പാലാ: പാലാ രൂപത കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയുടെയും മാതൃഭാഷാപോഷകസന്നദ്ധസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍, ''സമഗ്രസാക്ഷരപാലാ'' പ്രോജക്ട് നടപ്പിലാക്കുന്നു. ജൂലൈ 26 ചൊവ്വാഴ്ച രാവിലെ 11.30 ന് സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷന്‍ ഓഡിറ്റോറിയത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ പ്രോജക്ടിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. ജലവിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ. തോമസ് മൂലയില്‍ പ്രോജക്ട് അവതരിപ്പിക്കും.
സമ്മേളനത്തില്‍, പാഠപുസ്തകത്തില്‍ അക്ഷരമാല പുനസ്ഥാപിക്കുന്നതിനു സുധീരമായ തീരുമാനമെടുത്ത പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയെയും, അതിനു വഴിയൊരുക്കിയ ജലവിഭവമന്ത്രി റോഷി അഗസ്റ്റിനെയും മാണി സി. കാപ്പന്‍ എം.എല്‍.എയെയും ആദരിക്കും.
'നിറക്കൂട്ട് 2022' പ്രോഗ്രാമിലൂടെ അക്ഷരമാലയും ചുമര്‍ച്ചിത്രങ്ങളുംകൊണ്ട് വിദ്യാലയങ്ങളും ഗവണ്‍മെന്റ് സ്ഥാപനങ്ങളും വര്‍ണാഭമാക്കിയ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനിലെ അധ്യാപകവിദ്യാര്‍ത്ഥിപ്രതിഭകള്‍ക്കും കോളജിനുമുള്ള പുരസ്‌കാരങ്ങള്‍ പൊതുവിദ്യാഭ്യാസമന്ത്രി വിതരണം ചെയ്യും.
സമ്മേളനത്തില്‍ ജോസ് കെ. മാണി എം.പി, മാണി സി. കാപ്പന്‍ എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, പാലാ കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ സി. ഡോ. ബീനാമ്മ മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. റ്റി.സി. തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിക്കും. മാതൃഭാഷാപോഷകസന്നദ്ധസമിതിയാണ് പ്രോജക്ട് ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്.