•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ടാക്‌സിഡ്രൈവര്‍

മേരിക്കയിലെ ഫ്‌ളോറിഡ നഗരത്തില്‍ താമസിക്കുന്ന ഒരു വെള്ളക്കാരി. അവരുടെ കൊച്ചുമോനുമുണ്ടു കൂടെ. അവനു കഷ്ടിച്ച് അഞ്ചുവയസ്സു കാണും. രണ്ടുപേരും പൂനിലാവിന്റെ നിറമുള്ളവര്‍.
അവര്‍ക്ക് എങ്ങോട്ടോ പോകാന്‍ ഒരു ടാക്‌സി വേണം. അതിനു ഫുട്പാത്തില്‍ കാത്തുനില്‍ക്കുകയാണ്. അല്പം കഴിഞ്ഞപ്പോള്‍ കാലിയായ ടാക്‌സി പോകുന്നതുകണ്ട് അവര്‍ കൈകൊട്ടി വിളിച്ചു.
ടാക്‌സി ഫുട്പാത്തിനോടു ചേര്‍ത്തു നിര്‍ത്തിയപ്പോള്‍ ഡോര്‍ തുറന്നു യുവതി   ആദ്യം കയറി. പിന്നെ മകനെ പിടിച്ചു കയറ്റി. യാത്ര പോകേണ്ട സ്ഥലം പറഞ്ഞു കൊടുത്തു. സീറ്റില്‍ കയറിയിരുന്നപ്പോള്‍ കൊച്ചുമോന്‍ സ്വാഭാവികമായും ഡ്രൈവറെ നോക്കി. കരിംകറുപ്പനായ ഒരു നീഗ്രോ ഡ്രൈവര്‍.
ഡ്രൈവറെ കണ്ടപ്പോള്‍ കൊച്ചുമോന് വല്ലാത്ത വെറുപ്പുതോന്നി. ''മമ്മി! എന്തു നിറമാ ഇത്. എനിക്കു പേടിയാകുന്നു. എനിക്ക് അറപ്പു തോന്നുന്നു. കാറു നിറുത്താന്‍ പറ മമ്മി.''
''എന്തിനാ?''
''നമുക്കു വേറേ കാറു വിളിക്കാം ഇയാളു വേണ്ട.''
മോന്റെ പറച്ചില്‍ ഡ്രൈവര്‍ കേള്‍ക്കുന്നതില്‍ മാനസികമായി വിഷമിക്കുന്ന അമ്മ.
''സാരമില്ല. നമ്മള്‍ കുറേനേരം കാത്തുനിന്നിട്ടല്ലേ ടാക്‌സി കിട്ടിയത്. വേഗം എത്തും.''
എല്ലാം കേള്‍ക്കുന്നുണ്ടെങ്കിലും ഡ്രൈവര്‍ ഒന്നും മിണ്ടുന്നില്ല. അയാളുടെ മുഖം മ്ലാനമാണ്. 
ഈയവസരത്തില്‍ മമ്മി മോന്റെ ശ്രദ്ധ മറ്റൊന്നിലേക്കു തിരിച്ചു.
''മോനേ, കഴിഞ്ഞയാഴ്ച നമ്മള്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് കാണാന്‍ പോയപ്പോള്‍ അവിടത്തെ വലിയ പൂന്തോട്ടം കണ്ടില്ലേ? പല തരത്തിലുള്ള, പല നിറത്തിലുള്ള ഒരുപാട് പൂക്കള്‍. അതു കണ്ടില്ലേ?''
''കണ്ടു.''
''എന്തെല്ലാം നിറങ്ങളാണ് പൂക്കള്‍ക്ക്. വെള്ള, ചുവപ്പ്, നീല, മഞ്ഞ, റോസ്, വയലറ്റ് അങ്ങനെ പല പല നിറത്തിലുള്ള പൂക്കള്‍. എന്തൊരു ഭംഗിയുള്ള കാഴ്ചയാണ്.''
മകന്‍ മമ്മി പറയുന്നതു സശ്രദ്ധം കേട്ടുകൊണ്ടിരിക്കയാണ്.
''ഇനി മമ്മി പറയുന്നതു മോന്‍ നല്ലവണ്ണം ശ്രദ്ധിച്ചു കേള്‍ക്കണം. ഒരു നിറം മാത്രമുള്ള പൂക്കളുടെ തോട്ടമായാല്‍ കാണാന്‍ ഭംഗി കുറവല്ലേ മോനേ?''
''അതേ മമ്മി.''
വിവിധ വര്‍ണങ്ങളിലുള്ള എല്ലാത്തരം പൂക്കളും നിറഞ്ഞു വിരിഞ്ഞു നില്‍ക്കുമ്പോഴല്ലേ പൂന്തോട്ടം കാണാന്‍ ഏറെ ഭംഗി?''
''അതേ മമ്മീ...''
അതുപോലെ, ഈ ലോകം ഒരു പൂന്തോട്ടമാണു മോനെ. വെളുത്ത മനുഷ്യര്‍, കറുത്ത മനുഷ്യര്‍, ഇരുനിറമുള്ളവര്‍, കോഫികളറുള്ളവര്‍, പുളിയുറുമ്പിന്റെ കളറുള്ളവര്‍, പൂവന്‍പഴത്തിന്റെ നിറമുള്ളവര്‍, നല്ല ആപ്പിളിന്റെ നിറമുള്ളവര്‍, പൊക്കം കുറഞ്ഞവര്‍, പൊക്കം കൂടിയയവര്‍, അങ്ങനെയങ്ങനെ എല്ലാത്തരം മനുഷ്യരും ജീവിക്കുന്ന മനോഹരമായ വലിയൊരു പൂന്തോട്ടമാണ് മോനേ ഈ ലോകം.''
മമ്മിയുടെ ചിന്താമധുരമായ, ഭാവനാസമ്പന്നമായ ഈ വിവരണം കാതുകൂര്‍പ്പിച്ചു കേള്‍ക്കുകയാണു കുട്ടി.
ഈ സമയത്ത് ഓടിക്കൊണ്ടിരിക്കുന്ന കാര്‍ പെട്ടെന്നു നിന്നു. താന്‍ തന്റെ ആവശ്യത്തിനു വിളിച്ച കാര്‍ തന്നോടു ചോദിക്കാതെ എന്തിനാണു നിര്‍ത്തിയത് എന്നു ചോദിക്കാനായി ഡ്രൈവറെ നോക്കിയപ്പോള്‍ ആ മനുഷ്യന്‍ വിതുമ്പിക്കരയുന്നു.
ആ സ്ത്രീ അന്ധാളിച്ചുപോയി. കരയാന്‍ തക്കവിധം ഇവിടെ എന്തുസംഭവിച്ചു? അവര്‍ ചോദിച്ചു: 
''മൈ ഡിയര്‍ ബ്രദര്‍! വൈ ആര്‍ യൂ വീപ്പിങ്?''
''മാഡം! എന്റെ കൊച്ചുമോള് ഒരു ദിവസം എന്നോടു ചോദിച്ചു. പപ്പാ! നമ്മളെന്താ ഇങ്ങനെ നിറമില്ലാതെപോയത്? (കണ്ഠമിടറിക്കൊണ്ട് അയാള്‍ പറഞ്ഞു) ഇന്ന്... ഇന്ന്... എനിക്ക് അതിനുള്ള മറുപടി കിട്ടി. ഞാനെന്റെ മോളോടു പറയും. ''മോളേ.... ലോകം ഒരു വലിയ പൂന്തോട്ടമാണെന്ന്. താങ്ക് യൂ മാഡം, താങ്ക് യൂ!''
കണ്ണുകള്‍ തുടച്ച് അയാള്‍ വണ്ടി സ്റ്റാര്‍ട്ടാക്കി. തന്റെ കൊച്ചുമോനെ ബോധവാനാക്കാന്‍ ആ നല്ല അമ്മ ഒരു ഉപമ പറഞ്ഞപ്പോള്‍, അത് ആ  നീഗ്രോ ഡ്രൈവറുടെ മനസ്സില്‍ പുതിയൊരു വെളിച്ചം വീശി.
ഇന്ന് ആ മനുഷ്യന്‍ വീട്ടില്‍ച്ചെന്നിട്ടു കൊച്ചുമോളെ എടുത്തുയര്‍ത്തി ഒരു മുത്തം കൊടുത്തിട്ട് എന്തെന്നില്ലാത്ത ആഹ്ലാദത്തോടെ പറയും: ''മോളേ, ഈ ലോകം വലിയൊരു പൂന്തോട്ടമാണ്. നമ്മളൊക്കെ അതിലെ പൂക്കളാണ്.''

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)