•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ചരിത്രമെഴുതി നീരജ്

സ്വപ്രയത്‌നംകൊണ്ടു കായികലോകം കീഴടക്കി രാജ്യത്തിന് അഭിമാനനേട്ടം കൈവരിച്ച പ്രതിഭാശാലിയാണ് നീരജ് ചോപ്ര. 12-ാം വയസ്സില്‍ 90 കിലോ ഭാരം, തടിയനെന്ന കൂട്ടുകാരുടെ പരിഹാസം കേട്ടാണ് നീരജ് ചോപ്ര ബാല്യകാലം തള്ളിനീക്കിയത്. അമിതവണ്ണംമൂലം മകന്‍ ദുഃഖിതനാണെന്നു മനസ്സിലാക്കിയ പിതാവ് നീരജിനെ അടൂത്തുള്ള ജിംനേഷ്യത്തില്‍ ചേര്‍ത്തു. അവിടെ ദിവസം 24 കിലോമീറ്ററോളം സൈക്ലിങ് ചെയ്തിരുന്നു. ഭക്ഷണം ക്രമീകരിച്ചു, ജീവിതത്തില്‍ ചില ചിട്ടകള്‍ അവന്‍ ഏര്‍പ്പെടുത്തി. അയാമഡ്ലൗഡായിലെ ആ ജിംനേഷ്യത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു നീരജ്. തുടര്‍ന്ന്, പാനിപ്പത്തിലുള്ള മറ്റൊരു ജിംനേഷ്യത്തിലും നീരജ് പരിശീലനം നേടി. കഠിനാധ്വാനംകൊണ്ട് അവന്‍ തന്റെ കുറവുകളെ ഇല്ലാതാക്കുകയായിരുന്നു. 
ജീവിതം വഴിമാറി
സ്പോട്സിനോടുള്ള താത്പര്യംകൊണ്ടാകാം  ജിംനേഷ്യത്തിനു സമീപത്തെ പാനിപ്പത് സ്‌പോര്‍ട്ട്സ് അതോരിറ്റി ഓഫ് ഇന്ത്യ എന്ന സ്ഥാപനം ആ കുരുന്നുമനസ്സിനെ ആകര്‍ഷിച്ചത്. ഇവിടുത്തെ  നിത്യസന്ദര്‍ശകനായി മാറിയ നീരജ് അവിടത്തെ കായികതാരങ്ങളുമായി സൗഹൃദത്തിലായി.  ഇടയ്ക്കിടെ ജാവലിന്‍ ക്യാമ്പിലെത്തി മറ്റാരും കാണാതെ ചില പരീക്ഷണങ്ങളൊക്കെ നടത്തിയിരുന്ന നീരജിനെ  ജയ്വീര്‍സിങ് എന്ന ജാവലിന്‍ പരിശീലകന്‍ ശ്രദ്ധിച്ചു. അദ്ദേഹമാണ് നീരജിന്റെ കഴിവുകള്‍ കണ്ടെത്തിയത്. യാതൊരു പരിശീലനവുമില്ലാതെ 40 മീറ്ററോളം ദൂരത്തില്‍ ജാവലില്‍ എറിയാന്‍ നീരജിനു കഴിഞ്ഞതു മനസ്സിലാക്കിയ ജയ്വീര്‍ അവനെ പരിശീലിപ്പിക്കാന്‍ തുടങ്ങി. 
കൈക്കരുത്തുകൊണ്ടു ലോകം കീഴടക്കി
ജയ്വീറിന്റെ  നിര്‍ദേശപ്രകാരമായിരുന്നു നീരജ് വീട്ടില്‍നിന്നു നാലു മണിക്കൂര്‍ അകലെയുള്ള പഞ്ച്കുളത്തെ  താവു ദേവി സ്പോര്‍ട്സ്  കോംപ്ലക്സില്‍ പ്രവേശനം നേടിയത്.  നസീം അഹമദായിരുന്നു  അവിടത്തെ പരിശീലകന്‍. ജീവിതത്തില്‍ വലിയ ചിട്ടകളും പ്രതീക്ഷകളും ഉണ്ടായതും അവിടെവച്ചാണ്. കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രം അക്കാദമിയിലെ മികച്ച വിദ്യാര്‍ത്ഥിയായി നീരജ് മാറി. ഒരു വര്‍ഷത്തെ പ്രയത്‌നംകൊണ്ട്  55 മീറ്റര്‍ വരെ ജാവ്‌ലിന്‍ പായിക്കാന്‍  നീരജിനു കഴിഞ്ഞു. 
അധികം താമസിയാതെ 2012 ല്‍ ലക്‌നൗവില്‍ നടന്ന ജൂനിയര്‍ മീറ്റില്‍ 68.40 മീറ്റര്‍ ജാവലിന്‍ എറിഞ്ഞ് നീരജ് പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചു. അടുത്തവര്‍ഷം യുക്രെയ്‌നില്‍ ആദ്യത്തെ അന്താരാഷ്ട്രമത്സരത്തിനിറങ്ങി. 2014 ല്‍ ബാങ്കോക്കില്‍ നടന്ന മീറ്റില്‍ ആദ്യ അന്താരാഷ്ട്രമെഡല്‍ കരസ്ഥമാക്കി. 2014 ല്‍ നടന്ന ദേശീയ സീനിയര്‍ മീറ്റില്‍  70 മീറ്റര്‍ ദൂരം മറികടക്കുകയും തുടര്‍ന്നു നടന്ന ജൂനിയര്‍ മീറ്റില്‍ 81 മീറ്റര്‍ ദൂരം താണ്ടുകയും ചെയ്തു.
തുടര്‍ന്ന് 2016 ലെ ദക്ഷിണേഷ്യന്‍ ഗെയിംസില്‍ 84.23 മീറ്റര്‍ ദൂരം പായിച്ച് നീരജ് സ്വര്‍ണമെഡല്‍ കരസ്ഥമാക്കി, ഇന്ത്യന്‍ ദേശീയ റെക്കോഡിനൊപ്പമെത്തി. 2016 ല്‍ പോളണ്ടില്‍ നടന്ന ഐ.എ.എ.എഫ്. ലോക യു 20 ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും സ്വര്‍ണമെഡല്‍ നേടി ലോകജൂനിയര്‍ റെക്കോഡ് കരസ്ഥമാക്കി.
2017 ലെ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 85.23 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണമെഡല്‍ നേടി. 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 86.47 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടി. കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ അത്ലറ്റിക്സ് സ്വര്‍ണം നേടിയ ചുരുക്കംചില താരങ്ങളിലൊരാളായും ജാവ്ലിന്‍ ത്രോയില്‍ മെഡല്‍ നേടുന്ന ആദ്യത്തെ താരമായും നീരജ് മാറി. 2018 ലെ ദോഹ ഡയമണ്ട് ലീഗില്‍ 87.43 മീറ്റര്‍ മറികടന്ന് വീണ്ടും ദേശീയ റെക്കോഡ് തിരുത്തി.
2018 ഓഗസ്റ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച നീരജ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയൂടെ പതാകവാഹകനായിരുന്നു. അവിടെ വച്ച് 88.06 മീറ്റര്‍ ദൂരം താണ്ടിയ നീരജ് സ്വര്‍ണമെഡല്‍ കരസ്ഥമാക്കുകയും ഇന്ത്യന്‍ റെക്കോഡ് തിരുത്തുകയും ചെയ്തു. 2018 ല്‍ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)