കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയും നീണ്ടുനില്‍ക്കുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധവും കാരണം അച്ചടി മാധ്യമങ്ങള്‍ അഭിമുഖീകരിക്കുന്ന വലിയ പ്രതിന്ധി നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (ഐ.എന്‍.എസ്.) കേരള റീജിയണല്‍ കമ്മിറ്റി ചെയര്‍മാന്‍ എം.വി. ശ്രേയാംസ്‌കുമാര്‍ ആവശ്യപ്പെട്ടു. പത്രവ്യവസായത്തിന്റെ ഉത്പാദനച്ചെലവിന്റെ 50 ശതമാനത്തിലധികം പത്രക്കടലാസാണ്.
കൊവിഡ്മൂലം ആഗോളതലത്തില്‍ പത്രവ്യവസായം പ്രതിസന്ധിയിലായതോടെ വിദേശരാജ്യങ്ങളിലെ ന്യൂസ്പ്രിന്റ് ഫാക്ടറി പൂട്ടിയതിനാല്‍ ന്യൂസ്പ്രിന്റു ലഭ്യതയില്‍ വന്‍ ഇടിവുണ്ടായി. ഇതുമൂലം ന്യൂസ്പ്രിന്റിന്റെ വില കഴിഞ്ഞ ഒന്നരവര്‍ഷമായി കുതിച്ചുയരുകയാണ്. റഷ്യ-യുക്രെയ്ന്‍ യുദ്ധം ന്യൂസ് പ്രിന്റ് ലഭ്യത വീണ്ടും പ്രതിസന്ധിയിലാക്കി.
ഇന്ത്യയിലേക്കാവശ്യമായ ന്യൂസ്പ്രിന്റിന്റെ (പത്രക്കടലാസിന്റെ) 45 ശതമാനവും ഇറക്കുമതി ചെയ്യുന്നതു റഷ്യയില്‍നിന്നാണ്. റഷ്യക്കെതിരേ യുഎസും യൂറോപ്യന്‍രാജ്യങ്ങളും ഉപരോധം പ്രഖ്യാപിച്ചതോടെ റഷ്യയില്‍നിന്നുള്ള പത്രക്കടലാസ് ഇറക്കുമതി നിലച്ചിരിക്കുകയാണ്. ഇതുമൂലം പത്രക്കടലാസിനു വന്‍ വിലവര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ടണ്ണിന് 450യുഎസ് ഡോളറായിരുന്ന പത്രക്കടലാസിന്റെ വില ഇപ്പോള്‍ 1,000 ഡോളര്‍ കടന്നിരിക്കുന്നു.
ചരക്കുനീക്കം തടസ്സപ്പെട്ടതുകൊണ്ട് കണ്ടെയ്‌നറുകളുടെ ലഭ്യത പ്രതിസന്ധിയിലായിട്ടുണ്ടെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. വിതരണശൃംഖലയില്‍ സമ്മര്‍ദ്ദമേറിയതോടെ ഷിപ്പിംഗ് കമ്പനികള്‍ ചാര്‍ജുകള്‍ നാലും അഞ്ചും ഇരട്ടിയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു.
അടിക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ദ്ധന കാരണം പത്രവ്യവസായത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ക്കും മഷി മുതലായ രാസപദാര്‍ത്ഥങ്ങള്‍ക്കും 50 ശതമാനം വിലവര്‍ദ്ധനയാണുണ്ടായിട്ടുന്നത്. ധാതുക്കളുടെ വില വര്‍ദ്ധന കാരണം അച്ചടിമാധ്യമങ്ങള്‍ക്കാവശ്യമായ അലുമിനിയം പ്ലേറ്റുകള്‍ക്ക് 40 ശതമാനത്തോളം വില വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്. പത്രവ്യവസായത്തിന്റെ ഉത്പാദന, വിതരണച്ചെലവുകളില്‍ ക്രമാതീതമായ വര്‍ദ്ധനയാണ് ഇക്കാരണങ്ങളാല്‍ വന്നുഭവിച്ചിട്ടുള്ളത്.
റഷ്യ കൂടാതെ ന്യൂസ്പ്രിന്റ് ഇറക്കുമതിക്ക് ഇന്ത്യ ആശ്രയിക്കുന്ന കാനഡയിലും ഫിന്‍ലന്‍ഡിലും തൊഴില്‍സമരങ്ങള്‍ കാരണം മില്ലുകള്‍അടച്ചിട്ടതുമൂലം ഇറക്കുമതി സാധ്യമാവാതെ വന്നു. ഇറക്കുമതി ചെയ്യുന്ന ന്യൂസ്പ്രിന്റിനാകട്ടെ അഞ്ചു ശതമാനം ഇറക്കുമതിത്തീരുവയും ചുമത്തുന്നുണ്ട്. കൂടാതെ, കേരളത്തില്‍ ഈയടുത്തകാലത്ത് വൈദ്യുതി ചാര്‍ജ് 10 ശതമാനത്തിലധികം വര്‍ദ്ധിപ്പിച്ചതും അച്ചടിവ്യവസായത്തെ സാരമായി ബാധിച്ചു.
ഇക്കാരണങ്ങള്‍കൊണ്ട് പത്രവ്യവസായം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുകയാണെന്നു ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.
പത്രവ്യവസായത്തിന്റെ നിലനില്പുതന്നെ ആശങ്കപ്പെടുത്തുന്ന സ്ഥിതിവിശേഷമാണുള്ളത്. ജനാധിപത്യസംരക്ഷണത്തിന് സദാ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ ചുമതലയുള്ള മാധ്യമങ്ങള്‍ ഇന്ന് ഉത്പാദന, വിതരണച്ചെലവിലെ വന്‍വിലവര്‍ധനയും കൊവിഡ് പ്രതിസന്ധിമൂലമുള്ള പരസ്യവരുമാനത്തിലെ ഇടിവും കാരണം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. ഒട്ടനവധി ദിനപ്പത്രങ്ങളും മാസികകളും ഇതിനകം അടച്ചുപൂട്ടുകയും മറ്റു ചിലത് അതിന്റെ വക്കിലുമാണ്. ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശത്തിന്റെ നിഷേധംകൂടിയാണ് ഇങ്ങനെ സംഭവിച്ചാല്‍ ഉണ്ടാവുക. ഇക്കാരണങ്ങളാല്‍ അച്ചടിമാധ്യമങ്ങളെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് ശ്രേയാംസ്‌കുമാര്‍ അഭ്യര്‍ത്ഥിച്ചു.
മാന്യവരിക്കാരുടെ ശ്രദ്ധയ്ക്ക്
കൊവിഡും റഷ്യ-യുക്രെയ്ന്‍ യുദ്ധവും സൃഷ്ടിച്ച പ്രതിസന്ധിമൂലം കുറെ നാളുകളായി പത്രവ്യവസായം ശ്വാസംമുട്ടുകയാണ്. കഴിഞ്ഞ ഒന്നരവര്‍ഷമായി ന്യൂസ്പ്രിന്റിന്റെ വില വല്ലാതെ ഉയര്‍ന്നിരിക്കുന്നു. പത്രവ്യവസായത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ക്കും മഷി, പ്ലേറ്റ് തുടങ്ങിയ സാമഗ്രികള്‍ക്കും വില കുതിച്ചുയരുകയാണ്. കേരളത്തില്‍ ഈയടുത്തകാലത്ത് വൈദ്യുതിചാര്‍ജ് പത്തു ശതമാനത്തിലധികം വര്‍ദ്ധിപ്പിച്ചതും അച്ചടിവ്യവസായത്തെ സാരമായി ബാധിച്ചിരിക്കുന്നു.
ഈ സാഹചര്യത്തില്‍, ദീപനാളത്തിന്റെ വരിസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. 2022 ഓഗസ്റ്റുമുതല്‍ വാര്‍ഷികവരിസംഖ്യ 400 രൂപയും ഒറ്റപ്രതി എട്ടുരൂപയുമായിരിക്കും. മാന്യവായനക്കാര്‍ സഹകരിക്കുമല്ലോ.
- മാനേജര്‍