2020 ലെ ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെടുമ്പോള്‍ ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ മലയാളത്തിനു വര്‍ണാഭയേറി. ബോളിവുഡിന്റെ അധീശത്വവും അടക്കിവാഴലുകളും പിന്നിലാക്കി തെന്നിന്ത്യ മിന്നലൊളിയായി. പ്രാദേശികഭാഷാചിത്രങ്ങളാണ് വിജയരഥങ്ങളില്‍ അണിനിരന്നത്. മലയാളത്തിനു ശ്രേഷ്ഠമായ എട്ടു സമ്മാനങ്ങള്‍. തമിഴിനും മികവാര്‍ന്ന അംഗീകാരലബ്ധി. മികച്ച സിനിമ, നടന്‍, നടി, സഹനടീനടന്മാര്‍ എന്നിങ്ങനെ പ്രധാന പുരസ്‌കാരങ്ങളെല്ലാം മലയാളവും തമിഴും സ്വന്തമാക്കി.
കൊവിഡുമൂലം തിയേറ്ററിലെത്താതെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ ആസ്വാദകര്‍ കണ്ട സിനിമ ദേശീയതലത്തില്‍ മികച്ചുനിന്നുവെന്ന പ്രത്യേകതയും ഈ അവാര്‍ഡിനെ വ്യത്യസ്തമാക്കുന്നു. ഒന്നാമതെത്തിയ സുരറൈ പോട്ര് ആമസോണ്‍ പ്രൈമിലൂടെയായിരുന്നു റിലീസ്.
സംവിധായകന്‍ വിപുല്‍ ഷാ അധ്യക്ഷനായ ദേശീയ ജൂറിയില്‍ മലയാളത്തിന്റെ വിജി തമ്പിയും അംഗമായിരുന്നു.
അയ്യപ്പനും കോശിയും എന്ന ചിത്രമൊരുക്കിയ സച്ചിയാണ് (കെ.ആര്‍. സച്ചിദാനന്ദന്‍) മികച്ച സംവിധായകന്‍ (സമ്മാനം ഏറ്റുവാങ്ങാന്‍ സച്ചിയില്ല എന്നത് മലയാളസിനിമയുടെ ദുഃഖമായി). നാലു പുരസ്‌കാരങ്ങളാണ് അയ്യപ്പനും കോശിയും നേടിയത്.
തമിഴ് ചിത്രം സുരറൈ പോട്രിലെ 'ബൊമ്മി' എന്ന കഥാപാത്രത്തിലൂടെയാണ് അപര്‍ണ ബാലമുരളി, മികച്ച നടിപ്പട്ടം നേടിയതെങ്കിലും അഭിമാനം മലയാളത്തിനായി. ഇതേ ചിത്രത്തിലൂടെ സൂര്യയും 'തന്‍ഹാജി ദ അണ്‍സങ് വാരിയര്‍' എന്ന ചിത്രത്തിലൂടെ ബോളിവുഡ് നായകന്‍ അജയ് ദേവ്ഗണും മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടു.
സുധ കൊങ്കര സംവിധാനം ചെയ്ത സുരറൈ പോട്ര് തന്നെയാണ് 2020ലെ മികച്ച ഇന്ത്യന്‍ സിനിമ. എയര്‍ ഡെക്കാന്‍ വിമാനക്കമ്പനി സ്ഥാപിച്ച ജി.ആര്‍. ഗോപിനാഥിന്റെ ജീവിതകഥയാണ് ഈ സിനിമ പറയുന്നത്. അഞ്ചു സമ്മാനങ്ങളാണ് ഈ ചിത്രം നേടിയത്. സംവിധായിക സുധ കൊങ്കരയോടൊപ്പം മലയാളിയായ ശാലിനി ഉഷ നായരും ഈ ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയത് അഭിമാനനേട്ടമായി.
മലയാളസിനിമയിലിപ്പോള്‍ ബിജു മേനോന്റെ നല്ല സമയമാണെന്നു പറയാം. ഒട്ടേറെ വ്യത്യസ്ത റോളുകളിലൂടെ പ്രേക്ഷകഹൃദയം നേടിയെടുത്ത ബിജു മേനോന്‍ അയ്യപ്പനും കോശിയിലൂടെ ഇന്ത്യന്‍ സിനിമയിലെ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. അയ്യപ്പന്‍നായര്‍ അത്രയും ഉജ്ജ്വലമായിരുന്നു എന്നതിന് എതിരഭിപ്രായം ഉണ്ടാവില്ല.
അയ്യപ്പനും കോശിയും ചിത്രത്തിലെ, ഗോത്രസംസ്‌കാരവും തനിമയും തുളുമ്പുന്ന 'കളക്കാത്ത സന്ദനമേറം' എന്ന പാട്ടുപാടിയ ആദിവാസി വിഭാഗത്തിലെതന്നെ പാട്ടുകാരി നഞ്ചിയമ്മയാണ് മികച്ച പിന്നണിഗായിക.
അയ്യപ്പനും കോശിയിലെ സ്വാഭാവികസംഘട്ടന രംഗങ്ങളൊരുക്കിയ മാഫിയ ശശി, രാജശേഖര്‍, സുപ്രീം സുന്ദര്‍ എന്നിവരും സമ്മാനിതരായി.
മലയാളത്തിലെ മികച്ച ചിത്രമായി സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത 'തിങ്കളാഴ്ച നിശ്ചയം' തിരഞ്ഞടുക്കപ്പെട്ടു.
സിനിമയുടെ വിവിധ മേഖലകളിലെ മറ്റ് അവാര്‍ഡുകളെപ്പറ്റി ഇവിടെ ഇനിയും പരാമര്‍ശിക്കുന്നില്ല. എങ്കിലും മികച്ചതായി ഒരു സിനിമാനിരൂപണഗ്രന്ഥവും കണ്ടെത്താനായില്ല എന്ന ജൂറിയുടെ തീരുമാനം കൂടുതല്‍ ചിന്തകളിലേക്കു വളരട്ടെ എന്ന പ്രാര്‍ത്ഥനയുണ്ട്.
ഫീച്ചര്‍ വിഭാഗത്തില്‍ 205 ഉം നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 148 ഉം ചിത്രങ്ങളാണ് 2020 ലെ ദേശീയ അവാര്‍ഡിനായി പരിഗണിച്ചത് എന്നറിയുന്നു.
ഫഹദ് ഫാസിലും നവ്യ നായരും മികച്ച നടനും നടിക്കുമുള്ള മത്സരത്തിന്റെ അവസാനറൗണ്ടിലും പരിഗണനയില്‍ വന്നെങ്കിലും ഫലം വ്യത്യസ്തമായി.
ഫഹദ് ഫാസിലിന്റെ അഭിനയവൈഭവം വേറിട്ട മികവോടെ തുടരുന്നത് ഇനിയും ആശയ്ക്കു വക നല്‍കുന്നുണ്ട്. നടിമാരുടെ കാര്യത്തില്‍, കഴിവുണ്ടെങ്കിലും അങ്ങനെയൊരു പ്രത്യാശ പുലര്‍ത്തുന്നത് സഫലമാകുമെന്നു പറയാന്‍ വയ്യാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നു ചൂണ്ടിക്കാട്ടട്ടെ.
അവാര്‍ഡുപ്രഖ്യാപനങ്ങളെത്തുടര്‍ന്ന് വിവാദങ്ങളും കൊടുമ്പിരിക്കൊള്ളാറുണ്ട്. ഇത്തവണ പ്രധാനമായും മികച്ച പിന്നണി ഗായിക പദത്തിനാണ് എതിരഭിപ്രായങ്ങള്‍ വന്നത്. ആര്‍ക്കും ആറാടാവുന്ന സോഷ്യല്‍ മീഡിയ ഉള്ളപ്പോള്‍ ഏറ്റുപിടിക്കാന്‍ രണ്ടഭിപ്രായത്തിലും ആളുണ്ടാകുന്നത് സ്വാഭാവികം. വിലക്കുകളില്ലാത്ത വിശാലമായ ഫേസ്ബുക്ക് ചുമരുകളില്‍ പതിഞ്ഞിരിക്കുന്ന വാള്‍പോസ്റ്റുകള്‍ കണ്ട് അഭിപ്രായങ്ങള്‍ പടര്‍ന്നോട്ടെ. തനിമയും നിഷ്‌കളങ്കതയും തെളിയുന്ന കാട്ടരുവിപോലെ ഒഴുകിപ്പടര്‍ന്ന ശബ്ദഭംഗിയാണ് നഞ്ചിയമ്മ പകര്‍ന്നതെന്നത് പരമസത്യം തന്നെ. പരിശീലനമില്ലായ്മയും പ്രായംപോലും അവരുടെ ഉള്ളിലെ പാട്ടൊലികളെ ജ്വലിപ്പിക്കുന്നേയുള്ളൂ. ആദരണീയംതന്നെ കാട്ടിലും മേട്ടിലും പണിയെടുത്തു നടക്കുന്ന ആ അമ്മ പകരുന്ന ഹൃദ്യാനുഭൂതികള്‍..!
എല്ലാം തികഞ്ഞൊരു നല്ല പാട്ട് സമീപകാലത്തെ ഏതു മലയാളചിത്രത്തില്‍ ചൂണ്ടിക്കാട്ടാനാവും എന്നതും ചിന്തനീയം.
സമ്മാനങ്ങളും മറ്റംഗീകാരങ്ങളും കൂടുതല്‍ നല്ലതിലേക്കുള്ള കുതിപ്പിന് ആക്കം കൂട്ടും; സിനിമയായാലും സാഹിത്യമായാലും മറ്റ് ഏതു കലാപ്രവര്‍ത്തനമായാലും.
എന്നാല്‍, കഴിവുകളുടെ അന്തിമമായ നിശ്ചയപരിമാണമാപിനികളല്ല അവാര്‍ഡുകളൊന്നും. പൊഴിഞ്ഞുപോയവരുണ്ടാകാം, കാണാതിരിക്കുന്നവരുണ്ടാകാം, മത്സരവേദികള്‍ വരെ എത്താത്തവരുണ്ടാകാം.
പ്രവര്‍ത്തനമാണു മുഖ്യം. അതിനു കഴിവും പ്രാപ്തിയുമുള്ളവരുടെ അക്ഷീണമായ അവതരണങ്ങളെ കാലം നിലനിറുത്തും; അവരെ ചരിത്രം ഓര്‍മിച്ചുകൊണ്ടേയിരിക്കും.
സിനിമയില്‍ ഏറെ പരിവര്‍ത്തനങ്ങള്‍ നടക്കുന്ന സമയമാണിപ്പോള്‍. യാഥാസ്ഥിതിക സമീപനങ്ങളോടൊപ്പം സൂപ്പര്‍ സങ്കല്പങ്ങളും ഒഴിഞ്ഞുപോകുന്ന അവസ്ഥ. നിറവും സൗന്ദര്യവും ആകാരഭംഗിയുമല്ല ജീവിതത്തിന്റെ അര്‍ത്ഥമെന്നും യഥാര്‍ത്ഥപ്രതിഭയ്ക്ക് അളവും തൂക്കവുമില്ല എന്നും മനസ്സിലാക്കുന്ന പുതുതലമുറയാണ് ഉയര്‍ന്നുവരുന്നത്.
ഹൃദ്യമായ നല്ല സിനിമകളൊരുക്കാന്‍ സിനിമാ പ്രവര്‍ത്തകരും ആസ്വദിക്കാന്‍ കാണികളും ഉണ്ടാവുക എന്നതാണ് മുഖ്യം.
യാത്രയ്ക്കിടയില്‍ കിട്ടുന്ന തിരുമധുരങ്ങളാക്കാം ഓരോ പുരസ്‌കാരവും. സിനിമ സമഗ്രമായി വളരട്ടെ.