിചിന്തനം
വിശുദ്ധ ആഗസ്തീനോസ്, പതിനേഴു നൂറ്റാണ്ടുമുമ്പ് എഴുതിയ ഈ കത്ത് ഇപ്പോഴും പ്രസക്തമാണന്നു വ്യക്തമാക്കുകയാണ് ഗ്രന്ഥകര്‍ത്താവായ കര്‍ദിനാള്‍ സറാ. അദ്ദേഹം എഴുതുന്നു: ''സഭ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ദൈവവചനമാകുന്ന ഈശോമിശിഹായോട് ഐക്യപ്പെട്ട് വിശ്വാസികളായ സന്താനങ്ങളെ ജനിപ്പിക്കുന്നു. യഥാര്‍ത്ഥ വിശ്വാസികള്‍ സഭയുടെ ബാഹ്യഘടനയുടെ അഴിച്ചുപണിക്ക് അമിതപ്രാധാന്യം നല്‍കുന്നില്ല. ഈ പ്രസ്താവനയ്ക്ക് ഉപോത്ബലകമായി ജോസഫ് റാറ്റ്‌സിംഗറുടെ (ബനഡിക്ട് പതിനാറാമന്‍) ആദ്യഗ്രന്ഥങ്ങളിലൊന്നായ 'ക്രിസ്തുധര്‍മ പ്രവേശിക'യില്‍ നിന്നാണ് ഉദ്ധരിക്കുന്നത്. 1968 ലാണ് പ്രസ്തുത ഗ്രന്ഥം ജര്‍മന്‍ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.
ശരിക്കും വിശ്വസിക്കുന്നവര്‍ സഭയുടെ ബാഹ്യഘടനയുടെ നവീകരണത്തിനായുള്ള മുറവിളിക്കു പ്രാധാന്യം കൊടുക്കുന്നില്ല. സഭ എന്നും എന്തായിരുന്നുവോ അതില്‍ അവര്‍ ജീവിക്കുന്നു; സഭ ശരിക്കും എന്തായിരുന്നു എന്നറിയണമെങ്കില്‍ ആ വിശ്വാസികളുടെ അടുത്തുപോകണം. സംഘടിപ്പിക്കല്‍, നവീകരിക്കല്‍, ഭരണനിര്‍വഹണം ഇവിടെയൊന്നുമല്ല സഭ ശരിക്കു ഹാജരാകുന്നത്; പ്രത്യുത, തങ്ങളുടെ ജീവനായ വിശ്വാസത്തിന്റെ 'ദാനത്തെ തങ്ങള്‍ക്കു നല്കിയ സഭയെ സ്വീകരിക്കുന്നവരിലാണ് സഭ സജീവ'മായി സന്നിഹിതരായിരിക്കുന്നത്. ശുശ്രൂഷകര്‍ മാറിവന്നാലും ശുശ്രൂഷകളുടെ രൂപമാതൃകയ്ക്കു മാറ്റം വന്നാലും, സഭ മനുഷ്യരെ പണിതുയര്‍ത്തുന്നുവെന്നും അവര്‍ക്ക് ഒരു ഭവനവും പ്രത്യാശയും - പ്രത്യാശ തന്നെയാണ് ആ ഭവനം അഥവാ നിത്യജീവനിലേക്കുള്ള പാത - കൊടുക്കുന്നുവെന്നും അനുഭവിച്ചറിഞ്ഞവര്‍ക്കാണ്, അവര്‍ക്കു മാത്രമാണ്, പോയകാലത്തും ഇപ്പോഴും സഭ എന്താണ് എന്നറിയൂ.'' (പരിഭാഷ: ജോസ് മാണിപ്പറമ്പില്‍, ക്രിസ്തുധര്‍മപ്രവേശിക, പേജ് 437). 
കര്‍ദിനാള്‍ സറായുടെതന്നെ ഠവല റമ്യ ശ െിീം ളമൃ ുെലി േഎന്ന ഗ്രന്ഥത്തില്‍നിന്ന്  (പേജ് 108-109) ഒരു ഭാഗംകൂടി ഉദ്ധരിക്കുന്നുണ്ട്: ''എല്ലാക്കാര്യങ്ങളും വിശ്വാസത്തിന്റെ കണ്ണുകള്‍കൊണ്ടു നോക്കി കാണുകയാണ് ഇന്നിന്റെ അടിയന്തരമായ ആവശ്യമെന്നും സഭാസംവിധാനത്തില്‍ വരുത്തുന്ന നിരന്തരമാറ്റങ്ങള്‍കൊണ്ടു കാര്യമായി ഒന്നും നേടാനില്ലെന്നും കര്‍ദിനാള്‍ എഴുതുന്നു. റോമന്‍ കൂരിയായുടെ ഘടനയില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍കൊണ്ട് ആരുടെയെങ്കിലും മനോഭാവത്തിലോ വിചാരധാരയിലോ ധാര്‍മികജീവിതത്തിലോ ആഗ്രഹിക്കുന്ന പരിവര്‍ത്തനം സംഭവിക്കില്ല എന്ന് കര്‍ദിനാള്‍ റോബര്‍ട്ട് സറാ തുറന്നെഴുതുന്നു.
സഭയുടെ യഥാര്‍ത്ഥ നവീകരണം ദൈവത്താല്‍ നവമായി മെനയപ്പെടാന്‍ അനുവദിക്കുന്നതിലാണ് അടങ്ങിയിരിക്കുന്നതെന്നും മാനേജ്‌മെന്റ് വൈദഗ്ധ്യമല്ല, വിശുദ്ധിയാണ് കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കു പരിഹാരം കാണാന്‍ സഭയെ പ്രാപ്തയാക്കുന്നതെന്നും അദ്ദേഹം പ്രസ്താവിക്കുന്നു.
സഭാമാതാവ്
വിശുദ്ധരും വിശ്വാസികളുമായ സ്ത്രീ പുരുഷന്മാര്‍ക്കു ജന്മം നല്‍കുന്നത് സഭയാണ്. മിശിഹായ്ക്കും അവിടുത്തെ സുവിശേഷത്തിനും സാക്ഷ്യംവഹിക്കുകയും രക്തസാക്ഷികളാവുകയും ചെയ്യുന്ന ധീരാത്മാക്കളുടെ പെറ്റമ്മയാണ് സഭ.  ഇപ്രകാരമാണ് കര്‍ദിനാള്‍ സറാ തന്റെ പരിചിന്തനം തുടരുന്നത്. നമ്മുടെ അമ്മയാണ് സഭയെന്നും വിശ്വാസത്തിന്റെ മുലപ്പാല്‍ നല്കി പൈതങ്ങളായ നമ്മളെ വളര്‍ത്തുന്നത് സഭാമാതാവാണെന്നും കാവ്യാത്മകമായി വിശുദ്ധ ആഗസ്തീനോസ് മറ്റൊരു കത്തില്‍ വിവരിക്കുന്നുണ്ട്. 
ഭൗതിക ഭരണാധികാരികള്‍
വി. അഗസ്റ്റിന്റെ കാലത്തുതന്നെ, അതായത്, എ.ഡി. നാലാം നൂറ്റാണ്ടില്‍, ഇടയന്മാര്‍ ആത്മീയനേതൃത്വത്തിനു പുറമേ ഭൗതികാധികാരങ്ങളും ഏറ്റെടുത്തുതുടങ്ങി. ഇത് മെത്രാന്മാര്‍ അവരുടെ പ്രഥമവും പ്രധാനവുമായ ആത്മീയോത്തരവാദിത്വങ്ങള്‍ അവഗണിക്കാന്‍ കാരണമായി. ഈ സ്ഥിതിവിശേഷം മറ്റൊരുവിധത്തില്‍ ഇന്നും നിലവിലുണ്ടെന്ന് കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നു. വളരെയധികം മെത്രാന്മാരും വൈദികരും അവരുടെ ഊര്‍ജവും സമയവും രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്‌നനിവാരണത്തിനായി വ്യയം ചെയ്യുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ''ദൈവശാസ്ത്ര സംസ്‌കൃതിയുടെയും സുദൃഢമായ ബൈബിള്‍വ്യാഖ്യാനശേഷിയുടെയും അഭാവവും ആദ്ധ്യാത്മികാലസതയും മീഡിയായോടുള്ള ഭയപ്പാടും ആധുനികലോകത്തിന്റെ അംഗീകാരത്തിനായുള്ള ആഗ്രഹവുമാണ് പല ഇടയന്മാരും സത്യവിശ്വാസം പഠിപ്പിക്കുന്നതില്‍ ഉപേക്ഷ വിചാരിക്കുന്നതിനു കാരണമെന്ന് കര്‍ദിനാള്‍ സറാ ശക്തിയുക്തം പ്രസ്താവിക്കുന്നു. ഇടര്‍ച്ചകള്‍ക്ക് ഇടംകൊടുക്കുന്ന ഇടയന്മാരെയും കര്‍ദിനാള്‍ സറാ അപലപിക്കുന്നുണ്ട്. പുതിയ ഉണര്‍വോടും തീക്ഷ്ണതയോടുംകൂടി മുഴുവന്‍ സമയവും അജപാലനശുശ്രൂഷയിലേര്‍പ്പെടാനാണ് മെത്രാന്മാരോടും വൈദികരോടും അദ്ദേഹം ആഹ്വാനം ചെയ്യുന്നത്. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)