കൃത്യനിഷ്ഠ, അതാണ് ഒരു പോലീസുദ്യോഗസ്ഥനു വേണ്ട പരമപ്രധാനമായ കാര്യം. ഇന്നു ചെയ്യേണ്ട കാര്യങ്ങള്‍ ഇന്നുതന്നെ ചെയ്യുക. പക്ഷേ, തിടുക്കം പാടില്ല. അതാണ് കെ. കാര്‍ത്തിക് എന്ന ഐ.പിഎസ് ഉദ്യോഗസ്ഥന്റെ സ്റ്റൈല്‍. അതുതന്നെയാകാം അദ്ദേഹത്തെ മറ്റ് ഉദ്യോഗസ്ഥരില്‍നിന്നു വേറിട്ടു നിറുത്തുന്നതും. ഒരു എന്‍ജിനീയറുടെ തന്ത്രങ്ങളും ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ബുദ്ധികൂര്‍മതയുമായി കാര്‍ത്തിക് എന്ന പൊലീസുദ്യോഗസ്ഥന്‍ കോട്ടയം നഗരത്തിന്റെ ഭരണം ഏറ്റെടുത്തുകഴിഞ്ഞു. നിയമപാലനത്തിനൊപ്പം മാനുഷികനന്മകളും മനസ്സില്‍ സൂക്ഷിക്കുന്ന കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് ഐ.പി.എസിന്റെ വിശേഷങ്ങളിലേക്ക്:
തിരുനല്‍വേലിയില്‍ ഗ്രാമാന്തരീക്ഷത്തില്‍ ജനിച്ചുവളര്‍ന്ന കെ. കാര്‍ത്തികിന് നാടിനു നന്മ ചെയ്യുന്ന ഒരു പൊലീസുദ്യോഗസ്ഥന്‍ ആകണമെന്നായിരുന്നു ആഗ്രഹം. എങ്കിലും, തന്റെ കരിയറായി അദ്ദേഹം ആദ്യം തിരഞ്ഞെടുത്തത് എന്‍ജിനീയറിങ്ങാണ്. അണ്ണാ സര്‍വകലാശാലയില്‍നിന്ന് എന്‍ജിനീയറിങ് ബിരുദം നേടി. തുടര്‍ന്നായിരുന്നു ഐ.പി.എസ്. മോഹം മനസ്സിനെ കീഴടക്കിയത്. ആക്ഷന്‍ ഹീറോ സിനിമകള്‍ കണ്ടല്ല, നന്മയുള്ള പൊലീസുദ്യോഗസ്ഥരുടെ കഥകള്‍ കേട്ടും കണ്ടുമാണ് കാര്‍ത്തിക് എന്ന ചെറുപ്പക്കാരന്‍ ഐ.പി.എസിലേക്കു തിരിയുന്നത്.
2011 ബാച്ചിലെ കേരള കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ കെ. കാര്‍ത്തിക് പാലക്കാട് എ.എസ്.പിയായാണ് സര്‍വീസിലേക്കു കടന്നുവരുന്നത്. കൃത്യനിഷ്ഠ പാലിക്കാനായിരുന്നു അദ്ദേഹം എല്ലാക്കാലവും ശ്രമിച്ചിരുന്നത്. ഒരു മിനിറ്റുപോലും വൈകുന്നതു ശരിയല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതോടൊപ്പം പറഞ്ഞവാക്കു പാലിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. എല്ലാവരുടെയും പ്രശ്നങ്ങള്‍ കേട്ടു മനസ്സിലാക്കാന്‍ നല്ലൊരു ശ്രോതാവാകുക. കൂടുതല്‍ വായിക്കുക, സാധാരണക്കാരുമായി കൂടുതലടുത്ത് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുക, ഒരു കുറ്റവാളിയാണെങ്കിലും അയാള്‍ക്കു പറയാനുള്ളതു കേള്‍ക്കുക. പറയുന്നതു മുഴുവന്‍ കള്ളമാണെങ്കിലും ഇടയ്ക്ക് അയാള്‍ സത്യം പറയുകതന്നെ ചെയ്യും. ലഹരിയില്‍ അടിമപ്പെട്ടു പോകുന്ന പുതുതലമുറയ്ക്കു വഴിവിളക്കാകുന്ന ഒരു ഉദ്യോഗസ്ഥനാണ് കാര്‍ത്തിക്. തന്റെ അധികാരപരിധിയില്‍പ്പെട്ട സ്ഥലങ്ങളില്‍ രാപകല്‍വ്യത്യാസമില്ലാതെ അദ്ദേഹം ലഹരിവേട്ടയ്ക്കിറങ്ങുന്നു.
മണ്ണിന്റെ മണമറിയുന്ന ഐ.പി.എസുകാരന്‍
ജന്മനാട്ടിലെ പച്ചപ്പില്‍നിന്നു നഗരത്തിരക്കിലേക്കു പറച്ചുനട്ടെങ്കിലും കെ. കാര്‍ത്തിക് എന്ന നാട്ടുമ്പുറത്തുകാരന്റെ മനസ്സില്‍ മണ്ണിന്റെ ഗന്ധവും സംസ്‌കാരവുമുണ്ടായിരുന്നു. എറണാകുളം റൂറല്‍ എസ്.പിയായി ചാര്‍ജെടുത്ത് ക്യാമ്പ് ഓഫീസില്‍ താമസമാക്കിയ കാര്‍ത്തിക് നല്ലൊരു അടുക്കളത്തോട്ടം നിര്‍മിക്കുകയാണ് ആദ്യം ചെയ്തത്. ഗ്രോബാഗ് സംഘടിപ്പിച്ച് ജൈവവളമിട്ടാണ് കൃഷി ആരംഭിച്ചത്. കൃത്യമായി പരിപാലിച്ച് അടുക്കളത്തോട്ടത്തില്‍നിന്നു നൂറുമേനി വിളവെടുത്താണ് എസ്.പി. വിഷുവിനെ വരവേറ്റത്. നല്ലയിനം മുളക്, മല്ലി, കറിവേപ്പ് അങ്ങനെ ഒട്ടുമിക്ക പച്ചക്കറികളും കൃഷി ചെയ്തരുന്നു. ജോലി കഴിഞ്ഞു വീട്ടിലെത്തിയാല്‍ കുറച്ചുനേരം കര്‍ഷകനായിരിക്കാനാണ് അദ്ദേഹത്തിനിഷ്ടം.
ഗുണ്ടകള്‍ക്കു പേടിസ്വപ്‌നം
സമൂഹത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരേ ശക്തമായ നിലപാടെടുക്കുന്ന കരുത്തനായ ഉദ്യോഗസ്ഥനാണ് കെ. കാര്‍ത്തിക്. കുറ്റവാളി എത്ര ഉന്നതനാണെങ്കിലും അകത്താക്കുമെന്നുറപ്പ്. 2019 ജൂണില്‍ ജില്ലാ പൊലീസ് മേധാവിയായിരിക്കേ അദ്ദേഹം നടപ്പിലാക്കിയ ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ട് സംസ്ഥാന തലത്തില്‍ത്തന്നെ ശ്രദ്ധയാകര്‍ഷിച്ച ഒരു പ്രോജക്ടായിരുന്നു. 52 പേരെ ജയിലടച്ചു. 35 പേരെ നാടുകടത്തി. നിരവധി പേരെ നിരീക്ഷണത്തിലാക്കി. നൂറിലധികം പേര്‍ക്കെതിരേ റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്. മയക്കുമരുന്നുവേട്ടയിലും കാര്‍ത്തിക് ഐ.പി.എസ്. വിട്ടുവീഴ്ചയ്ക്കു തയ്യാറായിട്ടില്ല. രണ്ടു വര്‍ഷത്തിനുള്ളില്‍ 1000 കിലോയോളം കഞ്ചാവും മൂന്നു കിലോ എം.ഡിഎം.എയും 50 എല്‍.എസ്.ഡി. സ്റ്റാമ്പുകളും നാലു കിലോ ഹാഷിഷ് ഓയിലും പിടികൂടി സംസ്ഥാനതലത്തില്‍ത്തന്നെ മികവു കാട്ടി.
പ്രോജക്ട് തൗസന്റ് ഐ.എസ്.
മോഷണവും മറ്റു കുറ്റകൃത്യങ്ങളും തടയാന്‍ കാര്‍ത്തിക് നടപ്പിലാക്കിയ മറ്റൊരു പദ്ധതിയാണ് പ്രോജക്ട് തൗസന്റ് ഐ.എസ്. ജനപങ്കാളിത്തത്തോടെ നഗരത്തിന്റെ എല്ലാ ഭാഗത്തും ക്യാമറകള്‍ സ്ഥാപിക്കുന്ന പദ്ധതിയായിരുന്നു ഇത്. തെളിവവശേഷിപ്പിക്കാതെ നടന്ന പല കുറ്റകൃത്യങ്ങളും ഈ ക്യാമറകളില്‍ പതിഞ്ഞു. പദ്ധതി വിജയകരമായതോടെ സംസ്ഥാനത്തെ വിവിധ മേഖലകളിലേക്കു സര്‍ക്കാര്‍തലത്തില്‍ ഇതു വ്യാപിപ്പിച്ചു.
കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍ കൈകാര്യം ചെയ്തു
പാലാരിവട്ടം പാലം അഴിമതി, മരട് ഫ്ളാറ്റ് നിര്‍മാണത്തിലെ അപാകത, കൊച്ചിയിലെ അനധികൃത കെട്ടിടനിര്‍മാണം, കലാഭവന്‍ മണിയുടെ മരണം, ആലത്തൂരിലെ പട്ടികജാതി പട്ടികവര്‍ഗ കേസുകള്‍ തുടങ്ങി ഗൗരവതരമായ അനേകം കേസുകളുടെ അന്വേഷണം നടത്തിയത് കെ. കാര്‍ത്തിക് ആണ്. വിവിധ അഴിമതിക്കേസുകള്‍ അന്വേഷിച്ച് കഴിവുതെളിയിച്ച കെ. കാര്‍ത്തിക് ഐ.പി.എസിന് 2019 ല്‍ കേരള പോലീസിലെ മികച്ച കുറ്റാന്വേഷണത്തിനുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
സമാധാനം നിലനിര്‍ത്തുകയാണ് ലക്ഷ്യം
കോട്ടയം ജില്ലക്കാര്‍ പൊതുവെ സമാധാനം ആഗ്രഹിക്കുന്നവരാണ്. വലിയ പ്രശ്നങ്ങളൊന്നും കോട്ടയത്തുണ്ടെന്നു തോന്നുന്നില്ല. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് നാടിന്റെ സമാധാനം തകര്‍ക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടി ഉണ്ടാകും. ഗുണ്ടാ, മയക്കുമരുന്ന് മാഫിയകളെ അമര്‍ച്ച ചെയ്യും. പുതുതലമുറയെ ലഹരിയുടെ അടിമകളാക്കാന്‍ അനുവദിക്കില്ല. പൊലീസ്-ഗുണ്ടാബന്ധം അനുവദിക്കില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും സംരക്ഷണം ഉറപ്പുവരുത്തും. പൊലീസിനെ ജനം ഭയത്തോടെ കാണണ്ട കാര്യമില്ലെന്നും എന്നും സഹായഹസ്തവുമായി പൊലീസ് ഉണ്ടാകുമെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു.
കുടുംബബന്ധങ്ങള്‍ക്കു വലിയ മാനം
കുടുംബബന്ധങ്ങള്‍ക്കു വലിയ അര്‍ത്ഥവും മാനവും നല്‍കുന്ന ആളാണ് കാര്‍ത്തിക് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍. ജോലിത്തിരക്കുകള്‍ക്കിടയിലും കുടുംബവുമായി ചുറ്റിക്കറങ്ങാനും, പര്‍ച്ചേസിങ്ങിനുമൊക്കെ സമയം കണ്ടെത്തുന്ന ആളാണ് അദ്ദേഹം. വൈകുന്നേരങ്ങളില്‍ കായല്‍ത്തീരത്തും കടല്‍ത്തീരത്തും കാക്കിയുടെ ഭാരമില്ലാതെ സാധാരണക്കാരനായി കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് അദ്ദേഹത്തിനിഷ്ടം. ആലുവായിലായിരുന്ന സമയത്ത് ഒഴിവുസമയങ്ങള്‍ ചെലവഴിക്കാന്‍ ഒരുപാട് സ്ഥലങ്ങളുണ്ടായിരുന്നു. കോട്ടയത്ത് അത്തരം സ്ഥലങ്ങളുണ്ടോയെന്നാണ് അദ്ദേഹം ആദ്യം തിരക്കിയത്. ശിവശങ്കരിയാണ് കാര്‍ത്തികിന്റെ ഭാര്യ, പ്രിജിത് വിനായകന്‍ മകന്‍.